ചില സ്വപ്നജീവിതങ്ങൾ...!
മനു കാരയാട്
ഒരു ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വേർപാട് കടന്ന് പോയത്. മരണം കടൽത്തിരകൾ പോലെ ഒന്നിനു പിറകെ മറ്റൊന്നായി കടന്നു വരുന്ന ഒരു അവിരാമ പ്രകൃയയെങ്കിലും ചിലരുടെ വേർപാട് നമുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നു. ഈ ഒരു ഗണത്തിലായിരുന്നു അദ്ദേഹത്തിന്റെ വേർപാടും ആ ഗ്രാമീണ ജനത മുഴുവൻ ഏറ്റുവാങ്ങിയത്.
പണ്ടുകാലത്തെ ‘നാട്ടുപ്രമാണി’ ഗണത്തിൽപ്പെടുന്ന ആളായിരുന്നു പരേതൻ. അളവില്ലാത്ത ഭൂസ്വത്തുക്കളുടെ ഉടമ. ഏതൊരാവശ്യത്തിനും കാര്യസ്ഥരും പരിചാരകരും. സന്പന്നതയുടെ മടിത്തട്ടിലായിരുന്നു ജീവിതകാലം മുഴുവൻ. പക്ഷേ ഒരിക്കൽ പോലും അയാൾ തന്റെ സുഖലാളനകളിൽ അഹങ്കരിച്ചിരുന്നില്ല, തന്റെ ഭൂസ്വത്തുക്കളിൽ നിന്നും ലഭിക്കുന്നവരുമാനത്തിന്റെ ഒരു പങ്ക് എപ്പോഴും ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു പോന്നു. നൂറു കണക്കിന് പണിയാളുകൾ നിത്യവും തൊഴിലെടുക്കുന്ന അദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽ ഒരിക്കൽ പോലും അടിമവേലയുടെ അമിത ഭാരം അവർ അനുഭവിക്കേണ്ടി വന്നില്ല. കാര്യസ്ഥരുടെ തുറിച്ചുനോട്ടത്തിനു മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിയും വന്നില്ല. ക്രമം തെറ്റിയ ഭക്ഷണ സമയം ഒരിക്കലും ഓർത്തെടുക്കാനാവുന്നില്ല. ചെയ്ത ജോലിക്ക്മാന്യമായ വേതനം എന്നും അവർ കൈപ്പറ്റി പോന്നിരുന്നു.
നാട്ടിലെ ഏത് പ്രശ്നങ്ങളിലും അയാൾ ഒരു പരിഹാരമാർഗിയുടെ അവസാന വാക്കായിരുന്നു. പരാതിക്കാരുടെ പ്രശ്നങ്ങൾ സൗമ്യനായി കേട്ടു മനസ്സിലാക്കുകയും ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിൽ എന്നും ജാഗ്രത പുലർത്തുകയും ചെയ്തു. ഒരിക്കൽ പോലും ഇരകൾക്ക് നീതി കിട്ടാത്ത തീരുമാനങ്ങൾ അദ്ദേഹത്തിൽ നിന്നുമുണ്ടായിട്ടില്ലെന്ന് ഗ്രാമജനത ഇന്നും സാക്ഷ്യം പറയുന്നു. അതുകൊണ്ടു തന്നെ ആ ഗ്രാമത്തിലെ ‘നീതിമാൻ’ എന്ന ഓമനപ്പേരും ഗ്രാമീണർ അയാൾക്ക് ചാർത്തി നൽകി.
സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി നീതിമാൻ തന്റെ ജീവിതയാത്ര തുടർന്നു. ക്രമേണ വാർദ്ധക്യം എല്ലാവരെയും പോലെ അദ്ദേഹത്തെയും കൂട്ടുകാരനാക്കി. എങ്കിലും താൻ തുടർന്നു വന്ന സ്നേഹവും, നീതിയും, സൗമ്യതയും തന്റെ മക്കളിലൂടെ അയാൾ തുടർച്ചയേകി. ഉന്നത ജോലികളിൽ വ്യാപൃതരെങ്കിലും സ്വന്തം ഗ്രാമത്തിലെ ജനങ്ങൾക്ക് പിതാവ് നൽകിവന്നിരുന്ന സ്നേഹപരിരക്ഷ യഥാസമയം മക്കളും തുടർന്നു. അദ്ദേഹം ധരിച്ച സൗമ്യതയുടെ കിരീടവും, നീതിയുടെ ചെങ്കോലും മക്കളിലൂടെ ഗ്രാമീണ ജനത അനസ്യൂതം അനുഭവിച്ചറിയുന്നു.
ഇങ്ങനെയൊക്കെയെങ്കിലും നീതിമാൻ തന്റെ നൂറാം ജന്മദിനത്തിന് മൂന്ന് നാൾ മുന്പായിരുന്നു മരണപ്പെട്ടത് എന്നത് ഗ്രാമീണ ജനതയുടെ സങ്കടം ഇരട്ടിയാക്കി. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഒരു ഉത്സവമായി കൊണ്ടാടൻ ആ ഗ്രാമം ഒന്നടങ്കം ഒരുങ്ങി നിൽക്കുന്പോഴായിരുന്നു അപ്രതീക്ഷിത അന്ത്യം. വ്യത്യസ്തവും ജനോപകാരപ്രദവുമായ പല പദ്ധതികളും തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനം കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ ഒരു ഗ്രാമം ഒന്നടങ്കം ആ നല്ലവനായ മനുഷ്യന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുന്പി. സെമിത്തേരിയിലേയ്ക്കുള്ള വിലാപയാത്രയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. വഴിവക്കുകളിൽ സാധാരണക്കാരായ പാവങ്ങൾ തങ്ങളുടെ ‘അത്താണി’യുടെ അവസാന യാത്ര നിറമിഴികളോടെ നോക്കി നിന്നു. ഒടുവിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നീതിമാനായ ആ നല്ല മനുഷ്യൻ നിത്യതയിൽ അലിഞ്ഞു ചേർന്നു.
