അടൂരും, ബിജുവും, ‘പിന്നെയും’
ഡോ. ജി. ജയകുമാർ
ലോകമെന്പാടും അറിയപ്പെടുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. നീണ്ട വർഷങ്ങളുടെ മൗനത്തിന്‍റെ വാൽമീകം ഭേദിച്ചു കൊണ്ടാണ് അദ്ദേഹം ഓരോ ചിത്രവും കാഴ്ചവെയ്ക്കുന്നത്. അങ്ങനെ എട്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ വാക്കുകളിൽ “സ്വയം ബോധ്യപ്പെട്ടതിനു ശേഷം” ഒരു ചിത്രവുമായി കലാസ്നേഹികളുടെ മുന്നിൽ വന്നിരുയ്ക്കുന്നു. ജനങ്ങൾ ആകാംക്ഷയോടു കൂടിയാണ് ‘പിന്നെയും’ വരവേറ്റത്. ചിത്രം പുറത്തു വരുന്നതിനു മുന്‍പു തന്നെ മാധ്യമങ്ങൾ എഴുതാൻ തുടങ്ങി. അടൂരിൽ നിന്നും തികച്ചും വ്യത്യസ്തമായ സിനിമ. ആകാംക്ഷയും ചിന്തയും ഒന്നും അസ്ഥാനത്തായിരുന്നില്ല. കാരണം, മുഖ്യധാര സിനിമയിലെ രണ്ടുപേരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് − ദിലീപും കാവ്യാ മാധവനും. ഒരു പുത്തൻ പ്രമേയം പറയാൻ അടൂരിന്‍റെ ശ്രമം. കുടുംബസദസ്സുകളെ സിനിമാശാലകളിൽ എത്തിക്കുക. പക്ഷേ, വിഷയം കുടുംബവും, സ്നേഹവുമൊക്കെയാണെങ്കിലും അടൂരിനു ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല − ഉദാഹരണത്തിനു പാട്ടുകൾ പാടില്ല. പാട്ടും നൃത്തവും ഉൾപ്പെടുത്തിയാൽ അതു സിനിമയല്ല. സിനിമ ജീവിതഗന്ധിയാകണം എന്ന് പുള്ളിക്കാരനു നിർബന്ധമാണ്. അങ്ങനെയാണ് ‘പിന്നെയും’ അണിയിച്ചൊരുക്കിയത്.
ഇനി ചിത്രത്തിലേയ്ക്കു വരാം. പ്രമേയം നേരത്തെ സൂചിപ്പിച്ചതു പോലെ അത്ര പുതുമയൊന്നുമല്ല. നടന്ന സംഭവം ആവിഷ്കരിക്കുകയായിരുന്നു. കേരളക്കരയിൽ എൺപതുകളിൽ അലയടിച്ച പ്രമാദമായ ‘സുകുമാരക്കുറുപ്പു കേസ്’. ജോലിയും കൂലിയുമില്ലാത്ത മുപ്പതുകളിൽ എത്തിയ പുരുഷോത്തമനേയും (ദിലീപ്) ഭാര്യ ദേവിയെയും (കാവ്യാ മാധവൻ) ചുറ്റിപ്പറ്റിയാണ് കഥയുടെ ചുരുളഴിയുന്നത്. പുരുഷോത്തമൻ വീട്ടുകാരുടെയും നാട്ടുകാരുടെയും എന്തിനു ഭാര്യയുടെയും കുത്തുവാക്കുകൾക്കു പാത്രീഭൂതനാണ്. ആകെയുള്ള ആശ്വാസം മകളും അളിയനും മാത്രമാണ്. കാര്യങ്ങൾ വേഗം മാറ്റിമറിയ്ക്കപ്പെടുന്നു. പുരുഷോത്തമനു ഗൾഫിൽ ജോലി കിട്ടുന്നു. അങ്ങനെ ജീവിതം പച്ചപിടിച്ചു വരുന്നു. അതു അധികനാൾ നീണ്ടു നിൽക്കുന്നില്ല. കൂടുതൽ പണം സന്പാദിക്കാനുള്ള വ്യഗ്രതയിൽ പുരുഷോത്തമൻ വേണ്ടാത്ത കാര്യങ്ങൾക്കു മുതിരുന്നു. അത്യാഗ്രഹം എങ്ങനെയാണ് മനുഷ്യനെ വഴിതെറ്റിയ്ക്കുന്നത് എന്ന് പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്. സാധാരണ മധ്യവർഗ്ഗ കുടുംബങ്ങളിൽ കണ്ടുവരുന്നതെന്ന് പൊതുസമൂഹം വിവക്ഷിക്കുന്ന വസ്തുത. സൂക്ഷ്മതയ്ക്ക് പ്രാമുഖ്യം നൽകുന്ന അടൂർ എന്തുകൊണ്ടോ പാളിപോകുന്നത് കാണാം. ഗൂഡാലോചനയുടെയും ചതിയുടെയും ഫലമായി ഉരുതിരുഞ്ഞു വരുന്ന സംഭവങ്ങൾ ചിത്രത്തിൽ കൈ ഒതുക്കത്തോടു കൂടി അവതരിപ്പിക്കാൻ കഴിയുന്നില്ല. പകരം ലാഘവത്തോടെ ഭാര്യയെ കുറ്റക്കാരിയാക്കുന്നുമുണ്ട്. ഇതു ഇവിടെ നിലനിൽക്കുന്ന ഒരുതരം ‘അന്ധവിശ്വാസ’മാണ്. കുറ്റം എപ്പോഴും സ്ത്രീ കാരണമാണ്. ഭാര്യയാണ് ഭർത്താവിനെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇതു ശരിയാകണമെന്നില്ല. സിനിമയ്ക്ക് സന്ദേശം വേണമെന്ന് ശഠിക്കുന്നവർ ഇതും ‘സന്ദേശ’മായി കാണുമോ?
