കോ­ഴി­യെ­ ഡ്രസ്സ് ചെ­യ്യു­ന്നത് കോ­ഴി­ക്ക് വേ­ണ്ടി­യല്ല!!


നിതിൻ നാങ്ങോത്ത്

 

രളി അറുപതിന്റെ നിറവിലാണ്. അത്തും പിത്തുമുള്ള ടൈമായെന്ന് ദോഷൈകദൃക്കുകൾ. വയസാകുന്പോൾ കൂടുതൽ വൈസ് (WISE) ആവുകയാണെന്ന് തലമുടിക്കൊപ്പം തലച്ചോറും നരച്ചു പോവാത്ത ധൈഷണിക ധീരർ. ന്യൂജൻസിന്റെ സൂപ്പർസ്പെഷ്യാലിറ്റി സംസ്കാരത്തിന് തലവെച്ച് കൊടുക്കാത്ത മുതിർന്നവരുടെ മുഷ്കാണ് സത്യത്തിൽ ജനറേഷൻ ഗ്യാപ്. ഈ ഗ്യാപിനിടയിലൂടെ ഒഴുകിയകന്ന അറുപത് വർഷത്തെ ഭ്രാന്തമായൊരു വായനക്കെടുത്താലോ? എന്തായാലും മുഷിയില്ല.

അറിവ് പലപ്പോഴും ദുഃഖത്തിന്റെ ആരംഭമാവാറുണ്ടല്ലോ? മലയാളിയുടെ ഏറ്റവും പുതിയ ദുഃഖം റേഷൻകടയിലെ പരിഗണനാപ്പട്ടികയിൽ പേര് വരാത്തതാണ്. ദാരിദ്ര്യമെന്തന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ എന്നറിവുള്ളതാണല്ലോ. എന്റെ ദാരിദ്ര്യം ഞാൻ ആരെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കും. തെറ്റുകൾ കൊണ്ട് തെറ്റ് തിരുത്താൻ ശ്രമിക്കരുതെന്ന വലിയ പാഠം തിരിച്ചറിഞ്ഞ് റേഷൻഷാപ്പിലെ ആൾക്കൂട്ട മനഃശാസ്ത്രത്തിൽ നിന്നാണ്. മലയാളിയുടെ ഉയർന്ന ചിന്താഗതിയും ‘ശശി’യായ ജീവിതവും എന്ന വിഷയത്തിൽ ഒരു ഗവേഷണ വാറോലയ്ക്ക് സ്കോപ്പുണ്ട്.

റൈസ് ജ്യൂസും (കഞ്ഞീന്റെ വെള്ളം) ജാക്ക് ഫ്രൂട്ടിന്റെ നട്സും സൈഡ് ഡിഷായി ഡ്രൈഫിഷിന്റെ ഹെഡും ഞങ്ങൾക്ക് പകർന്ന ഉശിരും ആത്മവിശ്വാസവും ചെറുതല്ല.  കഞ്ഞിന്റെ വെള്ളവും ചക്കക്കുരു വറുത്തതും പിന്നെ ടച്ചിംഗ്സിന് ഒണക്കമീനിന്റെ തലയും കൊണ്ട് സുഭിക്ഷത ഫീൽ ചെയ്തവരാണ് ഞങ്ങളെന്ന് പഴുത്ത മലയാളത്തിൽ. ബോൺ വിത്ത് KFC യിലായിപ്പോയ മരണമാസ് ചങ്ക് ബ്രോകളോട് ഒന്നു പിടിച്ചു നിൽക്കാൻ നമുക്കാവതില്ല. കളരി പരന്പര ദൈവങ്ങളേ! നെറ്റും ചാറ്റും എഫ്.ബിയും വാട്സാപ്പും സണ്ണി ലിയോണുമൊന്നും എത്ര കുത്തിക്കേറ്റിയിട്ടും ഈ അംബാസിഡർ തലയിലങ്ങട് ഇൻസ്റ്റാളാവുന്നില്ല. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടാവാൻ, ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഇനിയും പകച്ചു പോവരുതല്ലോ. ഞങ്ങളുടെ ഷഷ്ടിപൂർത്തി.

