വിതച്ചത് കൊയ്യുന്ന വരുംകാലം...!
മനു കാരയാട്
പരേതന് രണ്ട് പെൺമക്കളായിരുന്നു. ജീവിച്ചിരുന്ന കാലത്ത് നല്ലവണ്ണം അദ്ധ്വാനിച്ച് വിയർപ്പൊഴുക്കിയാണ് മക്കളെ പഠിപ്പിച്ചതും വിവാഹിതരാക്കിയതും. എന്നിട്ടും ഒടുവിൽ അദ്ദേഹം അസുഖം പിടിപെട്ട് കിടപ്പിലായപ്പോൾ അയാളെ പരിചരിക്കാനോ ഒരു നോക്കു കാണാനോ മക്കൾക്ക് സമയം ലഭിച്ചില്ല പോലും! അവസാനം അയാളുടെ മരണവാർത്തയറിഞ്ഞ ശേഷമാണ് മക്കളിരുവരും വീട്ടിലെത്തിയത്. ശവദാഹത്തിനു ശേഷം ഇരുവരും അച്ഛന്റെ മുറിയും വീടുമെല്ലാം വളരെ ജാഗ്രതയോടെ പരിശോധിച്ചെങ്കിലും തങ്ങൾക്കു വേണ്ട വിലപ്പെട്ടതൊന്നും തന്നെ അവിടെ കണ്ടെത്താനുമായില്ല. ആകെ ലഭിച്ചതെന്നു പറയാൻ അദ്ദേഹത്തിന്റെ ഇരുന്പുപെട്ടിയിൽ സൂക്ഷിച്ച പഴകി ദ്രവിച്ച രണ്ട് തുണി മുണ്ടുകൾ മാത്രം. അവയ്ക്കാകട്ടെ വിയർപ്പിന്റെയും കുഴന്പിന്റെയും കൂട്ടിക്കുഴഞ്ഞ മനം മടുപ്പിക്കുന്ന ഗന്ധവും!
‘ങ്ഹും! ഞങ്ങടെ പട്ടിക്കു പോലും വേണ്ടാത്ത നാശം’ അവർ ആ പഴന്തുണികൾ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നീടാണ് അവിടെ കൂടി നിന്നവരെല്ലം ആ കാഴ്ച കണ്ട് അന്പരന്നത്. മക്കൾ വലിച്ചെറിഞ്ഞ ആ പഴന്തുണിമുറ്റത്തു നിന്നും ഉയർന്ന് പൊങ്ങി പരേതന്റെ കുഴിമാടത്തിനകത്തേയ്ക്ക് ഊർന്നിറങ്ങി !
ഇതൊരു കഥയായിരന്നു. തന്റെ ജീവിതം മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചു തീർത്ത് ഒടുവിൽ ആർക്കും വേണ്ടാതെ മരണത്തിലേയ്ക്ക് നടന്നു നീങ്ങിയ ഒരു പാവം അച്ഛന്റെയും അയാളുടെ തന്റേടികളായ രണ്ട് പെൺമക്കളുടെയും കഥ. സ്വന്തമെങ്കിലും ഈ കഥ വീണ്ടും എന്റെ മനോമുകുളത്തിൽ ഉയർന്നു വന്നത് ഇന്നത്തെ വർത്തമാനജീവിതവുമായി ഈ കഥ ഏറെ അടുത്തു നിൽക്കുന്നു എന്ന് തോന്നിയതുകൊണ്ടും കൂടിയാണ്.
നമുക്കറിയാം ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ അതിവേഗം വളർച്ച നേടി വരുന്ന ഒന്നാണ് വൃദ്ധസദനങ്ങൾ. ജീവിതത്തിന്റെ സായാഹ്ന കാലത്ത് സ്വന്തം മക്കളുടെ നിർബന്ധത്തിന് വഴിപ്പെട്ട് ഒന്നെതിർക്കാൻ പോലുമാകാതെ നിസ്സഹായരായി വൃദ്ധസദനത്തിന്റെ അകത്തളങ്ങളിൽ ശിഷ്ടജീവിതം തള്ളിനീക്കേണ്ടി വരുന്ന ഹതഭാഗ്യരായ ഒരു ജനത നമ്മുടെ കേരളത്തിലും അനുദിനം വളർന്നുകൊണ്ടിരിക്കുന്നു.
