സൂ­ര്യസംഗീ­തം...


ഡോ.ജി.ജയകുമാർ‍

നാൽപ്‍പതു വർ‍ഷമായി മുടക്കമില്ലാതെ അന്താരാഷ്ട്ര സംഗീത ദിനമായ ഒക്ടോബർ‍ ഒന്നിനു യേശുദാസ് സൂര്യ എന്ന സംഘടനയ്ക്കുവേണ്ടി കർ‍ണ്ണാടക സംഗീതം അവതരിപ്പിച്ചു വരുന്നു. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ എ.കെ.ജി ഹാളിൽ‍ നിറഞ്ഞു കവിഞ്ഞ സദസിനു മുന്നിൽ‍ അനുസ്യൂതവും അനർ‍ഗ്ഗളവുമായ ആ സ്വരധാര ഒഴുകി സാധാരണക്കാരനെയും വരേണ്യവർ‍ഗ്ഗത്തെയും ഒരുപോലെ ആനന്ദലബ്ധിയിൽ‍ ആറാടിച്ചു. 

സൂര്യ സംഗീത−നൃത്തോത്സവത്തിന്‍റെ തുടക്കം പ്രശസ്ത കർ‍ണ്ണാടക സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിയുടെ മദിരാശിയിലെ വീട്ടിൽ‍ വെച്ചായിരുന്നു. യേശുദാസും, സൂര്യകൃഷ്ണമൂർ‍ത്തിയും പ്രശസ്ത നർ‍ത്തകി പത്മാ സുബ്രഹ്മണ്യവും ഒത്തുകൂടിയാണ് 1976ൽ‍ തീരുമാനിച്ചത്. തുടക്കത്തിൽ‍ പത്തു ദിവസം നീണ്ടുനിന്ന സംഗീതോത്സവം, ഇന്ന് കൂടുതൽ‍ വിപുലവും പ്രത്യേകതകളുള്ളതുമായി രൂപം പ്രാപിച്ചു. പത്തു ദിവസം നീണ്ടു നിൽ‍ക്കുന്ന സംഗീത−നൃത്ത പരിപാടിക്കു പുറമെ നാടകവും സിനിമയും പ്രസംഗവും കൊണ്ട് സൂര്യ ഫെസ്റ്റിവൽ‍ സന്പുഷ്ടമാണ്. പ്രതിഫലം കൈപ്പറ്റാതെയാണ് കലാകാരന്മാർ‍ പരിപാടികൾ‍ അവതരിപ്പിക്കുന്നത്. സൂര്യയ്ക്ക് ഇന്ന് ലോകമെന്പാടും ചാപ്റ്ററുകളുണ്ട്. കൂടാതെ സൂര്യ കേരളത്തിലെ പതിനാലു ജില്ലകളിലും പരിപാടികൾ‍ അവതരിപ്പിച്ചു വരുന്നു.

പതിവിനു വിപരീതമായി ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകത്തെ തുടർ‍ന്ന് ദീക്ഷിതർ‍ കൃതിയായ ‘വാതാപി ഗണപതിം ഭജേ ഹം’ എന്ന ഹംസധ്വനി രാഗത്തിൽ‍ യേശുദാസിന്‍റെ കച്ചേരി തുടങ്ങി. അരമണിക്കൂർ‍ നീണ്ടുനിന്ന കൃതിയിൽ‍ ‘പ്രണവസ്വരൂപ....’ എന്ന ഭാഗത്ത് നിരവൽ‍ സ്വരങ്ങൾ‍ പാടി ധന്യമാക്കി. ധൃതഗതിയിലുള്ള സ്വരസഞ്ചാരം ഒരിക്കൽ‍ക്കൂടി അദ്ദേഹത്തിന്‍റെ ശാസ്ത്രീയസംഗീതത്തിലുള്ള അവഗാഹം അടിവരയിടുന്നു. രണ്ടാമതായി, രീതി ഗൗളയിലുള്ള ഊതുക്കാട് വെങ്കട്ടകവി രചിച്ച ‘എന്ന പുണ്യം ശെയ്തെനോ സദ്ഗുരുനാഥാ....’ തുടങ്ങുന്നതിനു മുന്‍പ് മഹാസംഗീതജ്ഞന്മാർ‍ പാടിവച്ച കൃതികളെക്കുറിച്ച് യേശുദാസ് പറഞ്ഞു: “വൈദ്യുതിയോ, ഏ.സിയോ, മറ്റു സൗകര്യങ്ങൾ‍ ഇല്ലാത്ത കാലത്താണ് അവർ‍ പാടിയത്. അതു നാം എന്നും ഓർ‍ക്കണം. അവർ‍ പാടിയതിൽ‍ എല്ലാം ഉണ്ട്. അതിനുകാരണം ധ്യാനമാണ്. ധ്യാനം വളരെ ആവശ്യമുള്ളതാണ്. നമുക്കു ശ്രദ്ധ വേണം. അതു പരിശീലിക്കുന്നതു കൊണ്ടാണ് ഇത്രയെങ്കിലും പാടാൻ‍ കഴിയുന്നത്.”

