കലാശപ്പോരാട്ടം
വി.ആർ. സത്യദേവ്
നാളെയായിരുന്നെങ്കിൽ നാളെയാണ്, നാളെയാണ്, നാളെയാണ് എന്ന തലക്കെട്ടു കൊടുക്കാമായിരുന്നത്ര അടുത്തെത്തിയിരിക്കുന്നു അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പ്. മാസങ്ങൾ നീണ്ട പ്രചാരണത്തിനും പോരാട്ടത്തിനുമൊടുവിൽ മറ്റന്നാളാണ് അമേരിക്കൻ ജനത അടുത്ത നാലുവർഷം തങ്ങളെ ആരു നയിക്കണമെന്ന കാര്യത്തിൽ അന്തിമ വിധിയെഴുതുക. ചൂടും ചൂരും ഏറെയുണ്ടായിരുന്നെങ്കിലും ആരു വിജയിക്കുമെന്ന കാര്യത്തിൽ കുറ്റമറ്റ ഒരു പ്രവചനം അസാദ്ധ്യമെന്നതാണ് നിലവിലെ സ്ഥിതി. അഭിപ്രായ വോട്ടടുപ്പുകളിൽ ഇരു സ്ഥാനാർത്ഥികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഓരോ ദിവസവും ഇക്കാര്യത്തിൽ മാറ്റം മറിച്ചിലുകളും ഉണ്ടാകുന്നുണ്ട്. ഏറ്റവുമവസാനം പുറത്തു വന്നത് ഫോക്സ് ന്യൂസിന്റെ അഭിപ്രായ വോട്ടെടുപ്പാണ്. ഇതിൽ കേവലം രണ്ടു ശതമാനത്തിന്റെ മാത്രം മേൽക്കയ്യാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിൻ്റണുള്ളത്. ഹിലരിക്ക് 45 ശതമാനം പേരുടെ പിന്തുണയാണ് സർവ്വേ രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് 43 ശതമാനം പിന്തുണയുണ്ട്. മൽസരരംഗത്തുള്ള ലിബേർട്ടേറിയൻ സ്ഥാനാർത്ഥി ഗാരി ജോൺസണ് 5 ശതമാനവും ഗ്രീൻ പാർട്ടി പ്രതിനിധി ജിൽ െസ്റ്റയിന് 2 ശതമാനവും പിന്തുണയാണ് ഫോക്സ് ന്യൂസ് സർവ്വേ പ്രവചിക്കുന്നത്.
ലോകത്തെ ഏറ്റവും അധികാരങ്ങളുള്ള പദവിയായാണ് അമേരിക്കൻ പ്രസിഡണ്ടു പദവി വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള രാഷ്ട്രീയത്തിലെ ഗതിവിഗതികളെ വലിയതോതിൽ സ്വാധീനിക്കാൻ ശേഷിയുള്ള പദവി. അതുകൊണ്ടുതന്നെയാണ് ലോകം ആ പദവിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു നടപടികളെ സാകൂതം ഉറ്റു നോക്കുന്നത്. അമേരിക്കൻ പ്രസിഡണ്ടിന്റെ നിലപാടുകളും നയങ്ങളും ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിനു സമാനമായി ആഗോള ശാക്തിക രാഷ്ട്രീയം അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിനെയും നേരിട്ടു സ്വാധീനിക്കുന്ന കാഴ്ചയാണ് ഇത്തവണത്തേത്. റഷ്യയും പ്രസിഡണ്ട് പുട്ടിനുമൊപ്പം ഇറാഖും ഐ.എസും പ്രചാരണ വേദികളിൽ നിറഞ്ഞു നിൽക്കുന്നു. ഇരുപക്ഷങ്ങളും ഈ വിഷയങ്ങൾ തങ്ങൾക്കു ഗുണപ്രദമാകുന്ന തരത്തിൽ അതി വിദഗ്ദ്ധമായി ഉപയോഗിക്കുകയാണ്.
