മേ­­­ളാ­­­ദ്വൈ­­­തം


വി.ആർ സത്യദേവ്

 

മേളോൽസവം കഴിഞ്ഞ് വാരമൊന്നു പൂർത്തിയാവുന്പോഴും ബഹ്റിനിലെ മേള പ്രേമികളുടെ മനസ്സിൽ നിന്നും പെരുവനവും സദനവും കാഞ്ഞിലശേരി പത്മനാഭനും പിന്നെ നമ്മുടെ സ്വന്തം സന്തോഷ് കൈലാസും നൂറോളം മറ്റു കലാകാരന്മാരും ചെണ്ടയടക്കമുള്ള വാദ്യങ്ങൾകൊണ്ടു തീർത്ത നാദ വിസ്മയത്തിന്റെ ആവേശം മാഞ്ഞിട്ടില്ല. കണ്ണൊന്നടച്ചു ചെവിയോർത്താൽ ആ പ്രതിഭകൾ തീർത്ത മേളോൽസവത്തിന്റെ അലയൊലികൾ അനുഭവവേദ്യമാകുന്നു. മേളോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സഹസംഘാടകരായ ബഹ്റിൻ കേരളീയ സമാജത്തിന്റെ നായകൻ ശ്രീ രാധാകൃഷ്ണപിള്ള സോപാനം നായകൻ സന്തോഷ് കൈലാസിനെക്കുറിച്ചു പറഞ്ഞൊരു കാര്യമുണ്ട്. സന്തോഷിനൊപ്പം അദ്ദേഹത്തിനു പിന്തുണ നൽകുന്ന വലിയൊരു കൂട്ടായ്മ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന്. അദ്ദേഹം പറഞ്ഞതു പോലെ ഒരു കുടുംബ കൂട്ടായ്മയ്ക്കു സമാനമായ പ്രവർത്തന ശൈലിയാണ് അസാദ്ധ്യമെന്നു തോന്നുന്ന നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സോപാനത്തെ സഹായിക്കുന്നതെന്ന് സന്തോഷ് കൈലാസ് ആവർത്തിക്കുന്നു. ശിഷ്യരും അവരുടെ കുടുംബാംഗങ്ങളും അടുപ്പക്കാരും അടക്കമുള്ള ഒരു സമൂഹമാണ് സോപാനത്തിന്റെ കരുത്ത്. ആ കരത്തിന്റെ പിൻബലത്തിൽ വാദ്യകലാ രംഗത്ത് കൂടുതൽ നേട്ടങ്ങളിലേയ്ക്കു കുതിക്കുകയാണ് സോപാനം.

എന്നാൽ സോപാനത്തിന്റെയും തന്റെയും തുടക്കം എതിർപ്പുകളുടെയും പ്രതിസന്ധികളുടെയും പരുക്കൻ പാതകൾ താണ്ടിയായിരുന്നെന്ന് മുത്തുകളുടെ ദ്വീപിലെ വാദ്യകലാ കുലപതിയായ ഈ യുവഗുരു പറയുന്നു. ചെറുതിലേ ചെണ്ടയോട് ഇഷ്ടമുണ്ടായിരുന്നു. ഉൽസവപ്പറന്പിൽ എന്തിനെക്കാളും ആകർഷിച്ചിരുന്നത് മേളം തന്നെയായിരുന്നു. നാട്ടിൽ ഗുരു കാഞ്ഞിലശ്ശേരി പത്മനാഭൻ ചെണ്ട പരിശീലിപ്പിച്ച ക്ലാസ്സിൽ പങ്കടുക്കാനുള്ള ആഗ്രഹം പക്ഷേ വീട്ടുകാരുടെ എതിർപ്പിനേ തുടർന്ന് മുളയിലേ നുള്ളേണ്ടി വന്നു. തൊട്ടടുത്ത വർഷം വീട്ടുകാരറിയാതെ ഗുരുവിനു ദക്ഷിണ നൽകി ഗണപതിക്കൈ കൊട്ടി. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ പള്ളിവേട്ട നാളിലായിരുന്നു സ്വേച്ഛപ്രകാരമുള്ള ആ തുടക്കം. പഠനവിവരം ആകസ്മികമായി ഗുരുമുഖത്തു നിന്നും അച്ഛനറിഞ്ഞെങ്കിലും എതിർപ്പുണ്ടാകാത്തത് ഭാഗ്യമായി. തൊട്ടടുത്തവർഷം തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ പള്ളി വേട്ട നാളിൽ തായന്പകയിൽ അരങ്ങേറ്റവും കുറിച്ചു. തുടർന്നങ്ങോട്ട് ഗുരു കാഞ്ഞിലശ്ശേരി പത്മനാഭനൊപ്പം മേളങ്ങൾക്കു പോയി വാദ്യകലയുടെ പാഠങ്ങളും പാഠഭേദങ്ങളും സ്വായത്തമാക്കി. 

