സാ­ക്ഷര കേ­രളത്തി­ന്റെ­ പോ­ക്ക് എങ്ങോ­ട്ട്?


കൂക്കാനം റഹ്മാൻ

 സാക്ഷരത നേടിയവർ‍ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾ‍ക്കിടയിലാണ് ഈ വർ‍ഷം 51ാമത് ലോകസാക്ഷരതാദിനം നാം ആഘോഷിച്ചത്. 1965 ൽ‍ ലോകരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും, വിചക്ഷണന്മാരും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ‍ ചേർ‍ന്ന സമ്മേളനമാണ് ലോക സാക്ഷരതാദിനാഘോഷം നടത്തണമെന്ന തീരുമാനത്തിലെത്തിയത്. ആ സമ്മേളനം നടന്നത് 1965 സെപ്തംബർ‍ എട്ടിനായിരുന്നു. ആ ദിനത്തെ സ്മരിക്കാനും ലോകത്ത് നിന്ന് നിരക്ഷരത പാടെ തുടച്ചുമാറ്റാനും ആഹ്വാനം ചെയ്താണ് പ്രസ്തുതയോഗം പിരിഞ്ഞത്. നിരക്ഷരത തുടച്ചുമാറ്റണം എന്ന കാര്യത്തിൽ‍ ആർ‍ക്കും തർ‍ക്കമുണ്ടായില്ല. ആ ലക്ഷ്യത്തിലെത്താൻ‍ വിവിധങ്ങളായ സാക്ഷരതാപ്രവർ‍ത്തനങ്ങൾ‍ എല്ലാരാഷ്ട്രങ്ങളും ആവിഷ്‌ക്കരിച്ചു.

ഇന്ത്യയിൽ‍ കൃഷിക്കാരെ ഉദ്ദേശിച്ചുകൊണ്ട് ഫാർ‍മേഴ്‌സ് ഫംഗ്ഷണൽ‍ ലിറ്ററസി പ്രോഗ്രാം (എഫ്എഫ്എൽ‍പി) വികസന ബ്ലോക്കുകൾ‍ മുഖേന തുടങ്ങി. അതിനെ വയോജന ക്ലാസെന്നും, നൈറ്റ് ക്ലാസെന്നും പേരിട്ടുവിളിച്ചു. തുടർ‍ന്ന് റൂറൽ‍ ഫംഗ്ഷണൽ‍ ലിറ്ററസി പ്രോഗ്രാം എന്നാക്കി സാക്ഷരതാപ്രവർ‍ത്തനം നടത്തി. അവയൊക്കെ നടന്നുകൊണ്ടിരിക്കെയാണ് 1986ൽ‍ നാഷണൽ‍ ലിറ്ററസി മിഷൻ‍ (എൻ‍എൽ‍എം) ആരംഭിക്കുന്നത്. 15 നും 35 നും ഇടയിലുള്ള നിരക്ഷരരെ സാക്ഷരരാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും സാക്ഷരതാപ്രവർ‍ത്തനത്തിന് നേതൃത്വം കൊടുക്കാനും, പരിശീലനം നൽ‍കാനും പാഠനോപകരണങ്ങൾ‍ ഉണ്ടാക്കാനും േസ്റ്ററ്റ് റിസോഴ്‌സ് സെന്റർ‍ (എസ്ആർ‍സി) സ്ഥാപിച്ചു. കേരളത്തിൽ‍ ദീർ‍ഘകാലം േസ്റ്ററ്റ് റിസോഴ്‌സ് സെന്റർ‍ നടത്തിയത് കാൻ‍ഫെഡായിരുന്നു. കാൻ‍ഫെഡിന്റെ നേതൃത്വത്തിൽ‍ സംസ്ഥാനത്തുടനീളം സാക്ഷരതാ സാംസ്‌കാരിക ജാഥകൾ‍ നടത്തി. സന്നദ്ധ പ്രവർ‍ത്തകർ‍ക്ക് ആവശ്യമായ പരിശീലനം നൽ‍കി. സാക്ഷരതാപ്രവർ‍ത്തനത്തിന് വേണ്ടുന്ന അന്തരീക്ഷ സൃഷ്ടി നടത്തി. കാൻ‍ഫെഡിന്റെ ആദ്യ സംരഭമായിരുന്നു ഒരു ഗ്രാമത്തെ സന്പൂർ‍ണ്ണ സാക്ഷരതയിലേക്ക് നയിക്കുകയെന്നത്.

