അതിരുകളില്ലാത്ത ക്രൂരത

വി.ആർ. സത്യദേവ്
കണ്ണീരുണങ്ങാതെ ആലപ്പോ
ഉന്മൂലനമാണോ സിറിയയുമായി ബന്ധപ്പെട്ട ശാക്തിക ചേരികളുടെയൊക്കെ ആത്യന്തിക ലക്ഷ്യമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. അവിടെ തുടരുന്നത് മനുഷ്യക്കുരുതിയാണ്. പക്ഷങ്ങൾക്കപ്പുറത്ത് ശാക്തിക ചേരികൾക്കൊക്കെ കൂറ് കാലനോടാണെന്ന് തോന്നിപ്പിക്കുന്ന കുരുതി. ചരിത്ര നഗരമായ ആലപ്പോ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയുടെ മുൾമുനയിലാണ്. ആറായിരം വർഷം തുടർച്ചയായി മനുഷ്യാധിവാസം നിലനിന്ന നഗരമെന്ന ബഹുമതി ചാർത്തപ്പെട്ട മഹാനഗരത്തിൽ നിന്നും മനുജകുലം അതിവേഗം അന്യം നിന്നുകൊണ്ടിരിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇന്നുമൊക്കെ നഗരത്തിനു നേർക്കുള്ള ആക്രമണം തുടരുകയാണ്.
വെള്ളിയാഴ്ച ആലപ്പോ നഗരത്തിൽ മാത്രം 16 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ മരണസംഖ്യ 36 ആയി. യഥാർത്ഥ സംഖ്യ ഇതിലും ഏറെയാകാനാണ് സാദ്ധ്യത. നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രികൾക്കു നേരെയും കനത്ത ആക്രമണമുണ്ടായി. ആലപ്പോയിലെ ഏറ്റവും വലിയ ആശുപത്രിയായ എം ടെന്നിന് ആക്രമണത്തിൽ കാര്യമായ കേടുപാടുപറ്റിയിട്ടുണ്ട്. ഇതോടെ യുദ്ധത്തിൽ പരിക്കേറ്റെത്തുന്നവരിലെ മരണസംഖ്യ കുത്തനെ ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച കൊല്ലപ്പെട്ടവരിൽ ഏറെയും കുഞ്ഞുങ്ങളാണെന്ന് ആശുപത്രി വക്താക്കൾ വാർത്താ ഏജൻസികളെ അറിയിച്ചു. ആക്രമണങ്ങളും മരണങ്ങളും പലായനങ്ങളും മൂലം നഗരത്തിലെ ഡോക്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വന്നിട്ടുള്ളത്. നിലവിൽ മൂന്നു ലക്ഷം ജനങ്ങൾക്ക് 30 ഡോക്ടർമാർ എന്നതാണ് സ്ഥിതി.
നഗരത്തിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ എം ടൂവിനു നേർക്കും ഇന്നലെ ആക്രമണമുണ്ടായി. ഷെല്ലാക്രമണത്തിൽ ആശുപത്രിയിലെ വിലപ്പെട്ട നിരവധി ഉപകരണങ്ങൾ തകർന്നു. ഇത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയെന്ന സംഘടനയുടെ സഹായസഹകരണങ്ങളോടേ പ്രവർത്തിക്കുന്നവയാണ് ഈ രണ്ട് ആശുപത്രികളും. അതുകൊണ്ടുതന്നെ സർക്കാർ വിരുദ്ധ പക്ഷത്തിന് മേൽക്കയ്യും ഇവിടെയെണ്ടന്ന് ആരോപണമുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ 11 തവണയാണ് എം ടെന്നിനു നേരേ ആക്രമണങ്ങളുണ്ടായത്. വിമതർക്ക് അമേരിക്കൻ പക്ഷവുമായുള്ള ബന്ധം ഔദ്യോഗിക പക്ഷത്തെ കൂടുതൽ വെറി പിടിപ്പിച്ചിട്ടുമുണ്ട്. അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി ജോൺ കെറി വിമതരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യുന്നതിന്റെ തെളിവുകൾ ഇതിനിടെ പുറത്തു വന്നു. സിറിയൻ നായകൻ ബാഷർ അൽ അസദിനെ പുറത്താക്കാൻ വിമതർ അമേരിക്കയുടെ ശക്തമായ ആക്രമണം ആവശ്യപ്പെടുന്നത് ഈ തെളിവുകളിലുണ്ട്. എന്നാൽ അസദിനെതിരെയുള്ള നടപടിയെക്കുറിച്ച് താനാണ് അമേരിക്കൻ സർക്കാരിൽ ആദ്യമായി ആവശ്യപ്പെട്ടതെന്നും അതു ഫലം ചെയ്തില്ലെന്നും കെറി പറയുന്നുണ്ട്. ഇതു താൻ പറഞ്ഞു മടുത്തതാണെന്നും സ്ഥിരീകരിക്കപ്പെടാത്ത ഓഡിയോയിൽ പറയുന്നു. അതെന്തായാലും പ്രശ്നത്തിലെ അമേരിക്കൻ നിലപാട് അത്തരത്തിലൊക്കെ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.
