മുഖപുസ്തകത്തിലെ മുഖമൂടികൾ
ജസ്ന സി.എ
മാധ്യമസംസ്കാരം എന്ന പ്രയോഗത്തിനു തന്നെ പുതിയ അർത്ഥതലം കൊണ്ടുവന്നിരിക്കുകയാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്സ്. മുഖപുസ്തകമെന്ന് മലയാളത്തിൽ വ്യാഖ്യാനിക്കാവുന്ന ഈ സമൂഹമാധ്യമത്തിൽ സ്വന്തമായി ഒരു ഇരിപ്പിടം വേണമെങ്കിൽപുതിയ മുഖമൂടികൾ എടുത്തു വെയ്ക്കുകയോ അല്ലെങ്കിൽ മറ്റൊരുവന്റെ കൈയിൽ നിന്ന് കടമെടുക്കുകയോ െചയ്യേണ്ടതായി ഉണ്ട്. വ്യക്തി സ്വാതന്ത്ര്യം ഏറെയുള്ള ഈ മാധ്യമത്തിൽ വ്യക്തിത്വത്തിന് പ്രത്യേക സ്ഥാനമൊന്നും ഇല്ലതാനും. വിമർശിക്കാനും വിമർശനങ്ങൾ ഏറ്റുവാങ്ങാനും മടിയില്ലാത്തവർക്ക് മാത്രമേ അങ്ങോട്ടേയ്ക്ക് പ്രവേശനമുള്ളൂ. അതുകൊണ്ടു തന്നെ എളുപ്പത്തിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും സാധിക്കും. സമൂഹമാധ്യമങ്ങളുടെ യഥാർത്ഥ ലക്ഷ്യം ലോകത്തെ തുറന്നതും പരസ്പര ബന്ധിതമാക്കുക എന്നതും ആണെന്ന് വാദിക്കുന്ന പുരോഗമനവാദികൾ, യഥാർത്ഥത്തിൽ ഇത്തരത്തിൽ വാതിലുകളെല്ലാം തുറന്നിടുന്പോൾ ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് എന്ത് സുരക്ഷിതത്വമാണ് ഒരു മാധ്യമം എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ നൽകുന്നത് എന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്.
രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും സ്വഭാവവും കാഴ്ചപ്പാടുകളും മാറിയിരിക്കുകയാണ് ഇന്ന്. ഓരോ രാഷ്ട്രീയപാർട്ടിക്കും സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും വായനക്കാരിലേക്ക് കുത്തിവെയ്ക്കാൻ സ്വന്തമായി ഒരു ചാനൽ അല്ലെങ്കിൽ ഒരു ദിനപത്രം എന്ന ചിന്ത മറികടന്ന് ഓരോ വ്യക്തിക്കും സ്വതന്ത്രമായി അവസരാനുചിതമായും അല്ലാതെയും വിമർശിക്കാനും പ്രതികരിക്കാനും ഫേസ്ബുക്ക് ഒരു തുറന്ന പുസ്തകമായി മാറിയിരിക്കുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യമെങ്കിൽ, ജനങ്ങൾക്കും ജനാധിപത്യത്തിനും ഇടയിൽ ഒരു മൂന്നാമനായി ഫേസ്ബുക്ക് ഇടംപിടിച്ചിരിക്കുന്നു. ഒരു പേനയും ഒരു കടലാസും ഉണ്ടെങ്കിൽ ഒരു നിവേദനമായി, പരിഹാരമാവണമെന്നില്ല. എന്നാൽ ഇന്ന് ഒരു സെലിബ്രിറ്റിയും ഒരു ലൈവ് വീഡിയോയും ഉണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രത്യക്ഷപ്പെടും; തീർച്ച! പക്ഷേ സാധാരണക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇത്തരത്തിലുള്ള പ്രത്യക്ഷപ്പെടൽ ഉണ്ടാകുമോ എന്നത് സംശയമാണ്. എങ്കിലും ക്യൂ നിൽക്കാതെയും അഭിഭാഷകന്റെ കീശ നിറക്കാതെയും നിയമങ്ങളിങ്ങനെ പെട്ടെന്ന് നടപ്പിലാക്കുകയാണെങ്കിൽ ഉപകാരം!
