നമ്മളെല്ലാം വയോധികരാകും ഓർക്കണം, വൃദ്ധത്വം രണ്ടാം ശൈശവമല്ല
കൂക്കാനം റഹ്്മാൻ
ഒക്ടോബർ ഒന്ന് ലോകവയോജനദിനമായിരുന്നു. ഈ വർഷത്തെ വയോജനദിന സന്ദേശം ‘പ്രായവിവേചനത്തിനെതിരെ ശബ്ദമുയർത്തണം’ എന്നതാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെയോ, കൂട്ടങ്ങൾക്കെതിരെയോ കാണിക്കുന്ന വിവേചനത്തെയാണ് പ്രായവിവേചനം എന്ന് പറയുന്നത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന താഴ്ത്തിക്കെട്ടലുകൾ ഇല്ലാതാക്കണം. 1969ൽ റോഹർട്ട് നീൽ ബട്‌ലർ ആണ് പ്രായവിവേചനം (ഏജിസം) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മുതിർന്ന പൗരന്മാർക്കെതിരായ വിവേചനത്തെക്കുറിക്കുന്നതിനാണ് ഈ പദം ഉപയോഗപ്പെടുത്തിവരുന്നത്. ‘വയസ്സായി’ എന്ന മുദ്രചാർത്തി വ്യക്തികളെ തരംതാഴ്ത്തിക്കെട്ടുന്ന സമീപനം സമൂഹത്തിൽ ഇന്ന് മൊത്തം നടന്നു വരുന്നുണ്ട്.
വയസ്സന്മാർക്ക് രോഗം വന്നാൽ മാറില്ല. വീണ് എല്ലൊടിഞ്ഞാൽ ചികിത്സ ഫലിക്കില്ല. ശസ്ത്രക്രിയ നടത്താൻ പറ്റില്ല. ഇതൊക്കെ പറഞ്ഞ് അവഹേളിക്കുന്ന സമീപനം മാറേണ്ടതുണ്ട്. ചെറുപ്പക്കാർക്ക് രോഗം വന്നാൽ മാറ്റിയെടുക്കാൻ പറ്റാത്ത അവസ്ഥയില്ലേ? ചികിത്സ ഫലിക്കാത്ത രോഗങ്ങൾ ആർക്കും വരാമല്ലോ? എന്നാൽ വയസ്സന്‍ എന്ന പദപ്രയോഗത്തിലൂടെ ചികിത്സ ഫലിക്കാത്തവൻ എന്ന അർത്ഥം നൽകി ക്ഷീണിപ്പിക്കുന്ന രീതി അവസാനിപ്പിച്ചേ പറ്റൂ.
പ്രായമായവരുടെ പറച്ചിലുകളും അഭിപ്രായങ്ങളും മാറ്റിപ്പറയാൻ അവർ തയ്യാറല്ല, എന്ത് വിശദീകരണം നൽകിയാലും. പറഞ്ഞ അഭിപ്രായത്തിൽ നിന്ന് അവർ അണുകിട മാറില്ല ഇതാണ് പ്രായമായവരെ കുറിച്ചുള്ള വേറൊരു അപവാദപ്പറച്ചിൽ. വാസ്തവ വിരുദ്ധമായ വിലയിരുത്തലാണിത്. പ്രായമുള്ളവർ ചെറുപ്പക്കാരെ വെല്ലുംവിധം, സ്വയം പ്രഖ്യാപിച്ച അഭിപ്രായങ്ങളിൽ മാറ്റം വരുത്താൻ എപ്പോഴും തയ്യാറാണ്.
