അഭയാർത്ഥികൾ വിരുന്നെത്തിയ ഒളിന്പിക്സ് - സംഗീത് ശേഖർ
സംഗീത് ശേഖർ
റെഫ്യുജി, എവിടെയാണ് ആ പേരാദ്യം കേട്ടതെന്ന് എന്ന് ആലോചിക്കാതിരുന്നില്ല. ജെ.പി ദത്ത സംവിധാനം ചെയ്ത ഒരു ബോളിവുഡ് ചിത്രത്തിന്‍റെ പേരാണത്. പേര്പോലെ തന്നെ അഭയാർത്‍ഥികളുടെ കഥയാണ് ചിത്രത്തിൽ പറയാൻ ശ്രമിക്കുന്നത്. കേകി എൻ. ദാരുവാലയുടെ Love Across the Salt Desert എന്ന മനോഹരമായ പുസ്തകത്തെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രം. കലാപരമായും വാണിജ്യപരമായും പരാജയമായിരുന്നു ഈ സിനിമ. ആകെ ഓർമ്മയിൽ നിൽക്കുന്നത് അതിലെ മനോഹരമായ ഒരു ഗാനമാണ്. മഹാനായ ജാവേദ് അക്തർ സാബ് എഴുതിയ വരികൾക്ക് മൂർച്ച കൂടുതലാണ്. അതിർത്തികളുടെ അർത്ഥ ശൂന്യതയെ കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. സ്വതന്ത്രമായി വിഹരിക്കുന്ന പക്ഷികൾക്കും, ശാന്തമായൊഴുകുന്ന അരുവികൾക്കും, കാറ്റിനും മാത്രം തടസ്സം സൃഷ്ടിക്കാത്ത അതിർത്തികൾ. മനുഷ്യരെ തമ്മിൽ വേർതിരിക്കാൻ മനുഷ്യനാൽ നിർമ്മിക്കപ്പെടുന്ന ഈ അതിർവരന്പുകൾ അവർക്ക് വേണ്ടി മാത്രമുളളതാണ് എന്നിരിക്കെ നീയും ഞാനും ഈ മനുഷ്യ ജന്മം കൊണ്ടെന്തു നേടി എന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുന്പോൾ നമുക്കവരിലേയ്ക്ക് നീങ്ങാം.
അവർ പത്ത് പേരാണ്. ലോകമെന്പാടുമുളള അഭയാർത്‍ഥികളുടെ പ്രതിനിധികൾ. റിയോ ഒളിന്പിക്സിൽ സിറിയ, കോംഗോ, സൗത്ത് സുഡാൻ, എതോപ്യ എന്നിവിടങ്ങളിൽ നിന്നുളള പത്ത് പേർ. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും തിളക്കങ്ങൾ അവരെ ഭ്രമിപ്പിക്കുന്നില്ല.അവർക്കിതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ഇങ്ങനെ ചിലരുടെയുംകൂടെ ചേരുന്നതാണീ ലോകം എന്ന ഓർമ്മപ്പെടുത്തൽ. അവർക്കൊരു ദേശീയ ഗാനമോ, ഫ്ളാഗോ, സ്വന്തമായൊരു ടീമോ ഒന്നുമില്ല. സ്വന്തമായി ഒരസ്ഥിത്വം പോലുമില്ലാത്തവർ, 4 രാജ്യങ്ങളിലെ ഏകദേശം 19 മില്യൺ വരുന്ന അഭയാർത്‍ഥി സമൂഹത്തിനു പ്രതീക്ഷയുടെ അടയാളമാകുവാൻ വേണ്ടി മാത്രമാണീ വരവ്. ജീവിതത്തിൽ ആദ്യമായവർ പലതിൽ നിന്നും ഓടിയകലാതെ ഒരു ലക്ഷ്യത്തിലേയ്ക്ക് ഓടിയടുക്കാൻ ശ്രമിക്കുകയാണ്. മൈക്കൽ ഫെൽപ്സും ഉസൈൻ ബോൾട്ടും താരപരിവേഷമണിഞ്ഞു നിറഞ്ഞു നിൽക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കത്തിൽ തലയുയർത്തി പിടിച്ചു കൊണ്ട് തന്നെ അവരും നിൽക്കുകയാണ്. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയപരവുമായ അസ്ഥിരതകൾ അലട്ടുന്ന റിയോ ഒളിന്പിക്സിന്റെ നഷ്ടപ്പെടുന്ന മുഖം നന്നാക്കിയെടുത്തൊരു മാനുഷിക മുഖം പകർന്നു നൽകുന്ന മാർക്കറ്റിംഗ് തന്ത്രം എന്നിതിനെ വിമർശിക്കാൻ നാവുയർത്തുന്നവർക്കും ഉള്ളിന്‍റെ ഉള്ളിലറിയാം അങ്ങനെയാണെങ്കിൽ പോലും അതിലൊരു ശരിയുണ്ടെന്ന്. പത്ത് പേരടങ്ങുന്ന ഈ ടീം ലോകസമൂഹത്തിന്റെ പരാജയത്തിന്‍റെ കൂടെ നേർക്കാണ് വിരൽ ചൂണ്ടുന്നത്. അഭയാർത്ഥികളുടെ പ്രശ്നങ്ങളും അവരുടെ എണ്ണവും ഓരോ കൊല്ലവും കൂടുന്നതെയുളളൂ എന്നതാണ് സത്യം.ലോകത്തിലെ മുൻനിര രാജ്യങ്ങൾ പലതും ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് നിർത്തി പതിയെ പുറകോട്ടു വലിയുകയാണ് എന്നത് കൂടെ കണക്കിലെടുക്കുന്പോൾ അവർ റിയോ ഒളിന്പിക്സിലേയ്ക്ക് വരുന്നത് ചില ചോദ്യങ്ങൾ ചോദിക്കാൻ തന്നെയാണ്. എത്ര നാൾ ആ ചോദ്യങ്ങളെ അവഗണിക്കാൻ നമുക്ക് കഴിയും എന്നതിനാണ് പ്രസക്തി. ഒരർത്ഥത്തിൽ രക്തരഹിതമായ, മുദ്രാവാക്യങ്ങൾ ഉറക്കെ ഏറ്റു ചൊല്ലാത്തൊരു വിപ്ലവമാണിത്.
അഭയാർത്‍ഥികൾക്കെല്ലാം ഒരേ മുഖമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ബുഡാപെസ്റ്റിലെ റെയിൽവേ േസ്റ്റഷനുകളിൽ ഇരുൾ വന്നു മൂടിയ ഭാവിയെ കുറിച്ചുളള ആകുലതകളുമായി കാത്തിരിക്കുന്ന മുഖങ്ങൾ, അതിർത്തികളിലെ കന്പി വേലികളിൽ ചേർത്ത് വെച്ച വിഷാദം നിറഞ്ഞ മുഖങ്ങൾ, അലിഞ്ഞു ചേരുന്ന സമൂഹത്തിലെ പുഴുക്കുത്തുകൾക്കും പഴി കേൾക്കേണ്ടി വരുന്നവരുടെ മുഖങ്ങൾ എല്ലാത്തിനും ഒരേ ഭാവമാണ്. എന്താണതെന്നു നിർവ്വചിച്ചെടുക്കാൻ കഴിയുന്നുമില്ല. നിസ്സഹായതയും, പ്രതിഷേധവും, നിരാശയും, പ്രതീക്ഷയും വ്യത്യസ്തമായ അളവുകളിൽ ചാലിച്ചെടുത്ത ഒരു ഭാവം. ഈ മുഖങ്ങൾ കാണുന്പോൾ അതിർത്തികളുടെ അർത്ഥ ശൂന്യതയെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതെങ്ങനെ. 