പശുവും കറുത്തവരും
ഡോ.ജി.ജയകുമാർ
നമ്മുടെ നാട്ടിൽ ഗോമാംസവും ദലിതരുമാണ് പ്രശ്നമെങ്കിൽ ലോകത്തിലെ ഏറ്റവും സന്പന്നരാഷ്ട്രമായ അമേരിക്കയിൽ നിറമാണ് പ്രശ്നം. മാർട്ടിൻ ലൂഥർ കിങ്ങ് ഒരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ‘ഒരു സമയം വരും അന്ന് മൗനം വഞ്ചനയാണെന്ന് നമുക്ക് പറയേണ്ടിവരും’. എത്ര അർത്ഥവത്തായ വാക്കുകൾ. മൗനം ചിലപ്പോൾ ഭയാനകമായിരിക്കും! ഈ വാചകം ഓർത്തിട്ടെന്നപോലെ ലോക ടെന്നീസ് രംഗത്തെ ഇതിഹാസതാരമായ സെറീന വില്യംസിനു മൗനം ദീക്ഷിച്ചിരിക്കാൻ കഴിയില്ല. ‘ഞാൻ നിശബ്ദത വെടിയും’ എന്ന് കഴിഞ്ഞ ദിവസം അവർ കുറിച്ചു. കറുത്തവനായ തന്‍റെ അനന്തിരവൻ ഓടിച്ച കാറിൽ സഞ്ചരിക്കുകയായിരുന്നു സെറീന. പെട്ടെന്നാണ് റോഡ് അരികിൽ നിറുത്തിയിട്ട പോലീസ് വാഹനം കണ്ണിൽപ്പെട്ടത്. അപ്പോൾ ഓർമ്മവന്നത് കുറച്ചു നാളുമുന്‍പ് നടന്ന ഒരു ദാരുണ സംഭവമാണ്. കാറിൽ ഒരു സ്ത്രീയോടൊപ്പം യാത്രചെയ്യുകയായിരുന്ന പുരുഷനെ പോലീസുകാരൻ വെടിവെച്ചുകൊന്നു. ഫിലാൻടോ കാസ്റ്റിൽ എന്ന കറുത്തവർഗ്ഗക്കാരൻ അങ്ങനെ മരണത്തിനു കീഴടങ്ങി. അവൻ നിഷ്കളങ്കനായിരുന്നു. ‘മറ്റുള്ളവരും’ അങ്ങനെ തന്നെ.
സെറീനയുടെ കുറിപ്പു തുടരുന്നു: എന്തുകൊണ്ടാണ് 2016ൽ ഇതേക്കുറിച്ചു എഴുതേണ്ടിവന്നത്. നമ്മൾ ഒരുപാടു സഹിച്ചില്ലേ? ഒരുപാട് വാതായനങ്ങൾ തുറന്നില്ലേ? ഒരുപാടു ജീവിതങ്ങളെ സ്പർശിച്ചില്ലേ? ഇല്ല. ഇപ്പോൾ മനസ്സിലാകുന്നത്, ഇനിയും ബഹുദൂരം പോകേണ്ടതുണ്ട് എന്നാണ്. എത്രദൂരം നമ്മൾ വന്നു എന്നല്ല മറിച്ചു ഇനി എത്ര ദൂരം പോകണം അതാണ് നമ്മുടെ മുന്നിലെ വലിയ ചോദ്യം.
ഇവിടെ നമുക്കു ഓർമ്മയിൽ തെളിയുന്നത് നാംദിയോ ദാസലിന്‍റെ ‘ഗോൽപിത’യിലെ കവിതയിലെ വരികളാണ്. (ഇന്ത്യയിലെ ‘ദലിത് പാന്തേഴ്സ്’ എന്ന ദലിത് സംഘടനയ്ക്കു രൂപം നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു നാംദിയോ ദാസൽ):
സൂര്യനു പുറം തിരിഞ്ഞു അവർ നൂറ്റാണ്ടുകൾ യാത്രചെയ്തു. ഇപ്പോൾ, ഇനി നമ്മൾ അന്ധകാരത്തിന്‍റെ തീർത്ഥാടകർ ആകരുത്. ആ ഒരുവൻ, നമ്മുടെ പിതാവു, അന്ധകാരം ചുമന്ന് ചുമന്ന് ഇപ്പോൾ കൂനിപ്പോയി.