സംസാര പ്രിയരാണ് പ്രായമായവർ, ആവശ്യമില്ലാതെ സംസാരിച്ചു കൊണ്ടേയിരിക്കും. തൻപ്രമാണിത്തവും മറ്റും വിളിച്ചു പറഞ്ഞു ആളുകളെ ബോറടിപ്പിക്കും. കേൾവിക്കാരന് ക്ഷമകെടും. ഇതിൽ യാഥാർത്ഥ്യമുണ്ടാവാം. പക്ഷേ തങ്ങൾക്ക് പറയാനുള്ള വേദി കിട്ടുന്പോഴല്ലെ സംസാരിക്കാൻ പറ്റൂ. അവസരം ലഭിക്കുന്പോൾ തങ്ങളുടെ അനുഭവങ്ങൾ വിളിച്ചു പറയാൻ താൽപ്പര്യം കാണിക്കുന്നത് അനുചിതമാണെന്ന് കരുതാൻ പറ്റില്ല. അതിനെ കുറ്റപ്പെടുത്താനും പറ്റില്ല.
ആർക്കും മറവി പറ്റും. പക്ഷേ പ്രായം ചെന്ന വ്യക്തിക്കാണ് മറവി സംഭവിച്ചത് എങ്കിൽ ‘പ്രായമായില്ലേ?’ എന്ന അധിക്ഷേപമാണ് കേൾക്കേണ്ടിവരിക. നാടൻ ശൈലിയിൽ ഒരു ചൊല്ലുണ്ട് ‘അത്തും പിത്തും ആയില്ലേ’യെന്ന്. സംഭാഷണത്തിലോ, ഓർമ്മിച്ചെടുക്കുന്നതിലോ, സംഭവസ്ഥലത്തേയോ, കാലത്തേയോ, തെറ്റിപ്പറഞ്ഞാലും പ്രയോഗം ‘വയസ്സായില്ലേ’ എന്ന് തന്നെയായിരിക്കും. ഇതേ തെറ്റ് ചെറുപ്പക്കാരുടെ ഭാഗത്തുനിന്നു വന്നാൽ അത് എടുത്തുകാണിച്ച് കുറ്റപ്പെടുത്തുന്ന നിലപാടില്ലതാനും. പ്രായമായവരെ മാത്രമെന്തിന് കുറ്റപ്പെടുത്തുന്നു?
പ്രായാധിക്യത്താൽ ശരീരശ്രവങ്ങൾ നിയന്ത്രിക്കാനാവാതെ പുറത്തേയ്്ക്ക് വരാൻ സാധ്യതയുണ്ട്. ഉടനെ കമന്റ് ‘വൃത്തികെട്ടവൃദ്ധൻ‘ എന്നാവും. ശാരീരിക വിഷമതകളാണെന്നു കരുതി ക്ഷമിക്കുകയാണ് വേണ്ടത്. കുറ്റപ്പെടുത്തുകയല്ല. ‘രണ്ടാം ശൈശവം’ എന്നും വൃദ്ധരെക്കുറിച്ച് പരാമർശിക്കാറുണ്ട്. അൽപ്പ സ്വൽപ്പ ഓർമ്മക്കുറവും പെട്ടെന്ന് കോപം വരലും, പിണക്കം നടിക്കലുമൊക്കെ പ്രായാധിക്യത്താൽ സംഭവിക്കാം. ഇത്തരം പ്രവർത്തികൾ കാണുന്പോഴാണ് ‘രണ്ടാം ശൈശവം’ എന്നൊക്കെ പറഞ്ഞ് അവഹേളിക്കുന്ന നിലപാടുകൾ സമൂഹം സ്വീകരിക്കുന്നത്.
ആശ്രയ ജീവികളായി മാറുന്നു എന്ന കാഴ്ചപ്പാടുകളും വൃദ്ധജനങ്ങളെക്കുറിച്ചുണ്ട്. വയ്യാതായാൽ ആശ്രയിക്കാതെ പറ്റില്ലല്ലോ? രോഗം വന്നാൽ സഹായത്തിന് ആളില്ലാതെ വയസ്സായവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങിനെ ചെയ്യുന്നത് തങ്ങളുടെ ബാധ്യതയാണെന്ന് മക്കളും മറ്റും കരുതിയാൽ ആശ്രയ ജീവി എന്ന പദം പ്രയോഗിക്കേണ്ടിവരില്ല.