2012ലെ ഒരു ബോംബ് സ്ഫോടനത്തിൽ കാലിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടു പോയതിനൊപ്പം തന്‍റെ ഒളിന്പിക് സ്വപ്‌നങ്ങൾ കൂടെ ഇല്ലാതെയാകുന്നത് സിറിയൻ അഭയാർഥി ഇബ്രാഹിം അൽ ഹുസൈൻ വേദനയോടെയാണ് കണ്ടു നിന്നത്. ഏതൻസിലെ അഭയാർഥി ക്യാന്പിലൂടെ സഞ്ചരിച്ച ഒളിന്പിക് ദീപശിഖ വഹിച്ചത് അയാളായിരുന്നു. തകർന്നു പോയ സ്വപ്നങ്ങൾക്ക് അതൊരു പരിഹാരമാകുന്നില്ലെങ്കിലും അയാളിലെ പോരാളിക്ക് ഇതൊരംഗീകാരം തന്നെയാണ്. വീൽചെയർ ബാസ്കറ്റ് ബോളിലേയ്ക്ക് കളം മാറി ചവിട്ടിക്കൊണ്ട് അയാളിന്നും പൊരുതുകയാണ് തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന വിധിക്കെതിരെ. ഒരിക്കലും പോരാട്ടം നിർത്തരുത് എന്ന അതിയായ ആഗ്രഹമാണ് ഹുസൈനെ മുന്നോട്ടു നയിക്കുന്നത്. അതിനയാളെ സഹായിക്കുന്ന പ്രചോദനത്തിന്റെ ഉറവിടമാണ് സ്പോർട്സ്. സ്പോർട്സിനു അത് പ്രതിനിധീകരിക്കുന്ന അടിസ്ഥാന ലക്ഷ്യത്തിനപ്പുറം ഉയർന്നൊരു മാനം കൈവരുന്നത് അതൊരു ലക്ഷ്യത്തിലേയ്ക്കുളള മാർഗ്ഗമായി മാറുന്പോഴാണ്. ഇവിടെ അഭയാർത്ഥികളെ പ്രതിനിധീകരിച്ചു വരുന്ന ഓരോരുത്തർക്കും സ്പോർട്സ് അതിജീവനത്തിന്റെ മന്ത്രമാണ്. സൂപ്പർ താരങ്ങളെ ആരാധിക്കുന്ന ഒരു കായിക സംസ്കാരത്തിന്‍റെ ഭാഗമായ നമ്മളൊക്കെ ഹുസൈനെ പോലുളളവരെ അറിയാൻ പോലും ശ്രമിക്കാറില്ല എന്നത് നമ്മുടെ മാത്രം കുറ്റമല്ല. മുഖ്യധാരാ പത്രങ്ങളിലെ സ്പോർട്സ് പേജുകളിൽ വലിയ അക്ഷരങ്ങളിൽ അലങ്കരിക്കപ്പെട്ടിരുന്ന താരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേർത്ത വീരകഥകൾ കേട്ടാണ് നമ്മളും വളർന്നത്. ലോകം നമ്മുടെ വിരൽത്തുന്പിന്‍റെ ചലനത്തിനനുസരിച്ച് സ്വയം തുറക്കുന്ന ഒരു പുസ്തകമായി മാറുന്ന ഈ കാലഘട്ടത്തിൽ പക്ഷെ നമുക്കാ ഒഴിവുകഴിവ് പറഞ്ഞൊഴിയാൻ കഴിയില്ല. മാറേണ്ടിയിരിക്കുന്നു നമ്മളും. സമൂഹം ഒരൽപ്പം മടിയോടെ അകറ്റി നിർത്താൻ താൽപ്പര്യപ്പെടുന്ന ഭിന്ന ലിംഗക്കാർക്ക് കൂടെ ഇത്തരമൊരു അവസരം ലഭിക്കണം എന്നതൊരു ആഗ്രഹമാണ്.അഭയാർത്ഥികളെ പോലെ ഒരു പ്രത്യേക വിഭാഗമായിട്ടല്ല ജീവിക്കുന്ന രാജ്യത്തെ തന്നെ പ്രതിനിധീകരിക്കാനുളള ഒരവസരം അവരും അർഹിക്കുന്നുണ്ട്.