അന്പത്താറിൽ ഇന്നേ ദിവസം സെക്രട്ടറിയേറ്റ് മുറ്റത്ത് 17 ആചാരവെടി മുഴങ്ങിയപ്പോൾ കേരളം പ്രഖ്യാപിക്കപ്പെട്ടു. നീല വാനിനു താഴെ പച്ച നാക്കില പോലൊരുനാട്. ക്ഷത്രിയരെ കൊന്ന മഴു തെളിവ് നശിപ്പിക്കാൻ രാമൻ കടലിലെറിഞ്ഞാണത്രേ. അത്രയും ഭാഗം കരയായി. ഏറ് ഒന്നൂടെ ഉശാറാക്കിയിരുന്നെങ്കിൽ നമുക്ക്
ഏറെ അഹങ്കരിക്കാമായിരുന്നു. കാവേരി നദീജല തർക്കവും മുല്ലപ്പെരിയാർ ഇഷ്യുവും കബാലീഡായും ഒന്നും ഉണ്ടാവില്ലായിരുന്നു. ഏതായാലും മഴുവിനാൽ സൃഷ്ടിക്കപ്പെട്ട നാട് കോടാലിക്കൈകളാൽ തന്നെ സംഹരിക്കപ്പെടുന്നതിന്റെ ആശങ്ക. ശത്രുവിന്റെ മസ്തിഷ്കം പിളർന്നും പ്രകൃതിയുടെ തലപ്പ് വെട്ടിമാറ്റിയും അഭംഗുരം ‘പരശു’ ജൈത്രയാത്ര തുടരുന്നു. അന്പത്തേഴിൽ ഇ.എം.എസ് ഉയർത്തിയ ചെങ്കൊടി പതിനാറിൽ പിണറായി കൂടുതൽ കളർഫുള്ളാക്കി. മന്നത്ത് കോൺഗ്രസിന്റെ വിമോചന കൊടുങ്കാറ്റിൽ ചരിത്രത്തോണി ആടിയുലഞ്ഞു. അച്യുതമേനോനും കരുണാകരനും ആന്റണിയും നായനാരും ഉമ്മൻചാണ്ടിയുമൊക്കെ വലിയ പരിക്കേൽക്കാതെ തോണിയെ തീരമടുപ്പിച്ചു. കർഷക സമരങ്ങളും പോലീസ് നരനായാട്ടും നക്സൽ ദിനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ചാരക്കേസും ൈലംഗികാരോപണങ്ങളും അഴിമതിക്കഥകളും ചരിത്രത്തിന്റെ നെറ്റിയിലെ കറുത്ത പൊട്ടുകളായി ഇന്നും അവശേഷിക്കുന്നു. കിതച്ചും കുതിച്ചും എന്റെ നാടിന്റെ കുതിരവണ്ടി ‘അശ്വമേധം’ തുടരട്ടെ. പ്രതീക്ഷയോടെ യാത്ര തുടരുന്നതാണല്ലോ എത്തിച്ചേരുന്നതിലും നല്ലത്. കേരളമെന്ന പേർ കേട്ടാൽ ഇനിയുമിനിയും നമ്മുടെ ഞരന്പുകളിൽ ചോര തിളയ്ക്കട്ടെ. സ്വന്തം നാട്ടിൽ അന്യനാവാനാഗ്രഹിക്കുന്ന മലയാളി അന്യനാട്ടിൽ മലയാളിയാവാനാഗ്രഹിക്കുന്നു എന്ന ഒരു നിരീക്ഷണമുണ്ട്. എവറസ്റ്റ് മാത്രം കീഴടക്കാൻ പറ്റാത്ത മലയാളി ദുരോഗ്യത്തിനുമുണ്ട് മലയാളിയുടെ തന്നെ പ്രതിവിധി. ബിവറേജസിന്റെ ഒരു കൗണ്ടർ എവറസ്റ്റിൽ തുറന്നാ മതി പോലും. മലയാളിത്തള്ളിച്ചയിൽ സാക്ഷാൽ ടെൻസിംഗ് ഹിലാരിമാർ പോലും വാള് വെച്ച് കീഴടങ്ങിയേക്കും.