അങ്ങനെ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയത്തെ വളരെ ലാഘവത്തോടുകൂടിയാണ് അടൂർ സമീപിച്ചിരിയ്ക്കുന്നത് എന്ന് കാണാം. കഥാപാത്രസൃഷ്ടിയിൽ മാത്രമല്ല കഥയുടെ ഒഴുക്കിൽപ്പോലും ഇതു പ്രകടമാണ്. ദിലീപും, കാവ്യയും, ഇന്ദ്രൻസും, നെടുമുടിയും ഒഴിച്ചാൽ ബാക്കി എല്ലാവരും അധികപ്പറ്റായാണ് അനുഭവപ്പെടുന്നത്. പുരുഷോത്തമന്‍റെയും ദേവിയുടെയും മകളായി വരുന്ന കുട്ടി നിരാശപ്പെടുത്തുന്നു.
അത്യാഗ്രഹമാണ് വിഷയമെങ്കിലും, അതു പറഞ്ഞു ഫലിപ്പിക്കുന്നതിൽ സംവിധായകൻ പ്രയാസപ്പെടുന്നതു കാണാം. കൂടുതൽ നാടകീയമായില്ലേ എന്നൊരു സംശയം. അടൂരിന്‍റെ പല ചിത്രങ്ങളിലും ഉള്ളതു പോലെ ഇവിടെയും ഒരു കുടുംബത്തിൽ തന്‍റെ സ്ഥാനം കണ്ടെത്താൻ പാടുപെടുന്ന വ്യക്തിയെ കാണാം. എല്ലാവരുടെയും പരിഹാസവും വഴക്കും കേൾക്കേണ്ടി വരുന്ന പുരുഷോത്തമൻ, ഒടുവിൽ തന്‍റെ സാമർത്ഥ്യം തെളിയിക്കാൻ ശ്രമിക്കുന്നു. അതു അത്യാഗ്രഹത്തിൽ കലാശിക്കുന്നു.
നാടകീയത മുറ്റി നിൽക്കുന്ന സംഭാഷണങ്ങൾ ചിത്രത്തെ മുഷിപ്പിക്കുന്നു. പുരുഷോത്തമൻ ഭാര്യയോടു സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്, അതിനു തിരിച്ചടി കിട്ടുന്നതും മറ്റും അതിശയോക്തി ജനിപ്പിക്കുന്നു. ആവർത്തനവിരസതയും അനുഭവപ്പെടുന്നു. ചില അവസരങ്ങളിൽ സംഭാഷണത്തിൽ ഭാവം ചോർന്നു പോയതു പോലെയാണ്, പ്രത്യേകിച്ചു പുരുഷോത്തമന്‍റെ മകളുടെ അഭിനയത്തിൽ. അതുപോലെ തന്നെ തുടക്കത്തിലെ അഭിമുഖത്തിലുള്ള അംഗങ്ങളുടെ സംഭാഷണത്തിൽ അടൂരിനെപോലെയുള്ള സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്ന പൂർണ്ണത പ്രകടമല്ല. അതുപോലെ തന്നെ കുറ്റാന്വേഷണ സ്വഭാവം ഉണ്ടാക്കി എടുക്കാൻ പുരുഷോത്തമൻ കൈയിൽ അഗദാ ക്രിസ്റ്റിയുടെ നോവൽ തിരുകി വെയ്ക്കുന്നത് എല്ലാം പഴഞ്ചൻ രീതികളാണ്. ചില സിനിമകളിൽ പുസ്തകതാളിൽ നിന്നും മയ്യിൽപ്പീലി എടുക്കുന്നതുപോലെ!
