ടി.കെ പത്മിനി വെള്ളിത്തിരയിലെത്തുന്പോൾ
ഡി. പി
ജീവിതത്തിൽ ഛായം ചാലിച്ച് ജീവിച്ച പ്രസിദ്ധ ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാൻ അണിയറയിൽ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പത്മിനിയെ കുറിച്ച് പുതിയ തലമുറയ്ക്ക് ഈ സിനിമ നല്ലൊരു അറിവാകും പകർന്നു നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിൽ അവർക്ക് വലിയ പേരുണ്ടെങ്കിലും ഈ കാലഘട്ടത്തിൽ ചിലരെ ഒഴിച്ച് ബാക്കി നിരവധി പേർക്ക് ടി.കെ പത്മിനിയാരാണെന്ന് അറിഞ്ഞുകൊള്ളണമെന്നില്ല.
1940 മേയ് 21ന് പൊന്നാനി താലൂക്കിലെ കാടഞ്ചേരിയിൽ ജനിച്ച പത്മിനി പിന്നീട് ചിത്രകലയുടെ ലോകത്ത് പെട്ടന്നാണ് ശ്രദ്ധിക്കപ്പെട്ടവളായി മാറിയത്. പൊന്നാനിയിലെ അച്യുതവാര്യർ ഹൈസ്കൂളിൽ (എ.വി. ഹൈസ്കൂൾ) പ്രാഥമിക പഠനം പൂർത്തിയാക്കിയ പത്മിനി മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ് കോളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. 1960 മുതൽ 69 വരെയുളള കാലയളവിലാണ് പത്മിനി
ചിത്രലോകത്ത് അറിയപ്പെട്ടു തുടങ്ങുന്നത്. ഈ കാലയളവിൽ 30 എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ രചിച്ച പത്മിനി കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ടി.കെ പത്മിനിയുടെ ചിത്രങ്ങൾ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്നവയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്പ് തന്നെ കാടഞ്ചേരി എന്ന ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം നേരിൽ കണ്ടാണ് പത്മിനി വളർന്നത്. വരയിലും ഈ ജീവിത സാഹചര്യങ്ങൾ പത്മിനിയെ സ്വാധീനിച്ചിട്ടുണ്ട്. കാടഞ്ചേരി ഗ്രാമീണ ജീവിത പശ്ചാത്തലങ്ങളും ബിംബങ്ങളും പത്മിനിയുടെ ചിത്രങ്ങളിൽ തെളിഞ്ഞു തുടങ്ങി.
ഹൈസ്കൂൾ പഠന കാലത്ത് ചിത്രകലാ അദ്ധ്യാപകനായിരുന്ന ദേവസ്യ മാസ്റ്റർ ആയിരുന്നു പത്മിനിയുടെ ഗുരു. അതിനു ശേഷം ചിത്രകലയിൽ തുടർപഠനം ആഗ്രഹിച്ച പത്മിനിയെ 1961−ൽ അമ്മാവൻ ദിവാകരമേനോൻ മുൻകൈ എടുത്ത് മദ്രാസ് ആർട്സ്&ക്രാഫ്റ്റ്സ് കോളേജിൽ അയച്ചു. ആർട്ടിസ്റ്റ് നന്പൂതിരി ആയിരുന്നു ഇതിന് സഹായങ്ങൾ നൽകിയത്. കെ.സി.എസ്. പണിക്കർ ആയിരുന്നു അന്ന് ആ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ആറു വർഷത്തെ കോഴ്സ് രണ്ടു പ്രൊമോഷനുകൾ സഹിതം അവർ നാലു വർഷം കൊണ്ട് 1965−ൽ ഒന്നാം റാങ്കോടെ പൂർത്തിയാക്കി.
ചെന്നൈയിലെ വിദ്യോദയ ഗേൾസ് ഹൈസ്കൂൾ (1965), ആദർശ വിദ്യാലയ മെട്രിക്കുലേഷൻ സ്കൂൾ (1966−’69), ചിൽഡ്രൻസ് ഗാർഡൻ സ്കൂൾ (1967−’69) എന്നിവിടങ്ങളിൽ പിന്നീട് ചിത്രകലാദ്ധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. 1968 മെയ് മാസത്തിൽ പത്മിനി ചിത്രകാരനായ ദാമോദരനുമൊത്ത് ദാന്പത്യ ജീവിതം ആരംഭിച്ചു.