വാദ്യോൽസവവേദിയിൽ പ്രഥമ തൗര്യത്രിക പുരസ്കാരമേറ്റു വാങ്ങിക്കൊണ്ടുള്ള മറുപടിപ്രസംഗത്തിൽ ഗുരു സദനം വാസുദേവനാശാൻ നടത്തിയ ഒരു പരാമർശമുണ്ട്. സന്തോഷിനെ താൻ ഒരൽപ്പം ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്ന്. ഗുരുവിന്റെ സ്നേഹവാൽസല്യങ്ങൾ വഴിഞ്ഞൊഴുകുന്ന ആ വാക്കുകൾക്കു കാരണം ഒരു നിലാവഭ്യാസമായിരുന്നു. സന്തോഷ് കൈലാസടക്കം ഏഴു വാദ്യ പ്രമുഖർക്ക് അത്യപൂർവ്വമായ നിലാവഭ്യാസം നടത്തിയത് ഗുരു സദനം വാസുദേവനായിരുന്നു. മേളാഭ്യസത്തിലെ അത്യപൂർവ്വവും അതികഠിനവുമായ പരിശീലനമാണ് നിലാവഭ്യാസം. ഒരു മാസം നീളുന്ന പരിശീലനം. കറുത്ത വാവിനു പിറ്റേന്നാളാണു തുടക്കം. ചന്ദ്രോദയം തൊട്ട് ചന്ദ്രൻ മറവോളം നിന്നുകൊണ്ട് തുടർച്ചയായ പരിശീലനം. വെളുത്തവാവു നാൾ 12 മണിക്കൂർ തുടർച്ചയായ കൊട്ട്. പരിശീലന കാലത്ത് കളരി വിടാൻ പാടില്ല. നെയ്യുഴിച്ച കഞ്ഞിയാണ് ആഹാരം. ചവിട്ടിയുഴിയൽ. എണ്ണതേച്ച് നീന്തിത്തുടിച്ചു കുളി. പകലുറക്കം പാടില്ല. അങ്ങനെ ചിട്ടകളേറെ. ക്ഷിപ്ര സാദ്ധ്യമല്ലെന്ന് കാട്ടി ശ്രമമുപേക്ഷിക്കാനായിരുന്നു ആദ്യം ആശാന്റെ ഉപദേശം. ശിഷ്യന്മാർ തീരുമാനത്തിലുറച്ചു നിന്നപ്പോൾ ഗുരു വഴികാട്ടിയായി. 

ക്ഷേത്രപാലൻകോട് ക്ഷേത്രത്തിലെ കൂത്തന്പലം സാധക വേദിയായി. പരിശീലനം പുരോഗമിച്ചതോടേ നാട്ടാരും തുണയായി. മേളോൽസവത്തിന് ഇത്തവണ ബഹ്റിനിലെത്തിയ കാഞ്ഞിലശേരി റിജിലും സന്തോഷുമടക്കം 7 പേർ. സാധകത്തിന്റെയും സഹനത്തിന്റെയും സംഘർഷത്തിന്റെയും 30 നാൾ. പുനർജ്ജനി നൂഴുന്നതിനു സമാനമായ അനുഭവം. പ്രതിസന്ധികൾ താണ്ടി നിലാസാധകം വിജയകരമായി പൂർത്തീകരിക്കാൻ ഗുരുവിനെയും പിതാവിനെയും പോലെ ഒപ്പം നിന്നത് സദനമാശാനായിരുന്നുവെന്ന് ഗുരുത്വം നിറയുന്ന വാക്കുകളിലൂടെ സന്തോഷ് കൈലാസെന്ന വാദ്യ ഗുരു ഓർമ്മിക്കുന്നു. 

