രാമകഥാമൃതം ( ഭാഗം 32)
എ. ശിവപ്രസാദ്
രാമായണമാസം സമാപ്തം
ശ്രീരാമൻ അശോകവനിയിലെത്തി. ശ്രീരാമനെക്കണ്ട സീതാദേവി ആനന്ദാശ്രുക്കൾ പൊഴിച്ചു. അവരിരുവരും ആലിംഗനബദ്ധരായി. അതിനുശേഷം അയോദ്ധ്യയിലേക്ക് യാത്രയാവാൻ തയ്യാറായി. സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരസൈന്യം അത്യധികം ആനന്ദത്തിലായിരുന്നു. ലക്ഷ്മണൻ യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പരിശോധിച്ചു. വിഭീഷണൻ പുഷ്പകവിമാനവുമായി എത്തി. ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം പുഷ്പകവിമാനത്തിൽ കയറി. വിഭീഷണൻ നിറകണ്ണുകളോടെ അവരെ യാത്രയാക്കി. പുഷ്പകവിമാനം അയോദ്ധ്യാ നഗരം ലക്ഷ്യമാക്കി പറന്നു. സുഗ്രീവനും മറ്റു വാനരസൈന്യവും സമുദ്രത്തിനു മുകളിലൂടെ നിർമ്മിച്ച പാലത്തിലൂടെ അയോദ്ധ്യാ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
അതേസമയം അയോദ്ധ്യയിൽ ഉത്സവ പ്രതീതിയായിരുന്നു. ശ്രീരാമചന്ദ്രൻ സീതാസമേതം എത്തുന്നുവെന്നറിഞ്ഞ അയോദ്ധ്യാ നിവാസികൾ ആനന്ദത്താൽ ആറാടി. നന്ദിഗ്രാമത്തിൽ സന്യാസവേഷം പൂണ്ട് താമസിക്കുകയായിരുന്ന ഭരതനും അയോദ്ധ്യയിലെത്തി. അയോദ്ധ്യാനഗരം ദീപാലങ്കാരങ്ങളാൽ നിറഞ്ഞു. എങ്ങും എവിടെയും ആഹ്ലാദാരവങ്ങൾ മുഴങ്ങി. അയോദ്ധ്യയിലെത്തിയ ശ്രീരാമനെ ആദ്യം ചെന്നു കണ്ടത് സഹോദരനായ ഭരതനാണ്. ഭരതൻ പറഞ്ഞു. “അല്ലയോ പ്രിയ സഹോദരാ! അങ്ങയുടെ ഈ പാദുകങ്ങളെ സാക്ഷിയാക്കി ഞാൻ പതിനാലു സംവത്സരം രാജ്യം ഭരിച്ചു. ഇപ്പോൾ ഞാൻ ഈ പാദുകങ്ങളോടൊപ്പം രാജ്യവും തിരിച്ചേൽപ്പിക്കുകയാണ്. എന്റെ ജീവിതം സഫലമായി. ഖജനാവ്, സൈന്യം, ധാന്യശേഖരം എന്നിവ പരിശോധിച്ചാലും! അങ്ങയുടെ അനുഗ്രഹം കൊണ്ട് അവയെല്ലാം അന്നത്തെക്കാളും പത്തിരിട്ടിയാക്കാൻ എനിക്കു കഴിഞ്ഞു.” ഭരതന്റെ ഈ വാക്കുകൾ കേട്ട ശ്രീരാമദേവൻ അദ്ദേഹത്തെ ആലിംഗനം ചെയ്തു. രണ്ടുപേരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
തുടർന്ന് രാമലക്ഷ്മണന്മാർ സീതാസമേതം തങ്ങളുടെ അമ്മമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവരെ കണ്ടു അനുഗ്രഹം വാങ്ങി. ശ്രീരാമനെ ചേർത്തു പിടിച്ച കൈകേയി തനിക്കു മാപ്പു നൽകണമെന്ന് ശ്രീരാമനോട് അപേക്ഷിച്ചു. ശ്രീരാമൻ കൈകേയിയെ ആശ്വസിപ്പിച്ചു. പിറ്റേദിവസം തന്നെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുലഗുരുവായ വസിഷ്ഠ മഹാമുനി അയോദ്ധ്യയിലെത്തി.
വസിഷ്ഠ മഹർഷി ശ്രീരാമനെ സിംഹാസനത്തിലിരുത്തി. അരികിൽ സീതാദേവിയെയും ഇരുത്തി. പുണ്യനദികളിൽ നിന്നു കൊണ്ടു വന്ന ജലത്താൽ ശ്രീരാമനെ അഭിഷേകം ചെയ്തു. ഭരതനെ യുവരാജാവായി പ്രഖ്യാപിച്ചു. തുടർന്ന് യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ വാനരസൈനികർക്കും മറ്റു ജനങ്ങൾക്കും യഥാവിധി ദാനധർമ്മങ്ങൾ നടത്തി. ശ്രീരാമൻ അശ്വമേധയാഗം നടത്തി. ലോകത്തിൽ വെച്ച് ഏറ്റവും നല്ല ഭരണമായിരുന്നു ശ്രീരാമന്റേത്. ഇക്ഷ്വാകു വംശത്തിന്റെ കീർത്തി ശ്രീരാമദേവനാൽ ലോകവ്യാപകമായി.
ശ്രീരാമന്റെ ഭരണകാലത്ത് സ്ത്രീകളെല്ലാം സുമംഗലികളായി. മാലോകർക്കെല്ലാം ശാന്തിയും സമാധാനവും കൈവന്നു. രാജ്യത്ത് തസ്കരന്മാരെക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാതായി. മനസുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും എല്ലാ ജനങ്ങളും ധർമ്മിഷ്ഠരായി. വൃക്ഷങ്ങൾ യഥേഷ്ടം ഫലങ്ങൾ നൽകി. മേഘങ്ങൾ ആവശ്യത്തിലും കൂടുതൽ വർഷിച്ചു. ഹിംസ്ര ജന്തുക്കൾ കാട്ടിൽ ഒതുങ്ങി നിന്നു. ജനങ്ങൾക്ക് ധനലോഭം ഒട്ടും ഉണ്ടായിരുന്നില്ല. പിന്നീട് ആധുനിക കാലത്തു പോലും ഉപയോഗിക്കുന്ന ‘രാമരാജ്യം’ എന്ന പദം ഉത്ഭവിച്ചത് ശ്രീരാമന്റെ ഈ ഭരണത്തിൽ നിന്നാണ്.
ഭാരതം നിലനിൽക്കുന്നിടത്തോളം നമ്മുടെ സംസ്കാരത്തിന്റെ വറ്റാത്ത നീരുറവയായി രാമായണം നിലനില്ക്കും. രാമായണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ട് അടുത്ത തലമുറയിലേക്ക് കൈമാറി നമ്മുടെ സാംസ്കാരിക പ്രവാഹത്തെ സന്പന്നമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ശാന്തി....ശാന്തി..... ശാന്തി....