ചിത്രത്തെ വിലയിരുത്തിയാൽ ഒറ്റവരിയിൽ പറയാം ഇതിൽ അടൂരിന്‍റെ കൈയ്യൊപ്പില്ല, പകരം ഒരു സാധാരണ മനുഷ്യന്‍റെ ദൗർബല്യങ്ങളും ന്യൂനതകളും ആവിഷ്കരിക്കുന്നതിനിടയിൽ സംവിധായകന്‍റെ പതനമാണ് തെളിഞ്ഞു വരുന്നത്. ഏതാണ്ട് ആൽബേർ കമ്യൂ (Albert camus) ) വിന്‍റെ ‘ദ ഫാൾ’ (The fall) ളിലെ കഥാപാത്രത്തെപോലെ.
ചിത്രം സിനിമാശാലകളിൽ എത്തിയ ഉടൻ തന്നെ സംവിധായകൻ ഡോ. ബിജു വിമർശനവുമായി രംഗത്ത് വന്നു. ഇതു സിനിമയല്ലന്നും, സംവിധായകൻ എന്ന നിലയ്ക്ക് അടൂർ പരാജയമാണെന്ന് ബിജു വാദിച്ചു. പിന്നീട് ബിജുവും അടൂരും തമ്മിൽ വാക്ക് പോരായി. അതു ഇപ്പോഴും തുടരുന്നു. അടൂരിന്‍റെ അഭിപ്രായത്തിൽ ബിജുവിന്‍റെ സിനിമകൾ ഛായാഗ്രഹണം മാത്രമാണ്. അതായത് ഒരു നല്ല ഛായാഗ്രാഹകനുണ്ടെങ്കിൽ സിനിമ എടുക്കാമെന്ന ചിന്തയാണ് ബിജുവിനെപോലെയുള്ളവർക്കുള്ളത്. ബിജുവിന്‍റെ അഭിപ്രായത്തിൽ ‘പിന്നെയും’ ഒരു സിനിമയെ അല്ല.
ഇവിടെ, മറന്നു പോകുന്നത് സിനിമാ ആസ്വാദകരെയാണ്. രണ്ടു കൂട്ടർക്കും വീഴ്ചകൾ പറ്റിയിട്ടുണ്ട്. ‘പിന്നെയും’ പോലെ ബിജുവിന്‍റെ ‘പേരറിയാത്തവർ’ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കുറേ അവാർഡുകൾ വാരി കൂട്ടി. ശരിതന്നെ. പക്ഷേ ഒരുപാടു പാളിച്ചകൾ. സാമൂഹ്യ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു മാത്രം സിനിമയാകണമെന്നില്ല. അടിസ്ഥാനപരമായി സിനിമ ഒരു ആസ്വാദനകലയാണ്. മനുഷ്യന്‍റെ പിരിമുറുക്കത്തിനു അയവു കിട്ടുക അതുതന്നെ ഒരു സന്ദേശമാണ്. അതു കലാപരമായി ആവിഷ്കരിക്കുക അതാണ് സിനിമയും ഡോക്യുമെന്‍ററിയും തമ്മിലുള്ള വ്യത്യാസം. ഡോക്യുമെന്‍ററി സത്യത്തെ, അതായത് കാണുന്നതിനെ അതുപോലെ അവതിരിപ്പിക്കുന്പോൾ, സിനിമ അല്ലെങ്കിൽ ഫീച്ചർ ഫിലിം അയഥാർത്ഥ്യമായതിനെയും വിശ്വാസയോഗ്യമാക്കുന്നു. അതു സത്യമല്ലെന്ന് നമുക്കറിയാം, എങ്കിലും നമ്മൾ അതു ആസ്വദിക്കുന്നു.
