കലയെ­ പ്രണയി­ച്ച് ജീ­വി­തത്തോട് പോ­രാ­ടു­ന്നു­


കൂക്കാനം റഹ്്മാൻ‍

ത്യാഗപൂർ‍ണ്ണമായ ജീവിതം നയിക്കുന്ന വത്സലയെന്ന ഈ കലാകാരിയെ കുറിച്ച് നമ്മൾ‍ അറിയണം. അഭിനയ കല ഒരു തപസ്യയായെടുത്ത് മുന്നേറുന്ന വത്സല ഒരത്ഭുതമാണ്. അവർ‍ വിവിധ രോഗങ്ങളാൽ‍ കഷ്ടപ്പെടുകയാണ്. പക്ഷേ രോഗങ്ങളെയൊക്കെ തന്റെ വരുതിക്കു നിർ‍ത്തി അവർ‍ കർ‍മ്മ പഥത്തിൽ‍ തന്റെ യാത്ര തുടർ‍ന്നുകൊണ്ടിരിക്കുന്നു.

കൂട്ടിനെപ്പോഴും ഭർ‍ത്താവുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ നാരായണന്‍ താങ്ങും തണലുമായി വത്സലയ്‌ക്കൊപ്പം എന്നുമുണ്ടാവും. വത്സലയുടെ വേദനകളെ മായ്ക്കാൻ‍ നാരായണന്റെ സ്‌നേഹത്തലോടലുകൾ‍ അവർ‍ക്ക് തുണയാവുന്നുണ്ട്. പ്രൊഫഷണൽ‍ നാടകരംഗത്ത് 250 ഓളം േസ്റ്റജുകളിൽ‍ തന്റെ അഭിനയ കലാവൈഭവം തെളിയിച്ചു കഴിഞ്ഞവളാണ് വത്സല. റിഹേർ‍സലിനായാലും േസ്റ്റജ് അവതരണത്തിനായാലും വത്സലയുടെ കൂടെ നാരായണനുമുണ്ട്. 

രാത്രി രണ്ടുമണിക്കും മറ്റും നാടക പരിപാടി കഴിഞ്ഞു രണ്ടുപേരും ഓട്ടോയിൽ‍ വീട്ടിലേയ്ക്ക് തിരിച്ചുവരുന്പോഴുള്ള ചില ഓർ‍മ്മകൾ‍ നാരായണൻ‍ അയവിറക്കുകയുണ്ടായി. അസമയത്ത് ഒരു സ്ത്രീയേയും ഒപ്പം കൂട്ടി ഓട്ടോറിക്ഷയിൽ‍ യാത്ര ചെയ്യുന്നത് സദാചാരന്മാരായ ചില വ്യക്തികൾ‍ക്ക് ഹാലിളക്കമുണ്ടാക്കിയിട്ടുണ്ട്. ഓട്ടോയെ പിന്തുടർ‍ന്നു കാറിൽ‍ വന്ന ഒരു വിരുതനെ വിരട്ടിയോടിച്ചതും, ബീറ്റ് പോലീസുകാർ‍ കൈകാട്ടി നിർ‍ത്തി ആളെ മനസ്സിലായപ്പോൾ‍ പറഞ്ഞു വിട്ടതും നാരായണന്റെയും വത്സലയുടെയും ഓർ‍മ്മച്ചെപ്പുകളിൽ‍ ഒളിമങ്ങാതെ കിടപ്പുണ്ട്.

അസുഖങ്ങൾ‍ പലതും വത്സലയെ വിടാതെ പിന്തുടരുന്നുവെങ്കിലും മനഃസാന്നിദ്ധ്യം കൊണ്ട് അവയെ അവഗണിച്ചു കൊണ്ടിരിക്കുകയാണിന്നും. ഗർ‍ഭാശയ അർ‍ബുദം ബാധിച്ച വത്സലയ്ക്ക് ആശുപത്രിക്കിടക്കയിൽ‍ ദീർ‍ഘനാൾ‍ കിടക്കേണ്ടി വന്നു. പിത്തസഞ്ചി ഓപ്പറേഷൻ‍ ചെയ്തു നീക്കേണ്ടി വന്നു. പ്രമേഹ രോഗം വിടാതെ പിന്തുടരുന്നു. ഇതെല്ലാമായിട്ടും മനസ്സുറപ്പോടെ അഭിനയ കലാരംഗത്ത് വത്സല സജീവ സാന്നിദ്ധ്യമാണിപ്പോഴും. അവരുടെ മനക്കരുത്ത് ഇത്തരം വേദന തിന്ന് ജീവിക്കുന്നവർ‍ക്കു ആവേശവും മാതൃകയുമായിത്തീരട്ടെ.

