ഗുരുനിന്ദയുടെ കാണാക്കാഴ്ചകൾ
കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണ ഗുരുദേവന്റെ മതമേതെന്ന തർക്കങ്ങൾ കേരളത്തിലെ സാമൂഹ്യമണ്ധലത്തിൽ ചർച്ചയാകുന്ന ഒരു കാലഘട്ടമാണിത്. ഇതിൽ ‘ഗുരുവിന് ഒരു മതത്തോടും പ്രത്യേക മമതയില്ലായിരുന്നു’ എന്നതാണ് ഒരു പ്രധാന കണ്ടുപിടുത്തം. “നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. മനുഷ്യന് ഒരു ജാതിയെന്നതാണ് നമ്മുടെ മതം. നാം ജാതിമതഭേദങ്ങൾ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ല എന്നു മാത്രമേ അർത്ഥമുള്ളൂ” എന്ന് ഗുരുദേവൻ പറഞ്ഞു എന്നാണ് ഇവരുടെ പ്രധാന വാദം. എന്നാൽ ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിൽ അദ്ദേഹം അവസാന ശ്വാസം വരെ ചെയ്ത പ്രവർത്തികൾ ഏതെങ്കിലും മറ്റേതെങ്കിലും മതങ്ങൾക്കു വേണ്ടിയായിരുന്നോ എന്നു പരിശോധിക്കുന്നത് ഉചിതമെന്നു കരുതുന്നു.
അരുവിപ്പുറത്ത് 1888 മാർച്ച് മാസത്തിലെ ശിവരാത്രി നാളിൽ ഒരു ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ആണ് ശ്രീനാരായണ ഗുരു തന്റെ ജാതിക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത്. 1904 ദേശാടനം ഉപേക്ഷിച്ച ഗുരു തൃശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അതിനുശേഷം 1912ൽ ശിവഗിരിയിൽ ശാരദാദേവി ക്ഷേത്രവും നിർമ്മിച്ചു. ഗുരുദേവന് മതമില്ലായിരുന്നെങ്കിൽ ഹിന്ദുക്ഷേത്രങ്ങൾ തന്നെ എന്തിനു സ്ഥാപിച്ചു എന്ന ചോദ്യം സ്വാഭാവികമല്ലേ? ശ്രീനാരായണഗുരുദേവന്റെ ദാർശനിക കൃതികളായ ആത്മോപദേശക ശതകം, ദൈവശതകം, ദർശനമാല, അദ്വൈത പീടിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതി പഞ്ചകം, ശ്ലോകത്രയി, ഹോമമന്ത്രം, വേദാന്ത സൂത്രം എന്നിവ ഏതു മതവുമായി ബന്ധപ്പെട്ടതാണ്...? ശിവസ്തോത്രവും ശിവശതകവും അർദ്ധനാരീശ്വരസ്തവും സുബ്രഹ്മണ്യ സ്തോത്രങ്ങളായ ഷൺമുഖ സ്തോത്രവും ഷൺമുഖ ദശകവും സുബ്രഹ്മണ്യ കീർത്തനവും നവമഞ്ജരിയും ബാഹുലേയാഷ്ടകവും ദേവീസ്തോത്രങ്ങളായ ദേവീസ്തവം, കാളീനാടകം, ജനനീ നവരത്നമഞ്ജരി, ഭദ്രകാളീ അഷ്ടകം, വിഷ്ണുസ്തോത്രങ്ങളായ ശ്രീ വാസുദേവോഷ്ടകം, വിഷ്ണു അഷ്ടകവും നിരവധിയായുള്ള മറ്റ് ഹിന്ദുധർമ്മങ്ങൾ രചിക്കാനുള്ള അറിവും പ്രേരണയും മുഹമ്മദീയ, ക്രിസ്ത്യൻ മതങ്ങളിൽ നിന്ന് ലഭിച്ചതാണോ...? മാത്രമല്ല ഇത്രയും ഗ്രന്ഥങ്ങൾ എഴുതിയത് ഇവർക്കുവേണ്ടി കൂടിയാണോ എന്നു കൂടി സംശയിച്ചു പോകുന്നു. തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലാണ് ഇതിൽ പ്രസ്താവിച്ച ചില ഗ്രന്ഥങ്ങൾ ഗുരുദേവൻ എഴുതിയത്.
അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ വെച്ചാണ് ഭക്തിയും ജ്ഞാനവും നിറഞ്ഞു നിൽക്കുന്ന ‘ശിവശതകം’ എന്ന കൃതി ഗുരുദേവൻ രചിച്ചത്. സാഹിത്യ സൗന്ദര്യം കൊണ്ടും അർത്ഥ സന്പുഷ്ടത കൊണ്ട് ഇതിനേക്കാൾ മനോഹരമായ ഒരു ശിവസ്തുതി മലയാള ഭാഷയിൽ ഇല്ല. കരുനാഗപ്പള്ളിയിൽ രാമൻപിള്ളയാശാനു കീഴിൽ സംസ്കൃതം പഠിക്കുന്ന കാലത്ത് ഗുരുദേവൻ എഴുതിയ കൃതിയാണ് ‘ഗജേന്ദ്രമോക്ഷം.’ വഞ്ചിപ്പാട്ട് രൂപത്തിലുള്ള ഈ രചന തന്റെ ഇഷ്ടദേവനായ വിഷ്ണുവിനെ സ്തുതിക്കുന്നതാണെന്ന് ‘ഗജേന്ദ്രമോക്ഷ’ത്തിൽ ഗുരു തന്നെ പറയുന്നുണ്ട്. ശിവൻ, സുബ്രഹ്മണ്യൻ, വിഷ്ണു, ഗണപതി, ഭഗവതി, അർദ്ധനാരീശ്വരൻ എന്നിങ്ങനെയുള്ള ദേവന്മാരെ പ്രതിഷ്ഠിച്ച മുപ്പത്തി ഒന്പത് പ്രധാന ക്ഷേത്രങ്ങൾ നിർമ്മിക്കുകയും കേരളത്തിന് പുറത്ത് മംഗലാപുരത്ത് കുദ്രോളിയിൽ ‘ഗോകർണ്ണ നാഥനേയും പ്രതിഷ്ഠിച്ച ഗുരുദേവന്റെ മതമന്വേഷിക്കുന്നവർ ചെയ്യുന്നത് ഗുരുനിന്ദയല്ലാതെ മറ്റെന്താണ്...? ഗുരുദേവനെ കാറൽ മാക്സിന്റെ അനുയായിയാക്കുന്നവർ ഗുരുദേവൻ എഴുതിയ ശിവശതകം, ഗജേന്ദ്രമോക്ഷംസ കാളീനാടകം എന്നീ കൃതികളെങ്കിലും വായിച്ചാൽ നന്നായിരിക്കും.
ഇന്ന് ഗുരുദേവന് മതമുണ്ടായിരുന്നില്ലെന്ന് പറയുന്നവരുടെ പൂർവ്വികർ നടത്തിയ ഗുരുനിന്ദയെക്കുറിച്ച് ഈ അവസരത്തിൽ ചിന്തിക്കുന്നത് ഉചിതമായിരിക്കും. ശ്രീനാരായണഗുരുവിന്റെ ആത്മീയതയെയും ചരിത്രപരമായ പ്രധാന്യത്തെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പാടെ നിരാകരിച്ചിരുന്നതായി നമുക്ക് കാണാൻ കഴിയും. ഗുരുവിന്റെ അദ്വൈത സിദ്ധാന്തത്തെ മാർക്സിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസ് ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. ഇതിന്റെ സുവ്യക്തമായ തെളിവാണ് ‘കേരളചരിത്രവും സംസ്കാരവും’ എന്ന ഇ.എം.എസിന്റെ ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ ഗുരുവിനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഇ.എം.എസ് അപകീർത്തിപ്പെടുത്തുന്നത് വായിച്ചെടുക്കാൻ കഴിയും.
ഇ.എം.എസ് പറയുന്നു. “ഹൈന്ദവ സമൂഹത്തെയും സംസ്കാരത്തെയും ബൂർഷ്വാ രീതിയിൽ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാഫൂലെയുടേയും കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്. (ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. ഇ.എം.എസ് നന്പൂതിരിപ്പാട്, ചിന്ത പബ്ലിക്കേഷൻസ് പേജ് 174) ഈ ഗ്രന്ഥത്തിൽ പലയിടത്തും ഗുരുവിനെ ‘ശ്രീനാരായണൻ’ എന്നാണ് ഇ.എം.എസ് അഭിസംബോധന ചെയ്യുന്നത്. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ളവരുടെ ആശീർവാദത്തോടെ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധ അനുയായിയായ ടി.കെ മാധവൻ നേതൃത്വം കൊടുത്ത ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ഇ.എം.എസിന്റെ എല്ലാ രചനകളിലും അവഗണിക്കപ്പെട്ടു.
