ഇത് കരുണയുടെ വസ്ത്രദാൻ
ഭക്ഷണം, വസ്ത്രം, പാർപ്പിടം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളുടെ പേരുകളിൽ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കുന്ന മൂന്നു വസ്തുതകളാണിവ. പ്രഥമ പരിഗണന ഭക്ഷണം തന്നെയെന്നിരിക്കലും, അതിനോളം തന്നെ പ്രാധാന്യമുള്ള ഒരു ഘടകമാണ് വസ്ത്രവും. നഗ്നത മറയ്ക്കുന്ന ഒരു വസ്തുവെന്നതിൽ ഉപരി അന്തരീക്ഷത്തിലെ മറ്റു ഘടകങ്ങളിൽ നിന്നുമുള്ള ഒരു സുരക്ഷാ കവചം കൂടിയാണ് വസ്ത്രം. നഗ്നതയുടെ ആദിമകാലഘട്ടങ്ങളിൽ നിന്നും ഇലകളിലേയ്ക്കും, മരവുരിയിലേയ്ക്കും, മൃഗത്തോലുകളിലേയ്ക്കും രൂപാന്തരം പ്രാപിച്ച വസ്ത്രശൈലി മനുഷ്യന്റെ സാമൂഹികവികാസത്തിനൊപ്പം വളർന്നതോടെ പരുത്തിയും മറ്റു കൃത്രിമപദാർത്ഥങ്ങളുടെ ചേരുവയുമെല്ലാം ആയി മാറി. ആധുനിക കാലത്ത് ഒരു വിഭാഗം ജനതയ്ക്ക് അടിസ്ഥാന ആവശ്യമായി നിൽക്കുന്ന വസ്ത്രം തന്നെ, മറ്റൊരു വിഭാഗം ജനതയ്ക്ക് അലങ്കാരവും അഹങ്കാരവുമെല്ലാം പ്രദർശിപ്പിക്കുന്നതിനുള്ള മാർഗവുമായി മാറി.
ദാരിദ്ര്യ രേഖയുടെ ഉയരം ഗ്രാമപ്രദേശങ്ങളിൽ പ്രതിദിനം 26 രൂപയായും, നഗരപ്രദേശങ്ങളിൽ 32 രൂപയായും നിശ്ചയിച്ചിട്ടു പോലും ജനസംഖ്യയുടെ നാലിലൊന്നു വിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെ സ്ഥാനം പിടിച്ചൊരു രാജ്യത്ത് ഭക്ഷണം തന്നെ പലർക്കും കിട്ടാക്കനിയാണ്. അപ്പോൾ പിന്നെ ആവശ്യത്തിന് വസ്ത്രങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഇനി ഇതിന്റെ മറുവശം കൂടി പറയാം, ആവശ്യത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ ഉള്ളവർ മുതൽ വസ്ത്രാധിക്യം മൂലം ഇന്നേതു വസ്ത്രം ധരിക്കുമെന്നു സംശയിക്കുന്നവർ വരെയുള്ള സമൂഹത്തിന്റെ രണ്ടാമത്തെ മുഖം. മുൻപേ പറഞ്ഞത് പോലെ ഇക്കൂട്ടരിൽ പലർക്കും വസ്ത്രം അലങ്കാരവും അഹങ്കാരവുമാണ്. പലർക്കും ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാൻ വെച്ചിരിക്കുന്ന വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉണ്ടാകാറുണ്ട്. ഇങ്ങനെ സമൂഹത്തിന്റെ രണ്ടു തലങ്ങളിൽ ജീവിക്കുന്നവരെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഉടലെടുത്ത പരോപകാര ആശയമാണ് നല്ല വസ്ത്രങ്ങൾ ആളുകളിൽ നിന്നും ശേഖരിച്ചു കൊണ്ട് ആവശ്യക്കാർക്ക് നൽകുക എന്നത്. ഇത്തരം ചെറിയ സംരംഭങ്ങൾ കേരളത്തിൽ പലയിടങ്ങളിലും ചെറിയ തോതിൽ നടപ്പിലാക്കപ്പെട്ടിട്ടും ഉള്ളതാണ്. പക്ഷെ ഇതേ ആശയം കുറച്ചു കൂടി വിപുലമായ രീതിയിൽ ചെയ്യണം എന്ന, ആലുവ സ്വദേശി സൂരജ് എബ്രഹാമിന്റെ ആഗ്രഹമാണ് വസ്ത്രദാൻ എന്ന സംരംഭയമായി മാറിയത്. നല്ല വസ്ത്രങ്ങൾ പോലും പഴയതെന്ന കാരണത്താൽ ഉപേക്ഷിക്കുന്നൊരു ശീലം മലയാളികൾക്കുണ്ട്. ഇത്തരം വസ്ത്രങ്ങൾ സംഭരിച്ചു വസ്ത്രം ആവശ്യമുള്ള ദരിദ്രർക്ക് നൽകുക എന്നതാണ്, വസ്ത്രദാനിലൂടെ നടപ്പിലാക്കുന്നത്. കൊച്ചിയിലെ സ്കൂളുകൾ, വൊഡാഫോൺ, ടി.