കലാശക്കളികൾ
വി.ആർ. സത്യദേവ്
അമേരിക്കയിൽ രാഷ്ട്രീയ ചൂട് അതിന്റെ പരകോടിയിലാണ്. അതുകൊണ്ടാണ് എല്ലാത്തിലും അവർ രാഷ്ട്രീയം കാണുന്നത്. എ.ടി ആന്റ് ടി അമേരിക്കയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തെ വന്പന്മാരാണ്. അവർ മാധ്യമ രംഗത്തെ പ്രമുഖ കന്പനിയായ ടൈം വാർണർ കന്പനിയെ ഏറ്റെടുക്കാൻ തീരുമാനിച്ച വാർത്ത ഇന്നലെയാണ് പുറത്തു വരുന്നത്. ലോക പ്രശസ്ത ടെലിവിഷൻ നെറ്റ്്വർക്കായ സി.എൻ.എൻ അടക്കമുള്ള ചാനലുകളുടെ ഉടമകളാണ് ടൈം വാർണർ എന്ന ടി.ഡബ്ല്യൂ എക്സ്. ഇതോടേ എച്ച്.ബി.ഒ, സി.എൻ.എൻ, വാർണർ ബ്രദേഴ്സ് ഫിലിം സ്റ്റുഡിയോസ് എന്നിവയെല്ലാം എ.ടി ആൻ്റ് ടിയുടെ നിയന്ത്രണത്തിലാവും. മാധ്യമരംഗത്തെ അതിശക്തമായ ഏകീകരണത്തിനാവും ഇത് വഴിവെയ്ക്കുക. എന്നാൽ ഈ കന്പനി സംയോജനത്തിനും ഇപ്പോൾ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.
തനിക്കെതിരെയുള്ള മാധ്യമ ധ്രുവീകരണത്തിനുള്ള ഉത്തമ ദൃഷ്ടാന്തമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഈ സംയോജനത്തെ വിശേഷിപ്പിച്ചത്. മാത്രമല്ല അധികാരത്തിലെത്തിയാൽ കന്പനി സംയോജനം അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല. 2011 ൽ നടന്ന എൻ.ബി.സി യൂണിവേഴ്സൽ − കോംകാസ്റ്റ് സംയോജനം പുനഃപരിശോധിക്കാൻ നടപടിയെടുക്കുമെന്നും സന്ദേഹലേശമില്ലാതെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് നടത്തിയ ആരോപണം വാസ്തവമാണോ അല്ലയോ എന്നതിലുപരി അദ്ദേഹത്തെ മാധ്യമ വിരുദ്ധനായി പൊതുസമൂഹം കരുതാനുള്ള സാധ്യത ഈ പ്രതികരണം വർദ്ധിപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പു ദിവസത്തിലേയ്ക്ക് ഇനി 17 ദിവസങ്ങൾ മാത്രമാണുള്ളത്. അടുത്ത മാസം 8 നാണ് വോട്ടെടുപ്പ്. ഇതിനിടെ പോസ്റ്റൽ വേട്ടുകളടക്കം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രതിച്ഛായയും അഭിപ്രായ വോട്ടടുപ്പുകളും വിലയിരുത്തുന്പോൾ ട്രംപ് എതിരാളിയായ ഹിലരി ക്ലിന്റനേക്കാൾ പിന്നിലാണ്. അഭിപ്രായ വോട്ടടുപ്പുകളിൽ ഇപ്പോൾ ഹിലരി 47 ശതമാനം, ട്രംപ് 43 ശതമാനം എന്നതാണ് സ്ഥിതി. ഇരു സ്ഥാനാർത്ഥികളും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും സംവാദങ്ങൾ കൂടി കഴിഞ്ഞതോടെയാണ് ഇത്. അവസാന സംവാദത്തിൽ ഹിലരി വ്യക്തമായ മുന്നോക്കം നേടി എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിലൂടെ റഷ്യൻ താൽപ്പര്യമാണ് നടപ്പാക്കപ്പെടുന്നത് എന്ന ഹിലരിയുടെ ആരോപണമായിരുന്നു സംവാദത്തിലെ ഹൈലൈറ്റ്. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ ട്രംപിനായില്ല. തനിക്കെതിരെ ശക്തമായ മാധ്യമ ധ്രുവീകരണവും മാധ്യമ വിഷപ്രചാരണവുമുണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണം കാര്യങ്ങൾ കൂടുതൽ പരിതാപകരമാക്കുകയും ചെയ്തു.
