തനി­ച്ചല്ല മാ­ജി­യു­ടെ­ ഈ നടത്തം... ഡി പി


വാർത്തകളിലൂടെ പലതും പുറത്ത് വരുന്നതുകൊണ്ടാണ് പൊതുസമൂഹത്തിലെ‍‍ ചില കപട നടപടികൾ ജനം തിരിച്ചറിയുന്നത്. പക്ഷെ വാർത്തയിലെ യാഥാർത്ഥ്യം, അത് എത്രത്തോളം ഉറപ്പ് വരുത്തിയാണ് നമ്മൾ മനസ്സിലാക്കേണ്ടതെന്നും, വാർത്തകൾ വളച്ചൊടിക്കുന്നുണ്ടോ എന്ന് നമ്മൾ എങ്ങിനെയാണ് തിരിച്ചറിയേണ്ടതെന്നും, ഉറപ്പില്ലാത്ത ലോകത്ത്  ഉപ്പും എരിവും കൂടുതലുള്ള വാർത്ത മൃഷ്ടാനം ഭോജിക്കുന്ന ഞാൻ കഴിഞ്ഞ ദിവസം ടിവിയിൽ കണ്ട ഹൃദയഭേദകമായ ആ കാഴ്ചയിലേയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു.

സ്വാതന്ത്ര്യം കിട്ടി വർഷങ്ങളോളം വളർന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഒഡീഷയിലെ ദാനാ മാജി എന്ന യുവാവും തന്റെ 12കാരി മകളും റോഡിലൂടെ അവളുടെ അമ്മയുടെ മൃതശരീരവുമായി നടക്കുന്നതായാണ് ദൃശ്യത്തിൽ കാണുന്നത്. ആ ദൃശ്യം ടിവിയിൽ കണ്ടയുടനെ ഒരു തേങ്ങൽ മനസ്സിലുണ്ടായി. കണ്ട ആർക്കും തന്നെ അത് തോന്നിപ്പോകും. ഇത്തരത്തിൽ എത്രയോ മാജിമാർ ഇങ്ങനെ നടന്നകന്നിട്ടുണ്ട്, നമ്മുടെ കണ്ണിനു മുന്നിലൂടെ. പക്ഷെ മാധ്യമപ്രവർത്തകർ ഇതു കണ്ടതുകൊണ്ട് മാത്രം 122 കോടി ജനതയുള്ള ഇന്ത്യയിലെ 100 കോടി ജനങ്ങളെങ്കിലും ഈ ഒരു നിസ്സഹായവസ്ഥയെ പറ്റി ചർച്ച ചെയ്തു. 

മാജിയുടെ ഈ നടത്തം ഇന്ത്യ എന്താണെന്ന് വെളിവാക്കുകയാണ്. ഈ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ മുതൽ നമ്മുടെ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയവും ഈ പൊള്ളിക്കുന്ന യാഥാർ‍ഥ്യങ്ങളോടുള്ള നമ്മുടെ നെറികെട്ട സമീപനവും എല്ലാം ഇതിലുണ്ട്. അവർ യാത്ര തുടങ്ങിയിടത്ത് ഏതാനും ആളുകൾ കാഴ്ചക്കാരായി കൂടി നിൽ‍പ്പുണ്ടായിരുന്നു. അവിടെ ഒരു സൈക്കിളും ചാരിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതുപോലും മാജിയുടെ സഹായത്തിനെത്തിയില്ല. ക്യാമറ കഴുത്തിൽ തൂക്കി രാവുംപകലുമില്ലാതെ നാട്ടിലെ നെറികേടുകളും മറ്റും ജനങ്ങളിലേയ്ക്കെത്തിക്കാൻ കഷ്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനേ മാജിയുടെ സഹായത്തിനെത്തിയുള്ളു...