ഈ യാഥാർത്ഥ്യമാണ് റഷ്യയെ കൂടുതൽ ശക്തമായ നിലപാടിലേയ്ക്കും പ്രതികരണങ്ങളിലേയ്ക്കും കൊണ്ടു ചെന്നെത്തിക്കുന്നത്. സിറിയൻ പ്രശ്നത്തിലെ അമേരിക്കൻ നിലപാടും നടപടികളും ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും എന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖാറോവ പറഞ്ഞത്. ബാഷർ മാറിയേ തീരൂ എന്നാണ് അമേരിക്കൻ നിലപാട്. ബാഷർ മാറിയാൽ രാജ്യത്ത് അധികാര ശൂന്യതയുണ്ടാവും എന്നതാണ് റഷ്യയുടെ വിലയിരുത്തൽ. സിറിയയിലെ അധികാര ശൂന്യത ആ രാജ്യത്ത് തീവ്രവാദികൾ പിടിമുറുക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും റഷ്യൻ വക്താവ് വിലയിരുത്തുന്നു. വാസ്തവത്തിൽ ഇറാഖിലെ സദ്ദാം ഭരണകൂടത്തെ അമേരിക്ക പുറത്താക്കിയ സാഹചര്യത്തെ നമുക്ക് ഇതിനോട് ഉപമിക്കാം. സദ്ദാമിന്റെ വീഴ്ച തന്നെയാണ് ഐ.എസ്സിന്റെ പിറവിയിലേയ്ക്ക് വഴിവെച്ചത്. സദ്ദാം സ്വന്തം രാജ്യത്തെ ഒരു വിഭാഗത്തിന് ഭീഷണിയായിരുന്നിരിക്കാം. എന്നാൽ ആ ഭീഷണി ഇല്ലായ്മ ചെയ്തതിലൂടെ ഫലത്തിൽ ഐ.എസ്സിനു വളരാനുള്ള മണ്ണൊരുക്കുകയായിരുന്നു അദ്ദേഹത്തെ പുറത്താക്കിയവർ ചെയ്തത്. സിറിയയിലും സമാനമായ സാഹചര്യങ്ങളാണുള്ളത്. ഒരു പക്ഷേ കുറേക്കൂടി ഗുരുതരമാണ് ആ രാജ്യത്തെ സ്ഥിതിഗതികൾ. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സിറിയൻ പ്രശ്നത്തിലെ അമേരിക്കൻ നിലപാടുകൾക്കെതിരേ റഷ്യ അതിശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.
സിറിയൻ സൈന്യത്തിനെതിരെ അമേരിക്ക ആക്രമണം തുടർന്നാൽ രാജ്യത്തെ മാത്രമല്ല മേഖലയിലെ തന്നെ സ്ഥിതിഗതികൾ മാറിമറിയുമെന്നാണ് റഷ്യ മുന്നറിയിപ്പു നൽകുന്നത്. കഴിഞ്ഞ മാസം 12നാരംഭിച്ച വെടി നിർത്തൽ പോലും അമേരിക്കൻ സേന നടത്തിയ ആക്രമണത്തെ തുടർന്ന് അർത്ഥശൂന്യമായിരിക്കുകയാണ്. സിറിയൻ സേനാ താവളങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണത്തിൽ തീവ്രവാദികൾക്കെതിരേ ആക്രമണത്തിനു തയ്യാറെടുത്തിരുന്ന ആറുപതിലേറെ സിറിയൻ സേനാംഗങ്ങൾ കെല്ലപ്പെട്ടിരുന്നു. റഷ്യ ഇടപെട്ടതോടെ ആക്രമണം നിർത്തി ക്ഷമ പറഞ്ഞെങ്കിലും അമേരിക്കയുടെ യഥാർത്ഥ ഉദ്ദേശം വിമതരക്ഷ തന്നെയായിരുന്നു എന്ന് ആരോപണം നിലനിന്നു. സേനയ്ക്കു നേരെയുള്ള അമേരിക്കൻ ആക്രമണത്തോടെയാണ് ഔദ്യോഗിക സേന ആലപ്പോയ്ക്കു നേരെയുള്ള അതിശക്തമായ വ്യോമാക്രമണം അഴിടച്ചു വിട്ടത്. ആലപ്പോയുടെ നിയന്ത്രണം വിഘടനവാദികളിൽ നിന്നും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിന് റഷ്യയുടെ പൂർണ്ണ പിന്തുണയുമെണ്ടെന്നതാണ് വാസ്തവം.
