മിഴാവ്
നിതിൻ നാങ്ങോത്ത്
കൂടുതൽ പ്രശസ്തി, കൂടുതൽ ഉയർച്ച, കൂടുതൽ പണം!!! വേഗതയുടെ ഗ്ലോബൽ വില്ലേജിലൂടെ മുൻ പിൻ നോക്കാതെ പരക്കം പായുകയാണ് നമ്മൾ. ഈ ആർത്തിയിലും ആസക്തിയിലും സ്വന്തം ‘ഗോൾ’ സെറ്റ് ചെയ്ത്!! ‘മണി ഓറിയന്റായിട്ടുള്ള ഒരു വാനിറ്റി സൊസൈറ്റി നമ്മളിൽ നിന്നും ആവശ്യപ്പെടുന്നതും അത് തന്നെയാണ്. ജീവിതത്തിന്റെ മാനേജ്മെന്റിൽ വൈദഗ്ദ്ധ്യം നേടിയവർ മാത്രം ജയിച്ചു കയറുന്ന അന്തരീക്ഷം. കുതിച്ചും കിതച്ചും ഓടിയവരിൽ പലരും ഫിനിഷിംഗ് പോയന്റിലെത്തുന്പോഴേക്കും നൈരാശ്യത്തിന്റെ വിഷാദ മഴയിൽ നനഞ്ഞ് ചിറകൊട്ടി, ഇനിയൊരു പറക്കലിന് ബാല്യമില്ലാത്ത വിധം അരികുവൽക്കരിക്കപ്പെടുന്നു.
മരണക്കിടക്കയിൽ നീ ഖേദിക്കുക, ഓഫീസിൽ കൂടുതൽ സമയം പാഴാക്കിയതിനെക്കുറിച്ചായിരിക്കും. ഈ വാക്കിന്റെ നന്മയെ സ്പോഞ്ച് പോലെ ഒപ്പിയെടുത്തപ്പോൾ ഹൃദയത്തിൽ ഒരു പൂ വിരിഞ്ഞു. കുടുംബത്തിൽ ഒരു സംഗീതമുണ്ടായി. ജീവിതത്തിന് ഒരു താളവും അർത്ഥവുമുണ്ടായി. ഞാൻ എന്ന കാല്പനികതയിൽ നിന്നും നമ്മൾ എന്നുള്ള റിയാലിറ്റിയിലേക്ക് ജീവിതം പറിച്ചു നട്ട പോലെ. പതിനൊന്നു വർഷങ്ങൾക്കപ്പുറം കൃത്യമായി ഇതുപോലെ ഒരു സെപ്തംബറിൽ ഒരു പുസ്തകം വായിച്ചപ്പോഴുണ്ടായ അനുഭൂതിയാണ് മുകളിൽ. പുസ്തകം ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രചോദനാത്മക പ്രഭാഷകൻ റോബിൻ ശർമ്മയുടെ “ദ മങ്ക്് ഹുസോൾഡ് ഹിസ് ഫെറാറി” പുസ്തകം ആരംഭിക്കുന്നത് തന്നെ മഹത്തായ ഈ ഉദ്ധരണിയോടു കൂടിയാണ്.
“ജീവിതമെനിക്ക് ഒരു തുണ്ട് മെഴുകുതിരിയല്ല
ഈ നിമിഷം ഞാൻ കൈയിലേന്തിയിരിക്കുന്ന ദീപശിഖയാണ്.
വരും തലമുറകളിലേയ്ക്ക് കൈമാറും മുന്പ്
എനിക്കത് ആവോളം തേജസിൽ ജ്വലിപ്പിക്കണം.