വാദ്യകലയിൽ മനസ്സും ശരീരവുമർപ്പിച്ചുകഴിയുന്നതിനിടെയാണ് മുംബൈയിലേയ്ക്കും പിന്നീട് 2006ൽ ബഹ്റിനിലേക്കും പറിച്ചു നടപ്പെടുന്നത്. ഇവിടെയെത്തി ഏറെ നാൾ കഴിയും മുന്പ് സനൽ നീലേശ്വരത്തിനും ത്രിവിക്രമനുമൊപ്പം മേളപരിപാടികളിൽ പങ്കെടുത്തു തുടങ്ങി. 2009ൽ പല്ലാവൂർ മണിയൻമാരാരുടെ പുത്രൻ പല്ലാവൂർ ശ്രീധരൻ പാക്റ്റ് പരിപാടിക്കായി ഇവിടെയെത്തി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അക്കൊല്ലമാണ് സോപാനത്തിന്റെ പിറവി. ഗുരുനാഥൻ കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണ കാലത്താരംഭിച്ച ശിക്ഷണം ഇവിടെയും തുടർന്നു. മൂന്ന് ബാച്ചുകളുടെ അരങ്ങേറ്റവും നടന്നു. വിഷു ഉൽസവാഘോഷങ്ങൾക്കൊപ്പമായിരുന്നു ആ അരങ്ങേറ്റങ്ങളൊക്കെ. അതിനു ശേഷമായിരുന്നു 2015 ൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിൽ 72 പേർ പങ്കെടുത്ത വാദ്യസംഗമം നടന്നത്. അത് ഒരു അപൂർവ്വതയായിരുന്നു.

വാദ്യമേള കുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാർ ബഹ്റിനിലെത്തിയപ്പോൾ വാദ്യ സംഗമത്തെക്കുറിച്ച് അദ്ദേഹവുമായി സംവദിച്ചു. ഇക്കൊല്ലം ആളെണ്ണം 72 ആയെങ്കിൽ അടുത്ത കൊല്ലം അത് 100 ആവാം എന്നു നിർദ്ദേശിച്ചത് പെരുവനമായിരുന്നു. അങ്ങനെയായിരുന്നു ഇക്കൊല്ലത്തെ ശതപഞ്ചാരിയുടെ പിറവി. പെരുവനത്തിന്റെ സാന്നിദ്ധ്യവും ഉറപ്പാക്കി, ഇന്ത്യൻ സ്കൂൾ വേദിയായി നിശ്ചയിച്ച് തീവ്ര പരിശീലനവും തുടങ്ങി. പരിശീലനത്തിനുള്ള സ്ഥലമന്വേഷിച്ചാണ് സമാജത്തിലെത്തിയത്. പരിശീലന സൗകര്യം ഉറപ്പാക്കിയതിനൊപ്പം സമാജം പങ്കാളിത്തത്തിനും താൽപ്പര്യം പ്രകടിപ്പിച്ചു. അത് ബി.കെ.എസ്− മേളോൽസവത്തിനു വഴിെവച്ചു. ഒരുപാടുപേരുടെ കയ്യും മെയ്യും മറന്നുള്ള പ്രവർത്തനം മേളോൽസവത്തെ ഒരു അപൂർവ്വാനുഭവമാക്കി എന്നത് സത്യം.

അർഹതയുണ്ടായിട്ടും മേളകലാകാരമന്മാർ പലയിടത്തും അവഗണിക്കപ്പെടുകയാണെന്നും അവർ അംഗീകരിക്കപ്പെടേണ്ടത് ആവശ്യമാണെന്നുമുള്ള തിരിച്ചറിവിന്റെ ഫലമായിരുന്നു തൗര്യത്രിക പുരസ്കാരം. സാന്പത്തികമായും ആചാര്യമന്മാരേ ആവുന്നത്ര സഹായിക്കാൻ ശിഷ്യ സമൂഹത്തിനുള്ള ബാദ്ധ്യത കൂടി ഈ പുരസ്കാരം വ്യക്തമാക്കുന്നു. ഇക്കൊല്ലത്തെ 100 അടുത്ത വർഷം 151 ആക്കാൻ ഇപ്പോഴേയുറച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു ബഹ്റിനിലെ വാദ്യ മേള കുലപതി സന്തോഷ് കൈലാസും സോപാനമെന്ന മനോഹരമായ കൂട്ടായ്മയും. അസുര വാദ്യം ദേവന്മാർക്കു പ്രിയമാകുന്പോൾ പുലരുന്നത് അദ്വൈത സന്ദേശമാണ്. അത് അലകടലിനിക്കെരെ ഉയരുന്പോൾ വെളിവാകുന്നത് വിശ്വ മാനവികതയുടെ നേർ സാക്ഷ്യവും.

You might also like

Most Viewed