ബോൾട്ട് എന്ന ഫിനിക്സ് പക്ഷി... അനഘ പി. ജിതിൻ

കറുത്തവന് എന്നും പരാജയത്തിന്റെയും അടിമത്വത്തിന്റെയും കഥകളാണുണ്ടായിരുന്നത്. രാഷ്ട്രീയമായും ബൗദ്ധികമായും വെളുത്തവന്റെ അടിമത്വം പേറാനായിരുന്നു അവന്റെ നിയോഗം. അവിടെ നിന്നാണ് നെൽസൺ മണ്ടേലയും, മുഹമ്മദ് അലിയും ബോബ് മർലിയും ജെസി ഒാവൻസുമെല്ലാം പോരാട്ടത്തിന്റെ പ്രതീകങ്ങളായി മാറുന്നത്. ആ പട്ടികയിലേക്കാണ് സമയത്തെ വേഗതയുടെ കൈപ്പിടിയിലൊതുക്കി ഉസൈൻ ബോൾട്ട് ഓടിയെത്തിയത്.
120 വർഷത്തെ ഒളിന്പിക്സ് ചരിത്രത്തിൽ എതിരാളികളില്ലാതെ റെക്കാർഡു നിലനിർത്തിയിരിക്കുകയാണ് ഉസൈൻ ബോൾട്ടെന്ന 29കാരൻ. ഫോമില്ലായ്മയും പരിക്കും വലച്ചപ്പോൾ ഒളിന്പിക്സിനു മുന്പ് ഒത്തിരി ചോദ്യങ്ങൾ ഉയർന്നു കേട്ടെങ്കിലൂം 100, 200, 4X100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ലോക റെക്കോർഡിനുടമയായ ഉസൈൻ ബോൾട്ട് എന്ന ജമൈക്കക്കാരൻ റിയോയിൽ ട്രിപ്പിൾ കിരീടത്തിന്റെ ഹാട്രിക്കിന്റെ പടിവാതിക്കലാണ്.
സമയത്തെയും ദൂരത്തെയും ഒത്തിണക്കി ബോൾട്ടെന്ന ഫിനിക്സ് പക്ഷി ട്രാക്കിൽ പറന്നുയരുന്പോൾ ഹൃദയത്തിന്റെ താളം തെറ്റുന്നത് ജമൈക്ക എന്ന കൊച്ചു കരീബിയൻ രാജ്യത്തെ ജനങ്ങൾക്ക് മാത്രമല്ല നമുക്കും കൂടിയാണ്. 2008ൽ ബെയ്ജിങ്ങിൽ ബോൾട്ട് നേടിയെടുത്ത 100, 200 മീറ്ററിലെ ഇരട്ടനേട്ടങ്ങളുടെ അലകൾ ഒളിന്പിക്സിന്റെ വേദികളിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബെയ്ജിങ്ങിൽ 100 മീറ്ററിൽ 9.69 സെക്കന്റിന്റെയും 200 മീറ്റർ 19.30 സെക്കന്റിന്റെയും സുവർണ്ണ വിജയവും ബോൾട്ടുൾപ്പെടെയുള്ള ജൈമൈക്കയുടെ 4X100 മീറ്റർ റിലെ ടീം 37.10 സെക്കന്റിൽ വിജയക്കൊടി പറത്തി.
2012 ആയപ്പോഴും ഈ പ്രഭ ഒട്ടും മങ്ങിയില്ല. 100 മീറ്ററിൽ 9.63 സെക്കന്റിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് തിരുത്തി എഴുതി ബോൾട്ടെന്ന അസാമാന്യ പ്രതിഭ. പിന്നാലെ 200 മീറ്ററിൽ 19.32 സെക്കന്റിൽ ഒന്നാമതെത്തിയ ബോൾട്ട് ഒളിന്പിക്സിൽ രണ്ടു തവണ സ്പിന്റ് ഡബിൾ നേടുന്ന ആദ്യ അത്ലറ്റ് എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.
ജമൈക്കക്കാരനായ ഉസൈൻ ബോൾട്ട് നിമിഷനേരം കൊണ്ട് 100 മീറ്റർ ദൂരത്ത് പരന്നൊഴുകുന്പോൾ സ്പെയിൻകാർ ജമൈക്കയിലേക്ക് ഇറക്കുമതി ചെയ്ത കറുത്ത അടിമകളുടെ പിൻമുറക്കാരനെ ലോകമൊന്നാകെ വാരി പുണരുന്നു.