പ്രായം കൂടുന്തോറുമാണ് ഗുണം കൂടുന്നത്. പഴകിയതിനാണ് ഗുണമേന്മ കൂടുതൽ എന്നത് സാമൂഹ ധാരണയാണ്. ആ ഗുണം തിരിച്ചറിയാൻ കഴിയാത്തതാണ് കുഴപ്പങ്ങൾക്കു കാരണം. ഒരൊറ്റ ഉദാഹരണം കൊണ്ട് നമുക്കിത് ബോധ്യമാവും സിനിമാലോകത്ത് പ്രായം ചെന്ന അനുഭവ സന്പത്തുള്ള നടീ നടന്മാരെയാണ് നിർമ്മാതാക്കൾ തേടിപ്പോവുന്നത്. കാണികൾക്കും ഇഷ്ടം അത്തരം നടീനടന്മാരെയാണ്. ഇത് മാത്രം ശ്രദ്ധിച്ചാൽ പോരെ എല്ലാരംഗത്തും പ്രായം ചെന്നവരെയാണ് ഉൾപ്പെടുത്തേണ്ടതെന്നും ഇക്കൂട്ടരെ അവഗണിക്കുകയല്ല വേണ്ടത് ആദരിക്കുകയാണ് ചെയ്യേണ്ടതെന്നും ബോധ്യപ്പെടാൻ.
അനുഭവജ്ഞാനമുള്ളവരാണ് വൃദ്ധജനങ്ങൾ. അവരുടെ അറിവുകൾ പകർന്നുകിട്ടാൻ ശ്രമിക്കേണ്ടവരാണ് കൗമാരക്കാരും യുവാക്കളും. പുതിയ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് കഴിഞ്ഞകാല ജീവിതാനുഭവങ്ങൾ പഴഞ്ചനാണെന്ന് പറഞ്ഞ് പിന്തിരിയാം. പക്ഷേ അവ അമൂല്യമാണെന്നും, അവരുടെ അനുഭവപാഠങ്ങൾ പഠിക്കേണ്ടതാണെന്നുമുള്ള ധാരണ യുവതലമുറക്കുണ്ടാവണം.
ഞാൻ എന്റെ ആറാം വയസ്സിലോ 10−ാം വയസ്സിലോ ഉള്ള ഓർമ്മകളുടെ ഉള്ളറകളിലേയ്ക്ക് കടന്നു നോക്കി. എന്റെ ഉപ്പൂപ്പയുടെ പച്ച അരപ്പട്ടയിൽ നിറയെ സ്വർണ്ണനാണയങ്ങളുണ്ടായിരുന്നു പോലും. മീൻകാരികൾക്കുപോലും സ്വർണ്ണത്തുട്ടുകൾ വലിച്ചെറിഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഇത് പറഞ്ഞുകേട്ട കഥ. ഞാൻ കണ്ട ഉപ്പൂപ്പ ദരിദ്രനായിരുന്നു. ‘തലൈ ചാപ്പ’ നടത്തിയാണ് പട്ടിണി മാറ്റിയിരുന്നത്. തൃക്കരിപ്പൂർ ബിരിച്ചേരി ജുമാമസ്ജിദിലുള്ള മഖ്ബറയിൽ ഉപ്പൂപ്പയെ അടക്കിയ ഖബറിടം കുഞ്ഞുന്നാളിൽ എനിക്കുകാണിച്ചു തന്നിട്ടുണ്ട്. യുദ്ധത്തിൽ മരിച്ചവരുടെ വീരകഥകൾ ഉപ്പൂപ്പ പറഞ്ഞുതന്നിട്ടുണ്ട്. അവിടെ ചെന്നാൽ ഉപ്പൂപ്പ ആവശ്യങ്ങൾ വിളിച്ചു പറഞ്ഞ് പൊട്ടിക്കരയുന്നത് ഇന്നും ഓർമ്മയുണ്ട്. നല്ല പാട്ടുകാരനായിരുന്നു ഉപ്പൂപ്പ. ഞാന്‍ അടുത്ത് ചെല്ലില്ല. ദൂരെനിന്ന് ഉപ്പൂപ്പ പാടുന്നപാട്ടുകേൾക്കാറുണ്ട് അതിലെ ആദ്യവരി ഇങ്ങിനെയാണ്.
