ശരശയ്യ


നിതിൻ നാങ്ങോത്ത് 

 ലോകം മുഴുവൻ സെൽഫി സ്റ്റിക്കാണെന്നും എപ്പോഴും സ്മൈൽ ചെയ്തു കൊണ്ടിരുന്നാൽ മനോഹരമായ പ്രൊഫൈൽ പിക്ചർ കിട്ടും എന്നുമുണ്ടല്ലോ! നമ്മൾ മലയാളികൾ ഈ അടുത്ത കാലത്തൊന്നും വംശനാശം കുറ്റിയറ്റു പോവാനിടയില്ല. കാരണം ചിരി ദീർഘായുസ് കൂട്ടും എന്നല്ലേ? പാർട്ടിക്കാരും പട്ടക്കാരും പള്ളിക്കാരും ചെങ്കോലുകാരുമൊക്കെ കാർട്ടൂൺ കഥാപാത്രങ്ങളായി പഞ്ചുമേനോന്റെ നെഞ്ചുപോലെ തകർത്താടുന്പോൾ ചിരിച്ചു ചിരിച്ചു നമ്മുടെ ഊപ്പാട് ഇളകിപ്പോകും.

ഇന്നലെ തന്നെ നോക്കുക. ഉരുളയ്ക്ക് സ്റ്റീൽ ബോംബു പോലെയായി കാര്യങ്ങൾ. ഉപ്പേരി തിന്നവൻ ദായിച്ച് ദായിച്ച് വെള്ളം കുടിച്ച് ചാവും. വയലിൽ പിതൃശൂന്യഞാറ് നട്ടയാൾക്ക് വരന്പത്ത് കിട്ടിയത് തലയിൽ തക്കാളി കൃഷി നടത്താനുള്ള കൃഷിഭവൻ പേക്കറ്റ് അസുരവിത്താണ്. മലയാള ശബ്ദാതാരാവലിയുടെ ഒരു മൂലയിൽ മൂടിപ്പുതച്ച് ജപ്പാൻ ജ്വരം പിടിച്ച് ഉണങ്ങിപ്പോയ വാക്കും വാക്യവുമെല്ലാം വാക്കത്തി മൂർച്ചയിൽ വിജൃംഭിച്ചിരിപ്പാണ്. അജഗളസ്തനം പോലെയാണ് നമ്മുടെ മന്ത്രിസഭയെന്ന് വാക്കേറ്. അതായത് ആടിന്റെ മുലയിൽ രണ്ടേ പാൽ ചുരത്തൂ എന്നും ബാക്കിയുള്ളവ ഷോക്കേസിൽ വെയ്ക്കാനുള്ളതാണെന്നുമുള്ള ഗൂഗ്ലിബോൾ.

വാക്കെടുത്തവൻ വാക്കാൽ എന്നാണ് പുതുചൊല്ല്. വാക്ക് ഫൈറ്റ് തുടരുന്നു. പൂന്താനത്തിന്റെ കുങ്കുമം ചുമന്ന ഗർദ്ദഭം സവാരിഗിരി നടത്തുന്നു. ‘ഞാനിപ്പാന’കോറസുകാർ കപ്പലണ്ടിക്കമ്യൂണിസ്റ്റ്, ചാരസന്തതി, ജാരസന്തതി, പട്ടിക്കാസ്റ്ററേറ്റ് എന്ന തോതിലാണ് ആക്രമണം. കേപ്പിറ്റൽ പണിഷ്മെന്റ്, കുലംകുത്തി, ശുംഭൻ, പരനാറി തുടങ്ങിയ ഘടാഘടിയൻ വിമർശന പീരങ്കി ഉണ്ടകൾ ഗാലറിയിൽ സുസ്മേരവദനരായി കൈ കെട്ടി ഇരിപ്പുണ്ട്. മലയാള അക്ഷരമാലയ്ക്ക് ഈയടുത്ത് ഏറ്റവുമധികം കോൺട്രിബ്യൂട്ട് ചെയ്തത് ഋഷിരാജ് സിംഗ് സാറാണെന്ന് ദോഷൈകദൃക്കുകൾ ‘ഋ’ എന്ന അക്ഷരം കുംഭകർണ്ണ സേവ കഴിഞ്ഞ് സടകുടഞ്ഞെഴുന്നേറ്റത്, റീഫ്രഷ് ചെയ്യപ്പെട്ടത് സാറിന്റെ പതിനാലിന്റെ ഓ‍ർമ്മപ്പെടുത്തലാണല്ലോ. വാഗർത്ഥവിവ സംപൃക്തൗ... വാക്കുകൾക്ക് അർത്ഥമുണ്ടാകുന്നത് അവ പ്രവ‍ർത്തിക്കുന്ന പരിസരങ്ങളിൽ തന്നെ.

