YES YOU CAN!


നീയൊരു പെണ്ണാണ് മറക്കേണ്ട!. സ്വന്തമായി എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ ഒരുങ്ങുന്പോൾ, അതുമല്ലെങ്കിൽ സമൂഹമിത്രയും കാലമായി ശീലിച്ചു വന്ന ശീലക്കേടുകളിൽ നിന്നും മാറിച്ചിന്തിക്കുന്നു എന്ന് മറ്റുള്ളവർക്ക് തോന്നിത്തുടങ്ങുന്പോൾ മിക്ക പെൺകുട്ടികൾ/ സ്ത്രീകൾ നേരിടേണ്ടി വരുന്നൊരു പ്രധാന ശാസനയാണിത്. മൂന്നാം ലോകരാഷ്ട്രങ്ങളിലെ ബഹുഭൂരിപക്ഷം പെൺകുട്ടികളും ഭാഷയുടെ അന്തരമുണ്ടെങ്കിലും, ഈയൊരു ശാസന ലഭിച്ചിട്ടുള്ളവരായിരിക്കും. മനുഷ്യരിൽ ഒന്നാംലിംഗം ആണാണ് എന്ന വിശ്വാസം സാമൂഹികജീവിതം തുടങ്ങിയ കാലം തൊട്ടേ ഉള്ളിൽ അടിയുറഞ്ഞു പോയതുകൊണ്ടാകാം സ്ത്രീകളുടെ ചുവടു വെയ്പുകൾക്കെല്ലാം ‘പെണ്ണാണ് മറക്കേണ്ട’ എന്ന ശാസന അകന്പടി സേവിക്കുന്നതും. 

പിതാ രക്ഷതി കൗമാരേ! ഭർ‍ത്താ രക്ഷതി യൗവനേ! പുത്രോ രക്ഷതി വാർദ്ധക്യേ! ന സ്ത്രീ സ്വാതന്ത്ര്യമർഹതി!! മതേമതു തന്നെ ആയാലും ഒരു ശരാശരി ഇന്ത്യക്കാരന്റെ ഉള്ളിൽ സ്ത്രീക്കുള്ള സ്ഥാനമാണ് ഇന്നും മനുസ്മൃതിയിലെ ഈ ശ്ലോകം. ബാല്യ−കൗമാര കാലങ്ങളിൽ പിതാവിനാലും, യൗവ്വനത്തിൽ ഭർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെട്ടു കൊണ്ട് തനിക്ക് വിധിച്ചിരിക്കുന്ന ചുറ്റളവുകൾക്കുള്ളിൽ ജീവിക്കേണ്ടവളാണ് സ്ത്രീ. കാലമെത്ര മുന്നോട്ടു പോയിട്ടും ഈയൊരു മാനസികാവസ്ഥ മാറിയെന്നും കരുതുക വയ്യ. കുലീനയായ വീട്ടമ്മ, കുടുംബത്തിന്റെ ഐശ്വര്യം തുടങ്ങിയ ആസ്ഥാന പദവികൾ മുതൽ, MPhill കഴിഞ്ഞ മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അടുക്കള പണിയെല്ലാം ഭംഗിയായി ചെയ്യും എന്ന് പറയുന്ന രക്ഷിതാക്കളുടെ അഭിമാനത്തിൽ വരെ നമ്മുടെ സമൂഹം പെണ്മക്കളെ വളർത്തുന്നത് എന്തിനു വേണ്ടിയെന്ന സത്യം തെളിഞ്ഞു നിൽപ്പുണ്ട്. എന്തെല്ലാം പറഞ്ഞാലും നീയൊരു പെണ്ണല്ലേ എന്ന സിനിമകളിലെ സ്ഥിരം ക്ലീഷേ ഡയലോഗ് മുതൽ, സ്വന്തം ജോലിസ്ഥലത്ത് ഒരു സ്ത്രീക്ക് സ്ഥാനക്കയറ്റം ലഭിച്ചാൽ, ‘ഹാ അവൾ വിചാരിച്ചാൽ ഇതല്ല ഇതിലപ്പുറവും ലഭിക്കും’ എന്ന നാലാംകിട പരദൂഷണം പറച്ചിലിലും, നിങ്ങൾക്കെല്ലാം പറഞ്ഞിട്ടുള്ളത് അച്ചടക്കമുള്ള ഭാര്യാപദവിയാണ് എന്ന ധ്വനി ഉള്ളിലലിഞ്ഞു കിടപ്പുണ്ട്. ഈ കാലഘട്ടത്തിലും സ്വന്തം മകൾ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ വിലക്കുന്ന, കലാമേളകളിൽ മാറ്റുരയ്ക്കുന്നത് ഇഷ്ടമില്ലാത്ത അതുമല്ലെങ്കിൽ കുറച്ചിലായി കാണുന്ന മാതാപിതാക്കളും നമ്മുടെ നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുമുണ്ട്. 