‘നവംബർ നോ ഷേവിംഗ്’ എന്ന ക്യാന്പയിൻ നടക്കുന്നുണ്ട്. നവംബറിൽ ആരും ഷേവ് ചെയ്യാൻ പാടില്ല. ആ കാശ് മിച്ചം വെച്ച് ക്യാൻസർ രോഗികളെ സഹായിക്കുക എന്ന നല്ല ഉദ്ദേശമുണ്ട് പോലും അതിന്. എന്നാൽ താടി വിഷയത്തിന് റിബലായി. ലിപ്്ലോക് സമരം പോലെ ഗുഢമായി ആസൂത്രണം ചെയ്തതാണ് ഇതെന്ന് സിനിക്കുകൾ പറഞ്ഞു പരത്തുന്നുണ്ട്. പണ്ട് കരുണാകരന്റെ പുലിക്കോടൻ പോലീസ് ഇറങ്ങിത്തല്ലി ഹിപ്പിമാരെ ഓടിച്ചിട്ട് മുണ്ധനം ചെയ്യിപ്പിച്ചത് പോലെ ചില സീനുകൾ കാണേണ്ടി വരുമോ വരും നാളുകളിൽ എന്നൊരു ചെറിയ ആശങ്ക ഇല്ലാതില്ല. ഭരണകൂട ഭീകരതയും ഭരണകൂട വിരുദ്ധതയുമായിരിക്കും ഇരു ചേരികളിലുമായി നിരന്ന് ഇനിയങ്ങോട്ട് കേരളത്തിന്റെ ചരിത്രം കോൺക്രീറ്റ് ചെയ്യുക.

ട്രോളന്മാരുടെ യുഗപ്പിറവിയായതിനാൽ ഒന്നുമിനി രഹസ്യമല്ല. രഹസ്യപ്പോലീസിനു പോലും കാര്യങ്ങൾ കൈവിട്ട അവസ്ഥ. പണ്ട് പാന്പ് കടിച്ച് മരിച്ചവരെപ്പറ്റി മാത്രമേ വാർത്തയാവാറുള്ളൂ. ഇന്ന് പാന്പ് കടിയേറ്റ് രക്ഷപ്പെട്ടവർ വരെ ആറ് കോളം ചിരിക്കുന്നു. സ്മൈലി ഇടുന്നു. മകുടി ഊതുന്നവരുടെയും ഓറൽ ഗോസിപ്പുകാരുടെയും വിഷ്വൽ ഗോസിപ്പുമാരുടെയും ബോക്കോഹറാം ആക്രമണത്തിൽ പെട്ട് ഇനിയാർക്കും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ പിഴച്ചു പോവണമെങ്കിൽ നല്ല തൊലിക്കട്ടി വേണം. കണ്ടാമൃഗത്തെ സംസ്ഥാനമ‍ൃഗമായി മാറ്റിപ്പുതുക്കണം. ഞണ്ടിനെ സംസ്ഥാന മത്സ്യമായി സ്ഥാനക്കയറ്റം നൽകണം. ഒരാളുടെയും വളർച്ച ആരും ആഗ്രഹിക്കുന്നില്ല. വലിച്ച് വലിച്ച് താഴേക്കിടുകയാണ്. കൂടെ നടന്ന് കാലിൽ ചവിട്ടി ചിരിക്കുന്ന സഹപ്രവർത്തകരാണ് പൊളിറ്റിക്സിലും ജോലിയിടത്തിലും കൂലിയിടത്തിലും എല്ലാം. അകത്തൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറയുന്ന മഹനീയ കലയിൽ വിദഗ്ദ്ധ പ്രാവീണ്യം നേടാൻ ഏതാണ്ടെല്ലാവർക്കും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരം സർക്കസ് അനിവാര്യമാണ്.