നിയമങ്ങൾ നടപ്പിലാക്കാൻ മാത്രമല്ല, താരവിവാഹങ്ങളും വിവാഹമോചനങ്ങളും ആഘോഷിക്കാനും മറ്റു മാധ്യമങ്ങളെക്കാൾ കൂടുതൽ ആവേശം ഈ മുഖപുസ്തകത്തിനു തന്നെയാണ്. അക്കാര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ മുതലെടുക്കാവുന്ന അവസരമാണിവിടെ. സ്വന്തം വ്യക്തിത്വം പോലും പരസ്യമാക്കാതെ ആക്ഷേപിക്കാനും ഭാവി പ്രവചിക്കാനും മാത്രം സമയം ചിലവഴിക്കുന്നവർക്കാണ് ജനശ്രദ്ധ.
എല്ലാ മാധ്യമങ്ങളുടെയും എടുത്തു പറയാനുള്ള ഒരു സ്വഭാവമാണ് ‘എസ്കേപ്പിസം’ അഥവാ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാതെ തൂവിപ്പോവാനുള്ള പ്രവണത വായനക്കാരിൽ സൃഷ്ടിക്കുക എന്നത്. ഒരു സമൂഹമാധ്യമമെന്ന നിലയ്ക്ക് ഇത്തരത്തിലുള്ള ഒളിച്ചോട്ടം ഫേസ്ബുക്കിൽ പ്രസക്തഗുണങ്ങളിൽ ഒന്നാണ്. മേൽപ്പറഞ്ഞ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള പ്രാമുഖ്യം തന്നെയാണ്. ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും മാറി അന്യന്റെ സ്വകാര്യതയിലേയ്ക്കുള്ള ഒളിഞ്ഞു നോട്ടമാണ് ഇതിന്റെയും പരിണിതഫലം.
ദേശാഭിമാനം കൊണ്ട് പുളകിതരാകുന്ന അല്ലെങ്കിൽ അങ്ങിനെ അഭിനയിക്കുന്ന ഒരു ജനതയെ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന ഏറ്റുപറച്ചിലിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഒരുപാട് സഹോദരന്മാരെയും സഹോദരിമാരെയും ജനിപ്പിച്ചിട്ടുണ്ട്. പല സഹോദരികളെയും ‘സന്മാർഗത്തിന്റെ’ പാതയിലേയ്ക്ക് നയിക്കുന്ന ചില സഹോദരന്മാർ ചിലപ്പോൾ ചില അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നോ സ്ത്രീയെ മോശമായി വ്യാഖ്യാനിച്ചെന്നും വരാം. അത് തികച്ചും സ്വാഭാവികം മാത്രം. കാരണം വീട്ടിലെ സ്വന്തം സഹോദരിയെക്കാൾ സമൂഹത്തിലെ സ്ത്രീ സഹോദരികളുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പ്രാധാന്യം. സ്ത്രീ ശാക്തീകരണത്തെ തലച്ചോറിന്റെ നാലു മൂലക്കും കുത്തിയിട്ട് നാവിന് ഒരു നൂലിഴ കൊണ്ട് പോലും വിലങ്ങിടാതെ എഴുതുന്ന ഓരോ വാക്കിലും വിമർശനത്തിന്റെ സൂചിമുന കാട്ടി ഭയപ്പെടുത്തുന്ന പ്രിയപ്പെട്ട സഹോദരിമാരും ഒട്ടും പുറകിലല്ല!.. വേലിയിൽ കിടക്കുന്ന പാന്പിനെ എടുത്ത് തോളിലിടുന്ന ചിലരാണ് എന്നും ഈ മാധ്യമത്തിലെ ഹാസ്യതാരങ്ങൾ, അത്തരക്കാർക്ക് പിന്നെ നിരൂപണങ്ങളോ വിമർശനങ്ങളോ ഒരു പ്രശ്നമല്ല. മറ്റുള്ളവരുടെ പരിഹാസങ്ങളെ തന്നെ ഒരു ഹാസ്യകഥാപാത്രമായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയാനെങ്കിലും ഒരു സാമാന്യബുദ്ധി ആവശ്യമാണല്ലോ. ഇനി ബുദ്ധി ഉണ്ടെങ്കിൽ ഇത് സമൂഹശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസാന പരീക്ഷണമായിരിക്കും.