ശ്രീനാരായണ ഗുരുദേവൻ നയിച്ച സാമൂഹിക വിപ്ലവത്തെ ഇ.എം.എസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഗുരുവിന്റെ സ്വാധീനം അവർണ്ണ ഹിന്ദുക്കളിൽ മാത്രം ഒതുങ്ങി നിന്നു എന്ന് ഇ.എം.എസ് സിദ്ധാന്തിച്ചു. അവർണ്ണ ഹിന്ദു ജാതിക്കാർക്ക് പ്രത്യേകമായി ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും സ്ഥാപിച്ച് അവരെ ഉയർത്തിയ പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനം. (ഇ.എം.എസിന്റെ ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രം പേജ് 14) എന്നാണ് ഇ.എം.എസ് എഴുതിയത്. ഇന്ന് ഗുരുവിന് മതമല്ലായിരുന്നു എന്ന് വാദിക്കുന്നവർ തങ്ങളുടെ ആചാര്യൻ എഴുതിവെച്ചത് വായിച്ചിരിക്കുമോ? ഗുരുവിന്റെ സ്വാധീനം അവർണ്ണരായ ഹിന്ദു സമൂഹത്തിൽ മാത്രമായി ഒതുങ്ങിയിരുന്നു എന്നു പറയുന്നവർ ഗുരുശിഷ്യന്മാരായ ശിവലിംഗ സ്വാമി, സ്വാമി സത്യവ്രതൻ, സ്വാമി ധർമ്മ തീർത്ഥൻ, സ്വാമി ആനന്ദ തീർത്ഥൻ തുടങ്ങി എത്രയോ സന്യാസിമാർ പുർവ്വാശ്രമത്തിൽ സവർണ്ണർ എന്നു കരുതപ്പെട്ടിരുന്ന സമൂഹത്തിൽ ജനിച്ചവരായിരുന്നു എന്ന കാര്യം മനപൂർവ്വം മറക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ അത്മീയ നേതൃത്വത്തെ ഇ.എം.എസ് വിലയിരുത്തുന്നത് ഇങ്ങനെയാണ്: “ശ്രീനാരായണനെ തുടർന്നു വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തന്മാരുമൊഴിച്ച് ഈഴവരിൽ തന്നെ അധികമാരും ശ്രീനാരായണഗുരുവിന്റെ സന്യാസ ജീവിതത്തെ ആദർശമായെടുക്കുന്നില്ല. (കേരളം മലയാളികളുടെ മാതൃഭൂമി ഇ.എം.എസ് നാലാം പതിപ്പ് ചിന്ത പബ്ലിക്കേഷൻസ് 2009 പേജ് 248) ഗുരുവിനെ കാണാനായി മഹാകവി രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും ശിവഗിരിയിൽ വന്നെത്തി. എന്നാൽ നമ്മുടെ കമ്യൂണിസ്റ്റാചാര്യന് ഗുരുവിനോടുള്ള കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് ‘കേരളം മലയാളികളിലൂടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തിലൂടെ എഴുതി. ഇവരാണ് ഇന്ന് ഗുരുവിന്റെ മതമന്വേഷിച്ച് നടക്കുന്നത്.
‘വിദ്യ കൊണ്ട് സ്വതന്ത്രരാകുവിൻ’ എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനത്തെ ‘പോരാടി സ്വതന്ത്രരാവുക’ എന്ന് മാറ്റി പ്രചരിപ്പിച്ചുകൊണ്ട് അറിവ് നേടാനുള്ള ഗുരുവിന്റെ ആഹ്വാനത്തെ തമസ്കരിക്കുകയാണ് ഇ.എം.എസ് ചെയ്തത്. ഇ.എം.എസ് എഴുതി “അസമത്വത്തോടും അവശതകളോടും പോരാടി സ്വതന്ത്രരാവുക എന്ന സന്ദേശം ഈഴവർ മുഴുവൻ അംഗീകരിച്ചു. ബുദ്ധമതാനുയായിരുന്ന സി. കൃഷ്ണൻ ഒരു മതത്തിലും വിശ്വസിക്കാതിരുന്ന (നിർമ്മതനായി സഹോദരൻ അയ്യപ്പൻ മുതലായവർ പോലും ശ്രീനാരായണ ധർമ്മം പാലിക്കാനുള്ള ‘യോഗ’ത്തിന്റെ നേതാക്കന്മാരായത് അതുകൊണ്ടാണ്.” (കേരളം മലയാളികളുടെ മാതൃഭൂമി പേജ് 249, ഇ.എം.എസ്) ഇതേ പുസ്തകത്തിൽ തന്നെ ഇ.എം.എസ് എഴുതുന്നു. “ക്ഷേത്രങ്ങളുടെയും മഠങ്ങളുെടയും അടിത്തറയാണ് സ്വാമികൾ ഇട്ടതെങ്കിലും അവയുടെ മീതെ ഉയർന്നു വന്നത് സാമൂഹിക സമത്വമെന്ന കെട്ടിടമാണ്.” ഇതിൽ രണ്ടു കാര്യങ്ങൾ വ്യക്തമാണ്. ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയിടുന്നയാൾ ഏതു മതാനുയായി ആണ്...? മറ്റൊന്ന് സാമൂഹിക സമത്വം എന്ന ആശയം യാദൃശ്ചികമായി ഉയർന്നുവന്നതാണെന്നും അത് ഗുരു മനഃപൂർവം സൃഷ്ടിച്ചതല്ല എന്നുമാണ്. ഗുരുവിനെ അപമാനിക്കാൻ ഇതിലും വലിയ വരികൾ ആവശ്യമുണ്ടോ?
‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന തന്റെ ഗ്രന്ഥത്തിൽ ഗുരുദേവന്റെ പരിഷ്കരണപ്രസ്ഥാനങ്ങളെക്കുറിച്ച് രസകരമായി വർണ്ണിക്കുന്നുണ്ട്. ഗുരുവിന്റെ ലോകപ്രശസ്തമായ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ ഉദ്ബോധനങ്ങൾ ഈഴവ സമുദായം കേരളത്തിനു നൽകി എന്നാണ് പറയുന്നത്. ഗുരുവിന്റെ പ്രബോധനങ്ങളാണിവ എന്ന കാര്യം സൗകര്യപൂർവ്വം മറച്ചുവെച്ചു. ഇ.എം.എസ് പറയുന്നു “ജാതികളും ഉപജാതികളും തമ്മിലുള്ള അസമത്വങ്ങളും അവയിൽ തന്നെ ജാതിക്കാർക്കുള്ള നാനാവിധ അവശതകളും ഇല്ലാതാക്കി സാമൂഹിക സമത്വം സ്ഥാപിക്കാതെ ആ സമുദായത്തിനു രക്ഷയില്ലല്ലോ! അതുകൊണ്ട് അവരുടെ സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആദ്യകാലത്തു തന്നെ ജാതി സന്പ്രദായത്തിനെതിരെ സമുദായം പോരാടാൻ തുടങ്ങി. ‘ജാതി ചോദിക്കരുത്, പറയരുത്’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഈ സമുദായ (ഈഴവ)മാണ് കേരളത്തിന് ആദ്യം നൽകിയത്. (കേരളം മലയാളിയുടെ മാതൃഭൂമി (2009 പതിപ്പ്) പേജ് 244) ഈ തമസ്കരണത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തത് തികഞ്ഞ ഗുരുനിന്ദയല്ലാതെ മറ്റെന്താണ്?
ഒരു മഹത്്വ്യക്തിയുടെ സംഭാവനകൾ അദ്ദേഹം ജനിച്ച സമുദായത്തിന്റേതാക്കി മാറ്റുന്നതിലെ ലക്ഷ്യമെന്തായിരുന്നു...? അങ്ങിനെയങ്കിൽ ഇ.എം.എസിന്റെ രചനകൾ നന്പൂതിരി സമുദായത്തിന്റെ സംഭാവനയായി കാണാൻ കഴിയുമോ? സത്യത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുെട അടവു നയത്തിന്റെ ഭാഗമായിരുന്നു ഈ തന്ത്രം. സാമൂഹിക നവോത്ഥാനത്തിന്റെ ബീജമന്ത്രങ്ങളായിരുന്ന ഇത്തരം വാക്കുകൾ ശ്രീനാരായണ ഗുരുവിന്റെതാകയാൽ സ്വന്തം അണികൾ ശ്രീനാരായണ ഗുരുവിലേയ്ക്ക് തിരിയുമോ എന്ന് ഇ.എം.എസ് ഭയപ്പെട്ടു. ഈ ഭയപ്പാടാണ് ചരിത്രത്തെ വക്രീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശ്രീനാരായണഗുരുദേവനോടുള്ള സമീപനം എന്തെന്നറിയാൻ ഇ.എം.എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ ‘കേരള ചരിത്രവും സംസ്കാരവും’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ വായിച്ചാൽ മാത്രം മതി.
