രാമകഥാമൃതം (ഭാഗം 30)


എ. ശിവപ്രസാദ്

ഇന്ദ്രജിത്തിന്റെ മരണവാർത്തയറിഞ്ഞ രാവണൻ ബോധരഹിതനായി നിലംപതിച്ചു. അല്പനേരം കഴിഞ്ഞ് ബോധം തിരിച്ചു കിട്ടിയ രാവണൻ വാവിട്ടു കരഞ്ഞു. “എന്റെ പ്രിയ പുത്രാ! നീ ഒരു മഹാവീരനായിരുന്നല്ലോ! ഇന്ദ്രദേവനെ തോൽപ്പിച്ച നിനക്ക് കേവലം ഒരു മനുഷ്യനായ ലക്ഷ്മണനോട് പരാജയപ്പെടാൻ എങ്ങിനെ കഴിഞ്ഞു....? നിന്റെ കോപത്താൽ ഭഗവാൻ മഹാദേവന്റെ മന്ദരപർവ്വതം തകർന്ന് തരിപ്പണമായിട്ടുണ്ടല്ലോ! എന്നിട്ടും ഒരു മനുഷ്യനെ വധിക്കാൻ നിനക്കു കഴിഞ്ഞില്ലെന്നോ....? മൂന്ന് ലോകങ്ങളിലും നിന്നെ ജയിക്കാൻ ആരുണ്ടായിരുന്നു....? നിന്റെ മരണത്തോടെ എല്ലാ ദേവന്മാരും മറ്റ് സ്വർഗ്ഗവാസികളും ഭയരഹിതരായിട്ടുണ്ടാവും. ഈ ലോകം മുഴുവൻ ശൂന്യമായത് പോലെ എനിക്ക് തോന്നുന്നു. നീ എന്തിനാണ് നിന്റെ ലങ്കയേയും നിന്റെ പ്രിയപ്പെട്ട അമ്മയേയും അച്ഛനായ എന്നെയും നിന്റെ പ്രിയപത്നിയേയും വിട്ടുപോയത്? പ്രിയപുത്രാ! എന്തിന് നീ സ്വർഗ്ഗത്തിലേയ്ക്ക് പോയി...?”

രാവണനെ ആ‍ർക്കും തന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. ക്രമേണ രാവണന്റെ ദുഃഖം കോപത്തിന് വഴിമാറി. ശ്രീരാമനോടുള്ള ഉഗ്രമായ കോപം കൊണ്ട് രാവണൻ ജ്വലിച്ചു. കോപത്താൽ സ്വബോധം നഷ്ടപ്പെട്ട രാവണൻ സീതാദേവിയെ വധിക്കാനായി അശോകവനിയിലേക്ക് പുറപ്പെട്ടു. ഊരിപ്പിടിച്ച വാളുമായി അശോകവനിയിലേക്ക് പോകുന്ന രാവണനെ ആശ്വസിപ്പിക്കാൻ ഭാര്യയായ മണ്ധോദരി അടക്കമുള്ള പലരും കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഈ സമയത്ത് രാവണന്റെ മന്ത്രിയും പണ്ധിത ശ്രേഷ്ഠനും ആയ സുപാർശ്വൻ രാവണനെ തടഞ്ഞു നി‍‍ർത്തിക്കൊണ്ടു പറഞ്ഞു. “പ്രഭോ, സീതയുടെ വധത്തെക്കുറിച്ച് അവിടത്തേയ്ക്ക് എങ്ങിനെ ചിന്തിക്കാൻ കഴിഞ്ഞു....? ഇത് ധർമ്മമല്ല. അങ്ങ് വേദജ്ഞാനിയാണ്. സർവ്വ ശാസ്ത്ര പരംഗതനാണ്. സ്വർഗ്ഗത്തിൽ സ്ഥാനം ലഭിയ്ക്കാനുള്ള വ്രതങ്ങളും അനുഷ്ഠാനങ്ങളും അങ്ങ് ചെയ്ത് വരുന്നുണ്ട്. ധർമ്മമാർഗ്ഗത്തിൽ നിന്നും ഇന്നേവരെ വ്യതിചലിച്ചിട്ടുമില്ല. അങ്ങിനെയിരിക്കെ ഒരു സ്ത്രീയെ കൊല്ലുന്ന കാര്യം അങ്ങേയ്ക്ക് എങ്ങിനെ ചിന്തിക്കാൻ കഴിഞ്ഞു? അങ്ങയോടുള്ള സീതയുടെ മനസ് മാറാൻ ഇനിയും സമയം കൊടുക്കുക. അങ്ങയുടെ കോപത്തിന്റെ പ്രവാഹം ശ്രീരാമന് നേരെ തിരിച്ചുവിടുക. ശുക്ലപക്ഷം കഴിഞ്ഞ് ഇന്ന് പതിനാലാം ദിവസമാണ്. നാളെ അമാവാസിയിൽ രാമനുമായി യുദ്ധമാരംഭിച്ചാൽ അങ്ങേയ്ക്ക് വിജയം സുനിശ്ചിതമായിരിക്കും. ഉടൻ തന്നെ രാമനോട് യുദ്ധ
ത്തിനായി പോകൂ! ശ്രീരാമനെ വധിച്ച് സീതയെ സ്വന്തമാക്കൂ!”