ചെറിയൊരു രാഗാലാപനത്തിനു ശേഷം അടുത്തതായി നാഗസ്വരാവലിയിൽ‍ ചിട്ടപ്പെടുത്തിയ ത്യാഗരാജ കൃതിയായ ‘ശ്രീ പദേ നീ പതാ’ ആലപിച്ചു. തുടർ‍ന്ന് സുരുട്ടി, അമൃതവാഹിനി, ചക്രവാകം മുതലായ രാഗങ്ങളിലുള്ള കൃതികളായ ‘പരാശക്തി ഈശ്വരി ജഗജനനി’, ‘ഗീതാ അർ‍ത്ഥമു, സുഗീത അർ‍ത്ഥമു’, ‘ശ്രീ രാമപാദമാ നീ കൃപാ ചാലുമേ’, ‘സുഖുനമുലേ’ കച്ചേരിക്ക് മാറ്റുകൂട്ടി.

‘ഒരു സ്വരം മാറിയാൽ‍ അതു മറ്റൊരു രാഗമായിത്തീരും. വളരെ ശ്രദ്ധയോടുകൂടി വേണം പാടാൻ‍. അതിനു ധ്യാനം വേണം. − ശ്രുതിയിൽ‍, മുല്യങ്ങളിൽ‍, ഭക്ഷണത്തിൽ‍, ശൈലിയിൽ‍, ശീലങ്ങളിൽ‍. പ്രത്യേകിച്ച് കർ‍ണ്ണാടക സംഗീതത്തിൽ‍. അഞ്ചും ആറും മണിക്കൂറാണ് പിയാനോയിലെ ട്യൂണുകൾ‍ ശ്രദ്ധിക്കുന്നത്, എങ്ങനെയാണ് ഒരു സ്വരത്തിൽ‍ നിന്നും മറ്റൊന്നിലേക്ക് മാറ്റം സംഭവിക്കുന്നത് മനസ്സിലാക്കാൻ‍. ശ്രുതി അമ്മയും ലയം പിതാവുമാണ്. രണ്ടും ചേരണം. അവരുടെ അനുഗ്രഹം കൊണ്ടു മാത്രമേ പാടാൻ‍ കഴിയൂ. തുടർ‍ന്ന് ‘പരമേശ്വരി നാ പാലിത്തോസ്മി’ എന്ന ചെറിയ കൃതി അവതരിപ്പിച്ചു.

മുഖ്യകൃതിയായി തെരഞ്ഞെടുത്തത് സ്വാതിതിരുനാളിന്‍റെ ‘വാചസ്പതി’ രാഗത്തിലുള്ള ‘പാഹി ജഗ ജനനി’യായിരുന്നു. കല്യാണിയിൽ ‍‍‍‍നിന്നും വിഭിന്നമാണ് ഇതിലെ നിഷാദ പ്രയോഗം. വാചസ്പതിയിൽ‍ കൈശികി നിഷാദമാണെങ്കിൽ‍, കല്യാണിയിൽ‍ അതു കാകളി നിഷാദമാണ്. ആലാപനത്തിനുശേഷം തിരൂവാരൂർ‍ ഭക്തവത്സലം മൃദംഗത്തിലും ഘടത്തിൽ‍ തൃപ്പുണിത്തുറ രാധാകൃഷ്ണനും തനിയാവർ‍ത്തനം വായിച്ച് കച്ചേരിക്കു മിഴിവേകി. വയലിനിൽ‍ എസ്.ആർ‍ മഹാദേവ ശർ‍മ്മ അകന്പടി സേവിച്ചു.