റഷ്യൻ പ്രസിഡണ്ട് വ്ളാഡീമിർ പുട്ടിനെ പ്രശംസിച്ചും പ്രസിഡണ്ട് ഒബാമയെ ഇകഴ്ത്തിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് നടത്തിയ പരാമർശമായിരുന്നു വാസ്തവത്തിൽ ഇതിനു തുടക്കം. ഇതോടെ ട്രംപിനെ റഷ്യയുടേയും പുട്ടിന്റെയും ആളാക്കി ചിത്രീകരിക്കാനായി ഹിലരി പക്ഷത്തിന്റെ ശ്രമം. ട്രംപ് വിജയിച്ചാൽ അത് പുട്ടിന്റെ വിജയമായിരിക്കുമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആക്ഷേപം. അങ്ങനെയാണെങ്കിൽ അമേരിക്ക റഷ്യയുടെ നിയന്ത്രണത്തിലായിപ്പോകുമെന്ന ഒരൽപ്പം കടന്ന ഭീതിയുയർത്താനും ഹിലരി പക്ഷം മടിച്ചില്ല. ട്രംപിന്റെ പ്രധാന സഹായിയുടെ റഷ്യൻ വ്യാപാര ബന്ധങ്ങളും ഇതിന് ഉപോത്ബലകമായി അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ഒബാമ ഭരണത്തിന്റെ ദൗർബല്യമാണ് പലകാര്യങ്ങളിലും റഷ്യക്ക് മേൽക്കൈയ്യുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചതെന്നാണ് ഇതിനുള്ള ട്രംപ് പക്ഷത്തിന്റെ മറുപടി. േസ്റ്ററ്റ് സെക്രട്ടറി എന്ന നിലയിൽ ഇതിന് പ്രധാന കാരണക്കാരി ഹിലാരി ക്ലിൻ്റൺ തന്നെയാണെന്നും ട്രംപ് പറയുന്നു. ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ വിദേശ നയങ്ങളിലെ വീഴ്ചകൾക്കെതിരേ കടുത്ത വിമർശനമാണ് ട്രംപ് ഉയർത്തുന്നത്. ഇപ്പോൾ ഇറാഖിൽ ഐ.എസ്സിനെതിരേ നടക്കുന്ന സൈനിക നടപടി ഡെമോക്രാറ്റിക് പക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗം മാത്രമാണെന്ന കടുത്ത ആരോപണമാണ് അദ്ദേഹം പുതുതായി ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 17 നാണ് ഇറാഖിലെ മൊസൂളിൽ തീവ്രവാദികൾക്കെതിരായ സൈനിക നടപടി ആരംഭിച്ചത്. ഇപ്പോഴത്തെ നടപടികൾ കൊണ്ട് യാതൊരു ഗുണവുമുണ്ടാകാൻ പോകുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ബറാക് ഒബാമയുടെ പ്രസിഡണ്ടു കാലാവധി അവസാനിക്കാൻ പോകുന്ന വേളയിൽ അദ്ദേഹത്തെ മഹത്വവൽക്കരിക്കുക എന്നതു മാത്രമാണ് സൈനിക നടപടികൊണ്ട് ഉണ്ടാകാൻ പോകുന്ന ഗുണം. പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുടെ ജനപ്രീതി കൂട്ടുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. മൊസൂളിൽ നിന്നും ഐഎസ്സിനെ തുരത്താനായാൽ പോലും അതിന്റെ ഗുണമുണ്ടാവുക അമേരിക്കയുടെ ശത്രുക്കൾക്കാവുമെന്ന് അദ്ദേഹം പറയുന്നു. ഫലത്തിൽ ഇറാനായിരിക്കും ഇതിന്റെ ഗുണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മൊസൂളിന്റെ കാര്യത്തിലെ ട്രംപിന്റെ വിലയിരുത്തൽ കേവലം രാഷ്ട്രീയപരമായ വിരുദ്ധ പ്രസ്താവന മാത്രമല്ല എന്നാണ് വിദഗ്ദ്ധ പക്ഷം. മൊസൂളിൽ ഐ.എസ്സിനെതിരെ ഇറാഖി സൈന്യം വിജയിച്ചു എന്ന് പ്രധാനമന്ത്രി ഹൈദർ അൽ അവാധി അവകാശപ്പെട്ടു കഴിഞ്ഞു. എന്നാൽ മൊസൂളിൽ ഐ.എസ്സിനെ പൂർണ്ണമായും പരാജയപ്പെടുത്തുക എന്നത് എളുപ്പമല്ല. രണ്ടു വർഷത്തോളം സമയം കൊണ്ട് ഐ.എസ് നഗരത്തിൽ സുശക്തമായ അടിത്തറയാണ് തീർത്തിട്ടുള്ളത്. തുറന്നയിടങ്ങളിൽ അവർ ഇറാഖി സേനയുമായി പോരാട്ടത്തിനു മുതിരുന്നില്ല. അത്തരം ഇടങ്ങളിലേക്കിറങ്ങിയാൽ സഖ്യ സേനയുടെ വ്യോമാക്രമണമുണ്ടാകുമെന്ന് അവർക്കറിയാം. അതുകൊണ്ട് ജനനിബിഢവും സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ നഗര ഹൃദയങ്ങളിലേയ്ക്ക് ഔദ്യോഗിക സൈന്യത്തെ ആകർഷിച്ച് അപായപ്പെടുത്തുന്നതാണ് നിലവിലെ ഐഎസ് ശൈലി. സഖ്യസേനയ്ക്ക് അവിടെ വ്യോമാക്രമണം തുലോം അസാദ്ധ്യവുമാകുന്നു. ഇങ്ങനെ ജയിക്കാൻ എളുപ്പമല്ലാത്തിടങ്ങളിൽ ഇപ്പോൾ അനുവർത്തിക്കുന്ന ശൈലി തികച്ചും അനുചിതമാണ് എന്നതാണ് ട്രംപിന്റെ പക്ഷം.
