താടിയുള്ള അപ്പനെയെങ്കിലും പേടി വേണ്ടേ!
നിതിൻ നാങ്ങോത്ത്
ഭാഗ്യത്തിന് നമ്മുടെ സ്പീക്കർക്ക് താടിയുണ്ട്. മോടിയുള്ള ഒരു പേരുമുണ്ട്. മര്യാദാ പുരുഷോത്തമന്റെ പേര്. സാക്ഷാൽ ശ്രീരാമചന്ദ്രന്റെ. കേരളത്തിലെ സംഘപരിവാറുകാരുടെ തല തെങ്ങിൻ പൂക്കുല പോലെ ചിതറിയാലും സഭയിൽ രാജേട്ടൻ പൊട്ടിത്തെറിക്കില്ല. സ്പീക്കറുടെ ഇരിപ്പിടത്തിലേയ്ക്ക് നിർന്നിമേഷനായി കണ്ണടച്ച് രാമ രാമ ശ്രീരാമ പാഹിമാം. മറ്റുള്ള സാമാജികരങ്ങനെയല്ല. അവർ വീട്ടിലെ പെണ്ണുന്പിള്ളയോടുള്ള അരിശം വരെ സഭയിൽ തീർക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രചരണോപകരണമാണ് പാർലമെന്റ് (നിയമസഭ) അതിനോളം അന്തസ്സുള്ള വേറൊരു വേദി ലോകത്തില്ല. ഉദ്ധരിച്ചത് ഐവർ ജന്നിങ്ങ്സാണ്. ഈ അന്തസ്സിന്റെ വിളവെടുപ്പാണ് തുടർന്നങ്ങോട്ട്. ബഹളവും ലഹളയും തർക്കവും വിതർക്കവും കൊണ്ട് മലീമസായ ജനാധിപത്യത്തിന്റെ ശ്രീകോവിൽ സങ്കടഹരജി.
ലവരിങ്ങനെ (നി)‘യമ’സഭ കൂടി പിരിയുന്നത് കൊണ്ട് സാധാരണക്കാരായ പ്രജകൾക്ക് വല്ല പ്രയോജനവുമുണ്ടോ? ഏഴ് ലക്ഷത്തിലധികം വരും പോലും ഒരു ദിവസത്തിന്റെ കൂടിപ്പിരിയൽ ചെലവ്. ഉള്ളിലുള്ള കുറേ അപകർഷതയും നടുത്തളത്തിൽ വലിച്ചെറിഞ്ഞ് എതിർപ്പാർട്ടിക്കാരന്റെ മുഖത്തേയ്ക്ക് ചാണകവെള്ളം തെളിച്ച് നരിയായോ നാരിയായോ ഓരിയിട്ട് കാശും വാങ്ങി ചിരിച്ചു പിരിയുന്ന ഈ ഏർപ്പാട് ജനാധിപത്യ കേരളത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. പിന്നെ നമ്മൾക്കുള്ള ഒരു ഗുണമെന്തെന്നാൽ ഇതൊക്കെ ആസ്വദിച്ച് കിടന്നാൽ നല്ല ഉറക്കം കിട്ടും. ചാനലിലെ കോമഡി ഷോ കാണേണ്ട. നാടൻ കള്ളുഷാപ്പിലെ ബഞ്ചുകൾക്ക് പോലും ഇതിലും ക്രിയേറ്റീവായ ചർച്ച നടത്തിയതിന്റെ ചരിത്രം പങ്കുവെക്കാനുണ്ടാകും. ഈയിടെയായി ഒരു ബാർബർഷോപ്പ് നിലവാരം പോലും നമ്മുടെ ചോദ്യോത്തര വേളകൾക്കില്ല. സ്റ്റാലിനെയും ഹ്യൂഗോഷാവേസിനെയും ഗോർബച്ചേവിനെയുമൊക്കെ അടിയങ്ങൾ കേട്ടത് ബാർബർ ഷോപ്പിലെ ക്യൂവിലായിരിക്കുന്പോഴാണ്.