മൂന്ന് നാൾ കഴിഞ്ഞു. നീതിമാന്റെ ജന്മശതാബ്ദി ദിനമായിരുന്നു അന്ന്. ഗ്രാമീണ ജനത ദുഃഖാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി തയ്യാറാക്കിയ എല്ലാ ആഘോഷ പരിപാടികളും റദ്ദു ചെയ്തു. പക്ഷേ, പള്ളി സെമിത്തേരിയിലെ നീതിമാന്റെ കല്ലറക്കു മുന്നിൽ അന്ന് രാത്രി അവിശ്വസനീയമായ ഒരത്ഭുതം നടന്നു.
നീതിമാന്റെ നൂറാം ജന്മദിനമായ അന്ന് ആകാശത്ത് നിന്നും ഒരു അരുണ നക്ഷത്രം ഭൂമിയിലിറങ്ങി വന്നു. കൂടെ നൂറ് വെളുത്ത പൂക്കൾ കൊണ്ടലങ്കരിച്ച ഒരു മലർക്കച്ചയുമുണ്ടായിരുന്നു. നീതിമാന്റെ കല്ലറയ്ക്ക് മുകളിൽ അരുണ നക്ഷത്രം മലർക്കച്ച ഒരു പുതപ്പായി വിരിച്ചു. കല്ലറയ്ക്ക് ചുറ്റും മറ്റൊരു കൂട്ടം നൂറു പൂക്കൾ ഇതളുകൾ നീട്ടി വിടർത്തി ഒരു പൂക്കാട് തീർത്തു നിന്നു! അരുണ നക്ഷത്രത്തിന്റെ മിഴികളിൽ നിന്നുതിർന്ന കണ്ണുനീർ മഞ്ഞുകണങ്ങളായി കല്ലറയെ തഴുകിപ്പുണർന്നു! കടപുഴകിയ ആവൻമര ച്ചില്ലകളിൽ കൂടൊരുക്കിയ പൈങ്കിളിക്കൂട്ടങ്ങളുടെ വിഷാദ ഗീതം സെമിത്തേരിക്കുള്ളിൽ നേർത്ത തേങ്ങലിൻ ഈണം പടർത്തി.
പതിയെ ആകാശത്തു നിന്നും നൂറു വീതമുള്ളഒരു കൂട്ടം നക്ഷത്രക്കുഞ്ഞുങ്ങൾ മണ്ണിലിറങ്ങി കല്ലറക്കു ചുറ്റും കുഞ്ഞു മാലാഖമാരായി നൃത്തംചവിട്ടി തുടങ്ങി!
ഒടുവിൽ ആഘോഷരാവിന് അന്ത്യം കുറിച്ചെന്നോണം നീതിമാന്റെ ഹൃദയ വിശുദ്ധി പോലെ സൗമ്യനായ നിലാവ് സെമിത്തേരി മതിലും കടന്ന് അദ്ദേഹത്തിന്റെ കാൽപ്പാടുകൾ തീർത്ത മണ്ണിലൂടെ പതിയെ പരന്നൊഴുകാൻ തുടങ്ങി!
എത്ര മഹത്തരമായ ജന്മദിനാഘോഷമാണ് നീതിമാനുവേണ്ടി പ്രകൃതി അണിയിച്ചൊരുക്കിയത്! ഇത് ഒരു സംഭവ കഥാരൂപത്തിൽ ഞാൻ ഭാവനയിൽ കോർത്തെടുത്തതാണെങ്കിലും നീതിമാനായി തന്റെ ജീവിതം മുഴുവൻ ഭൂമിയിൽ പാവങ്ങൾക്ക് വേണ്ടി വിനിയോഗിച്ച ഒരാളുടെ ജീവിതത്തിന് മരണാനന്തര സമ്മാനമായി പ്രകൃതി നൽകിയ സ്നേഹസമർപ്പണത്തെ വായനക്കാർക്ക് മുന്നിൽ വരച്ചുകാട്ടുകയായിരുന്നു.
ഇതൊരു പ്രതീകമാണ്. നമുക്കും തിന്മയുടെ വഴി മാറി വാക്കിലും കർമ്മത്തിലും നന്മയുടെ തിരിവെട്ടം കൊളുത്താനുള്ള ഒരു എളിയ സന്ദേശം.. ഒരു പക്ഷേ നാളെ നമുക്കും നമ്മുടെ സത്കർമ്മഫലത്തിന്റെ അടയാളമായി മരണ ശേഷമെങ്കിലും പ്രകൃതി മറ്റൊരു ജന്മദിന സമ്മാനവുമായി വരുമെന്ന പ്രതീക്ഷ ബാക്കി നിർത്തിക്കൊണ്ട് സ്നേഹപൂർവ്വം...