സ്ത്രീയെ മാതാവായി കരുതുന്നൊരു രാജ്യത്തിൽ, സ്ത്രീ സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനത്തിലെ ജനതയെ എന്തുകൊണ്ടിത്രയും നിശിതമായി വിമർശിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ തെളിവുകൾ ധാരാളമായി മുന്നിലുണ്ട്. 2004ൽ ഇന്ത്യയിലെ സ്ത്രീകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 31 ശതമാനമായിരുന്നെങ്കിൽ 2011 ആയപ്പോഴേയ്ക്കും അത് 24 ശതമാനമായി കുറയുകയാണ് ഉണ്ടായത്. ബാല്യവിവാഹങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്ന ഇന്ത്യയിലെ നാൽപ്പത്തി രണ്ടു ശതമാനം പെൺകുട്ടികൾ പ്രായപൂർത്തി ആകുന്നതിനു മുന്പേ വിവാഹം കഴിച്ചു അയയ്ക്കപ്പെടുന്നവർ ആണ്. ഇരുപത്തിമൂന്നു ശതമാനം പെൺകുട്ടികൾ വയസ്സറിയിക്കുന്ന പ്രായം മുതൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു. ഇതിനെല്ലാം പ്രധാന കാരണമായി മാറുന്നത് മതവിശ്വാസവും, ബന്ധു−മിത്രാദികളുടെ നിർബന്ധങ്ങളും ആണെന്നത് മറ്റൊരു വസ്തുത. കണക്കിൽ പിന്നിലെങ്കിലും കേരളവും ബാല്യവിവാഹങ്ങളുടെ എണ്ണത്തിൽ പിറകിൽ അല്ല. പുതിയ കണക്കുകൾ അനുസരിച്ചു കേരളത്തിലെ പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളിൽ വിവാഹിതരായാവർ ഇരുപത്തി മൂവായിരത്തിൽ കൂടുതലാണ്. 

പ്രായപൂർത്തിയായ ശേഷം വിവാഹം കഴിച്ചയയ്ക്കപ്പെടുന്നവരുടെ കാര്യമാണെങ്കിലോ അതിലും രസകരമാണ്. കേരളത്തിലെ പെൺകുട്ടികളുടെ ശരാശരി വിവാഹ പ്രായം ഇരുപത്തി രണ്ടും, പുരുഷന്മാരുടെതു ഇരുപത്തിയെട്ടും ആണ്. അഥവാ മകളുടെ വിവാഹം നടക്കുന്നത് വരെ വീട്ടിൽ ഇരുത്തേണ്ടല്ലോ എന്ന് കരുതി മാത്രം പഠിക്കാൻ വിടുന്ന രക്ഷിതാക്കളാണ് കൂടുതലും എന്നർത്ഥം. നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരുപത്തിയഞ്ച് ശതമാനം തികച്ചില്ല എന്നും ഓർക്കുക. കേരളത്തിലെ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്കിടയിൽ ഒരു സർവ്വേ നടത്തിയാൽ തന്നെ മനസ്സിലാകും വിവാഹത്തോടെ കലാ, കായിക, ഔദ്യോഗിക മേഖലകളിലെ സ്വന്തം സ്വപ്നങ്ങൾക്ക് അന്ത്യം കുറിക്കേണ്ടി വന്നവരുടെ ശതമാനം എത്രയാണ് എന്ന്. ഈയൊരു ശതമാനക്കണക്ക് കണ്ടു ലജ്ജിക്കേണ്ടത് കേരളത്തിലെ പുരുഷ സമൂഹം തന്നെയാണ്. 