മനുഷ്യരെക്കാൾ കൂടുതൽ ഇതര ജീവജാലങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ സമൂഹത്തിനും ഭരണരീതിക്കും ചുക്കാൻ പിടിക്കുന്നതും ഫേസ്ബുക്ക് തന്നെ. ഇക്കഴിഞ്ഞ ആറു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകൾ തെരുവു നായ്ക്കളുടെ ക്രൂരതയ്ക്ക് ഇരയായി എന്ന ഔദ്യോഗിക കണക്ക് നിലനിൽക്കെ അടിസ്ഥാന രഹിതമായി പ്രതികരിച്ച കേന്ദ്രമന്ത്രിയെ വറുത്ത് കോരുകയാണ് മുഖപുസ്തക ഉപയോക്താക്കൾ. തെരുവു നായ്ക്കളെ ഭയന്ന് ശരീരത്തിലെ മാംസം വീട്ടിൽ ഊരി വെച്ച് പൊതുനിരത്തിലിറങ്ങുന്ന അസ്ഥിക്കൂടങ്ങളും മാംസം വാങ്ങാൻ ചന്തയിലേക്കിറങ്ങി ജീവനോടെ തിരിച്ചെത്തുന്ന ഭാഗ്യവാന്മാരും ജനശ്രദ്ധ ഏറെ നേടിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ സൈക്കോളജി പഠിപ്പിക്കുന്നതിനേക്കാൾ നായയുടെ സൈക്കോളജി പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസ രംഗം മുൻകൈ എടുക്കേണ്ടി വരുമോ എന്തോ..!
ഒരുപക്ഷേ കേരളത്തിലെ നായ്ക്കളുടെ പല്ലിന്റെ ശൗര്യവും അക്രമ മനോഭാവവും അറിയാത്തതു കൊണ്ടാവാം പാവം മന്ത്രി അവയെ അനുകൂലിച്ച് സംസാരിച്ചത്. എന്നാൽ, കേരളീയ ജനതയുടെ പ്രതികരണാസക്തി നിറഞ്ഞ ട്രോളുകളിലേയ്ക്ക് ഒരു നിമിഷം ഒന്നു കണ്ണോടിച്ചപ്പോഴല്ലേ നായ്ക്കളുടെ യഥാർത്ഥ രൂപവും ഭാവവും മനസ്സിലായത്. ചിലപ്പോൾ പറഞ്ഞതിനെ ഓർത്തും പിച്ചിച്ചീന്തപ്പെട്ട തന്റെ സ്വരൂപത്തെ ഓർത്തും ഖേദിക്കുന്നുണ്ടായിരിക്കും മന്ത്രി!
നിയമ നടപടികളുടെ ക്രമക്കേട് കൊണ്ട് പീഡിതരുടെ എണ്ണം കൂടിക്കൂടി വരുന്ന ഈ സമൂഹത്തിൽ സ്ത്രീകൾക്ക് അനുകൂലമായി ഒരാൾ സംസാരിച്ചപ്പോൾ അതും ട്രോളി കൊണ്ട് ചിലർ ആളായി. അവിടെയും 13 സെക്കന്റിൽ കണ്ണടച്ച പൂവാലന്മാരും 14നെ 7 ആക്കി ചുരുക്കിയാൽ സമയം ലാഭിക്കാം എന്നഭിപ്രായപ്പെട്ട വായ്നോക്കികളും രംഗത്തിറങ്ങി. സ്ത്രീകളുെട സുരക്ഷയ്ക്ക് സ്ത്രീ തന്നെ തടസ്സമാകുന്ന കാഴ്ച കണ്ടപ്പോൾ ഋഷിരാജിനെ വിട്ട് വനജക്ക് പിറകെ പോയ ട്രോളർമാർക്കും ശ്രദ്ധേയം. അവസരാനുചിതമായി കാലുമാറുന്ന ഇത്തരത്തിലുള്ള മുഖംമൂടികളെ വിശ്വസിച്ച് പോസ്റ്റ് ഇടുന്നവർക്കും ഇതൊരു പാഠമാവട്ടെ!
ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യങ്ങളെ മുതലെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും അവകാശമില്ല എന്നറിഞ്ഞതും മറ്റൊരുവന്റെ രാഷ്ട്രീയ താൽപര്യങ്ങളിലും മതവിശ്വാസങ്ങളിലും കയറി നിരങ്ങുന്ന പല മുഖപുസ്തക ഉപഭോക്താക്കൾക്കും സ്വന്തമായ മുഖമല്ല, മറിച്ച് അതൊരു കടമെടുത്ത മുഖമൂടി ആണെന്ന സത്യം തിരിച്ചറിയാത്തതു കൊണ്ടാവാം മതസൗഹാർദ്ദം തുലഞ്ഞ ഒരു സമൂഹത്തെ ഈ മാധ്യമം നമുക്ക് സമ്മാനിച്ചത്.