ഇരുണ്ട നിറങ്ങളും കട്ടി കൂടിയ രേഖകളും പത്മിനിയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പരന്പരാഗത വിശ്വാസങ്ങളും സർപ്പക്കാവുകളും കളങ്ങളും ഇഴചേർന്ന അവരുടെ ചിത്രങ്ങളിലെ സ്ഥായീഭാവം വിഷാദമാണ്. ഉൾനാടൻ ജീവിതങ്ങളിലെ ഏകാന്തതയും പ്രകൃതിയോടുള്ള തന്മയീഭാവങ്ങളും കാൽപനിക വിഷാദവും ചിത്രങ്ങളിൽ പ്രകടമായി കാണാം. ചിത്രകലയിലെ ക്ലാസ്സിക് സങ്കേതങ്ങളും ജനിച്ചു വളർന്ന പശ്ചാത്തലങ്ങളിലെ പരിചിത കാഴ്ച്ചകളും പത്മിനിയുടെ ചിത്രങ്ങളിൽ സമന്വയിക്കുന്നുണ്ട്.
സ്ത്രീ ശരീരത്തിന്റെ ആവർത്തിക്കപ്പെടുന്ന സാന്നിദ്ധ്യവും പശ്ചാത്തലമായി അനുവർത്തിക്കുന്ന പ്രകൃതി ബിംബങ്ങളും ഒരു പൊതു സാമൂഹിക സ്ഥലമായല്ല, മറിച്ച് സ്ത്രീപക്ഷ കാഴ്ച്ചകളിലൂടെ രൂപപ്പെടുന്ന ഒരു സ്വയം പ്രഖ്യാപിത സ്വതന്ത്ര ദൃശ്യ വ്യവഹാരമായാണ് പത്മിനിയുടെ ചിത്രങ്ങളിൽ എത്തുന്നത്. സ്ത്രീ ലൈംഗികതയുടെയും ഉടലിന്റെയും സ്വാതന്ത്ര്യബോധം ചിത്രകലയിൽ ആദ്യമായി ആവിഷ്കരിച്ച മലയാളിയെന്നും പത്മിനി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
പട്ടം പറപ്പിക്കുന്ന പെൺകുട്ടി, നീല നദി, ധ്യാനം, നിലാവ്, ഡിസയർ, ഡ്രീംലാന്റ്, ഡോൺ, വുമൺ, ഗ്രോത്ത്, ബറിയർ ഗ്രൗണ്ട്, പോർട്രൈറ്റ് എന്നിവ പത്മിനിയുടെ ചിത്രങ്ങളിൽ ചിലതാണ്.
പത്മിനിയുടെ പെയ്ന്റിംഗുകളും രേഖാചിത്രങ്ങളും ചെന്നൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലും ഹൈദരാബാദിലെ സലർജംഗ് മ്യൂസിയത്തിലും കേരള ലളിതകലാ അക്കാദമിയുടെ കൊച്ചിയിലെ ആർട്ട് ഗാലറിയിലും സൂക്ഷിക്കുന്നുണ്ട്. 1963ലും 67ലും മദ്രാസ് ലളിത കലാ അക്കാദമി അവാർഡും 1963ൽ ‘Growth’ എന്ന പെയിന്റിംഗിന് മദ്രാസ് ലളിത കലാ അക്കാദമിയുടെ ഹൈലി കമാന്റഡ് സർട്ടിഫിക്കറ്റും 1965ൽ അസോസിയേഷൻ ഓഫ് യങ് പെയിന്റേഴ്സ് ആന്റ് സ്കൾപ്‌റ്റേഴ്സ് അവാർഡും പത്മിനിയെ തേടിയെത്തി. ഇന്ത്യൻ ചിത്രകലയിലെ ഭാവി വാഗ്ദാനമായി ചിത്രകലാ നിരൂപകരും പത്രമാധ്യമങ്ങളും അറുപതുകളിൽ ഉയർത്തിക്കാട്ടിയ അതുല്യപ്രതിഭയായിരുന്ന ടി.കെ പത്മിനി ഇരുന്നൂറിലധികം പെയിന്റിംഗുകളും ഡ്രോയിംഗുകളും ഇവിടെ അവശേഷിപ്പിച്ച് ഇരുപത്തൊന്പതാം വയസിൽ 1969 മെയ് 11ന് പ്രസവസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