ഇപ്പോൾ, ഇനി നമ്മൾ അദ്ദേഹത്തിൽ നിന്ന് ആ ഭാരം എടുത്തു മാറ്റണം. ഈ മനോഹരനഗരത്തിനു വേണ്ടി നമ്മുടെ ചോര ഒഴുക്കി പകരം കിട്ടിയതോ കല്ലുകൾ തിന്നാനുള്ള അവകാശം. ഇപ്പോൾ, ഇനി ആകാശത്തെ മുത്തുന്ന കെട്ടിടം തകർക്കണം. ഒരായിരം വർഷങ്ങൾക്കു ശേഷം സൂര്യകാന്തി നൽകുന്ന ഫക്കീർ നമ്മെ അനുഗ്രഹിച്ചു. ഇപ്പോൾ, ഇനി, സൂര്യകാന്തിയെ പോലെ നമ്മുടെ മുഖങ്ങൾ സൂര്യനു നേരെ തിരിയണം.
എഴുപതുകളിൽ അലയടിച്ച ഈ വരികൾ ഇന്ന് വീണ്ടും ദലിതരെ ആവേശഭരിതരാക്കുന്നു.
ഇന്ത്യയിൽ സ്വന്തം ഇടം തിരിച്ചുപിടിക്കാൻ ദലിതരുടെ മുന്നേറ്റം തുടങ്ങി. രാജ്യത്തിന്‍റെ സാമൂഹിക, സാന്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിൽ ദലിതർ എന്നും അടിച്ചമർത്തപ്പെട്ടിരിക്കുന്നു. ഭൂമിയില്ലാത്തവരാണെങ്കിൽ, എല്ലാം നഷ്ടപ്പെട്ട് അവസാനം അതിർത്തിയിലേയ്ക്ക് തള്ളപ്പെടും. ശ്രേണിയിലെ ഉയർന്ന ജാതിക്കാരും ഭരണവർഗ്ഗവും അവരുടെ സ്ഥാനം ഉറപ്പിക്കാൻ ദലിതരെ ചവിട്ടിത്തേയ്ക്കും. പക്ഷേ, ഗുജറാത്തിൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. അതാണ് അവിടെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ ദലിതർ ഒത്തുകൂടിയത്. ഇതു തുറന്നു കാട്ടുന്നത് നീതിനിഷേധവും, അക്രമത്തിന്‍റെ ഉത്തരവാദികളെയുമാണ്.
ഗുജറാത്തിലെ ഗിർസോംനാഥ ജില്ലയിൽ ഗോരക്ഷക
ർ നാലു ദലിത് പുരുഷന്മാരെ പൊതുജനമദ്ധ്യത്തിൽ വിവ
സ്ത്രം ചെയ്തു മർദ്ദിച്ചു. കണ്ടുനിന്ന പൊതുജനമോ പോലീസോ അനങ്ങിയില്ല. ഇതു ഒറ്റപ്പെട്ട സംഭവമല്ല.
തുടർന്ന് നാൽപതോളം ബജ്റംഗ്ദൾമാർ കാളഇറച്ചി കഴിച്ചു എന്ന പേരിൽ ഒരു ദലിത് കുടുംബത്തെ അക്രമിച്ചു. അതും കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകത്തിൽ. ഏതാണ്ടു സമാനമായ സംഭവം ഏതാനും വർഷങ്ങൾക്കുമുന്‍പ് ഹരിയാനയിൽ നടന്നിരുന്നു. 2002 ൽ പശുവിന്‍റെ തോലുരിഞ്ഞതിന്‍റെ പേരിൽ അഞ്ചു ദലിതരെ മർദ്ദിച്ചുകൊന്നു. ദലിതർ മരിച്ചു 14 വർഷങ്ങൾ കഴിഞ്ഞിട്ടും അക്രമം ചെയ്തവരെ പിടികൂടിയിട്ടില്ല.