പണ്ട് വയലിൽ ‘പണി’ഷ്മെന്റും ഏമാന്റെ പെരയിലുമായിരുന്നുവല്ലോ ഇൻഗ്രിമെന്റ് കിഴിക്കലും കൂട്ടലും. ആളുകൾ അവകാശപ്പോരാട്ടം നടത്തിയതിന്റെ ഫലമായി ഇന്നത് നെഫ്റ്റ് വഴി അക്കൗണ്ടിൽ തന്നെ ക്രെഡിറ്റ് ചെയ്യുന്ന സ്ഥിതിയായിട്ടുണ്ട്. ഇത് വലിയൊരു മുന്നേറ്റമാണ്. വയലിലെ പണിക്ക് വരന്പത്ത് എന്നതൊക്കെ അപ്ഡേറ്റ‍ഡ് ആയിപ്പോയി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വാക്ക് ‘എട്ടിന്റെ പണി’ എന്നുള്ളതാണ്. മറ്റെല്ലാ അക്കവും എഴുതുന്പോൾ പുറത്തേക്ക് രക്ഷപ്പെടാനുള്ള സ്പേസ് ഉണ്ടാവും. 8 അങ്ങനെയല്ല കംപ്ലീറ്റ് ബ്ലോക്ക് ആണ്.  പണി പാളും. അതാണ് എട്ടിന് ഇങ്ങനെയൊരു അക്കരാജപ്പട്ടം ലഭിച്ചത്. വിവിധ നിരക്കിൽ ആവശ്യക്കാർക്ക് എട്ടിന്റെ പണി ഭംഗിയായി ചെയ്തുകൊടുക്കുന്ന ക്വട്ടേഷൻ ടീമുകൾ കേരളത്തിൽ സക്രിയമാണ്. ഇതൊരു പ്രൊഫഷണായി വളരാൻ കേരളത്തിലെ മണ്ണിന് നല്ല വളക്കൂറുണ്ട്. ഇവരോട് മത്സരിക്കാൻ ‘പതിനാറിന്റെ പണിക്കാർ’ ഇറങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്തായാലും നമുക്ക് ഗാലറിയിലിരുന്ന് വിസിലിടാം. കലുഷിതമാവുന്ന സമകാലിക കേരളാന്തരീക്ഷത്തിൽ നിന്ന് സുരക്ഷിതമായ അകലം സൂക്ഷിച്ച് നല്ല രാഷ്ട്രീയ നിരീക്ഷകരാവാം. മനസ്സറിഞ്ഞ് കൈയടി കൊടുക്കാം. റഫറി തന്നെ ചുവപ്പ് കാർ‍ഡ് കണ്ട് പുറത്താവാൻ പോവുകയാണ്. സോറി പുറത്താക്കാൻ ‘തേർഡ് അന്പയറും’ പരിവാരങ്ങളും പത്തൊന്പതാം അടവ് ഗൂഗിളിൽ തിരയുകയാണ്. അല്ലേലും സമനിലയിൽ പിരിയുന്ന ഒരു കളിയും നമുക്ക് പണ്ടേ പ്രിയമല്ലല്ലോ.? രാഷ്ട്രീയമായാലും സിനിമയായാലും കലണ്ടർ ഒന്ന് മതി. ഷാജി കൈലാസും രഞ്ജി പണിക്കരും ഒന്നിച്ചുണ്ടാക്കിയത്. മുറുക്കും പപ്പടവും മലയാളി ഇഷ്്ടപ്പെടുന്നത് അതിന്റെ കണ്ടന്റിനെയല്ല (ഉള്ളടക്കം) കടിച്ചു പൊട്ടിക്കുന്പോഴുള്ള സുഖത്തിനെയാണ്. 

ഹാപ്പി ബർത്ത് ഡേ റ്റു യൂ പ്രിയ നാടേ....

You might also like

Most Viewed