കണ്ണൂർ‍ ജില്ലയിലെ ‘ഏഴോം’ ഗ്രാമമാണ് അത്തരത്തിൽ‍ ആദ്യം സന്പൂർ‍ണ്ണ സാക്ഷരത പ്രഖ്യാപനം നടത്തിയ പ്രദേശം. തുടർ‍ന്നാണ് കോട്ടയം മുനിസിപ്പാലിറ്റിയും, എറണാകുളം ജില്ലയും ഈ ദൗത്യം നടപ്പിലാക്കിയത്. ഇതിൽ‍ നിന്നൊക്കെ ഊർ‍ജ്ജം നേടിക്കൊണ്ടാണ് ലോകത്തിന് മാതൃകയായി കേരളാ ടോട്ടൽ‍ ലിറ്ററസി പ്രോഗ്രാം തുടങ്ങിയത്. ജനപങ്കാളിത്തത്തോടെ അരങ്ങേറിയ പ്രസ്തുത സംരഭത്തിലൂടെ കേരളം സന്പൂർ‍ണ്ണ സാക്ഷരത നേടി. 1990 ഏപ്രിൽ‍ 18ന് മാനഞ്ചിറ മൈതാനിയിൽ‍ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ‍ നവസാക്ഷരയായ ചേലക്കാടൻ‍ ആയിഷ പ്രസ്തുത പ്രഖ്യാപനം നടത്തുകയും ചെയ്തു. 1990ൽ‍ ‘സന്പൂർ‍ണ്ണ സാക്ഷരത നേടി’ എന്ന പ്രഖ്യാപനത്തോടെ നമ്മൾ‍ സംതൃപ്തരായി. അഭിമാനത്തോടെ മേനി പറഞ്ഞു നടന്നു. ‘സാക്ഷര കേരളം സുന്ദരകേരളം’ എന്ന് നാടാകെ ചുമരെഴുത്ത് നടത്തി.

2016ലേയ്ക്ക് ഒന്നു കണ്ണോടിക്കുന്പോൾ‍ കാണുന്ന കാഴ്ച ആഗ്രഹിച്ചതിന് വിപരീതാവസ്ഥയിലാണ്. ഗാന്ധിജി പറഞ്ഞതും ആഹ്വാനം ചെയ്തതും ‘നിരക്ഷരത ശാപമാണ് പാപമാണ്’ എന്നാണ് മറിച്ചു പറയേണ്ട അവസ്ഥയാണിന്ന്. സാക്ഷരത ശാപമായി മാറിക്കൊണ്ടിരിക്കുന്നു. അക്ഷരജ്ഞാനം നേടിയപ്പോൾ‍, അറിവ് വർദ്‍ധിച്ചപ്പോൾ‍ മനുഷ്യമനസ്സിൽ‍ പാളിച്ചകൾ‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നേടിയ അറിവ് മനസ്സിനെ വികാസമാക്കേണ്ടതിന് പകരം കൂടുതൽ‍ കൂടുതൽ‍ കുടുസ്സായ ചിന്തയിലേയ്ക്കും പ്രവൃത്തിയിലേയ്ക്കും മനുഷ്യനെ നയിച്ചു കൊണ്ടിരിക്കുന്നു. തീവ്രവാദത്തിലേയ്ക്കും, ഭീകരപ്രവർ‍ത്തനത്തിലേയ്ക്കും എത്തിപ്പെടുന്നവരെ ശ്രദ്ധിച്ചുനോക്കൂ. ഉന്നത വിദ്യാഭ്യാസം നേടി, സമൂഹത്തെ ഉദ്ധരിക്കാൻ‍ തയ്യാറാവേണ്ടവരാണ് കുത്സിത പ്രവർ‍ത്തികളിലേർ‍പ്പെടാനും മനുഷ്യരെ കൊന്നൊടുക്കാനും തയ്യാറായി ചെല്ലുന്നത്.