ഇന്നും പത്ര−മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് 2015ൽ ഉത്തർപ്രദേശിൽ നടന്ന കൊല. പശുവിനെ കൊന്നുതിന്നു എന്നപേരിൽ അന്‍പത്തിരണ്ടുകാരനായ മുഹമ്മദ് അക്ക്ലാഖിനെ കൊലപ്പെടുത്തുകയും അയാളുടെ മകനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇത്തരം സംഭവങ്ങളുടെ ഒരു വേലിയേറ്റംതന്നെ ഉണ്ടായി. ഇന്നും തുടരുന്നു. ഇത്തരം അസഹിഷ്ണുതയ്ക്കു പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയകക്ഷികൾ പല രീതികളിൽ അവയെ വ്യാഖ്യാനിക്കും. ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകളിൽ മുസ്ലീങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ അവർ കാളഇറച്ചി തിന്നുന്നത് നിർത്തണം. എത്ര അപരിഷ്കൃതമായ വാക്കുകൾ. ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമോ അവരുടെ പിണിയാളുകളോ അല്ല. ഇന്ന് ഭക്ഷണമെങ്കിൽ, നാളെ നമ്മുടെ ശീലങ്ങളിലും, വസ്ത്രധാരണത്തിലും അഭിപ്രായങ്ങളിലും അവർ കൈകടത്തും. അതുവഴി അവരുടെ ‘ഇടുങ്ങിയ ദേശീയത’ അടിച്ചേൽപ്പിക്കും. ഇവിടെ ഉത്തരവാദി ആരാണ്? തീർച്ചയായും സാമൂഹിക−രാഷ്ട്രീയ വ്യവസ്ഥിതിയാണ്. ഇതു തിരിച്ചറിഞ്ഞ ജനതയാണ്, വൈകിയാണെങ്കിലും, ഗുജറാത്തിലും മറ്റും ഒത്തുകൂടിയതും ഊനാ സംഭവത്തിനുശേഷം ബസ്സുകൾ തീവെച്ചതും, ദേശീയപാത ഉപരോധിച്ചതും,
എന്തിനേറെ, ദലിതർ സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചു. രണ്ടുപേർ മരിക്കുകയുമുണ്ടായി. ഇന്ന് ഗോരക്ഷകരുടെ നിർബ്ബന്ധത്തിനുവഴങ്ങി ചത്ത പശുക്കളുടെയും മറ്റും ശവങ്ങൾ നീക്കം ചെയ്യാൻ ദലിതർ കൂട്ടാക്കുന്നില്ല. ശ്ലാഘനീയം തന്നെ! ഏതു തൊഴിലും മഹത്തരമെന്ന് പറഞ്ഞ ഗാന്ധിജി എന്തുകൊണ്ടോ എല്ലാ തൊഴിലും എല്ലാവർക്കും ചെയ്യാമെന്ന് പറഞ്ഞില്ല.
ദലിതർ ഇന്ന് അഭിമുഖീകരിക്കുന്നപ്രശ്നങ്ങൾക്കു കാരണം ഭൂമിയുടെ മേൽ അവകാശമില്ലായ്മയാണ്. അന്തസ്സായ ജീവിതം നയിക്കാൻ ഭൂമി വേണം. അല്ലാതെ നക്കാപ്പിച്ച ഔദാര്യമല്ല.
ഇത്തരം വിഷയങ്ങളാണ് ആഗസ്റ്റ് പതിനഞ്ചിലെ ദലിത് കൂട്ടായ്മയിൽ മുഴങ്ങിക്കേട്ടത്. കാലഹരണപ്പെട്ട സംവരണനയം, പട്ടികജാതി− പട്ടികവർഗ്ഗക്കാർക്ക് ഏതിരെയുള്ള അതിക്രമങ്ങളെ നേരിടാൻ പ്രത്യേകം കോടതികളുടെ രൂപീകരണം, ഇത്യാദി. കുറച്ചുപേരെ അറസ്റ്റുചെയ്തതു ഒഴിച്ചാൽ ഊനാ സംഭവത്തിനു ഉത്തരവാദികളായവരെ ഇന്നുവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നിട്ടില്ല. ഈ കാര്യത്തിൽ വളരെ ഏറെ അലംഭാവമാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ (ബി.ജെ.പി.യ്ക്ക് ആഭിമുഖ്യമുള്ളവ ഒഴിച്ച്) കേന്ദ്ര−സംസ്ഥാന സർക്കാരുകൾക്ക് ചുട്ടമറുപടി കൊടുക്കാൻ ഒരുങ്ങുകയാണ്. ഇതു മുന്നിൽ കണ്ടുകൊണ്ട് പ്രധാനമന്ത്രിക്കു പോലും മൗനം വെടിഞ്ഞു ചിലരുടെ പ്രവൃത്തികളെ അധിക്ഷേപിക്കേണ്ടതായിവന്നു. കാരണം ദലിതരുടെയും മറ്റുള്ളവരുടെയും മുന്നേറ്റം 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കും സംഘപരിവാറിനും വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.
