കാരണം ഞാനൊരു വേശ്യയാണ്...
ഡോ. ജി. ജയകുമാർ
ഏതാനും ദിവസങ്ങൾക്കുമുന്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ സന്ദർശനം നടത്തിയത്. പ്രസംഗത്തിനിടയിൽ ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ചത്ത പശുവിന്റെ തോൽ ഉരിഞ്ഞതിനു അവിടെ ദളിതർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ഊനായിൽ തുടങ്ങിയത് ഇപ്പോൾ ഒരു ജനമുന്നേറ്റമായി മാറിയിരിക്കുന്നു. ജാംനഗറിൽ ഒരു ജലപദ്ധതിയുടെ ഉദ്ഘാടനചടങ്ങിൽ മോദി ആംഗ്യംവഴി പത്രക്കാരെ മാറി നിൽക്കാൻ പറഞ്ഞതാണ് വാർത്തയായത്. മോദി അവരെ രക്ഷിച്ചു! നല്ലകാര്യം.
ഈ അവസരത്തിലാണ്, ഇരുപത് വയസ്സുകാരിയായ സോണൽ ചൗഹാൻ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയത്. കത്തിലെ ഉള്ളടക്കം പ്രശസ്ത പത്രപ്രവർത്തകനായ പ്രശാന്ത് ദയാൽ സോണൽ ചൗഹാനുമായി നടത്തിയ അഭിമുഖമാണ്. ഗുജറാത്തിയിലുള്ള പ്രസ്തുത കത്ത് ഇംഗ്ലീഷിൽ മൊഴിമാറ്റിയത് 2002 ലെ ഗുജറാത്ത് കലാപത്തിൽ പങ്കെടുത്ത് കാൻസർ ബാധിച്ച് മരിച്ച മുകുൽ സിൻഹയുടെ മകൻ പ്രതീക് സിൻഹയാണ്.
സോണലിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ:
“ഞാൻ നിങ്ങളെ ‘സാഹേബ്’ എന്ന് അഭിസംബോധന ചെയ്യില്ല കാരണം നിങ്ങൾ പ്രധാനമന്ത്രിയാണെങ്കിലും ഞങ്ങളിൽ ഒരാളാണ്. നിങ്ങൾ ഇന്ന് അഹമ്മദാബാദിൽ വന്നു, ഞാൻ നാരിസംരക്ഷൺ ഗ്രഹിലുണ്ട്. എന്റെ ഗ്രാമം വാഡിയ ആണെങ്കിലും ഞാനിപ്പോൾ അഹമ്മദബാദിലെ തെരുവിലാണ്. എന്റെ ഗ്രാമമായ വാഡിയയെകുറിച്ചു നിങ്ങൾക്ക് അറിയാമായിരിക്കാം. പാലന്പ്പൂരിൽ നിന്നും 70 കി.മീറ്റർ അകലെ. എന്റെ ഗ്രാമത്തിന്റെ പേർ ഇന്ന് മോശപ്പെട്ടതാണെങ്കിലും എല്ലാ ദിവസവും അറിയപ്പെടുന്ന പല പ്രഗത്ഭരും അവിടെ വരാറുണ്ട്. ചിലപ്പോൾ ചുവന്ന ലൈറ്റോടുകൂടിയ കാറുകളിലായിരിക്കും. എന്റെ ജോലി അവരെ തൃപ്തിപ്പെടുത്തുകയാണ്. എന്റെ അമ്മയും അമ്മൂമ്മയും ഇതേ തൊഴിലാണ് ചെയ്തത്. ഭാവിയിൽ എനിക്ക് ഒരു പെൺ മകൾ ഉണ്ടായാൽ, അവളും ഇതുതന്നെ ചെയ്യാൻ നിർബ്ബന്ധിക്കപ്പെടും.
ഞാൻ എന്റെ മകളെക്കുറിച്ചു പറയുന്നതുകൊണ്ട് പറയട്ടെ, എന്റെ അമ്മ ഈ തൊഴിൽ സ്വീകരിച്ചത് വിധി എന്ന് പറഞ്ഞാണ്. അവരുടെ ആ തീരുമാനത്തോടു എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് വീടുവിട്ടത്. ഞാൻ ഇതു ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, ‘ദന്ദാ’ എന്ന് പറയുന്ന ഈ പ്രവൃത്തി.എനിയ്ക്കൊരു മകളുണ്ടെങ്കിൽ അവളെ ഈ നരകത്തിൽ തള്ളിവിടില്ല.