‘സങ്കടക്കടലോടി വന്നേ തിങ്ങളൊളിവുള്ള....’ കേൾക്കാൻ ഇന്പമുള്ളതായിരുന്നു ആ പാട്ടിലെ വരികൾ. അതൊന്നും ശേഖരിക്കാൻ പറ്റാത്തതിൽ ഇന്ന് ദുഃഖിക്കുന്നു. പ്രായം ചെന്ന ഒരു വലിയ കാരണവരുണ്ടായിരുന്നു എനിക്ക്. അങ്ങേര് താമസം പോത്താം കണ്ടം എന്ന സ്ഥലത്തായിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും തറവാട്ടിലേയ്ക്ക് വരും. നടന്നാണ് വരിക. രാവിലെ പുറപ്പെട്ടാൽ വൈകുന്നേരമാകും വീട്ടിലെത്താൻ. മതനിഷ്ഠകളിൽ വളരെ ശ്രദ്ധാലുവായിരുന്നു. തറവാട്ടിൽ എത്തിയാൽ ഉമ്മൂമ്മ ‘മൊഹിയുദ്ദീൻ മാല’ നേർച്ച അദ്ദേഹത്തെക്കൊണ്ട് നടത്തിക്കും. അന്ന് കോഴിക്കറിയും നെയ്‌ച്ചോറും ഉണ്ടാവും. അറബി മലയാളത്തിൽ രചിച്ച മാലപ്പാട്ടുകളെല്ലാം അദ്ദേഹത്തിന് മനപാഠമാണ്. നേർച്ച ചൊല്ലുന്പോൾ കുട്ടികളായ ഞങ്ങളൊക്കെ അടുത്തുകൂടി ഇരിക്കും. അതിലൊരുവരി ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
‘കോഴീന്റെ മുള്ളോട്... കൂകെന്നു പറഞ്ഞോവർ....’ എന്റെ കുഞ്ഞുനാളിൽ ഇത്തരം കാര്യങ്ങളൊന്നും കൂടുതൽ പഠിക്കാൻ പറ്റിയില്ല. ഒരുപാട് ചരിത്ര കാര്യങ്ങളും അനുഭവ പാഠങ്ങളും അവർക്കുണ്ടായിരുന്നു. അതൊന്നും വേണ്ടപോലെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ ഇന്ന് ദുഃഖം തോന്നുന്നു. കുഗ്രാമ പ്രദേശത്ത് ജീവിക്കുന്ന ഞങ്ങൾക്ക് ഇവരുടെയൊന്നും ഫോട്ടോ പോലും എടുക്കാൻ പറ്റിയില്ല. പക്ഷേ എന്റെ ഉമ്മൂമ്മയുടെ ഫോട്ടോ ഞാൻ ശേഖരിച്ചുവെച്ചിട്ടുണ്ട്.
ഉമ്മുമ്മ എന്നും എന്നെ പ്രചോദിപ്പിക്കാറുണ്ട്. നീണ്ടുമെലിഞ്ഞ ആ ശരീരത്തിൽ അക്കാലത്തെ മുസ്ലീം സ്ത്രീ വസ്ത്രധാരണം കാണാൻ പറ്റിയത് തന്നെ ഭാഗ്യമായിരുന്നു. ജാതി− മത വ്യത്യാസമില്ലാതെ സർവ്വരേയും സ്‌നേഹിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്ത ആ നല്ല കാലം ഓർമ്മയിലെങ്കിലും സൂക്ഷിക്കാം. അക്കാലത്തെ വൃദ്ധജനങ്ങൾ അങ്ങിനെയൊക്കെയായിരുന്നു...