സ്പീക്കർ കം എഡിറ്റർ കം സെൻസർ എന്നാണല്ലോ? ഇടപെട്ടില്ലെങ്കിൽ എൽ.കെ.ജി കുട്ടി എച്ചെമ്മിനെ കൈകാര്യം ചെയ്യുന്ന ഗതിവരും. ഇപ്പോൾ തന്നെ അങ്ങേരുടെ കൈയിൽ നിന്നും ചൂരൽ പിടിച്ചു വാങ്ങി വന്ദ്യവയോധികന്റെ പൊറം പാളീസാക്കിയ കാഴ്ചകളും ലൈവാണ്. പിണറായി സഖാവാണ് സ്പീക്കർ എച്ച്എമ്മെങ്കിൽ കുട്ട്യോളൊക്കെ നിൽപ്പിടം നനച്ചേനെ. പോയി വേറെ പണി നോക്കിയേനെ. യെമ്മല്ലേമാരുടെ എല്ലിന്റെ ഭാഗ്യം. എല്ലാവർക്കും ഒരു പെരുമാറ്റച്ചട്ടം അനിവാര്യമാണെന്നു തോന്നുന്നു. പെരുമാറ്റ ശാസ്ത്രം പഠിച്ചിട്ടില്ലാത്ത തോന്ന്യാസ പേക്കൂത്തുകൾക്ക് ഇനിയെങ്കിലും പച്ചക്കൊടി കാട്ടാതിരിക്കാൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
ഞങ്ങൾക്കു വേണ്ടി ഞങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഞങ്ങൾക്ക് വേണ്ടെങ്കിൽ.... തിരിച്ചു വിളിക്കാനുള്ള നിയമമുണ്ടോ ആവോ? ഉപജീവനത്തിനും അതിജീവനത്തിനുമായി പെടാപ്പാട് പെടുന്ന അന്നന്നത്തെ അദ്ധ്വാനം കൊണ്ട് മാത്രം ജീവിതം പിച്ച വെപ്പിക്കുന്ന ദരിദ്ര നാരായണന്മാരുടെയും പീഡിത നാരായണിമാരുടെയും ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൻമേലാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്. ഇരിപ്പിടത്തിൽ സേഫായപ്പോൾ കടപ്പാട് മറന്നു. കിടപ്പാടം മാത്രം ഓർമ്മയിൽ. കീശയും കോശവും വീർപ്പിക്കാനുള്ള ഈസി വേ എപ്പടി?
ഒരാൾ എഴുന്നേറ്റ് നിന്ന് കാര്യമായി സംസാരിക്കുന്പോൾ മറ്റുള്ളവർ പിറകിൽ വേറെന്തൊക്കെയോ സ്വകാര്യമായി കുശുകുശുക്കുന്നു. പൊട്ടിച്ചിരിക്കുന്നു. ചിലർ സ്ഥിരമായി കുംഭകർണ്ണൻ ഈ വീടിന്റെ ഐശ്വര്യം എന്ന മട്ടിൽ സുഖസുഷുപ്തിയിലാണ്. പുച്ഛിക്കുക, പരിഹസിക്കുക, കൂക്കി വിളിക്കുക, ഡെസ്കിൽ ചെണ്ട കൊട്ടുക, അശ്ലീല ചുവയുള്ളതും ദ്വയാർത്ഥ പ്രയോഗമുള്ളതുമായ ഡയലോഗുകൾ യാതൊരു സങ്കോചവും കൂടാതെ വിളിച്ചു പറയുക. എന്നിട്ട് ആക്കിയ ചിരിയും. അതേറ്റു പിടിച്ച് കൂട്ടിരിപ്പുകാരുടെ കോറസ് ചിരിയും. കെട്ടവർത്തമാനങ്ങൾ അവരും ആസ്വദിച്ചു എന്നല്ലേ അതിനർത്ഥം. ഗർഭശ്രീമാനാണ് നമ്മുടെ സാംസ്കാരിക രാജാവെന്നതിൽ അഭിമാനിക്കാം. കൂടയിൽ നിന്ന് തേങ്ങ എണ്ണിയിടും പോലെയാണ് പട്ടിണി മരണപ്പട്ടം കരസ്ഥമാക്കിയ കുഞ്ഞുങ്ങളുടെ കണക്കെടുക്കുന്നത്. അട്ടപ്പാടി വിഷയത്തിൽ മന്ത്രിയുടെ ഗർഭ നിരീക്ഷണവും ഗൈനക്കോളജിക്കൽ മുന്നറിവും കമന്റും നോട്ടിഫിക്കേഷനും കക്ഷിയുടെ സ്റ്റാറ്റസിൽ ചാണകമെഴുകിയത് പോലായി.