സ്കൂളിൽ പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പഠിക്കാനും കളിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ വിധി മറ്റൊന്നായിരുന്നു. ഞാൻ ഇന്നും ഓർക്കുന്നു. വീട്ടുമുറ്റത്ത് ‘ഘർ ഘർ’ കളിക്കുകയായിരുന്നു, അപ്പോഴാണ് ആർത്തവമുണ്ടായത്. ഞാൻ വേദനകൊണ്ടു പുളയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷേ, എന്റെ അമ്മയ്ക്കു സന്തോഷമായിരുന്നു. പിന്നീട്, അമ്മ ഒരു ദിവസം പറയുകയാണ് ഞാനും ‘ദന്ദാ’യിൽ ചേരണം. ഞാൻ കരയാൻ തുടങ്ങി. മാറിനിൽക്കാൻ ശ്രമിക്കുന്പോൾ, അടിയും തൊഴിയുമാണ് ഫലം. എല്ലാ ദിവസവും കിട്ടുന്ന പ്രഹരത്തിൽ നിന്നും രക്ഷപ്പെടാനുള്ള ധൈര്യമില്ലായിരുന്നു.
എന്റെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കൂ. എനിക്ക് ഇവിടെ വരുന്നവരെ അറിയില്ല. എനിക്ക് അവരോടു സ്നേഹമൊന്നും ഇല്ല. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ഇവർ എങ്ങനെയാണ് എന്നെ ഉപയോഗിച്ചത് കൊടുത്ത പണം അവർക്കു മുതലാക്കണം, പരമാവധി. എന്താണ് ജീവിതമെന്നുപോലും അറിയില്ലായിരുന്നു. ജീവിതം ഇത്രമാത്രം ക്രൂരമാണെന്ന് അറിഞ്ഞില്ല. എന്റെ ഗ്രാമത്തിൽ എല്ലായെപ്പോഴും ഇതു നടക്കുന്നു, എല്ലാ ദിവസവും, എല്ലാ മണിക്കൂറിലും. ഇതു എന്റെ കാര്യം മാത്രമല്ല, എന്റെ കൂട്ടുകാരികൾക്കും, സഹോദരിമാർക്കും എല്ലാം ഇതുതന്നെ അനുഭവം. അവരും അറിഞ്ഞുകൊണ്ട് ‘ദന്ദാ’യിൽ പെടാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് പഠിക്കണം, സ്വന്തം രാജകുമാരനെ കണ്ടെത്താൻ കഴിയണം. അങ്ങനെ ജീവിതം കെട്ടിപ്പടുക്കണം. സമൂഹത്തെക്കുറിച്ചു പറയുന്നതുകൊണ്ട് പറയട്ടെ, ഞങ്ങൾക്കെല്ലാം അറിയാം ഞങ്ങളുടെ അമ്മമാരെ, പക്ഷെ അച്ഛൻ ആരാണെന്ന് അറിയില്ല. ഞങ്ങളുടെ അമ്മമാർക്ക് പോലും അറിയില്ല.
എനിക്ക് സഹോദരന്മാർ ഉണ്ട്. അവർ ജോലി ചെയ്യില്ല. പകരം, ദേശീയപാതയുടെ വക്കത്ത് പോയി നിൽക്കും. എന്തിനാണെന്നറിയാമോ, ആവശ്യക്കാരെ കൂട്ടിക്കൊണ്ടുവരാൻ. ഇവരൊക്കെ ദല്ലാളന്മാരാണ്. അവർക്ക് പോലീസും ഭരണകൂടവുമായി നല്ല അടുപ്പമാണ്. ഇവിടുത്തെ പണം പലിശയ്ക്കു കൊടുക്കുന്നവരും ഇങ്ങനെതന്നെ. എന്റെ അമ്മയ്ക്കും മറ്റും അവർ പണം കടം കൊടുത്തിട്ടുണ്ട്. ജീവിതം മുഴുവൻ അതിനു പലിശകൊടുക്കണം. ആവശ്യക്കാരെ തൃപ്തിപ്പെടുത്തുക വഴി. ക്ഷമയ്ക്ക് ഒരു അറുതിയുണ്ട്. എന്റെ സഹനശക്തിക്ക് അപ്പുറമാണ്. ഇനി ഇതു സഹിക്കാൻ കഴിയില്ല. ആദ്യം തറാട് പോലീസ് േസ്റ്റഷനിൽ പരാതിപ്പെടാൻ ആലോചിച്ചു. പിന്നെ, വിചാരിച്ചു അതിൽ കാര്യമില്ല. കാരണം ദല്ലാളന്മാരും രാഷ്ട്രീയക്കാരും എപ്പോഴും ഒത്തുകൂടുന്നത് അവിടെയാണ്. ഞാൻ കേട്ടിട്ടുണ്ട്, ഒരു പഴഞ്ചൊല്ലാണ് - പോലീസ് മരിച്ചവരിൽ നിന്നും, കശാപ്പുകാരിൽ നിന്നും, വേശ്യകളിൽ നിന്നും പണം വസൂലാക്കില്ലയെന്ന്. പക്ഷേ, എന്റെ വാഡിയ ഗ്രാമത്തിൽ മറിച്ചാണ്. അവർ ‘വേശ്യപണം’ കൈപ്പറ്റും. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഇവർക്കും പെണ്മക്കളില്ലേയെന്ന്.
പോലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം വർഷങ്ങളായി തിരിച്ചടിക്കാനുള്ള കഴിവ് ഞങ്ങൾക്ക് നഷ്ടമായിട്ട്. എന്നാലും ഞാൻ പോരാടാൻ തന്നെ തീരുമാനിച്ചു. ഒന്നുറപ്പാണ്, ആരും മരിച്ചുവീഴാതെ ഒരു മാറ്റവും പ്രതീക്ഷിക്കണ്ട. എന്റെ ജീവൻതന്നെ അപകടത്തിലാണ്. ഗ്രാമത്തിലെ ബന്ധുക്കളും ദല്ലാളന്മാരും എന്നെ കണ്ടെത്താൻ ശ്രമിക്കുകയാണ്. എത്രനാൾ ഒളിച്ചുകഴിയാൻ പറ്റും. പക്ഷേ ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മരിക്കേണ്ടി വന്നാലും ‘ദന്ദാ’ യിലേയ്ക്കു ഇനി ഇല്ല. ഞാൻ മരിച്ചാൽ, ചെറിയ അനക്കം ഉണ്ടാകാം. അതു മറ്റു സ്ത്രീകൾക്ക് കരുത്ത് നൽകാം.
നരേന്ദ്ര ഭായി, ഞാൻ യാചിക്കുകയല്ല. ഞാൻ എന്റെ അവകാശങ്ങൾക്കുവേണ്ടി, ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അപേക്ഷിക്കുന്നത്. നിങ്ങൾ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്നൊക്കെ പറയുന്നു. നല്ലതുതന്നെയാണ് നിങ്ങളുടെ ഉദ്ദേശങ്ങൾ. പക്ഷേ ഞാനോ എന്റെ ഗ്രാമമോ നിങ്ങളുടെ റഡാറിലില്ല. ദളിതർ ദളിതർക്കുവേണ്ടി പോരാടും, പട്ടേലുകൾ അവർക്കുവേണ്ടിയും. പക്ഷേ, എന്റെ ഗതി എന്താണ് ഞാനൊരു വേശ്യയാണ്. വേശ്യയ്ക്ക് ജാതിയില്ല, സമൂഹമില്ല. പകൽ വെറുക്കപ്പെട്ടവരും രാത്രിയിൽ ഇഷ്ടപ്പെടുന്നവരുമാണ് ഞങ്ങൾ. എന്റെ ഈ ‘മൻ കീ ബാത്ത്’ കേട്ടതിനുശേഷം നിങ്ങൾ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ കുറച്ച് എഴുതിക്കഴിഞ്ഞു. ഇന്ത്യയുടെ മനസ്സു വായിക്കാൻ നിങ്ങൾക്കറിയാം. ഞാനും ഈ ഇന്ത്യയിൽപ്പെട്ടവളാണ്. ഇതുകഴിഞ്ഞ് നിങ്ങൾ ഡൽഹിയിലേയ്ക്ക് പറക്കും. കൂടെ ഇവിടുത്തെ മുഖ്യമന്ത്രിയും കാണും. അദ്ദേഹം നല്ലവനാണെന്ന് കേട്ടിട്ടുണ്ട്. എന്റെ ചിന്തകൾ അദ്ദേഹവുമായി പങ്കുവെയ്ക്കും എന്ന് കരുതുന്നു. അങ്ങനെയെങ്കിലും വാഡിയയിലെ പെൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞാൽ അതു വലിയ കാര്യമായിരിക്കും.
ഇതുമാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളൂ. അതിനു മാത്രമേ കഴിയുകയുള്ളൂ. കാരണം ഞാനൊരു വേശ്യയാണ്”
ആഗസ്റ്റ് 30-ാം തീയതി സോണൽ ചൗഹാൻ എഴുതിയ ഈ കത്ത് ആരുടെയും കണ്ണുതുറക്കേണ്ടതാണ്. സമൂഹത്തിൽ പുരുഷനും സ്ത്രീയും തുല്യരാണ്. ശരീരം വിറ്റു ജീവിക്കുന്നത് പരിഷ്കൃതലോകത്തിനു ചേർന്നതല്ല, അതു എന്തിന്റെ പേരിലായാലും. ഇതെല്ലാം പുരുഷകേന്ദ്രീകൃതമായ സമൂഹം അടിച്ചേൽപ്പിക്കുന്നതാണ്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വേശ്യാവൃത്തിക്ക് എതിരെ നിയമമുണ്ട്. ഫ്രാൻസിൽ ‘പെയ്ഡ് സെക്സ്’ ഇന്ന് ശിക്ഷാർഹമാണ്. സ്വീഡനിലും നിയമമുണ്ട്. ദുർബലവിഭാഗങ്ങളിൽപ്പെട്ടവർക്കു ശുദ്ധവായു ശ്വസിക്കാനും, മാന്യമായ തൊഴിൽ ചെയ്തു ജീവിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഏതൊരു സർക്കാരിന്റെയും കടമയാണ്. സോണൽ ചൗഹാന്മാർ ഉണ്ടാകുന്നതു തീർച്ചയായും നല്ലതല്ല.