ഇന്ത്യക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കലാകായിക ബിസിനസ് രംഗങ്ങളിൽ വിജയിച്ച നിരവധി സ്ത്രീകളുണ്ട്. എങ്കിൽ തന്നെയും ജനസംഖ്യാ അനുപാതം നോക്കിയാൽ ഇത്തരക്കാർ അതി ന്യൂനപക്ഷം മാത്രമായി ഇത് മാറുകയും ചെയ്യും. ഇവരിൽ ഭൂരിഭാഗം പേരോടും ചോദിച്ചു കഴിഞ്ഞാൽ ആദ്യകാലങ്ങളിൽ തങ്ങൾ സമൂഹത്തിൽ നിന്നും നേരിട്ട പിന്തിരിപ്പിക്കലുകളുടെ നിരവധി കഥകളും നമുക്ക് ലഭിക്കും. റിയോ ഒളിന്പിക്സിൽ ഇന്ത്യയ്ക്കായി ആകെ മെഡൽ നേടിയത് പെൺകുട്ടികൾ ആയിരുന്നു. ഇതിനെ തുടർന്ന് നടന്ന ചർച്ചകളിൽ കണ്ടത്, പെൺകുട്ടികൾക്ക് അവർക്കിഷ്ടമുള്ള മേഖലകളിൽ പ്രചോദനം നൽകുന്നതിൽ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും പരാജയം തന്നെയാണ് എന്നാണ്. ഉത്തരേന്ത്യയിൽ മാസമുറ ആരംഭിക്കുന്പോൾ അവസാനിക്കുന്ന സ്വപ്‌നങ്ങൾ ആണ് ഒരു പെൺകുട്ടിക്കുള്ളതെങ്കിൽ, കേരളമടക്കമുള്ള വികസിത സംസ്ഥാനങ്ങളിൽ വിവാഹത്തോടെ അവസാനിക്കുന്ന സ്വപ്‌നങ്ങൾ ആയി അത് മാറുന്നു. ഇവിടങ്ങളിൽ എല്ലാം പെൺകുട്ടികൾക്ക് ലഭിക്കാതെ വരുന്ന ഒരു പ്രധാനഘടകം പ്രചോദനമാണ്. ആരെങ്കിലുമൊരാൾ പിന്തുണയ്ക്കാൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് നിരാശയോടെ ആഗ്രഹിക്കുന്ന പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. 

പ്രചോദനം എന്ന പദം ഓരോ വ്യക്തിയുടെ ജീവിതത്തിലും, അതുവഴി സമൂഹത്തിലും കാതലായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നൊരു കരുത്താർന്ന പദമാണ്. വ്യക്തിത്വ വികസനം പോലും ഒരു കോഴ്സ് എന്ന നിലയിൽ നടത്തപ്പെടുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ ചുവടുവെയ്പുമായി സമൂഹത്തിനു മുന്നിൽ വരികയാണ് ആരെയും പ്രചോദിപ്പിക്കുന്ന രീതിയിൽ പേരിട്ടിരിക്കുന്ന "I CAN , YOU CAN"എന്ന സംരംഭം. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയ കണ്ണൂർ സ്വദേശിനികളായ മുനീറ, ടീന, ജിഹാൻ എന്നീ മൂന്നു വീട്ടമ്മമാർ ആണ് ഈ ഒരു സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം ഒരു സംരഭം എന്ന ചോദ്യത്തിന് ഇവർ നൽകുന്ന ഉത്തരം തന്നെ സംരംഭത്തിന്റെ മേന്മ വെളിവാക്കുന്നുമുണ്ട്. 

ഹൈസ്‌കൂൾ കാലഘട്ടം തൊട്ടേ സഹപാഠികളും, സുഹൃത്തുക്കളുമായിരുന്നു മൂന്നു പേരും. വിവാഹിതരായതും ഏകദേശം ഒരേ കാലയളവിൽ തന്നെ. 20, 21 വയസ്സിൽ വിവാഹിതരായി സ്വന്തം ഭർത്താക്കന്മാരോടൊപ്പം പ്രവാസികളായി മാറിയ ശേഷം ടീന ബഹ്‌റിനിലും, ജിഹാൻ ദുബൈയിലും ഉദ്യോഗങ്ങൾ നേടി, മുനീറ വീട്ടമ്മയുടെ വേഷവും അണിഞ്ഞു. വ്യത്യസ്ത ഇടങ്ങളിൽ ആയിരുന്നുവെങ്കിലും സൗഹൃദം മുറിയാതെ മൂവരും കാത്തുസൂക്ഷിച്ചു. 