ക്ഷയരോഗ ബാധിതയായാണ് മാജിയുടെ ഭാര്യ മരിച്ചത്. ചികിത്സിച്ച ആശുപത്രി അധികൃതർ ഇവർക്ക് ആംബുലൻസ് നിഷേധിച്ചു എന്നാണ് മാജി പറയുന്നത്. (സംഭവത്തിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചിട്ടില്ല എന്ന തരത്തിൽ ഒരു എതിരഭിപ്രായവും സോഷ്യൽ മീഡിയകളിൽ പരന്നു തുടങ്ങിയിട്ടുണ്ട്). അതോടെ മാജിയുടെ മുന്പിലുണ്ടായിരുന്ന ഏക വഴി ഭാര്യയേയും ചുമലിലേറ്റി ഗ്രാമത്തിലേയ്ക്ക് നടക്കുക എന്നതു മാത്രമായിരുന്നു. ഭാവ്‌നിപാറ്റ്‌ന നഗരത്തിലെ ആശുപത്രിയിൽ നിന്ന് 60 കിലോമീറ്ററുണ്ട് മാജിയുടെ കാലാഹണ്ധിയിലുള്ള മെൽ‍ഘാർ എന്ന ഗ്രാമത്തിലേയ്ക്ക്. “ഒരു വാഹനം അനുവദിക്കാൻ‍ അവരോട് ഞാൻ‍ പലതവണ കെഞ്ചി, പക്ഷെ അതൊന്നും അവർ ചെവിക്കൊണ്ടില്ല. ഞാനൊരു പാവപ്പെട്ടവനാണ്, സ്വകാര്യ വാഹനം വിളിക്കാൻ‍ കൈയിൽ പൈസയില്ല. ഉണ്ടായിരുന്ന പൈസ ആശുപത്രിയിലും മരുന്നിനുമായി ചിലവായി. അവളെ ചുമന്നുകൊണ്ടു പോവുകയല്ലാതെ എന്റെ മുന്നിൽ മറ്റു മാർ‍ഗ്ഗങ്ങളില്ലായിരുന്നു”. മാജി പറയുകയാണ് ഒപ്പം മകളുടെ കൈ പിടിച്ച് അയാൾ പിന്നെയും നടക്കുന്നുണ്ട്...

ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ നിന്ന് ശവശരീരം നീക്കം ചെയ്യാൻ‍ അധികൃതർ മാജിയോട് ആവശ്യപ്പെടുന്നത്. അതിന് ആംബുലൻ‍സ് വിട്ടുനൽ‍കാൻ‍ അവർ തയ്യാറായതുമില്ല. അങ്ങനെ ഇന്ത്യൻ‍ പ്രമാണിവർ‍ഗ്ഗത്തിന്റെ ഉച്ചത്തിലുള്ള അവകാശവാദങ്ങളേയും അതിന്റെ ജി.ഡി.പി കണക്കുകളേയും, തിളങ്ങുന്ന നഗരങ്ങളെയും, ആഗോളതലത്തിൽ ഉണ്ടെന്ന് പറയുന്ന പദവികളെക്കുറിച്ചുള്ള വിടുവായത്തങ്ങളേയും, ആർ‍ജവവും മാന്യതയുമില്ലാത്ത അതിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളേയും കീറിമുറിച്ചു കൊണ്ട് ആ പാവം തന്റെ നടപ്പ് ആരംഭിച്ചു. 10 കിലോമീറ്ററിനപ്പുറം പിന്നിട്ടപ്പോഴാണ് ഒരു പ്രാദേശിക പത്രപ്രവർ‍ത്തകനും ഏതാനും കാഴ്ചക്കാരും ഇതിൽ ഇടപെടുന്നതും അവർ‍ക്ക് ഒരു ആംബുലൻ‍സ് ലഭ്യമാകുന്നതും.