റിയോ ഡി ജനീറോയിലെ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ തന്നെയായിരുന്നു രാജാവ്. റിയോയിലെ ഒളിന്പിക്സ് ട്രാക്കിനെ പ്രകന്പനം കൊള്ളിച്ചുകൊണ്ടായിരുന്നു വേഗതയുടെ രാജകുമാരനായ ഉസൈൻ ബോൾട്ട് കരിയറിലെ ഏഴാം ഒളിന്പിക്സ് സ്വർണ്ണം നേടിയെടുത്തത്. ഫൈനലിൽ 9.81 സെക്കന്റിൽ ബോൾട്ട് 100 മീറ്റർ പിന്നിട്ടു. ഇന്ന് 200 മീറ്ററിലും സ്വർണം നേടിയതോടെ ഒളിന്പിക്സിൽ എട്ടാം സ്വർണവും ബോൾട്ട് സ്വന്തമാക്കി. മാത്രമല്ല തുടർച്ചയായ മൂന്ന് ഒളിന്പിക്സിൽ സ്പ്രിന്റ് ഡബിൾ നേടുന്ന ആദ്യ താരവുമായി ബോൾട്ട്. ഇനി 100 മീറ്റർ റിലെയിൽ കൂടി കിരീടം നേടി ഒളിന്പിക്‌സ് ചരിത്രത്തിൽ ട്രിപ്പിൾ ട്രിപ്പിൾ എന്ന അത്യപൂർവ്വ നേട്ടം ബോൾട്ട് സ്വന്തമാക്കുന്നത് കാണാൻ ലോകം കാത്തിരിക്കുകയാണ്.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ കണക്കുകളിൽ 1891ലായിരുന്നു ആദ്യമായി 100 മീറ്റർ ഒാട്ടത്തിന്റെ സമയം രേഖപ്പെടുത്തിയത്. ലൂതർ ക്യാരി എന്ന അമേരിക്കക്കാരൻ 10.8 സെക്കന്റിൽ ഓടിയെത്തിയ റെക്കോർഡ് മറികടക്കാൻ വർഷങ്ങളോളം ആരും ഉണ്ടായിരുന്നില്ല. ലൂതറിൽ നിന്നും റിയോയിലെത്തുന്പോൾ വർഷം 125 പിന്നിടുന്നു. ഉസൈൻ ബോൾട്ട് 2009ൽ ബെർലിൻ ലോക ചാന്പ്യൻഷിപ്പിൽ സ്ഥാപിച്ച റെക്കാർഡായ 9.58 സെക്കന്റുമായി താരതമ്യം ചെയ്യുന്പോൾ 100 മീറ്ററിന്റെ ചരിത്രത്തിനിടയിലെ അകലം 1.22 സെക്കന്റ് മാത്രം. 2012ൽ ലണ്ടൻ ഒളിന്പിക്സിൽ 9.63 സെക്കന്റിലാണ് ബോൾട്ട് ഫിനിഷിങ്ങ് പോയിന്റ് തൊട്ടത്.
കറുത്തവന്റെ ഒളിന്പിക്സ് മെഡലിന് മൂല്യമില്ലെന്ന തിരിച്ചറിവിൽ മെഡൽ ഒഹിയോ നദിയിലെറിഞ്ഞ മുഹമ്മദലിയും ചങ്കൂറ്റത്തിന്റെ മൂർത്ത രൂപമായി പോരാടി നേടിയ മെഡലിന്റെ തിളക്കമുള്ള ജെസി ഓവൻസും വെള്ളക്കാരന് ആധിപത്യമുള്ള ഒളിന്പിക്സിൽ കറുത്തവന്റെ വിജയമാണ്. ഈ പട്ടികയിലേക്കാണ് ലോകത്തിൽ ഏറ്റവും വേഗതയുള്ള ഉസൈൻ ബോൾട്ടിന്റെ കയറ്റം. വേഗതയുടെ മിന്നൽപ്പിണരുകൾ ഒളിപ്പിച്ച ബോൾട്ടിന്റെ ബൂട്ടിൽ നിന്നും ഇനിയും റെക്കോർഡുകളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.