സി.എസ് തുടങ്ങിയ ടെലികോം കന്പനികളും കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതി പ്രകാരം പാവങ്ങളായ ജനങ്ങൾക്ക് വസ്ത്രങ്ങൾ എത്തിക്കുകയാണ് സൂരജ് ചെയ്യുന്നത്. ഒരു വർഷത്തോളമായി നടത്തി വരുന്ന പദ്ധതി പ്രകാരം ആറായിരത്തോളം ജനങ്ങൾക്ക് വസ്ത്രം എത്തിക്കാനായതായി സൂരജ് പറയുന്നു. ഒരു വർഷം രണ്ട് ഘട്ടങ്ങളായി നടത്താൻ തീരുമാനിച്ചരുന്ന പദ്ധതി ജനങ്ങളുടെ സഹകരണ മനോഭാവം മൂലം നാല് തവണ ഈ സേവനം പാവങ്ങൾക്ക് നൽകാനായതായി സൂരാജ് അവകാശപ്പെടുന്നു.
എന്നാൽ ഈ പദ്ധതി പ്രകാരം ലഭിക്കുന്ന വസ്ത്രങ്ങൾ കേരളത്തിൽ നൽകാനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും പഴയ വസ്ത്രങ്ങൾ വാങ്ങാനുള്ള മലയാളികളുടെ മനോഭാവം മൂലം ആരും ഈ സേവനം വിനിയോഗിക്കുന്നില്ലെന്നു സൂരജ് പറയുന്നു. കൊച്ചിയിലെ അനാഥാലയങ്ങളിൽ ഈ വസ്ത്രങ്ങൾ എത്തിച്ചെങ്കിലും പഴയത് ഇവിടെ വേണ്ട പുതിയത് ഉണ്ടെങ്കിൽ കൊണ്ട് വരൂ എന്നായിരുന്നു അവരുടെ പ്രതികരണമെന്നു സൂരജ് വ്യക്തമാക്കി. കേരളത്തിലെ അട്ടപ്പാടി അടക്കമുള്ള പ്രദേശങ്ങൾ മതപരിവർത്തനം നടത്തുന്നവരുടെ മേഖലയായി മാറിയതിനാൽ, മതാധിഷ്ടിമായി മാത്രമേ അവിടെ ഇത് നടപ്പാക്കാനാകൂ ഏന്ന് മനസിലായത് കാരണം തന്റെ പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്നു എന്നും സൂരജ് 4pm ന്യൂസിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ കന്പം, തേനി, ഡൽഹി ഈ റോഡ് തുടങ്ങി അന്യ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് വസ്ത്രം നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഈ പദ്ധതിയുമായി കൊച്ചിയിലെ ജനങ്ങൾ നല്ല പ്രതികരണമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ അംഗമാകാൻ കൊച്ചിയിലെ ഏതൊരാൾക്കും സാധിക്കും. നിങ്ങളുടെ കയ്യിലും പഴയ നല്ല വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവ മറ്റൊരാൾക്ക് സഹായം നൽകാൻ ഉപയോഗിക്കാവുന്നതുമാണ്. ഏതൊരു മതത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും വിശ്വാസസംഹിതകൾ പ്രകാരം വസ്ത്രദാനം പുണ്യവുമാണ്. പഴയ വസ്ത്രങ്ങൾ നൽകാൻ: +91 9746 474 181 ഈ നന്പറിൽ വിളിക്കുക.
ലക്ഷ്മി ബാലചന്ദ്രൻ