കാര്യങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്ന ഒരു രാഷ്ട്രീയ വിദ്യാർത്ഥിക്ക് നിലവിലുള്ള നാട്യശാസ്ത്രത്തിൽ നിന്നും ഒരുപാട് ചിന്തിക്കാനും പഠിക്കാനുമുണ്ട്. കലുഷിതമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ നിന്നും സുരക്ഷിതമായ അകലം സൂക്ഷിച്ച് മികച്ച കാണിയാവുക, ക്ലാപ്പടിക്കുക അത്രയേ വേണ്ടൂ.

പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോ‍‍‍‍‍‍‍‍ർഡ് കണ്ടാൽ പേടിച്ച് നിൽപ്പിടം നനയുന്നു. നായിന്റെ മോനെ എന്ന വിളികേട്ടാൽ പെരുവിരൽ മുതൽ മൂർദ്ധാവ് വരെ അരിശം കൊണ്ട് വിറയ്ക്കും. ഒരേ ജന്തു ഒരേസമയം രണ്ടു വികാരം ബുദ്ധികോമരങ്ങളായ നമ്മൾ മനുഷ്യരിൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റും പ്രശംസാഫലകവും ആ സാധുമൃഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ഇതിനാൽ അസൂയപ്പെട്ടു കൊള്ളുന്നു.

പരിചയമുള്ള ഒരാളുണ്ട്. തന്റെ ശത്രുക്കളുടെ പേരുകൾ കള്ളുഷാപ്പിന് പിറകിലും മീഞ്ചാപ്പയുടെ സൗജന്യത്തിലും പിഴച്ചു പോവുന്ന തെരുവുനായ്ക്കൾക്കിടും. അവയെ ബിസ്കറ്റും ഇറച്ചിയും മീനും നൽകി പരിപാലിക്കും. കുറച്ചു കാലം കഴിഞ്ഞ് പട്ടികളൊക്കെ മെരുങ്ങി എന്നായാൽ, വാലനക്കം തുടങ്ങിയാൽ, ഇയാൾ തന്നെ നാട്ടാർക്കിടയിൽ ആ വാർത്ത പ്രചരിപ്പിക്കും. പട്ടികളിൽ ചിലതിന് പേയുണ്ടെന്ന്. പാവം നാട്ടുകാർ പ്രാണരക്ഷാർത്ഥം എത്രയും വേഗത്തിൽ നായ്ക്കളെ വംശഹത്യ നടത്തും. അയാളതു കണ്ട് പൊട്ടിപൊട്ടിച്ചിരിക്കും. മനുഷ്യൻ എത്ര വിചിത്ര ജീവിയാണെന്ന ചോദ്യത്തിനു മുന്നിൽ നായിക്കുറുക്കന്മാർ വരെ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും.

വായിൽ എല്ലിൻപീസ് കിട്ടിക്കഴിഞ്ഞ ഒരാൾക്ക് ഒരിക്കലും നേരാംവണ്ണം കുരയ്ക്കാൻ കഴിയില്ല. മുക്കിയും മൂളിയും വാലാട്ടിയും ജന്മം പാഴാവും. വെറുതെ ചുമയ്ക്കുന്നവരെ ലക്ഷ്യമിട്ടാണ് എല്ലിൻ കഷ്ണം ഗിഫ്റ്റ് ചെയ്യപ്പെടുക. കടിച്ചമർത്തി പിടിക്കുന്പോൾ വായിൽ ഒരു പ്രത്യേക രുചി. പിന്നെ വാ പൊളിക്കിൽ. തന്റെ ഇരുകവിളിലെയും ചോര രുചി തന്നെയാണ് താൻ ഉറിഞ്ചു തീർക്കുന്നതെന്നുള്ള തിരിച്ചറിവിലെക്കെത്തുന്പോഴേയ്ക്കും വാലും ഓടക്കുഴലും ലൗജിഹാദിൽ പെട്ട് രാജ്യം ഡൈവോഴ്സ് ചെയ്തിരിക്കും. നായകളുടെ ഈ സ്വഭാവ മാറ്റത്തെപ്പറ്റി ബന്ധപ്പെട്ടവർ ഗവേഷണം നടത്തി ഡോക്ടറേറ്റ് വാങ്ങിക്കേണ്ടതാണ്. മനുഷ്യരുടെ കണ്ണൂർ മോഡൽ സ്വഭാവം അവർ അന്ധമായി അനുകരിക്കുകയാണെന്ന് ഒരു ഫെയ്സ്ബുക്ക് ലേഖകൻ ചിത്രസഹിതം പോസ്റ്റിയിട്ടുണ്ട്.