ജാതിയുടെയും, മതത്തിന്റെയും, ഭാഷയുടെയും, ദേശത്തിന്റെയും പേരിൽ‍ പോരടിക്കാൻ‍ തയ്യാറാവുന്നവരും വിദ്യാസന്പന്നർ‍ തന്നെ. അറിവ് ആർ‍ജ്ജിക്കാത്ത കാലത്ത് ജീവിച്ചുപോന്ന സമൂഹത്തിന് പരസ്പരം ഭയഭക്ത്യാദരങ്ങളും സ്‌നേഹവായ്പും ഉണ്ടായിരുന്നു. മൂല്യാധിഷ്ഠിതമായ ജീവിതമാണ് അവർ‍ നയിച്ചിരുന്നത്. വർ‍ത്തമാനകാല സാഹചര്യം ആകെ മാറി. മതമൈത്രി പറയലും ജാത്യാചാരത്തെ എതിർ‍ക്കലും, മറ്റും പ്രസ്താവനകളിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങി. കേൾ‍ക്കാനിന്പമുള്ള കാര്യങ്ങൾ‍ വിളിച്ചു പറയുകയും, സ്വന്തം കാര്യത്തോടടുക്കുന്പോൾ‍ അതൊക്കെ മാറ്റി വെയ്ക്കലുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മതസൗഹാർ‍ദ്ദത്തിലാണ് നമ്മുടെ നാട് കഴിഞ്ഞു കൂടുന്നത് എന്ന് കാണിക്കാൻ‍ ചില ചെപ്പടിവിദ്യകളോ, കെട്ടുകാഴ്ചകളോ വിദഗ്ദ്ധമായി പ്രദർ‍ശിപ്പിക്കാൻ‍ വിദ്യ നേടിയ സമൂഹത്തിന് കഴിവുണ്ട്.

ക്ഷേത്രഭാരവാഹികൾ‍ മുസ്ലീം പള്ളിയിൽ‍ നടക്കുന്ന ചടങ്ങിൽ‍ സംബന്ധിക്കുന്നു, മുസ്ലീം പള്ളിക്കമ്മറ്റി ഭാരവാഹികൾ‍ ക്ഷേത്രാങ്കണത്തിലെത്തി സഹകരണം വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ വാർ‍ത്തകൾ‍ കാണുന്പോൾ‍ എല്ലാം ശരിയായി എന്നുതോന്നും. പള്ളികളുടെയും, അന്പലത്തിന്റെയും ഉത്സവാഘോഷങ്ങൾ‍ ഒരേ ബാനറൽ‍ പ്രദർ‍ശിപ്പിച്ചും, രണ്ടിനും പരസ്പരം കവാടങ്ങൾ‍ ഉണ്ടാക്കിയും മത സൗഹാർ‍ദ്ദം പ്രചാരണാത്മകമാക്കി മാറ്റാനും അറിവുനടിച്ചു നടക്കുന്നവർ‍ ഉത്സാഹപൂർ‍വ്വം ശ്രമിക്കുന്നു. മറുവശത്ത് ജാതീയക്കമ്മിറ്റികൾ‍ പൂർ‍വ്വാധികം ശക്തിയോടെ സംഘടിപ്പിക്കുകയും അവകാശങ്ങൾ‍ക്കു വേണ്ടി പോരാടണം എന്ന് ഉൽ‍ബോധിപ്പിച്ച് വേർ‍തിരിവ് നടത്തുകയും ചെയ്യുന്നു. ജാതീയ കമ്മിറ്റികൾ‍ക്കുമപ്പുറം തറവാട് സംഗമങ്ങൾ‍ക്കും, നേതൃത്വം കൊടുക്കുന്നതും പഠിപ്പുള്ളവർ‍ തന്നെ.