പിന്നീടുള്ള സൗഹൃദ ചർച്ചകളിൽ തങ്ങളുടെ സ്‌കൂൾ കാലഘട്ടങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കാതെ പോയ കഴിവുകൾ പലപ്പോഴും ചർച്ചകളായി വന്നപ്പോഴാണ്, തങ്ങൾക്ക് പ്രചോദനം ലഭിക്കാതെ പോയതു പോലെ ഇനിയുള്ള തലമുറയും മാറരുത് എന്നൊരു ചിന്ത മൂവരിലും ഉണർന്നത്. ആ ചിന്തയ്ക്ക് മൂവരുടെയും ഭർത്താക്കന്മാർ തന്നെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, I CAN, YOU CANഎന്ന സംരഭം രൂപം കൊള്ളുകയും ചെയ്തു. ‘എനിയ്ക്കും സാധിക്കും, നിങ്ങൾക്കും സാധിക്കും’ എന്ന ചിന്ത വളർത്തുന്നതിലൂടെ തീരുമാനമെടുക്കാനുള്ള ശക്തി നൽകുക, മാനസിക സമ്മർദ്ദത്തിലെ കൈകാര്യം ചെയ്യാൻ പഠിക്കുക, ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കാനുള്ള ശേഷിയുണ്ടാക്കുക, ടൈം മാനേജ്‌മെന്റ്, േസ്റ്റജ് ഫിയർ മാറ്റുക, വ്യക്തിത്വ വികസനം ഉണ്ടാക്കുക തുടങ്ങി പെൺകുട്ടികളെ അലട്ടുന്ന ഒട്ടു മിക്ക പ്രശ്ങ്ങൾക്കും പരിഹാരം നൽകണം എന്ന ചിന്തയാണ്, ഇവർ പ്രാവർത്തികമാക്കുന്നത്. വളരെ ചെറിയൊരു തുക ഈടാക്കിക്കൊണ്ട് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഒരു കോഴ്സ് ആണ് ഇവർ നടത്തുന്നത്. കഴിഞ്ഞ മാസം മുതൽ ആരംഭിച്ച ഈ സംരംഭം കൊണ്ട് ഇതിനകം ഇരുപതോളം കുട്ടികൾക്ക് ട്രെയിനിംഗ് നൽകാനായതായി ഇവർ പറയുന്നു. തങ്ങളുടെ ഉദ്യമം കൊണ്ട് പെൺകുട്ടികൾക്ക് ഗുണം ലഭിക്കുന്നുണ്ടെന്നും, കോഴ്‌സിന് വന്നവർ തന്നെ അതംഗീകരിക്കുന്നത് സന്തോഷകരമാണെന്നും ഇവർ പറയുന്നു. 

 

പ്രതിമാസം രണ്ടു കോഴ്‌സുകൾ വീതം നടത്താനാണ് ഇവർ ലക്ഷ്യമിടുന്നത്. കണ്ണൂർ സെൻട്രൽ സ്‌ക്വയറിൽ ആരംഭിച്ച ഈ പദ്ധതി ഭാവിയിൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് ഇവർ. പ്രവാസജീവിതത്തിൽ തങ്ങൾ സ്വരൂപിച്ചു വെച്ച പണം തന്നെയാണ് സംരംഭത്തിന്റെ മൂലധനമെന്നും, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എല്ലാവിധ പിന്തുണയും സഹകരണവും തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. പെൺകുട്ടികളെ കൂടാതെ വീട്ടമ്മമാർക്കും സ്വയം തൊഴിൽ നൽകാനും ഇവർ ലക്ഷ്യമിടുന്നുണ്ട്. 

തിരക്കേറിയ ജീവിതത്തിനിടയിൽ രക്ഷിതാക്കൾക്കും കുട്ടികളുടെ മേൽ പൂർണ്ണ ശ്രദ്ധ നൽകാൻ കഴിയാതെ വരുന്പോൾ, അത് കൂടുതലായി ബാധിക്കുന്നതും പെൺകുട്ടികളെയാണ്. ആൺകുട്ടികൾ സുഹൃത്തുക്കളുടെ ഇടയിൽ സമയം ചിലവിടുന്പോൾ, പെൺകുട്ടികൾക്ക് മുന്പിൽ പരിമിതികൾ ഏറെയുണ്ട്. ഈ സത്യം ഉൾക്കൊണ്ടാകും ഐ ക്യാനിന്റെ ഓരോ പ്രവർത്തനങ്ങളെന്നും ഇവർ പറയുന്നു. തങ്ങളുടെ മുന്പിൽ വരുന്ന ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറാൻ ഈ പ്രോഗ്രാം കൊണ്ട് സാധിക്കുമെന്നും അവർ വിശ്വസിക്കുന്നു. ഓരോ പെൺകുട്ടിയും I CAN എന്ന് പറയുന്ന ഒരു കാലത്ത് നമുക്ക് അവരോടും പറയാൻ സാധിക്കട്ടെ... "YES YOU CAN " !!

ലക്ഷ്മി ബാലചന്ദ്രൻ 

You might also like

Most Viewed