സ്ഥലജല വിഭ്രാന്തിയുള്ള കുറേ തൂവെള്ളക്കാരാണ് യമന്മാരുടെ സഭയിലെ ഒരു അസത്ത് (Asset). വെള്ളമാണോ അതോ ഗ്ലാസ് കൊണ്ട് സെറ്റിട്ടതോ എന്ന് മനസ്സിലാക്കാതെ പോയ ദുര്യോധനന്റെ കൺഫ്യൂഷനാണെന്നു പോലും മനസിലാക്കാതെയാണ് എവിടെയെങ്കിലും സംഗതി വെച്ചു കാച്ചുന്നത്. അജഗളസ്തന പരാമർശത്തെ പിൻപറ്റി മലയാള ശൈലീവാക്യങ്ങൾ യൂണിഫോമിട്ട് നിരന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. സ്ഥാനത്തും അസ്ഥാനത്തും പീരങ്കിപ്പെടാൻ ശബ്ദതാരാവലിയുടെ ഓരോ കോപ്പി ബഹു മെന്പർമാർക്ക് സൗജന്യമായി അനുവദിക്കാൻ സ്പീക്കർക്ക് കനിവുണ്ടാകണം. നമ്മുടെ ശ്രേഷ്ഠഭാഷയെങ്കിലും ഒരു ഗതി പിടിക്കട്ടെ...
ഇനി മുഖ്യനും കുഞ്ഞാലിക്കുട്ടി സാഹിബും കെട്ടിപ്പിടിച്ച് ഇത് ധൃതരാഷ്ട്രാലിംഗനമാണെന്ന് ആരെങ്കിലും തള്ളാതിരുന്നാൽ മതിയായിരുന്നു. ലഗ്നവശാൽ അതിനുള്ള സാധ്യത വിരിഞ്ഞു വരുന്നുമുണ്ട്. താമസം വിനാ ചോപ്പും പച്ചയും തമ്മിലൊരു മൈലാഞ്ചിയിടൽ കേരള രാഷ്ട്രീയം പ്രതീക്ഷിക്കുന്നുണ്ട്. അവർക്കിടയിലെ ബത്തക്ക രാഷ്ട്രീയം (വാട്ടർ ലെമൺ പൊളിറ്റിക്സ്) പുറത്ത് പച്ചയും അകത്ത് ചോപ്പും കേരളം തിരിച്ചറിഞ്ഞിട്ട് നാളേറെയായി. യു.ഡി.എഫിൽ നിന്ന് പുറത്ത് ചാടിച്ച് ടാക്സിയിൽ കേറ്റി രജിസ്ട്രാഫീസിലെത്തിച്ച് സംഗതി രേഖയിൽ എപ്പോഴാണ് ആകുക എന്നേ ഇനി നോക്കാനുള്ളൂ. നല്ലൊരി ബിരിയാണി സദ്യ അൾസയും കൂട്ടി കഴിക്കാൻ കൈകഴുകി റെഡിയായിക്കൊള്ളൂ, ബന്ധുക്കളും നാട്ടുകാരും വർഗ്ഗീയ മതേതര കൺകെട്ട് മായാജാലമൊക്കെ നമ്മുടെ ശീലമായിപ്പോയല്ലോ? ഐ.എൻ.എല്ലിന്റെ എല്ലെടുത്ത് വേലിക്കോലാക്കിയത് സ്മരണയിലിരിക്കട്ടെ.
താടിച്ചർച്ചയൊക്കെ ഇതിന്റെ ഭാഗമായിട്ട് പൊന്തിവരുന്നതാണ്. ആദ്യം തിരുകേശത്തിൽ പിടിച്ചു. ഇപ്പോൾ താടി. ഇനിയിങ്ങനെ പലതും ഹൈജാക്ക് ചെയ്യപ്പെടും. വോട്ടുബാങ്കിന്റെ വെള്ളമൂറലിൽ സമ്മതപത്രവും പൂരിപ്പിച്ചു കൊടുക്കപ്പെടും. മതം മനുഷ്യനെ മയക്കുന്ന കഞ്ചാവാണെന്ന് പറഞ്ഞതും മുറ്റ് താടിക്കാരാനാണല്ലോ? ഹിന്ദുക്കൾ സൂര്യനേയും ഇസ്ലാമുകൾ ചന്ദ്രനേയും ക്രിസ്ത്യാനികൾ നക്ഷത്രവും അടിച്ചു മാറ്റിയതുപോലെ നമ്മുടെ ശരീരത്തിലെ മുടിയും താടിയും മടന്പും മീശയും നെറ്റിയും തൊണ്ടക്കുഴിയും മറ്റു പലതും ഇങ്ങനെ പേറ്റന്റ് ചെയ്യപ്പെടും. നിലവിളക്കും നിരാഹാരവും ഹറാമാണ്. അതിലൊരു അപ്പീലുമില്ല.