ഈ കാലഘട്ടത്തിൽ പത്മിനിയുടെ ജീവിതം സിനിമയാകുന്പോൾ അത് മികച്ചതാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ടി.കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെ ബാനറിൽ ടി.കെ ഗോപാലൻ നിർമ്മിക്കുന്ന പത്മിനിയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ്്. വയനാട്ടിലെ കർഷകരുടെ ജീവിത ദുരന്തം പകർത്തിയ പൃഥിരാജ് ചിത്രം ‘പകൽ’ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ളതടക്കം അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ നേടിയതും അമൃത ടെലിവിഷൻ നിർമ്മിച്ചതുമായ ‘ആതിര 10 സി’ പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘മരിച്ചവരുടെ കടൽ’ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചിട്ടുള്ള സുസ്മേഷ് ചന്ത്രോത്തിന്റെ ആദ്യ സംവിധാന സംരഭമാണ് പത്മിനി. 1940 മുതൽ 1969 വരെയുള്ള ഇരുപത്തിയൊന്പത് വർഷത്തെ കേരളത്തിലെയും മദിരാശിയിലെയും പത്മിനിയുടെയും ജീവിതമാണ് പത്മിനി എന്ന സിനിമയിലൂടെ പറയുന്നത്. പഴയ കാലഘട്ടത്തെ അതേപടി പകർത്തിയിട്ടുള്ള പത്മിനി പോയകാല കേരളീയ ജീവിതത്തിന്റെ സാമൂഹിക ചിത്രവും പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടി മികച്ച അഭിനേത്രി എന്ന ഖ്യാതി നേടിയിട്ടുള്ള അനുമോളാണ് പത്മിനിയായി വേഷമിടുന്നത്. അനുമോളുടെ കരിയറിലെ ഏറ്റവും മികച്ച വെല്ലുവിളിയുണ്ടാക്കിയിട്ടുള്ളതുമായ വേഷമാണ് പത്മിനിയിലെ കലാകാരിയുടേത്. ഈ ചിത്രത്തിനായി പ്രശസ്ത ചിത്രകാരൻ ടി. കലാധരന്റെ കീഴിൽ ചിത്രകലാഭ്യസനം നടത്തിയ ശേഷമാണ് അനുമോൾ പത്മിനിയാകാനെത്തിയത്.
എല്ലാ എതിർപ്പുകളെയും മറികടന്ന് പത്മിനിയെ ചിത്രകലാപഠനത്തിന്റെും വരയുടെയും വിശാലലോകത്തേക്ക് ആനയിച്ച പത്മിനിയുടെ അമ്മാവൻ ടി.കെ ദിവാകര മേനോൻ ആയി പ്രമുഖ നടൻ ഇർഷാദും പത്മിനിയുടെ ഭർത്താവ് ചിത്രകാരൻ കൂടിയായ കെ. ദാമോദരനായി സഞ്ജു ശിവറാമും പത്മിനിയിൽ വേഷമിടുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് ഈ ചിത്രത്തിൽ ഇർഷാദും സഞ്ജു ശിവറാമും അവതരിപ്പിച്ചിട്ടുള്ളത്. ഏറെക്കാലത്തിനു ശേഷം ഇർഷാദിനു ലഭിച്ചിട്ടുള്ള അഭിനയ പ്രധാന്യമുള്ള വേഷമാണ് പത്മിനിയിലേത്. മൂന്ന് പതിറ്റാണ്ടിന്റെ കാലപ്പകർച്ചകളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഇർഷാദിന്റെത്. സഞ്ജു ശിവറാമിന്റെയും ഇതുവരെയുള്ള കരിയറിലെ വേറിട്ട വേഷമാണ് പത്മിനിയിലെ ദാമോദരൻ എന്ന ചിത്രകാരന്റെത്. തലശ്ശേരി ഭാഷ പറയുന്ന കഥാപാത്രമാണിത്.