റോജർ കോയൻ ന്യുയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനമുണ്ട്. വ്യക്തമായി അടിവരയിട്ടു ചില വസ്തുതകൾ നിരത്തി വെച്ചിരിക്കുന്നു അദ്ദേഹം. അഭയാർത്‍ഥികളുടെ മരണം പോലും ആരെയും വേവലാതിപ്പെടുത്തുന്നില്ല. ജീവിതം പോലെ തന്നെ ദയനീയമാണ് അവരുടെ മരണവും, ആരാലും ശ്രദ്ധിക്കപ്പെടാതെ, ആർക്കും വേണ്ടാത്തവരുടെ മരണം. എല്ലാവർക്കും ഇഷ്ടമാണ് അഭയാർഥികളുടെ ഈ ടീമിനെ, അവർ ഇതിനകം പലരുടെയും ഹൃദയങ്ങളെ സ്പർശിച്ചു കഴിഞ്ഞു. നിർഭാഗ്യവശാൽ അഭയാർത്ഥികൾ ആരുടേയും മനസ്സിനെ സ്പർശിക്കുന്നില്ല. അവർ എവിടെയും സ്വാഗതം ചെയ്യപ്പെടുന്നുമില്ല. ഭീകരവാദികൾ എന്ന മുദ്ര കുത്തി അടുത്തേയ്ക്ക് വിളിക്കാൻ കൊളളാത്തവരായി അകറ്റി നിർത്തപ്പെടുകയാണവർ. ജർമ്മനി കാട്ടുന്ന ധൈര്യം യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെങ്കിലും യൂറോപ്യൻ സിവിലൈസേഷന്‍റെ നേർക്കുളള ഭീഷണി പോലെയാണവർ ഈ അഭയാർത്ഥി സമൂഹത്തെ കാണുന്നത്. ഒളിന്പിക്സിൽ കയ്യടികൾ മുഴങ്ങുകയാണ്. അതവരോടുളള സ്നേഹമോ സഹതാപമോ കൊണ്ടാണെന്ന് തെറ്റിദ്ധരിച്ചു മടങ്ങുന്ന 10 ഒളിന്പ്യന്മാർ. ഇവിടെ രണ്ടു കൈകൾ കൂട്ടിയടിക്കുന്പോൾ ഉണ്ടാകുന്ന ഭീരുത്വം നിറഞ്ഞ പൊള്ളയായ ശബ്ദത്തിനു എന്ത് മാറ്റമാണ് വരുത്താൻ കഴിയുക. സന്ദേശം വ്യക്തമാണ്. മാറ്റങ്ങളെ, വിപ്ലവത്തെ ഞാൻ സ്വാഗതം ചെയ്യുന്നു, അതെന്‍റെ വീട്ടിൽ വേണ്ടെന്നു മാത്രം. കയ്യടികളിലോ ആരവങ്ങളിലോ പ്രശംസാവചനങ്ങളിലോ ലോകജനത ഈ പത്ത് പേരുടെയും പരിശ്രമങ്ങളെ ഒതുക്കി നിർത്തിയാൽ അവർ ഉയർത്തുന്ന പ്രശ്നങ്ങളുടെയും വിധി അത് തന്നെയാണ് എന്ന് തന്നെ കരുതേണ്ടി വരും. ഉപരിപ്ലവമായ അഭിനന്ദനങ്ങളെക്കാൾ അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് അവരാഗ്രഹിക്കുന്നത്. അഭയാർത്‍ഥികളായി കടന്നു വന്നു ഒളിന്പ്യന്മാരായി മടങ്ങുന്പോഴും അവരുടെ പക്കൽ ബാക്കിയാകുന്നത് ഒരുപിടി സ്വപ്‌നങ്ങൾ മാത്രമാണ്.