ജീവിതത്തിന്റെ സിംഹഭാഗവും തങ്ങളുടെ മക്കൾക്കു വേണ്ടി മാത്രം ജീവിച്ചിട്ടും അവസാനം അവരുടെ കരങ്ങൾ തന്നെ ഇവരെ വൃദ്ധസദനത്തിന്റെ പടവുകൾ കയറ്റി തിരിച്ചു വരുന്പോൾ അവിടം അവർ അനുഭവിച്ചു വരുന്ന മാനസിക സംഘർഷത്തിന്റെ ഒരംശമെങ്കിലും ഇത്തരം മക്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരിക്കലും കേരളത്തിൽ വൃദ്ധസദനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാകുമായിരുന്നില്ല. മാതാപിതാക്കളുടെ സ്നേഹവും പരിലാളനയും ആവോളം ആസ്വദിച്ച് വളരുകയും ഒടുവിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പര്യാപ്തത കൈവരിക്കുന്പോൾ അവർ നമുക്ക് ‘ബാധ്യത’യായി മാറുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ ഒരു ദുഃസ്വപ്നം പോലെ വളർന്നു വരികയും ചെയ്യുന്നുണ്ട്. നാം നമ്മുടെ മക്കൾക്കു വേണ്ടി ജീവിക്കുന്നതു പോലെയായിരുന്നു നമുക്ക് വേണ്ടി നമ്മുടെ മാതാപിതാക്കളും ജീവിച്ചിരുന്നതെന്ന ഒരു നിമിഷത്തെ ചിന്ത മാത്രം മതി അവരോട് നാം കാട്ടുന്ന ദുഷ്ചെയ്തികൾക്ക് അന്ത്യം കുറിക്കാൻ.
നാം ഇന്ന് ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ചുറ്റുപാടുകളിൽ നിന്നും വ്യത്യസ്തവും പ്രതികൂലാത്മകവുമായ ജീവിത രീതികളെ ചെറുത്തു തോൽപ്പിച്ചു കൊണ്ടായിരുന്നു അവർ ഇന്ന് നാം അനുഭവിക്കുന്ന സുഗമമായ ചുറ്റുപാട് ഒരുക്കിയെടുത്തത്. നാമിന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന പുത്തൻ സംസ്ക്കാരത്തിന്റെ വർണ്ണക്കാഴ്ചകൾക്ക് പിന്നിൽ നമ്മുടെ മുൻഗാമികളുടെ വിയർപ്പിന്റെയും രക്തത്തിന്റെയും ഗന്ധം നിറഞ്ഞു നിൽപ്പുണ്ടെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലോകം ഒരുപാട് വളർന്നു പന്തലിച്ചെങ്കിലും ശാസ്ത്ര രംഗം അനുദിനം ഉന്നതിയിലേയ്ക്ക് കുതിച്ചുപായുന്പോഴും ‘നാളെ’ എന്തെന്ന് കൃത്യമായി പ്രവചിക്കാൻ ഇന്നും ലോകം വളർച്ചയെത്തിയിട്ടില്ലെന്നത് വളർച്ചയിലും അതിലെ തളർച്ചയെ നമുക്ക് കാട്ടിത്തരുന്നു. അതുപോലെ തന്നെയാണ് ഓരോ മനുഷ്യന്റെ ഭാവിയും. നാളെയെന്തെന്ന് കൃത്യമായി നമ്മുടെ കാര്യത്തിൽ നമുക്കും ഉറപ്പ് പറയാൻ കഴിയില്ല. അതിനാൽ ഒരുപക്ഷേ നമ്മുടെ മക്കൾ നാളെ ഏതു രീതിയിലാവും നമ്മോട് ജീവിത സായാഹ്നത്തിൽ സ്നേഹപ്രകടനം കാട്ടുന്നതെന്ന് ഊഹിക്കുവാൻ മാത്രമേ സാധ്യമാവുകയുള്ളൂ. നിർഭാഗ്യവശാൽ അത് ഒരു പക്ഷേ നാം നമ്മുടെ മാതാപിതാക്കളോട് കാട്ടുന്ന അതേ അനുഭവം തന്നെയെങ്കിലോ? സംശയമില്ല കാര്യം കഷ്ടമായതു തന്നെ. അതുകൊണ്ട് നമുക്ക് വൈകിയിട്ടില്ല. ഇനിയും തെറ്റ് തിരുത്തുവാനും നന്മയുടെ വഴിയിലൂടെ നാം നമ്മുടെ മാതാപിതാക്കൾക്ക് മാതൃകയാവാനും സമയമിരിക്കേ വരും നാളുകൾ നമുക്കും അവരെ നമ്മോടൊപ്പം സ്നേഹക്കൂടൊരുക്കി പരസ്പരം ഒരുമയുടെ പുതിയൊരു ലോകം സൃഷ്ടിക്കാമെന്ന ശുഭപ്രതീക്ഷയോടെ, സസ്നേഹം... !