ഇറാഖിൽ അനുവർത്തിക്കേണ്ടത് മുന്നറിയിപ്പുകളില്ലാത്ത അതിശക്തമായ സൈനിക നടപടിയാണ്. അതിന് ഒബാമയ്ക്കും ഹിലരിക്കും ശക്തിയില്ല. എതിരാളിയുടെ വായടപ്പിക്കുന്ന നയവും നടപടിയുമാണ് രാജ്യത്തിന് ഇപ്പോഴാവശ്യമെന്നും ട്രംപ് പറഞ്ഞുെവയ്ക്കുന്നു. ഹിലരി ദുർബ്ബലയാണെന്ന് തരത്തിലുള്ള പ്രചാരത്തിനും ഡ്രംപ് പക്ഷം തുടക്കം മുതലേ ശ്രദ്ധെവെയ്ക്കുന്നുണ്ട്. ഇന്നലെ ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ ബഹളം പോലും അവർ ഇത്തരത്തിൽ വിദഗ്ദ്ധമായി ഉപയോഗിക്കുകയാണ്. റെനോയിൽ ട്രംപ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരാൾ പ്രതിഷേധവുമായി എഴുന്നേറ്റതോടെയായിരുന്നു സംഭവത്തിനു തുടക്കം. അയാളെ ചൂണ്ടി മറ്റൊരാൾ തോക്ക് എന്നു വിളിച്ചു പറഞ്ഞതോടേ സദസ്സിൽ ബഹളമായി. സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ തിടുക്കപ്പെട്ട് വേദിയിൽ നിന്നു മാറ്റി. പ്രതിഷേധക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഏതാനും മിനിറ്റുകൾക്കകം തിരിച്ചെത്തി പ്രസംഗം തുടർന്നു. കനത്ത മഴയെ പേടിച്ചു പോലും പ്രചാരണ പരിപാടി മാറ്റിവച്ച ഹിലരിയെപ്പോലെ ഭീരുവല്ല ട്രംപ് എന്ന് ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ റിപ്പബ്ലിക്കൻ പ്രചാരണം. ട്രംപിന്റെ പ്രചാരണ പരിപാടികൾക്കിടെ അടിപിടിയും ബഹളവും പതിവാണ് എന്നതാണ് ഇതിനോടുള്ള ഹിലരി പക്ഷത്തിന്റെ പ്രതികരണം.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ നിർണ്ണായക സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാനുള്ള അന്തിമ വട്ട പ്രചാരണ നെട്ടോട്ടത്തിലാണ് ഇരുപക്ഷങ്ങളും. 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ളോറിഡ, 20 വോട്ടുകളുള്ള പെൻസിൽവേനിയ, 18 ഇലക്ടറൽ വോട്ടുകളുള്ള ഓഹിയോ, 15 വോട്ടുകളുള്ള നോർത് കാരലിന എന്നവിടങ്ങൾ അതീവ നിർണ്ണായകമാണ്. പോപ്പുലർ വോട്ടുകളിൽ മേൽക്കൈ നേടിയാലും ഇലക്ടറൽ വോട്ടുകളാണ് അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ അന്തിമ വിധിയാവുന്നത്. 270 ഇലക്ടറൽ വോട്ടുകൾ നേടാനാവുന്ന സ്ഥാനാർത്ഥി വിജയം ഉറപ്പിക്കും. വിജയി ആരായാലും കഴിഞ്ഞ തവണത്തേതു പോലെതന്നെ പുതിയ ചരിത്രം കുറിക്കുന്നതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലവും. വിജയി ട്രംപായാൽ ആ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിയോടെയാവും അദ്ദേഹം സ്ഥാനമേൽക്കുക. മറിച്ച് അതു ഹിലരിയായൽ അമേരിക്കൻ പ്രസിഡണ്ടു പദവിയിലെത്തുന്ന ആദ്യ വനിതയാവും അവർ. ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതി കുറഞ്ഞ സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരിനു ചൂടു കുറവില്ല എങ്കിലും അമേരിക്കയുടെ നാൽപ്പത്തിയഞ്ചാം പ്രസിഡണ്ട് ആരായിരിക്കുമെന്നു മാത്രം കൃത്യമായി പ്രവചിക്കുക പക്ഷേ എളുപ്പമല്ല എന്നതാണ് വാസ്തവം.