ജോർജ് ബർണാഡ്ഷായുടേതാണ് ഈ അക്ഷരവെളിച്ചം. സ്വയം പ്രകാശിപ്പിക്കുന്നവരെ പിന്തുടരുക എന്ന സത്യത്തെ മുൻനിർത്തി റോബിൻ ശർമ്മയിൽ നിന്നും പിന്നീടും മാസ്റ്റർ പീസുകൾ പിറവിയെടുത്തു കൊണ്ടിരിക്കുന്നു. ഹു വിൽ ക്രൈ വെൻ യു ഡൈ? (നിങ്ങൾ മരിക്കുന്പോൾ ആര് കരയും? എന്ന ടൈറ്റിലിൽ നമ്മുടെ ധാരണകളെ അടിമുടി പൊള്ളിക്കുന്ന ഒരു പുസ്തകം.
ധ്യാനാത്മക ജീവിതം സ്വപ്നം കാണുന്നവരെ പ്രചോദിപ്പിക്കുന്ന 101 നിർദേശങ്ങളുടെ സഫലത. നിത്യജീവിതത്തിൽ ഒന്ന് മനസ്സു വെച്ചാൽ എല്ലാവർക്കും പ്രാവർത്തികമാക്കാവുന്ന ഡൈനാമിക് ടിപ്സ്. ലോകമെന്പാടുമുള്ള മില്യൺ കണക്കിന് ആളുകൾ തങ്ങളുെട ജീവിതത്തിൽ പകർത്തിയ തെളിയിക്കപ്പെട്ട വിജയ മാർഗ്ഗങ്ങൾ. ബോധോദയത്തിലേയ്ക്ക് കുത്തിയിറക്കപ്പെട്ട ചില ഉദാഹരണങ്ങൾ
1. സത്യസന്ധമായൊരു തത്വശാസ്ത്രം വളർത്തിയെടുക്കുക.
2. പ്രശ്നങ്ങളെ അനുഗ്രഹമായി കാണുക.
3. ഒരു ദിവസം വാച്ചില്ലാതെ ചെലവഴിക്കുക.
4. വാർത്താ ഉപവാസം നേടുക.
5. വൃക്ഷങ്ങൾക്കിടയിൽ നടക്കുക.
6. പരാതിപ്പെടൽ നിർത്തി ജീവിക്കാനാരംഭിക്കുക.
7. ലളിതമായ കാര്യങ്ങൾ ആസ്വദിക്കുക.
8. ജീവിതത്തിന്റെ സി.ഇ.ഒ ആവുക.
9. യോഗ്യരായ എതിരാളികളെ തിരഞ്ഞെടുക്കുക.
10. വീട്ടിലേയ്ക്ക് പോകും മുന്പ് സമ്മർദ്ദത്തെയൊഴിവാക്കുക.
11. ആളുകളുടെ കൃഷ്ണമണിക്ക് പിറകിൽ സ്ഥാനം പിടിക്കുക.
എന്തൊക്കെ ഉണ്ടായാലും മനസ് ചില സമയങ്ങളിൽ നമ്മെ പറ്റിച്ചു കളയും. നമ്മുടെ ബാറ്ററി കംപ്ലീറ്റ് ഡൗൺ ആയിപ്പോവുന്ന പ്രതീതി. നൈരന്തര്യത്തിന്റെ വിഷാദതീരത്ത് താടിക്ക് കൈയും കൊടുത്ത് മന്ദതയിലസ്തമിക്കാൻ ഒരുങ്ങുന്പോഴാണ് ഇത്തരം വൈറ്റാമിൻ ടോണിക്കുകൾ നിറച്ച സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ നമ്മുടെ വഴികളിൽ ബ്രൈറ്റ് ലൈറ്റ് ആവുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാനേജ്മെന്റ് ഗുരുവായ ഭഗവാൻ കൃഷ്ണൻ യുദ്ധഭൂമിയിൽ പകർന്ന മോട്ടിവേഷൻ തന്നെ ഇതും. അർജുനന്റെ ആർജ്ജവോർജ്ജം. സ്വന്തം കഴിവുകൾ തിരിച്ചറിയാതെ അടങ്ങി ഒതുങ്ങിക്കഴിയുന്ന ഹനുമാനെ പ്രവർത്തന സജ്ജനാക്കി ലങ്കയിലേയ്ക്ക് പറപ്പിച്ച സാക്ഷാൽ ജാംബവാന്റെ തന്ത്രം. പ്രചോദനം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ ആർക്കും എവിടെ വേണമെങ്കിലും എത്തിച്ചേരാം എന്ന തിയറി. സത്യത്തിൽ ഉറക്കം തൂങ്ങുന്ന പശുക്കളാകാനല്ലല്ലോ നമ്മൾ പിറവിയെടുത്തിരിക്കുന്നത്? കുളന്പടിച്ചു പായുന്ന കുതിരകളാവാനാണ് ഇത്തരം വായനകൾ നമ്മളെ സഹായിക്കുക.