ഗുരുവിന് മതമില്ല എന്ന് പറയുന്നവർ ശ്രീനാരായണഗുരുദേവന്റെ പ്രസിദ്ധമായ സ്തോത്ര കൃതിയായ വിനായകാഷ്ടകം ഒന്ന് വായിച്ചിരുന്നെങ്കിൽ ‘ചലച്ചാരുശുണ്ധം ഭജേ ദന്തിതുണ്ധം’ അതായത് ‘അഴകുള്ള തുന്പിക്കൈയുള്ളവനേ, കൊന്പനാനയുടെ മുഖത്തോടു കൂടിയവനെ ഞാൻ ഭജിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണവസാനിക്കുന്നത്. ഏതു മതത്തിന്റെതാണാവോ ഈ പ്രാർത്ഥന...? എന്നാൽ മാർക്സിസ്റ്റാചാര്യൻ ഇ.എം.എസിന്റെ ഹിന്ദുദേവതാ സങ്കല്പം കൂടി നോക്കു. ‘പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യൻ കാൽമുട്ട് മടക്കി മൃഗങ്ങളായ ഹനുമാനേയും ഗണപതിയേയും മറ്റും ആരാധിക്കത്തക്ക വിധം അധഃപതിച്ചു (ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം ഇ.എം.എസ് പേജ് 177−181) ഹിന്ദു സമൂഹത്തിൽ ദൈവസങ്കല്പങ്ങളിൽ ഔന്നിത്യത്തിൽ നിൽക്കുന്ന രണ്ട് ദൈവങ്ങളെ വെറും മൃഗങ്ങളാക്കി മാത്രം കാണുന്ന ആചാര്യന്റെ അതേ ചിന്താഗതി തന്നെയായിരിക്കില്ലേ ഈ ദേവതകൾ അടക്കമുള്ള ക്ഷേത്രങ്ങൾ ഭരിക്കുന്ന ദേവസ്വം മന്ത്രിക്കും ഉണ്ടാവുക!
1940കളിൽ ആചാര്യൻ ഒരായുഷ്കാലം കൊണ്ട് എഴുതിക്കൂട്ടിയ പുസ്തകങ്ങളിൽ ആരംഭിച്ച ഗുരുനിന്ദ ഇന്ന് ഗുരുദേവനെ കഴുവേറ്റിക്കൊണ്ട് അണികൾ നിർബാധം തുടരുന്നു. എന്നാൽ ഗുരുദേവനെ കാവിയുടുപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർ അവരുടെ പ്രാതസ്മരണയിൽ (ഗുരുക്കാന്മാരെയും പൂർവ്വികരെയും രാഷ്ട്രത്തെയും സ്മരിക്കാനായി നിത്യം ചൊല്ലുന്ന ശ്ലോകങ്ങൾ) ആരംഭകാലം മുതൽ തന്നെ ശ്രീനാരായണ ഗുരുദേവനും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഗുരുവിനെ അപമാനിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രേരണയും പ്രോത്സാഹനവും ലഭിച്ചത് പാട്ടിയുടെ താത്വികാചാര്യനായിരുന്ന ഇ.എം.എസിന്റെ നിരീക്ഷണങ്ങളാണ്.
വാസ്തവത്തിൽ ഭാരത ഋഷിപരന്പരയിലെ മഹത്തായ ഒരു സന്യാസി ജ്യോതിസ്സാണ് ഗുരുദേവൻ. ഹിന്ദു സമുദായത്തിലെ ജാതി ചിന്തയും ഉച്ചനീചത്വവും ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അടിസ്ഥാന വർഗത്തിന്റെ കണ്ണീരൊപ്പാനും അന്ധകാരത്തിൽ നിന്ന് അവരെ വെളിച്ചത്തിലേയ്ക്ക് നയിക്കാനും അദ്ദേഹം ജീവിച്ചു. തികച്ചും ശാസ്ത്രീയമായ സാമൂഹ്യചിന്തയായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടു തന്നെയാണ് മറ്റ് പല പ്രത്യയ ശാസ്ത്രങ്ങൾ ഭൂമുഖത്തു നിന്നു തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്പോഴും ഗുരുദേവന്റെ ദർശനങ്ങൾക്ക് പ്രസക്തിയേറുന്നത്, ‘അവനവനാത്മ സുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായി വരേണം’ എന്ന ഗുരുദേവന്റെ ആഹ്വാനം ഇന്നത്തെ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളുടെയും പരിഹാരത്തിനുള്ള ബീജമന്ത്രമാണ്.
എ. ശിവപ്രസാദ്