രാമകഥാമൃതം (ഭാഗം 31)
എ. ശിവപ്രസാദ്
അവസാനയുദ്ധം ആസന്നമായി. എട്ട് കുതിരകൾ ചേർന്ന് വലിക്കുന്ന അത്യധികം വേഗതയാർന്ന തേരിലേറി രാവണൻ യുദ്ധഭൂമിയിലെത്തി. രാക്ഷസവൃന്ദങ്ങൾ ആർപ്പുവിളികളും കരഘോഷങ്ങളുമായി അദ്ദേഹത്തെ വരവേറ്റു. ശ്രീരാമനും രാവണനും യുദ്ധഭൂമിയിൽ നേർക്കുനേർ കണ്ടു. തുടർന്നങ്ങോട്ട് അതിഭീഷണമായ യുദ്ധമായിരുന്നു. രാവണന്റെ രഥത്തിലെ പതാക രാമന്റെ അസ്ത്രത്താൽ മുറിഞ്ഞു വീണു. രാവണൻ രാമന്റെ കുതിരകളെ അന്പെയ്ത് വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. രാവണന്റെ ഓരോരോ ശരങ്ങളും ശ്രീരാമൻ മാർഗമധ്യേ മുറിച്ചു കൊണ്ടിരുന്നു. ഒരാളും മറ്റൊരാളെ കവച്ച് വെയ്ക്കാറില്ലെന്ന് ചില സമയങ്ങളിൽ തോന്നി. യുദ്ധഭൂമിയിലാകെ ഇരുപക്ഷങ്ങളിലും ആശങ്ക നിറഞ്ഞു.
ശ്രീരാമനും രാവണനും അസ്ത്രവിദ്യയിൽ അതിനിപുണരായിരുന്നു. അവരുടെ രണ്ടുപേരുടെയും ഗതിവിഗതികളും അന്പെയ്യാനുള്ള നിപുണതയും ഇരുപക്ഷവുമുള്ള യോദ്ധാക്കളെ അത്ഭുതപ്പെടുത്തി. മനുഷ്യനന്മയ്ക്കും ലോകശാന്തിയ്ക്കുമായി ഋഷിമാർ സ്തോത്രങ്ങൾ ചൊല്ലാൻ തുടങ്ങി. ഒരു മനുഷ്യനും ഒരു രാക്ഷസനും തമ്മിലുള്ള വിചിത്രയുദ്ധം ദേവകളും ഗന്ധർവ്വന്മാരും മറ്റ് അപ്സര സ്ത്രീകളും അത്ഭുതത്തോടെ നോക്കി നിന്നു. ആകാശത്തെ ആകാശത്തോടും സമുദ്രത്തെ സമുദ്രത്തോടും എന്നപോലെ രാമ രാവണയുദ്ധത്തെ രാമരാവണയുദ്ധത്തോടു മാത്രമേ ഉപമിക്കാൻ കഴിയൂ എന്ന് അവർ അഭിപ്രായപ്പെട്ടു.