പത്മിനിയെ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ അയക്കാൻ ഉത്സാഹിച്ചത് ടി.കെ ദിവാകരമേനോന്റെ സുഹൃത്തും കവിയുമായ ഇടശ്ശേരി ഗോവിന്ദൻ നായരാണ്. നവാഗതനായ സി.എൻ സുമേഷാണ് മധ്യവയസ്സിലുള്ള ഇടശ്ശേരിക്ക് തിരശ്ശീലയിൽ ജീവിതം നൽകിയിട്ടുള്ളത്. കൂടാതെ കവി പി. കുഞ്ഞിരാമൻ നായരും വി.ടി ഭട്ടതിരിപ്പാടും സി.എൻ കരുണാകരനും നന്പൂതിരിയും കഥാപാത്രങ്ങളായി ഈ സിനിമയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഷാജു ശ്രീധറാണ് മഹാകവി പി.കുഞ്ഞിരാമൻ നായരെ അവതരിപ്പിക്കുന്നത്. ഷാജുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും മഹാകവിയുടേത്. ചിത്രകാരൻ സി.എൻ കരുണാകരന്റെ മകൻ ആയില്യൻ പത്മിനിയിൽ സി.എൻ കരുണാകരന്റെ ചെറുപ്പമായി വേഷമിടുന്നു. വി.ടി ഭട്ടതിരിപ്പാടിനെയും ഡോ. കൃഷ്ണദാസ് ആർട്ടിസ്റ്റ് നന്പൂതിരിയേയും അവതരിപ്പിക്കുന്നു. പത്മിനിയിലെ ചിത്രകാരിയെ ആദ്യം തിരിച്ചറിഞ്ഞ കലാദ്ധ്യാപകൻ ദേവസി മാസ്റ്ററായി മഹേഷിന്റെ പ്രതികാരം ഫെയിം അച്യുതാനന്ദൻ എത്തുന്നു. സംവിധായകൻ പ്രിയനന്ദനാണ് പത്മിനിയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്മിനിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുള്ളത് പത്മിനിയുടെ കുടുംബാംഗം കൂടിയായ കുമാരി ടി.കെ ശാരിക ലക്ഷ്മിയാണ്. പത്മിനിയുടെ ഏറ്റവും ചെറിയ പ്രായത്തെ ഏഴു വയസ്സുകാരി അമുദയും തിരശ്ശീലയിലെത്തിക്കുന്നു.
സംസ്ഥാന ദേശീയ പുരസ്കാരങ്ങൾക്ക് അർഹമായ നിരവധി ഹിന്ദി, മറാത്തി, മലയാളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള മനേഷ് മാധവൻ പത്മിനിയുടെ ക്യാമറക്ക് പിന്നിൽ പ്രവർത്തിക്കും. ദൃശ്യങ്ങൾക്കൊപ്പം സംഗീതത്തിനും പാട്ടിനും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിന് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്നു. മനോജ് കുറുരാണ് ഗാനരചന. പൂർണമായും തത്സമയ ശബ്ദലേഖനത്തിലൂടെയാണ് ചിത്രം ഒരുക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളിലൂടെ പത്മിനി ജീവിച്ചിരുന്ന കാലത്തെ പകർത്താനുള്ള ശ്രമമാണ് പത്മിനി എന്ന ചലച്ചിത്രം. ചിത്രത്തിൽ പത്മിനിയുടെ അപൂർവ്വമായ പെയിന്റിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക സിനിമയിൽ തന്നെ ആർട്ടിസ്റ്റുകളുടെ ജീവിതത്തെ ആസ്പദമാക്കി വിരളമായേ ചലച്ചിത്ര സൃഷ്ടികളുണ്ടായിട്ടുള്ളൂ എന്നിടത്താണ് പത്മിനി എന്ന ഈ സിനിമയുടെ പ്രസക്തി ഉണ്ടാകുന്നത്.