കഥകളിപദമായ ‘അജിത ഹരേ ജയ മാധവ’ അതിന്‍റെ എല്ലാ ഗാംഭീര്യത്തിലും യേശുദാസ് പാടി. കൂടാതെ ജനപ്രിയ കൃതികളായ ‘ഭക്തവത്സലാ ശ്രീ പദ്മനാഭാ’, ‘എന്ന തപം ശെയ്തെ.....’, ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകൻ ഞാൻ’, ‘ഹരിവരാസനം’, ‘യോഗീന്ദ്രാണാം’ പാടി മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന കച്ചേരി അവസാനിപ്പിച്ചപ്പോൾ‍ ഹാളിൽ‍ മുഴങ്ങിയ കയ്യടി അവർ‍ണ്ണനീയമായി.

കൃതികളുടെ ആത്മാംശം ഉൾ‍ക്കൊണ്ടാണ് യേശുദാസ് പാടിയത്. 77−ാം വയസ്സിൽ‍ എത്തുന്ന ശബ്ദത്തിനു ഒരു പോറലും ഏറ്റിട്ടില്ലെന്നത് വ്യക്തമാണ്. കൂടുതൽ‍ ശക്തമായി എന്നു വേണം പറയാൻ‍. അനായാസമായിരുന്നു സ്ഥായികളിലൂടെയുള്ള സഞ്ചാരം. രൂപത്തിൽ‍ മാറ്റം വന്നെങ്കിലും ഗായകന്‍റെ ഭാവത്തിലും ശബ്ദസൗകുമാര്യത്തെയും കാലത്തിനു സ്പർ‍ശിക്കാൻ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ‍ അതു അതിശയോക്തിയാവില്ല. സ്വരശുദ്ധതയോടെ ഇന്നും പാടാൻ കഴിയുന്നതു കഠിനമായ പരിശീലനം ചെയ്തതു കൊണ്ടാണ്. ചെന്പൈയുടെയും ശെമ്മാങ്കുടിയുടെയും ശിഷ്യനായ യേശുദാസ് അർ‍പ്പണബുദ്ധിയോടെ കൃതികളിൽ‍ അടങ്ങിയിരിക്കുന്ന അർ‍ത്ഥം തിരിച്ചറിഞ്ഞാണ് തന്‍റേതായ ശൈലി രൂപപ്പെടുത്തിയത്. അതുതന്നെയാണ് യേശുദാസിനെ മറ്റു സംഗീതജ്ഞരിൽ‍ നിന്നും വ്യതിരിക്തനാക്കുന്നത്.

കർ‍ണ്ണാടക സംഗീതത്തിൽ‍ നിന്നും അനേകം സംഗീതജ്ഞർ‍ ചലച്ചിത്ര ശാഖയിൽ‍ വന്നിട്ടുണ്ട്. പക്ഷേ ചലച്ചിത്ര സംഗീതത്തിൽ‍ നിന്നു കൊണ്ടുതന്നെ ശാസ്ത്രീയ സംഗീതത്തിൽ‍ വെന്നിക്കൊടി പാറിച്ച ഏക ഗായകൻ യേശുദാസ് മാത്രമായിരിക്കും.

ഏഴു മണിക്കു തുടങ്ങിയ കച്ചേരി കാണാനും ശ്രവിക്കാനും ആസ്വദിക്കാനും അഞ്ചു മണി മുതൽ‍ രസികർ‍ നിരയായി നിലകൊണ്ടു. കസേര കിട്ടാതെ പലരും തറയിലും പടികളിലും സ്ഥാനം ഉറപ്പിച്ചു. കച്ചേരി കഴിയുംവരെ ഹാൾ‍ നിറഞ്ഞിരുന്നു. തംബുരു മീട്ടിയത് ഫാദർ‍ പോൾ‍ പൂവാതിങ്കൾ‍, കൂടെ നിഴൽ‍ പോലെ യേശുദാസിന്‍റെ തൊട്ടുപുറകിൽ‍ ശിഷ്യനായ കെ.ജെ ബേബി മാഷുമുണ്ടായിരുന്നു.

You might also like

Most Viewed