രാമൻ അതിശക്തമായ ഒരു അസ്ത്രമെടുത്ത് രാവണന് നേരെ തൊടുത്തു വിട്ടു. ആ അസ്ത്രം രാവണന്റെ ശിരസ് മുറിച്ച് ദൂരെക്കളഞ്ഞു. എന്നാൽ ഞൊടിയിടയിൽ രാവണന്റെ കഴുത്തിൽ പുതിയ തല ഉയർന്നു വന്നു. ഉടൻ തന്നെ രാമൻ ആ തലയും മുറിച്ചു. എന്നാൽ വീണ്ടും പുതിയ തല ഉയർന്നു വന്നു. ഇത് പല ആവർത്തി തുടർന്നെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. രാവണന്റെ ഹത്യ അസാധ്യമാവുമോ എന്ന് രാമൻ സംശയിച്ചു. രണ്ടുപേരും അതി ഭീഷണമായ അസ്ത്രങ്ങൾ പ്രയോഗിച്ചു കൊണ്ടിരുന്നു. ഇതേ രീതിയിൽ യുദ്ധം മുന്നോട്ടു കൊണ്ടുപോകുന്നത് ബുദ്ധിയല്ലെന്ന് രാമന് മനസിലായി. ശ്രീരാമൻ അഗസ്ത്യമുനി തനിയ്ക്ക് നൽകിയ ബ്രഹ്മാസ്ത്രം കയ്യിലെടുത്തു. ഈ അസ്ത്രത്തിന്റെ ചിറകുകളായി വർത്തിച്ചിരുന്നത് വായുവായിരുന്നു. അതിന്റെ അഗ്രമാകട്ടെ അഗ്നിയും. ശ്രീരാമൻ ബ്രഹ്മാസ്ത്രമെടുത്ത് ബ്രഹ്മാവിനെ മനസിൽ ധ്യാനിച്ചു. ശാസ്ത്രോക്തമാം വിധം അതിനെ ആവാഹിച്ചു. എന്നിട്ട് ഞാണിൽ വെച്ച് പിന്നോട്ടു വലിച്ചു. ഈ സമയത്ത് ഭൂമി വിറച്ചു. പക്ഷിമൃഗാദികൾ ഭയപ്പാടോടെ ശബ്ദമുണ്ടാക്കി. കോപത്താൽ ചുളിഞ്ഞ നെറ്റിത്തടവുമായി ഞാൺ ആഞ്ഞുവലിച്ച് ബ്രഹ്മാസ്ത്രം രാവണനു നേരെ തൊടുത്തു. അത് നേരെ പോയി രാവണന്റെ മാറിൽ തുളഞ്ഞു കയറി. മാറു പിളർക്കപ്പെട്ട രാവണൻ ചേതനയറ്റ് യുദ്ധഭൂമിയിൽ വീണ് മരിച്ചു. രാവണൻ മരിച്ച വാർത്തയറിഞ്ഞ ശ്രീരാമസൈന്യം അത്യധികം സന്തോഷിച്ചു.
ബ്രഹ്മാവിൽ നിന്നും വരങ്ങൾ ലഭിച്ച അനുഗ്രഹീതനായ ഒരു യോദ്ധാവായിരുന്നു രാവണൻ. സാമവേദത്തിൽ ഇത്രയേറെ നിപുണനായിരുന്ന ഒരാളും ഇക്കാലത്ത് ജീവിച്ചിരുന്നില്ല. ബലത്തിനും വീര്യത്തിനും രാവണന് തുല്യം രാവണൻ മാത്രമായിരുന്നു. ബ്രഹ്മാവിന്റെ പ്രപൗത്രനായ പുലസ്ത്യന്റെ പൗത്രനായ വിശ്രവസ്സിന്റെ പുത്രനായിരുന്നു രാവണൻ. അസാമാന്യ ധീരതയും ശക്തിയും രാവണനെ സ്വർഗ്ഗപദവിയ്ക്കർഹനാക്കി. രാവണന്റെ മരണത്തോടെ ലങ്കയിൽ രാക്ഷസ ഭരണത്തിന് ഏതാണ്ട് അവസാനമായി കഴിഞ്ഞു.
തങ്ങളുടെ രാജാവിന്റെ പതനം കണ്ട രാക്ഷസ വീരന്മാർ പിൻതിരിഞ്ഞോടി. അതോടെ യുദ്ധം അവസാനിച്ചു. രാവണന്റെ സംസ്കാരചടങ്ങുകൾ യഥാവിധം നടത്തണമെന്ന് ശ്രീരാമൻ നിർദ്ദേശിച്ചു. അതനുസരിച്ച് ചന്ദനമരങ്ങളാൽ തീർത്ത ചിതയൊരുക്കി. വിഭീഷണൻ രാവണന്റെ ചിതയ്ക്ക് തീ കൊളുത്തി. സംസ്കാരകർമ്മങ്ങൾ യഥാവിധി ചെയ്തു. പിന്നീട് ശ്രീരാമൻ സീതാ സമാഗമത്തിനായി അശോകവനിയിലേയ്ക്ക് യാത്രയായി.