ഇതിനിടെ ഒരു ആരോപണം കൂടി ട്രംപിനെ തേടിയെത്തിയിട്ടുണ്ട്. സംഗതി പെണ്ണു കേസാണ്. ആകെ പരിശോധിക്കുന്പോൾ നാറ്റക്കേസ് എന്നു തന്നെ വേണമെങ്കിൽ വിലയിരുത്താം. ആരാണു കൂടുതൽ നാറിയത് എന്ന കാര്യത്തിൽ അമേരിക്ക പല തട്ടിലാണ് എന്നു മാത്രം. ആരോപണമുന്നയിച്ചിരിക്കുന്നത് അമേരിക്കൻ രതി ചിത്ര വ്യവസായത്തിലെ പ്രമുഖ നടിയും സംവിധായികയുമായ ജസീക്ക ഡ്രേക്കാണ്. വർഷങ്ങൾക്കു മുന്പ് ഒരു ഗോൾഫ് ടൂർണ്ണമെൻ്റി
നിടെ ട്രംപ് തന്റെ സൗഹൃദത്തിനു വിലപറഞ്ഞെന്നാണ് രതിചിത്ര റാണിയുടെ ആരോപണം. ട്രംപിന്റെ ക്ഷണമനുസരിച്ച് കക്ഷിയുടെ ഹോട്ടൽ മുറിയിലെത്തിയ തനിക്കും മറ്റു രണ്ടു സ്ത്രീകൾക്കും അദ്ദേഹത്തിൽ നിന്നും വളരെ മോശമായ സമീപനമാണുണ്ടായതെന്ന് ഡ്രേക്ക് പറയുന്നു. മൂന്നു പേരെയും അവരുടെ അനുവാദമില്ലാതെ വാരിപ്പുണർന്നു ചുംബിച്ചെന്നാണ് കക്ഷിയുടെ പരാതി. തുടർന്നുള്ള വിശദീകരണങ്ങളും ആക്ഷേപങ്ങളും കൂടി പരിശോധിച്ചാൽ ഒരുതരം വാരനാരിയുടെ ചാരിത്ര പ്രസംഗം എന്നു തന്നെ തോന്നിപ്പോകും.
അതുകൊണ്ടു കൂടിയാവണം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇതുവരെ തനിക്കെതിരേ ആരോപണവുമായി വന്ന 11 മഹിളകളെക്കുറിച്ചും അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രംപ് പറഞ്ഞത്. ആരോപണക്കാരെല്ലാം ഹിലരി പക്ഷത്തിന്റെ ഓരോരോ നന്പരുകളാണ് എന്നാണ് ട്രംപിന്റെ ആരോപണം. തനിക്കെതിരേയുള്ള ഗൂഢാലോചനകളുടെ ഫലമാണ് ഇതെല്ലാം. ഡ്രോക്കിന്റെ ആരോപണവും എ.ടി ആൻ്റ് ടി− സി.എൻ.എൻ സംയോജനവുമെല്ലാം തന്റെ എതിരാളികളുടെ തന്ത്രങ്ങളെയും ശക്തിയെയും കുറിച്ചുള്ള സൂചനകൾ നൽകുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അധികാരത്തിലെത്തിയാൽ ആദ്യ നൂറു ദിവസങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികളുടെ വിശദാംശങ്ങളും ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ പ്രഖ്യാപിച്ച കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇതിലും അദ്ദേഹം ചെയ്തിരിക്കുന്നത്. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ നാടുകടത്തുമെന്ന നിലപാടിനാണ് പുതിയപ്രഖ്യാപനത്തിൽ പ്രാധാന്യം. അത്തരം പൗരന്മാരെ തിരിക സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് വിസ നിരോധനം ഏർപ്പെടുത്തും. കോൺഗ്രസ് അംഗത്വത്തിന് കാല പരിധി ഏർപ്പെടുത്താൻ നിയമ നിർമ്മാണം നടത്തും. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന പരിപാടികൾക്കായി അമേരിക്ക പണം അനുവദിച്ചതൊക്കെ പുനഃപരിശോധിക്കും. ആ തുകകൾ തിരികെ പിടിച്ച് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ വിരമിച്ചു കഴിഞ്ഞാൽ പല പരിപാടികൾക്കും താൽപ്പര്യങ്ങൾക്കുമായി ലോബിയിസ്റ്റുകൾ ആകുന്നതു തടയുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