ഇവിടെ നമ്മൾ എല്ലാം ബോധപൂർവ്വം മറക്കുന്ന വസ്തുത, ദലിതർ ഏതുനാട്ടിലായാലും, അമേരിക്കയിലോ ഇന്ത്യയിലോ, മാന്യമായി ജീവിക്കാനും തൊഴിലെടുക്കാനും സഞ്ചരിക്കാനുമുള്ള അവകാശമുണ്ടെന്നുള്ളതാണ്. ഫിലാൻടോയുടെ മരണത്തെ തുടർന്ന് അനേകം ചെറുപ്പക്കാരാണ് അമേരിക്കയിൽ (കറുത്ത വർഗ്ഗക്കാർ) കൊല്ലപ്പെട്ടത്, അതും പോലീസ് വെടിവെയ്പ്പിൽ. അത്തരം കേസ്സുകളിൽ മിക്കതിലും തെളിവിന്‍റെ അഭാവത്തിൽ ആരും ശിക്ഷിക്കപ്പെട്ടില്ല, അല്ലെങ്കിൽ ജൂറി ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്ന് കാണാം.
അമേരിക്കയിലെ ഫുട്ബോൾ താരമായ കോളിൻ കൈപർനിക്ക് ഇക്കഴിഞ്ഞ ആഗസ്റ്റിൽ ദേശീയഗാനം ആലപിക്കുന്പോൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റില്ല. അതിന് അദ്ദേഹം നൽകിയ വിശദീകരണം ശ്രദ്ധേയമാണ്: ‘കറുത്തവർഗ്ഗക്കാരെയും മറ്റു നിറമുള്ളവരെയും അടിച്ചമർത്തുന്ന രാജ്യത്തിന്‍റെ പ്രതീകമായ ഒരു കൊടിയെ ഞാൻ എന്തിന് ആദരിക്കണം? എന്നെ സംബന്ധിച്ച്, ഇതു ഫുട്ബോളിനേക്കാൾ വലുതാണ്.’ ആദ്യം എതിർപ്പുണ്ടായെങ്കിലും പിന്നീട് ഒരുപാടുപേർ കോളിനെ അനുകൂലിച്ചു. ചോക്ലേറ്റുമായി മടങ്ങുന്ന ട്രിവർ എന്ന ബാലനെ ഏതാനും വർഷങ്ങൾക്കുമുന്‍പ് പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. അതിനു പോലീസിന്‍റെ വിശദീകരണം− ‘കയ്യിലിരുന്ന ചോക്ലേറ്റ് പോലീസിനു നേർക്കുള്ള ആയുധമായിട്ടാണ് അവർ കണ്ടത്. പ്രൊഫ: റോബർട്ട് ജൻസനെ പോലുള്ളവർ ഇതു തുറന്നുകാട്ടിയിട്ടുണ്ട്. ഇന്ന് സെറീന വില്യംസ് ഭയക്കുന്നു: ‘ഞാൻ ഇഷ്ടപ്പെട്ട കളിയിൽ, ഞാൻ അനഭിമതയാകുമോ, ഒറ്റപ്പെടുമോ, ഞാൻ ഭയക്കുന്നു.’ കുറിപ്പു തുടരുന്നു: ‘എനിക്ക് എന്‍റെ നേർക്ക് നോക്കേണ്ടതായി വന്നിരിക്കുന്നു. എന്‍റെ അനന്തിരവന്‍മാർക്ക് എന്തു സംഭവിക്കും. എനിക്കു മകനോ മകളോ ഉണ്ടായാൽ അവർക്ക് എന്തു സംഭവിക്കും?.