ജോർദാനിലെ ഒരു അഭയാർത്ഥി ക്യാന്പിലിരുന്നു കയ്യിലിരിക്കുന്ന ഊറ്റ് എന്ന സംഗീതോപകരണം ഈണത്തിൽ വായിക്കുന്ന അബു അബ്ദുള്ളയുടെ അടുത്തിരുന്നു കൊണ്ട് മുഹമ്മദ് ഇസ ഉറച്ച സ്വരത്തിൽ പാടുകയാണ്. ഞങ്ങളുടെ വീടുകൾ വളരെ അകലെയാണ് എന്നർത്ഥം വരുന്ന പാട്ട്.അതയാൾക്ക് മുഴുമിക്കാൻ കഴിയുന്നുമില്ല. പിന്നിട്ട വഴികളിൽ ഉപേക്ഷിച്ചു പോരേണ്ടി വന്ന വീടിനെയും ഉറ്റവരെയും കുറിച്ചുളള ഓർമ്മകൾ അലട്ടിയപ്പോൾ മുറിഞ്ഞു പോയ പാട്ടിനെ അവിടെ സ്വയം പൂരിപ്പിക്കാൻ വിട്ടു കൊണ്ടയാൾ മുഖം പൊത്തി കരഞ്ഞു തുടങ്ങി. 4 ലക്ഷത്തിലധികം ജനങ്ങളെ അഭയാർത്‍ഥികളാക്കി മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ചേക്കേറാൻ നിർബന്ധിതരാക്കിയ സിറിയൻ സിവിൽവാറിന്റെ ബാക്കിപത്രമാണയാൾ. അയാളെ പോലുളളവർക്ക് മനസ്സിലുളള വികാരങ്ങളെ പ്രകടിപ്പിക്കാനുളള മാർഗ്ഗമായി മാറുകയാണ് പാട്ടുകൾ. ഈ അഭയാർത്ഥി ക്യാന്പിൽ പക്ഷെ പലപ്പോഴും അതിനു പോലും അവർക്ക് കഴിയുന്നുമില്ല. ഇങ്ങനെ പലവഴിക്ക് ചിതറിപ്പോയ സിറിയൻ സമൂഹത്തിനിടയിൽ നിന്നാണ് യുസ്ര മർദാനി വരുന്നത്. അതിജീവനത്തിനു വേണ്ടി നീന്തി സിറിയയിൽ നിന്നുമുളള പലായനത്തിനിടെ 18 പേരടങ്ങിയ ഒരു സംഘത്തെ ഒരു ബോട്ടപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ യുസ്രയും സഹോദരിയും എല്ലാ വഴികളുമടയുന്പോൾ അതിജീവനത്തിന്റെ പാതകൾ സ്വയം തുറന്നെടുക്കുന്നവരുടെ കൂട്ടത്തിലാണ്. യുസ്ര തീയിൽ കുരുത്തവളാണ്. ഒളിന്പിക്സിലെ വെയിലിന്‍റെ തീക്ഷ്ണത അവളെ അൽപമൊന്നു വിസ്മയിപ്പിച്ചേക്കാം, പക്ഷെ അവൾക്ക് തളരാൻ കഴിയില്ല.കൂടുതൽ ഉയരത്തിലും വേഗത്തിലും കരുത്തോടെയും മുന്നോട്ടു കുതിക്കുന്നവരുടേത് മാത്രമാണോ ഒളിന്പിക്സ്?.അപൂർണ്ണമാണ് പിയറി ഡി ക്യുബർട്ടിൻ മുന്നോട്ടു വെച്ച ആ ആശയം. വിജയികളുടെ സുവർണ്ണ നേട്ടങ്ങളോളം തന്നെ വിലമതിക്കുന്നതാണ് വീണുപോകുന്നവരുടെ വിയർപ്പിന്‍റെ വില. പൊരുതി നോക്കിയതിനു ശേഷം മാത്രം പുറകിലായി പോകുന്നവർ കടന്നു പോന്ന നാൾവഴികളിലേയ്ക്ക് ഇന്നുവരെ ആരും ക്യാമറ കണ്ണുകൾ തിരിച്ചു വെച്ചിട്ടുണ്ടാകില്ല. ഇവിടെ ഈ പത്ത് പേരുടെ ചരിത്രം പക്ഷെ ഇപ്പോൾ ലോകത്തോട് സംവദിക്കുകയാണ്. ഒരു പക്ഷെ അവരീ ഒളിന്പിക്സിൽ വെറും കയ്യോടെ മടങ്ങുന്പോഴും ഒരിക്കലും മാഞ്ഞു പോകാത്ത അവരുടെ കയ്യൊപ്പുകൾ ലോകജനതയുടെ മനസ്സുകളിൽ പതിഞ്ഞു കഴിഞ്ഞു. ഈ പത്ത് പേരെയും ഉൾക്കൊണ്ടിരുന്ന റെഫ്യൂജി ക്യാന്പുകൾ അഭയാർത്‍ഥികൾക്ക് സുരക്ഷിതമായ അഭയസ്ഥാനമൊന്നുമല്ല. അവരിങ്ങനെ മൃഗതുല്യമായ തങ്ങളുടെ ജീവിതത്തിനെ ശപിച്ചു കൊണ്ടിരിക്കുന്പോൾ മഴ പെയ്തു തുടങ്ങുകയാണ്. ദൂരെ ജോർദാനിൽ അല്ലെങ്കിൽ ലോകത്തിന്‍റെ ഏതോ ഒരു കോണിൽ ഒരു റെഫ്യൂജി ക്യാന്പിന്‍റെ ദുർബ്ബലമായ പ്രതിരോധങ്ങളെ തകർത്തു കൊണ്ട് മഴ അവരിലേയ്ക്ക് പെയ്തിറങ്ങുന്പോൾ അതിൽ നിന്നും ഓടിയൊളിക്കാതെ നിസ്സംഗരായി അവരത് ഏറ്റു വാങ്ങുകയാണ്.അവർക്ക് മഴ പ്രണയത്തിന്‍റെ പ്രതീകമൊന്നുമല്ല. അവരുടെ നിസ്സഹായത ആഘോഷിക്കാനെത്തുന്ന ക്ഷണിക്കപ്പെടാത്ത വിരുന്നുകാരൻ മാത്രമാണ് അവർക്ക് മഴ. നിസ്സഹായരായി ദിവസങ്ങൾ തള്ളി നീക്കുന്പോഴും അവരുടെ മനസ്സുകളിൽ ഇപ്പോഴും ചെറിയൊരു പ്രതീക്ഷയുണ്ട്. അവർക്ക് കഴിഞ്ഞില്ലെങ്കിലും അടുത്ത തലമുറയ്ക്കെങ്കിലും സാധാരണ മനുഷ്യരെ പോലെ ഒരു ദിവസമെങ്കിലും ജീവിച്ചു തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ. അവരുടെ വിഹ്വലതകളെ പറ്റി ക്ലിഫ് മക്ലെ എഴുതിയ ഒരു ഗാനമുണ്ട്. കേൾക്കുന്നവരെ ഒരു നിമിഷത്തേക്കെങ്കിലും അസ്വസ്ഥരാക്കുന്ന ഒരു ഗാനം. കേട്ടിട്ടുള്ളവർ മറ്റെല്ലാ ദുഃഖങ്ങളും മറന്നു അവർക്ക് സുരക്ഷിതത്വം നൽകുന്ന നാല് ചുവരുകളെയും മേൽക്കൂരയെയും ഓർത്തിരിക്കും. ആ ഒരു സുരക്ഷിതത്വം പോലും ലഭിക്കാത്തവർ അതിർത്തികളിൽ ഒരിറ്റു ദയക്കായി കാത്തിരിക്കുകയാണ്...
I am so weary, so very tired. I Can’t even say my name.
I am so hungry, so sick and frightened.
I Can’t even hold my head up.
I’m not an animal. Not some strange creature. I am a human.. I have such dreams
I can tell you about, I have such love I can tell you about, If you would listen.
I am unwanted, my land is a desert, and all of my life a nightmare.
I’m not an animal, not some strange creature, I am a human