നിരക്ഷരത കൊടികുത്തി വാണ നാളിൽ‍ ഇവിടെ പ്രശ്‌നങ്ങൾ‍ വളരെ കുറവായിരുന്നു. ആ നിരക്ഷരതയ്ക്ക് അറുതിവരുത്താനും, അറിവ് പകരാനും ശ്രമിച്ചവർ‍ ഇന്ന് വേദനിക്കുന്നുണ്ടാവും. നന്മവിതറി, നന്മകൊയ്യാൻ‍ മോഹിച്ചവർ‍, ഇവിടെ നടമാടുന്ന കാപട്യങ്ങൾ‍ കണ്ട് അന്തം വിട്ടു നിൽ‍ക്കുകയാണ്. ചൂഷണങ്ങളാണെങ്ങും. നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാൻ‍ പറ്റാത്ത വിധത്തിൽ‍ മനുഷ്യമനസ്സുകളിൽ‍ ചാഞ്ചാട്ടമുണ്ടാക്കാൻ‍ പഠിപ്പുള്ളവർ‍ തയ്യാറാവുന്നു. പണ്ട് കാലത്ത് കൊണ്ടും കൊടുത്തും ജീവിച്ചുവന്ന കളങ്കമില്ലാത്ത അയൽ‍പക്ക ബന്ധങ്ങൾ‍ നശിച്ചു പോയിരിക്കുന്നു. പകരം ഉയർ‍ന്ന മതിലുകൾ‍ തീർ‍ത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ബന്ധം വിച്ഛേദിക്കുകയാണിപ്പോൾ‍. രണ്ടുവ്യക്തികൾ‍ തമ്മിൽ‍ കണ്ടുമുട്ടുന്പോൾ‍ കാണിച്ചിരുന്ന സ്‌നേഹോഷ്മളതയും, പരസ്പര വിശ്വാസവും അറിവുനേടിയ കാലത്ത് അസ്തമിച്ചു കഴിഞ്ഞു. ഇപ്പോൾ‍ പരസ്പരം സംശയമാണ്, ചിരിയിൽ‍ വഞ്ചനയാണ്, സംസാരത്തിൽ‍ ദുഷ്ടതയാണ്, കാര്യലാഭത്തിന് എന്ത് കപട നാട്യത്തിനും തയ്യാറാണ് മനുഷ്യൻ‍.

ഇതൊക്കെ പത്തുമുപ്പതു വർ‍ഷത്തിനിടയിൽ‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അസൂയയും പാരവെപ്പും അതിന്റെ പാരമ്യതയിലാണിന്ന്. പുറമേയുള്ള സംസാരത്തിലും, നടപടി ക്രമങ്ങളിലും അന്യോന്യം സൗഹൃദവും സ്‌നേഹവും ഒഴുകുന്നരീതിയിലുള്ള ഇടപെടലുകളാണ്. മുന്നിൽ‍ പെട്ടുപോയാലാണ് ഇങ്ങിനെ അഭിനയിക്കുക, പിന്‍തിരിഞ്ഞു നിന്നാൽ‍ കുറ്റപ്പെടുത്തലും, കൊള്ളരുതായ്മകൾ‍ പറയലും മാത്രമാവുകയും ചെയ്യുന്നു. നിരക്ഷരൻ‍ ഒറ്റമുണ്ടുടുത്ത് നടന്നകാലത്ത് അദ്ദേഹത്തിന്റെ മനസ്സ് തരളിതമായിരുന്നു. ഇന്ന് പഠിപ്പുള്ളവൻ‍ പള പളപ്പുള്ള ഡ്രസ്സണിഞ്ഞ് നടക്കുന്ന അവസ്ഥയിൽ‍ മനസ്സ് കളങ്കമയമായി മാറിപ്പോയി. എല്ലാ സൂത്രപ്പണികളും എനിക്കറിയാം എന്ന തലക്കനമാണവർ‍ക്ക്. മുന്പ് എനിക്കൊന്നുമറിയില്ല എന്ന് തുറന്നു പറയുന്നവരും ആർ‍ഭാടത്തിൽ‍ അഭിരമിക്കാത്തവരും, തെറ്റ് ചെയ്യുന്നത് പാപമാണ് എന്ന ചിന്തയുടെ ഉടമകളുമായിരുന്നു വിദ്യ നേടാത്തവർ‍.

ഇത്തരം മഹദ് ഖ്യാതി നേടിയ കേരളത്തിലാണ് മനുഷ്യർ‍ പരസ്പരം പോരടിക്കുന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നത്. ഇതിന് അറുതിവരുത്തിയേ തീരൂ. കേരളീയരായ നാമോരോരുത്തരും ഇന്ന് അറിവിന്റെ കാര്യത്തിൽ‍ സ്വയംപര്യാപതരാണ്. ആരുടേയും ഉപദേശ നിർ‍ദ്ദേശങ്ങൾ‍ക്കോ, പ്രീണന നയങ്ങൾ‍ക്കോ നാം കാതോർ‍ക്കേണ്ടവരല്ല. വേർ‍തിരിവല്ല, ഒരുമയാണ് വേണ്ടത് എന്ന ചിന്തയോടെ വഴിതെറ്റിക്കാൻ‍ വരുന്നവരെ കരുതലോടെ തള്ളിമാറ്റാൻ‍ നമുക്കാവണം. അതാകട്ടെ ഈ വർ‍ഷത്തെ ലോകസാക്ഷരതാദിന പ്രതിജ്ഞ.

 

You might also like

Most Viewed