കീറത്തുണിയുടെ വേദാന്ത ചർച്ചയാണ് ഈ വാരം പോസ്റ്റ്മോ‍‍‍‍‍‍‍‍ർട്ടം ടേബിളിലെത്തിയത്. രണ്ട് കായ്കൾ ഒരേ ഞെട്ടിൽ ഉണ്ടായിട്ടെന്താ. പരസ്പരം പഴുപ്പും പുയിപ്പും പുഴുക്കുത്തും എടുത്തിട്ടലക്കി രാജി വെപ്പിച്ച് ആളെ കൂട്ടിക്കുഴയ്ക്കുന്നു. ശബരിമല കൂടി ഹൈജാക്ക് ചെയ്തേക്കുമോ എന്ന പേടിയുണ്ട് വേറൊരു വിഭാഗത്തിന്. ഓണത്തിന് പൂക്കളം വേണ്ട, ചോരപ്പൂക്കളം പ്രശ്നമില്ല. വിളക്ക് ഊതിക്കെടുത്തിയാലും കത്തിക്കുകയോ പ്രാ‍‍‍‍‍‍‍‍ർത്ഥിക്കുകയോ വർജ്യം. സഖാവ് കൃഷ്ണനും കോമ്രേഡ് അയ്യപ്പനും തിടന്പുമായി തെരുവ് ഡാൻസ് നടത്തുകയാണേൽ ഞെട്ടരുത്. കുറെക്കൂടെ ഞെട്ടാൻ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞെട്ടൽ ഹോർമോണിന്റെ സ്റ്റോക്ക് തീർന്നിരിക്കുന്നു. രണ്ടുമൂന്ന് റിമോട്ടുള്ളതിനാലും ബാറ്ററി റീചാർജ് ചെയ്യാത്തതിനാലും ഉഷാർ ഗാന്ധി ടീവിപ്പാർട്ടിക്കാർക്ക് തീരെ ഉശാറില്ല. പുനഃസംഘടന വരട്ടെ അപ്പോൾ കാണിച്ചു തരാം.

അതുവരെ എത്ര കൊഴുത്ത ചർപ്പു കുടിച്ചു വറ്റിച്ചിട്ടാണ് നമ്മളിപ്പോളിങ്ങനെ ഒരു പൊസിഷനിലെത്തിയതെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ ആവോ. പ്ലീസ് എനിക്കൊന്നു ഫെയ്മസാവണം. എന്നെയും കൂടിയോന്നു ട്രോളൂ.. ബ്ലീസ്...ഞാൻ പാവാടാ... ആരും ഒന്നും ധരിക്കല്ലേ.... പ്രത്യേകിച്ചും വിമാനത്താവളത്തിൽ.

മൗനമാണ് മനോഹരമായ രാഷ്ട്രീയപ്രവർത്തനമെന്ന് പൊതുജനം പറയും. അവർക്കങ്ങനെയൊക്കെ പറയാം. അവർക്ക് വോട്ടുവിരൽ ഞെക്കുക എന്ന ഒറ്റ ഉത്തരവാദിത്തമല്ലേ ഉള്ളൂ.. നമ്മളങ്ങനെയാണോ... സർ സിപിയുടെ മുഖത്തേറ്റ ഒറ്റ വെട്ടിനായിരുന്നു കേരളചരിത്രത്തിന്റെ മുഖം തന്നെ മാറിപ്പോയത്. ചരിത്രത്തിന്റെ സുഗമമായ ഒഴുക്കിന് വെട്ടും കുത്തും കോമയും തിരുത്തുമൊക്കെ ഇനിയുെമത്രയോ ബാക്കി. രാഷ്ട്രീയ കേരളത്തിന് നമോ വാകം.

∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗ 

ശവഘോഷയാത്രയെപ്പറ്റിത്തന്നെ, ലോകത്തിൽ‍ രണ്ടുവിഭാഗമേ ഉള്ളൂ എന്നും അത് സന്പന്നരും ദരിദ്രരുമാണെന്ന് ആണയിടുന്നു ഒഡീഷയിലെ കാഴ്ചകൾ‍. അന്ധനും അകലങ്ങൾ‍ കാണുന്നവനും തമ്മിലുളള അന്തരം റെയിൽ‍പ്പാളം പോലെ മലർ‍ന്നു കിടന്നുറങ്ങുന്നു. ഇസ്തിരി ചുളിയാത്ത വർ‍ത്തമാനങ്ങളും റെഡിമെയ്ഡ് പെരുമാറ്റങ്ങളിലും നമ്മൾ‍ അഭിരമിച്ചു പോയി. നമ്മുടേത് ശവസംസ്കാരമാണെന്ന് ദാനാ മാജിയുടെ നടത്തം, റോഡരികിൽ‍ കണ്‍മിഴിച്ച് കാണുന്നവരുടെ മുഖം പറയുന്നു. സാളമണി ബാരിക്കിന്‍റെ മൃതദേഹം ചുള്ളിക്കൊന്പൊടിക്കുന്നതു പോലെ മടക്കി മുളചേർ‍ത്ത് കെട്ടുന്നത് കണ്ടു നിന്ന മകന്‍റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കുക...                         