റോബിൻ ശർമ്മയുടെ മെഗാലിവിംഗും, ദ ഗ്രേറ്റ്നസ് ഗൈഡും, ഫാമിലി വിസ്ഡമും സെൽഫ് ഇംപ്രൂവ്മെന്റ് ശാഖയിലെ ബൈബിളായി ലോകം ആഘോഷിക്കുന്നുണ്ട്.
റോബിൻ ശർമ്മ ഒരിടത്തു പറയുന്നുണ്ട്. സ്വന്തമായുള്ളതെല്ലാം ഇന്നിനു കൊടുക്കുന്നതാണ് നാളെയോടു ചെയ്യാവുന്ന ഏറ്റവും വലിയ ഔദാര്യം എന്ന്. ഒരിക്കലും ലഭിക്കാത്ത എന്തിനോ വേണ്ടി പരക്കം പായുന്ന നമ്മളോട് എന്തിനാണീ തിരക്ക് എന്ന മൂർച്ചയുള്ള ചോദ്യം! വർത്തമാന കാലത്തിലും ആനന്ദത്തിലും ഹൃദയത്തിലും സന്പൂർണ്ണതയിലും ജീവിക്കേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ. ജീവിതം ഒരിക്കലേ ഉള്ളൂ. അത് മരണത്തിൽ കൊണ്ടുപോയി ഉടച്ചു കളയേണ്ട ഒന്നല്ല. ദൈവം നമ്മൾക്ക് പഞ്ചേന്ദ്രിയങ്ങൾ തന്നിരിക്കുന്നത് അതുപയോഗിച്ച് ഈ പ്രപഞ്ചത്തെ കോരിക്കുടിക്കാനാണ്. നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങളെപ്പറ്റി ആലോചിച്ച് നിരാശപ്പെടുന്ന മനുഷ്യനായിരിക്കും ലോകത്തിലെ ഏറ്റവും പരാജയപ്പെട്ട മനുഷ്യൻ. അതിനാൽ, നമ്മുടെ ഹൃദയത്തിലെ അഗ്നിയെ ജ്വലിപ്പിക്കാൻ ഇത്തരം നന്മകൾ, നല്ല പുസ്തകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കഥയും നോവലും നാടകവും സിനിമയും ഹൃദയദ്രവീകരണ ശക്തിയുള്ള വായനകൾ നമ്മൾക്ക് സമ്മാനിക്കുന്നു. എന്നാൽ ഹൃദയത്തിനപ്പുറം തലച്ചോറുകളെയാണ് മോട്ടിവേഷൻ പുസ്തകങ്ങൾ ടാർഗറ്റ് ചെയ്യുന്നത്. ഹൃദയത്തിന് ചോദ്യങ്ങളില്ലല്ലോ? ചോദ്യങ്ങൾ മുഴുവൻ ശിരസ്സിലല്ലേ? ശിരസ്സ് ചോദ്യങ്ങളുടെ സംഭരണിയാകുന്നു. സത്യത്തിൽ ഉത്തരം കിട്ടാത്ത എത്ര ചോദ്യങ്ങളുടേതാണ് നമ്മുടെ ഈ ചെറിയ ജീവിതം....? പ്രണയം.