സുപാർശ്വന്റെ വാക്കുകൾ ഫലവത്തായി. രാവണന്റെ കോപം ഏതാണ്ടൊന്നു ശമിച്ചു. രാവണൻ ഊരിപ്പിടിച്ച വാൾ ഉറയിലിട്ട് ഒന്നും ഉരിയാടാതെ കൊട്ടാരത്തിലേയ്ക്ക് തിരിച്ചു പോയി. കൊട്ടാരത്തിലെത്തിയ രാവണൻ തന്റെ ഗുരു ശുക്രാചാര്യരുടെ നിർദ്ദേശപ്രകാരം ഒരു യാഗമാരംഭിച്ചു. ഈ യാഗം പൂർത്തീകരിച്ചു കഴിഞ്ഞാൽ രാവണനെ ആ‍ർക്കും വധിക്കാൻ കഴിയുമായിരുന്നില്ല. ഒരുക്കങ്ങളെല്ലാം ചെയ്ത് രാവണൻ യാഗമാരംഭിച്ചു. ഈ വിവരമറിഞ്ഞ വിഭീഷണൻ രാവണന്റെ യാഗം ഏതു വിധേനയും മുടക്കണമെന്ന് ശ്രീരാമനോട് പറഞ്ഞതനുസരിച്ച് ബാലി പുത്രനായ അംഗദൻ യാഗം മുടക്കാനായി രാവണന്റെ അടുത്തെത്തി. പല തരത്തിലുള്ള അക്രമങ്ങൾ കാട്ടിയിട്ടും രാവണൻ യാഗശാലയിൽ നിന്നും ഇളകിയില്ല. ഒടുവിൽ അംഗദൻ രാവണപത്നിയായ മണ്ധോദരിയെ ആക്രമിച്ചു. മണ്ധോദരിയെ വലിച്ചിഴച്ച് രാവണന് മുന്നിലിട്ടു. മണ്ധോദരിയുടെ വിലാപം കേട്ട രാവണൻ യാഗമുപേക്ഷിച്ച് അംഗദനെ വധിക്കാനായി എഴുന്നേറ്റു വന്നു. എന്നാൽ അംഗദൻ രക്ഷപ്പെട്ടു. അതോടെ യാഗവും മുടങ്ങി.

അതിനുശേഷം രാവണൻ തന്റെ മുഴുവൻ സൈന്യത്തോടും യുദ്ധത്തിന് തയ്യാറാകാൻ പറഞ്ഞു. സർവ്വസൈന്യ സന്നാഹവുമായി രാവണൻ യുദ്ധഭൂമിയിലെത്തി. തന്റെ പ്രിയ പുത്രനടക്കം നിരവധി രാക്ഷസരുടെ മരണത്തിനു കണക്കു തീർക്കാൻ ശേഷിയുള്ള പ്രതികാര ദാഹവുമായിട്ടാണ് രാവണൻ യുദ്ധഭൂമിയിലെത്തിയത്. അങ്ങിനെ അന്തിമയുദ്ധത്തിനുള്ള സമയം ആഗതമായി.

You might also like

Most Viewed