കഴിഞ്ഞ കൊല്ലം ഉണ്ടായ ഒരനുഭവം  പറയാം. തൊട്ടുമുന്പിൽ‍ ഒരാക്സിഡന്‍റ്! കാഴ്ച ജീവിതത്തിൽ‍ കണ്ടതിൽ‍ വെച്ചേറ്റവും ദാരുണം. ബൈക്ക് യാത്രികനായ യുവാവ് ബസ്സിന്‍റെ അടിയിൽ‍. യുവാവിന് തലയില്ല. തല ഏതാണ്ട് ആറുമീറ്ററുകൾ‍ക്കപ്പുറം നടുറോഡിൽ‍. കുറച്ചു ദൂരെ നാവും ഒരു സെറ്റ് പല്ലും. തല ചുറ്റുന്നത് പോലെ തോന്നി.മാറിയൊരിടത്ത് ഇരിക്കാൻ‍ നോക്കുന്പോൾ‍ കണ്ട കാഴ്ച!! കുറേ ചെറുപ്പക്കാർ‍ ഈ ഭീകരദൃശ്യം മൊബൈലിൽ‍ പകർ‍ത്തുന്നു. കട്ടച്ചോരയിൽ‍ ചവിട്ടിനിന്ന് നിർ‍വ്വികാരമായി. അന്നത്തേക്കുളള വാട്സാപ്പിലേയ്ക്ക് ചൂടോടെ പാചകം ചെയ്യാനായി.                         

സത്യത്തിൽ‍ നമുക്കൊരു കൾ‍ച്ചറേയുളളൂ... അത് അഗ്രികൾ‍ച്ചറാണെന്ന പട്ടേൽ‍ പാഠഭേദം ക്ഷമാപൂർ‍വ്വം പങ്കിടുന്നു.                         

ബാക്കി കൂടി കേട്ടോളൂ. ഈ വിഷ്വൽ‍ രണ്ടുമാസത്തിന് മുന്പ് വീണ്ടും കളർ‍ഫുള്ളായി വാട്സാപ്പിൽ‍ പ്രത്യക്ഷപ്പെട്ടു. ഷെയർ‍ ചെയ്യപ്പെട്ടു. അതിങ്ങനെ. അൽപം മുന്പ് നാഷണൽ‍ ഹൈവേയിൽ‍ നടന്ന അപകടം. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.., ചില അടയാള വാക്യങ്ങൾ‍.                         

ഈ വാർ‍ത്ത പെട്ടെന്നു തന്നെ നാട്ടുകാർ‍ക്കിടയിൽ‍ പരിഭ്രാന്തി പരത്തി. വിദേശത്തുനിന്നു പോലും ആൾ‍ക്കാൾ‍ വിവരമാഞ്ഞ് പോലീസ് േസ്റ്റഷനിലേക്കും പത്രമാഫീസിലേക്കും വിളിയോട് വിളി. രാവിലെ വീട്ടീന്ന് വണ്ടിയുമായി ഇറങ്ങിയ മകനെ, സഹോദരനെ ഒാർ‍ത്ത് ആളുകൾ‍ നിലവൈരം. ഒടുവിൽ‍ സൈബർ‍ സെല്ലുകാർ‍ ക്രിയേറ്ററെ പൊക്കി. ആളൊരു പത്താംതരം വിദ്യാർ‍ത്ഥി. സാറേ ഞാനൊരു ജോളിക്ക് ചെയ്തതാന്നും പറഞ്ഞ് പുളിച്ചൊരു ചിരിയും. എന്തു കൊണ്ടാണ് നമ്മുടെ ന്യൂജനറേഷനിൽ‍ ചിലരിങ്ങനെ..??                         

ചുണ്ടിൽ‍ ഓക്സ്ഫോർ‍ഡ് ഇംഗ്ലീഷും പെയിസ്റ്റ് ചെയ്ത് അകമേ ഡോട്ടുളള ഡിടിഎസ് ജോക്കിയും പ്രദർ‍ശിപ്പിച്ച് ചതുരത്തിൽ‍ താംബൂലപ്രശ്നം നടത്തുന്ന മരവിച്ച യുവതയിൽ‍ നിന്ന് അധികമെന്ത് പ്രതീക്ഷിക്കാൻ‍... യുവത്വത്തിന്‍റെ മരവിപ്പ് ചരിത്രത്തിന്‍റെ മരണമാണ്.

You might also like

Most Viewed