ശരി ആരുടെ പക്ഷത്തായാലും ആലപ്പോയിലെ സാധാരണ ജനങ്ങളുടെ സ്ഥിതി അനുദിനം കൂടുതൽ നരക തുല്യമാകുന്നു. ശിശുമരണങ്ങൾ അനുനിമിഷം വർദ്ധിക്കുന്നു. മതിയായ ചികിത്സ പോയിട്ട് ആവശ്യത്തിനു കുടിവള്ളം പോലും പലയിടത്തും ലഭ്യമല്ല. ആലപ്പോയുടെ നഗര പ്രാന്തത്തിലെ ബവസ്താൻ അൽ ബാഷ, ഷെയ്ഖ് ഖോദർ എന്നിവിടങ്ങളിലും കനത്ത ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. പതിനായിരം വരുന്ന സിറിയൻ പട ആലപ്പോയിൽ അന്തിമ പോരാട്ടത്തിനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആലപ്പോക്കാരിൽ ആരൊക്കെ ഈ മരണ താണ്ധവത്തിൽ പിടിച്ചു നിൽക്കുമെന്നു പറയാനാവില്ല.
ആഹ്വാനം പ്രസിഡണ്ടു വക
സിറിയയിൽ നിന്നും കൊറിയയിലെത്തുന്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യത്യസ്ഥമാണ്. അരനൂറ്റാണ്ടായി ഇവിടവും സംഘർഷ ഭരിതമാണ്. ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നിന്റെ നടപടികളും ആണവപരീക്ഷണങ്ങളുമൊക്കെ ലോകത്തിനു തന്നെ ഭീഷണിയുയർത്തുന്നത് പതിവുമാണ്. എന്നാൽ ഇത്തവണ പ്രകോപനത്തിന്റെ ശബ്ദമുയർന്നിരിക്കുന്നത് ദക്ഷിണകൊറിയൻ പക്ഷത്തു നിന്നുമാണ്. പ്രസിഡണ്ട് പാർക് ഗെവുൻ ഹ്യേയുടെ ആഹ്വാനമാണ് പുതിയ വാർത്ത. ഭീകരതയുടെ പക്ഷത്തു നിന്നും ജനങ്ങൾ ഉത്തരകൊറിയൻ പ്രതിരോധം താണ്ടി ജനങ്ങൾ ദക്ഷിണ കൊറിയൻ പക്ഷത്തേയ്ക്കു കൂറുമാറണമെന്നാണ് പ്രസിഡണ്ടിന്റെ പരസ്യാഹ്വാനം. സൈന്യ രഹിത മേഖലയുടെ പ്രതിരോധം താണ്ടി വ്യാഴാഴ്ച ഒരു ഉത്തര കൊറിയൻ സൈനികൻ തെക്കൻ കൊറിയയിലേയ്ക്ക് രക്ഷപെട്ടതിനു ശേഷമായിരുന്നു പ്രസിഡണ്ടിന്റെ ആഹ്വാനം.
രണ്ടായിരത്തി പന്ത്രണ്ടിലായിരുന്നു ഇത്തരത്തിൽ ഇതിനുമുന്പൊരു കൂറുമാറ്റ സംഭവമുണ്ടായത്. 1950നു ശേഷം 30000 ആൾക്കാർ കിംമാരുടെ കൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേയ്ക്ക് കൂറുമാറിയിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിപക്ഷവും ചൈന വഴിയായിരുന്നു രാജ്യത്ത് എത്തിയത്. ദക്ഷിണകൊറിയൻ പ്രസിഡണ്ടിന്റെ ആഹ്വാനത്തോടുള്ള ഉത്തരകൊറിയൻ പ്രതികരണം ലഭ്യമായിട്ടില്ല. രാജ്യത്ത് വാർത്താ മാധ്യമങ്ങളുടെ നിയന്ത്രണം ശക്തമായതിനാൽ ആഹ്വാനം അവിടുത്തെ സാധാരണക്കാരുടെ കാതുകളിലെത്താനുള്ള സാദ്ധ്യത കുറവാണ്. എന്നാൽ പെട്ടന്നു പ്രകോപിതനാവുകയും അതിക്രൂര നടപടികളെടുക്കുകയും ചെയ്യുന്ന ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉൻ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത്.