മൂന്നാം സംവാദത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ലക്ഷ്യമിട്ടാണ് ഈ പുനപ്രഖ്യാപനങ്ങൾ. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയുമൊക്കെ ഒരു അച്ചുതണ്ടിനെതിരെയുള്ള കുരിശുയുദ്ധത്തിലാണ് താൻ എന്നതാണ് ട്രംപിന്റെ നിലപാട്. അത് വോട്ടർമാരെ ആവർത്തിച്ചു ബാധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ പ്രഖ്യാപനങ്ങൾ. എന്നാൽ ഇതൊക്കെ അദ്ദേഹത്തിന് എത്രത്തോളം ഗുണകരമാണെന്ന് ഉറപ്പില്ല. ഇതിനിടെ മൂന്നാം സംവാദത്തിൽ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവനയും ചൂടുള്ള ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് ഹിലരി പക്ഷം നീക്കം നടത്തുന്നതായും ട്രംപ് ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് ഫലം തനിക്കെതിരായാൽ അത് അംഗീകരിക്കില്ല എന്നാണ് ട്രംപ് പറഞ്ഞത്. അത് പ്രസിഡണ്ട് തെരഞ്ഞെടുപ്പു നടപടികൾസംബന്ധിച്ച് പൊതുവേ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിലേതിൽ നിന്നും വ്യത്യസ്ഥമായി ക്ലിപ്തതയുടെ അഭാവമുള്ളതാണ് അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പു പ്രക്രിയ.
പോപ്പുലർ വോട്ടിംഗിൽ വ്യക്തമായ മുൻ തൂക്കമുണ്ടായിട്ടും സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചര്യം രാജ്യത്തുണ്ടായത് മറക്കാറായിട്ടില്ല. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അൽ ഗോറിനു മേൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ് ബുഷ് വിജയിച്ചത് കോടതി വിധിയുടെ പിൻബലത്തിലായിരുന്നു. തെരഞ്ഞെടുപ്പു നടപടിക്രമത്തിൽ കോടതിയുടെ ഇപെടലുണ്ടായാൽ അന്തിമ വിധി എന്താകുമെന്നത് കണ്ടു തന്നെയറിയണം.
ഹിലരി വിജയിച്ചാൽ സായുധ വിപ്ലവത്തിലൂടെ അവരെ പുറത്താക്കുമെന്നു വരെ ട്രംപ് പറഞ്ഞതായി ആരോപണമുണ്ട്. ട്രംപിന്റെ ഒരുവിഭാഗം പിന്തുണക്കാർ ഈ ആഹ്വാനത്തിൽ ആവേശ ഭരിതരുമാണ്. എന്നാൽ താൻ കലാപാഹ്വാനം നടത്തിയിട്ടില്ല എന്നതാണ് ട്രംപിന്റെ നിലപാട്. മാധ്യമങ്ങളും കുത്തകകളുമൊക്കെ വ്യക്തമായ ലക്ഷ്യങ്ങളോടെ എല്ലാ കാർഡുകളുമിറക്കി കളിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിലവിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മുൻ പ്രഥമ വനിത ഹിലരി ക്ലിൻ്റണ് നേരിയ മുൻ തൂക്കമുണ്ട്. എന്നാൽ സാദ്ധ്യതകളും ഫലങ്ങളും മാറിമറിഞ്ഞ ചരിത്രം പരിശോധിക്കുന്പോൾ അന്തിമ ഫലം കാത്തിരുന്നു കാണുക എന്നതു തന്നെയാണ് ഫലം പ്രവചിക്കുന്നതിലും ബുദ്ധി.