‘പേരറിയാത്തവർ’ ഒരുതരം ഡോക്യുമെന്‍ററിയായിട്ടാണ് അനുഭവപ്പെടുക. ഇതിൽ പ്രധാന കഥാപാത്രമായ ശുചീകരണ തൊഴിലാളിയെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. സ്വന്തം മകന്‍റെ കാര്യത്തിൽ മാത്രം താത്പര്യമുള്ള അച്ഛൻ, എല്ലായിടത്തും വെറും കാഴ്ചക്കാരൻ. ഇവിടെ എല്ലാം സുരാജിന്‍റെ അഭിനയം മുഷിപ്പാണുളവാക്കുന്നത്. ഒരു ഭാവവും പ്രകടിപ്പിക്കാതെ എങ്ങനെ അവാർഡു വാങ്ങാമെന്നു തെളിയിക്കുന്നു. അവാർഡു കമ്മറ്റിയ്ക്കു അവാർഡു കൊടുക്കണം! ബിജു അടൂരിനെ കുറ്റപ്പെടുത്തിയെങ്കിൽ, അതുതന്നെയല്ലെ ബിജുവും ആവർത്തിച്ചത്-നാടകീയ രീതികൾ. പിന്നെ, ചിത്രത്തിൽ സന്ദേശം വേണമെന്ന് ശഠിക്കുന്പോൾ, ഒരു സംശയം − എന്ത് സന്ദേശമാണ് ‘പേരറിയാത്തവർ’ സമൂഹത്തിനു നൽകുന്നത്.
പ്രശസ്ത പോളിഷ് സംവിധായിക ഹോളാന്ത് ഈ ലേഖകനോടു ഒരിക്കൽ പറഞ്ഞതുപോലെ, ഒരു ചേരി പ്രദേശത്ത് പോയിട്ടു കണ്ണാടി അതിന്‍റെ മുന്നിൽ വച്ചതു കൊണ്ട്, സിനിമ ഉണ്ടാകണമെന്നില്ല. അവിടെ ക്രിയാത്മകതയും ഭാവനയുമാണ് വേണ്ടത്. പാട്ടുകൾ ചിലപ്പോൾ ചിത്രത്തിനു മാറ്റുകൂട്ടും. അതിനു പുറം തിരിഞ്ഞു നിന്നുട്ടു കാര്യമില്ല. അങ്ങനെ രണ്ടു കൈയും നീട്ടി കാണികൾ സ്വീകരിച്ച ഒരുപാടു ചിത്രങ്ങൾ നമുക്കുണ്ട്. അതിനർത്ഥം എപ്പോഴും വിജയിക്കണമെന്നില്ല. ചിലപ്പോൾ അരോചകമായിത്തീരാം. ‘പിന്നെയും’ എന്ന ചിത്രത്തിലും ‘പേരറിയാത്തവരി’ലും പാട്ടുകൾ ഇല്ല. അതുകൊണ്ടു വലിയ ഗുണവും ദോഷവുമില്ല. ഇതു പറയുന്ന സമയത്താണ് തമിഴ് സിനിമയായ ‘നന്ദലാല’ ഓർമ്മ വരുന്നത്. ‘പേരറിയാത്തവർ’ പോലെ പ്രസ്തുത ചിത്രത്തിലും ഒരു മുതിർന്ന വ്യക്തിയും (സമനില തെറ്റിയ) എട്ടു വയസ്സുള്ള കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ചാണ് പറയുന്നത്. സംഭാഷണം കുറവാണെങ്കിലും പാട്ടുകൾ മിഷ്കിൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ (നന്ദലാല) മാറ്റു കൂട്ടുന്നു. അതുപോലെ തന്നെ അതിലെ ഓരോ രംഗവും. എത്ര കാര്യക്ഷമമായാണ് സാമൂഹിക വിഷയങ്ങൾ ‘നന്ദലാലയിൽ’ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ സിനിമയ്ക്കു വേണ്ടി മാത്രമാകരുത്. അതു കാണാൻ കാണികളുണ്ടാകണം. മടങ്ങി പോകുന്പോൾ, എന്തെങ്കിലും പരസ്പരം പറയാൻ കഴിയണം. അതുതന്നെയാണ് ഒരു നല്ല സിനിമയുടെ വിജയം. അല്ലാതെ സിനിമകളെ ‘ആർട്ട്’ എന്നും ‘കമേഷ്യൽ’ എന്നും വേർതിരിക്കേണ്ടതില്ല. സിനിമ ആർട്ടാണ്. അതു കലയാണെന്നുള്ള ബാലപാഠം തിരിച്ചറിയണം. അങ്ങനെ വരുന്പോൾ പാട്ടും നൃത്തവും എല്ലാം സന്നിവേശിപ്പിക്കാൻ കഴിയും. അതിനു കലാചാതുരി വേണം. നിസംശ്ശയം പറയാം −ഇവരെല്ലാം കഴിവുള്ള സംവിധായകർ തന്നെ. അവർ കുറച്ചുകൂടി സഹിഷ്ണുത കാട്ടണം. മറ്റുള്ളവരുടെ സിനിമകൾ കാണാൻ സമയം കണ്ടെത്തണം. തന്‍റേതു മാത്രമാണ് ഉത്തമ കലാസൃഷ്ടി എന്ന വ്യാമോഹം കളയണം.