ആളുകൾ അഭിസംബോധന ചെയ്യുന്ന രീതി മാറി. ആഘോഷങ്ങൾ പച്ചയായി വർഗ്ഗീകരിക്കപ്പെട്ടു. ദേശീയോത്സവമായ ഓണത്തെ മീനിന്റെയും അണ്ടർവെയറിന്റെയും പൂക്കളമിട്ടാണ് വാമനവിഭാഗം ഇപ്രാവശ്യം അധിക്ഷേപിച്ചത്. പോത്തിനെയോ ആടിനെയോ ആചാരത്തിന്റെ ഭാഗമായി അറക്കുന്നതിൽ സമാനമായ കളിയാക്കലുകളും സംഭവിച്ചിട്ടുണ്ട്. ബാങ്ക് വിളിയെയും അന്പലപ്പാട്ടിനെയുമൊക്കെ എത്ര മോശമായിട്ടാണ് ഓരോരുത്തരും വിലയിരുത്തുന്നതെന്ന് കേൾക്കുന്പോൾ ഭീതിയാവുന്നു. ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത ചപ്പൽ വിപണിയിലുണ്ടായിരുന്നു. വിഭാഗീയതയുടെ ഭീകര വിസ്ഫോടനങ്ങൾക്ക് കേരളം വൈകാതെ സാക്ഷ്യം വഹിക്കേണ്ടി വരും എന്നതിന്റെ ചൂണ്ടുവിരൽ വാണിംഗ് ആണ് ഇവയെല്ലാം.
നാടിന്റെ നഷ്ടമാവുന്ന നന്മ തിരിച്ചു പിടിക്കാൻ നല്ല നേതാക്കന്മാർക്കേ കഴിയൂ. തോന്ന്യാസങ്ങൾക്ക് മൂക്കു കയറിടാൻ അധികാരമുള്ളവർ താല്ക്കാലിക ലാഭത്തെ അവഗണിച്ച് ധീരതയും ജാഗ്രതയും കാണിക്കണം. അരാഷ്ട്രീയമായ ഒരു സമൂഹത്തിൽ നിന്ന് അരാജകത്വത്തിന്റെ ചാപിള്ളകളാണ് പ്രസവിക്കപ്പെടുക. അപ്പോളും നമ്മൾക്ക് എണ്ണമെടുക്കാം. നാലെണ്ണം, അഞ്ചെണ്ണം, ഓപ്പറേഷൻ സക്സസ്!! ഒരുത്തനെ കുത്തിക്കൊന്നു. രണ്ടാമനെ തല്ലിക്കൊന്നു. മൂന്നാമനെ... എണ്ണൽ നിർബാധം തുടരട്ടെ. മണിയാശാൻ തത്സമയം ക്രീസിലുണ്ടല്ലോ... ഉത്സവമൈതാനങ്ങളിൽ മിമിക്സ് പരേഡ് ഷോകളിൽ നമ്മുടെ സ്വന്തം കലാഭവൻ മണിയുടെ നന്പർ... അട്ടപ്പാടിയലഞ്ചെട്ട് പട്ടിണിപ്പാവങ്ങൾക്ക് എട്ടു കഷണം പുട്ടു വാങ്ങിക്കാൻ ഞാൻ തന്ന എട്ടണ കൊണ്ട് പട്ടാപ്പകൽ പട്ടയടിച്ച നിന്റെ... കാതിൽ ഓർമ്മപ്പെരുക്കമുണ്ടാക്കുന്നു. മണിയുടെ മിമിക്സ് ട്രൂപ്പുകളെക്കാൾ പ്രൊഫഷണലിസം കൊണ്ട് ഒരു പടി മുന്നിൽ നിൽക്കുന്നുണ്ട് നമ്മുടെ നിയമസഭാ ട്രൂപ്പുകൾ... ഗാലറിയിലേയ്ക്ക് ടിക്കറ്റ് വെച്ച് ഞങ്ങൾ ജനങ്ങളെ പ്രവേശിപ്പിക്കണം. ഞങ്ങൾ കൈയടിച്ചും വിസിലടിച്ചും ആവത് ചെയ്യാം. വരുമാനത്തിന് വരുമാനവുമായി ജനാധിപത്യത്തിന് ജനാധിപത്യവുമായി. ഇറങ്ങിപ്പോക്കു നടത്തി എസ്കേപ്പാകുന്നവരെ ജനം നേരിട്ട് വഴിതിരിച്ചു വിട്ടെന്നു വരാം. ഫോർ ദ പീപ്പിൾ, ബൈ ദ പീപ്പിൾ, ഓഫ് ദ....