ഇതൊന്നും നമുക്കൊരു പുതുമയുള്ള കാഴ്ചയല്ല, ഇന്ത്യൻ‍ സാഹചര്യത്തിന്റെ നേർ‍പ്പതിപ്പ് തന്നെയാണിത്. അപകടത്തിൽ‍പ്പെട്ട് രക്തമൊലിപ്പിച്ച് ഒരാൾ മണിക്കൂറുകൾ വഴിയിൽ കിടക്കുന്നതും അവിടെക്കിടന്ന് മരിക്കുന്നതും നമ്മുടെ ഈ വലിയ രാജ്യത്ത് നിത്യകാഴ്ചയാണ്. നമ്മുടെ കൈകൾ‍ സഹായവുമായി അവിടേക്ക് നീളാറുമില്ല. ഏതു മാനദണ്ധം വെച്ചു നോക്കിയാലും ഒരു കാര്യം മനസ്സിലാകും, മാജിയുടെ ജീവിതം ഒറ്റപ്പെട്ടതല്ല, ഇന്ത്യൻ‍ ഗ്രാമീണ ജനസംഖ്യയുടെ 66 ശതമാനത്തിനും അത്യാവശ്യം വേണ്ട ജീവൻ‍രക്ഷാ മരുന്നുകൾ‍ ലഭിക്കുന്നില്ല, ഏതെങ്കിലും വിധത്തിലുള്ള വൈദ്യശുശ്രുഷ ലഭിക്കണമെങ്കിൽ 30 കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നത് 31 ശതമാനം പേരാണ്. നഗര മേഖലയിൽ താമസിക്കുന്ന 28 ശതമാനത്തിൽ അവർ‍ ഉൾ‍പ്പെടില്ല, അതായത്, നമ്മൾ‍, നഗരങ്ങളിൽ താമസിക്കുന്ന ‘പരിഷ്‌കൃതരെ’ന്ന് കരുതപ്പെടുന്ന നമ്മളാണ് ഈ 66 ശതമാനം ആശുപത്രി ബഡ്ഡുകളിലും നിറഞ്ഞിരിക്കുന്നത്.

ആരോടൊക്കെയോ കടം വാങ്ങിയും അയൽ‍വാസികളുടെ കാരുണ്യത്താലും മാജി ഭാര്യയുടെ ശവസംസ്‌കാരം നടത്തി. ഇനി 12 വയസ്സുകാരിയായ ആ മകളായിരിക്കും കുടുംബ കാര്യങ്ങൾ‍ നോക്കേണ്ടി വരിക, അതാണ് ഇന്ത്യൻ‍ യാഥാർ‍ഥ്യം. 2014ലെ കണക്കെടുത്തു നോക്കിയാൽ 1.7 കോടി കുട്ടികളാണ് ഇന്ത്യയിൽ സ്‌കൂളിൽ പോകാത്തവരായി ഉള്ളത്. അവരിലൊരാളാകാനാകും മാജിയുടെ മകളുടെയും ഗതി. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മൾ‍ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും രാഷ്ട്രീയ വിഷയങ്ങളിലെ മാന്യതയില്ലായ്മയെക്കുറിച്ചും പട്ടിപിടുത്തത്തെ കുറിച്ചും പശുസംരക്ഷണത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. മാജി തന്റെ ഭാര്യയുടെ മൃതദേഹം കൊണ്ട് നടന്നത് പശുവിനും പട്ടിക്കും വേണ്ടി മുറവിളികൂട്ടുന്ന കഴുതകൾക്ക് മുന്പിലൂടെയാണെന്നോർക്കുന്പോൾ ശിരസ്സ് കുനിക്കാനെ കഴിയുന്നുള്ളു.

മാജി നടക്കുന്നത് തനിച്ചില്ല,  നിരക്ഷരരും പട്ടിണിക്കാരും അപമാനിക്കപ്പെട്ടവരുമായ കോടിക്കണക്കിന് ഗ്രാമീണരുണ്ട് മാജിക്കൊപ്പം. അവരെ കാണിച്ചുതരാൻ എനിക്കും കഴിയുന്നില്ല...

You might also like

Most Viewed