നാരായണൻ--വത്സല ദന്പതികൾ‍ക്ക് മൂന്നു മക്കളാണുള്ളത്. രണ്ടുപേർ‍ക്കും നവ നവങ്ങളായ ചിന്തകളും ആശയങ്ങളുമാണ്. പ്രയാസങ്ങളിലും പതറാതെ മുന്നേറുന്ന ഇവരുടെ മക്കൾ‍ക്ക് പേരിട്ടതും ശ്രദ്ധേയമാണ്. നവജിത്ത്, നവനീത, നവനീത്. ശ്രദ്ധയോടെയുള്ള കാഴ്ചപ്പാടോടെയാണ് ഇവർ‍ ജീവിതത്തെ വീക്ഷിക്കുന്നത് എന്ന് കുഞ്ഞുങ്ങളുടെ പേരിൽ‍ നിന്ന് തിരിച്ചറിയാം.

മൂത്തമകൻ‍ നവജിത്ത് നാടക− സിനിമാ രംഗത്ത് പ്രതീക്ഷയുണർ‍ത്തുന്ന ഒരു യുവനടനാണ്. ‘എന്ന് നിന്റെ മൊയ്തീൻ‍’ എന്ന സിനിമയിൽ‍ ചെറിയൊരു പാർ‍ട്ടാണ് ലഭിച്ചതെങ്കിലും അത് ശ്രദ്ധേയമാക്കി മാറ്റാൻ‍ നവജിത്തിന് സാധ്യമായി. ഇപ്പോൾ‍ എറണാകുളം ഫിലിം ഇന്റസ്ട്രിയിൽ‍ പ്രവർ‍ത്തിച്ചു വരികയാണ്. നവജിത്ത് അഭിനയിച്ച ഒന്നു രണ്ട് ഫിലിമുകൾ‍ പൂർ‍ത്തിയായിട്ടുണ്ട്. പേരിടാത്തതിനാൽ‍ പുറത്ത് പ്രചാരണത്തിന് വന്നിട്ടില്ല.

അമ്മയെ ശ്രദ്ധിക്കാൻ‍ നവജിത്ത് എന്നും സന്നദ്ധനാണ്. രോഗപീഡയിൽ‍ നിന്നും അമ്മയെ ഊർ‍ജ്ജസ്വലയാക്കി രംഗത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവന്നത് നവജിത്താണ്. അമ്മയും മകനും മാത്രം അഭിനയിച്ച ‘അഭയം’ എന്ന നാടകം കേരളത്തിൽ‍ ആദ്യ സംഭവമാണ്. ഈ നാടകം ഇതിനകം അന്പതോളം േസ്റ്റജുകളിൽ‍ അരങ്ങേറിക്കഴിഞ്ഞു. യഥാർ‍ത്ഥ ജീവിതത്തിൽ‍ അമ്മയ്ക്കാണ് വിഷാദം, മകനാണ് അമ്മയ്ക്ക് പ്രചോദനം നൽ‍കുന്നത്. പക്ഷേ നാടകത്തിൽ‍ നേരെ തിരിച്ചാണ് കഥപോകുന്നത്. മകന് ദു:ഖവും അമ്മ മകന്റെ ദു:ഖമകറ്റാനുള്ള പ്രചോദനവുമാണ് എന്ന വ്യത്യാസമുണ്ട്.

അമ്മയുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ‍ നവജിത്ത് വേറൊരു നാടകത്തിന് കൂടി തുടക്കമിട്ടു. ലോക യുവത്വത്തിന്റെ പ്രചോദനമായ ഭഗത് സിങ്ങിനെയും അമ്മ വിദ്യാവതിയുടെയും കഥ പറയുന്ന ‘വീരഭഗത് സിങ്ങ്’ എന്ന നാടകത്തിലും അമ്മയും മകനും മാത്രം അഭിനയിക്കുന്നു. നവജിത്ത് അമ്മയുടെ മനസിന് സാന്ത്വനമേകാനും, നടന്നു വന്ന വഴികൾ‍ ഓർ‍മ്മപ്പെടുത്തി സന്തോഷമുളവാക്കാനുമുള്ള ശ്രമമെന്ന നിലയിലാണ് നാടക രംഗത്തേയ്ക്ക് അമ്മയെ വീണ്ടും കൊണ്ടുവന്നത്.

രണ്ടാമത്തെ മകൾ‍ നവനീത ഒരു അൺ‍എയ്ഡഡ് സ്‌കൂളിൽ‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ‍ നവനീത് ട്രാവൽ‍ ആൻ‍ഡ് ടൂറിസം പഠനം കഴിഞ്ഞ് എറണാകുളത്ത് ഒരു കന്പനിയിൽ‍ പ്രവർ‍ത്തിച്ചുവരുന്നു. വത്സലയുടെ ആദ്യ നാടകാനുഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ‍ ആവേശപൂർ‍വ്വമായാണ് പ്രതികരിച്ചത്. പിവികെ പനയാൽ‍ ഗോപിനാഥ് ടീം ഒരുക്കിയ ‘ബീഗം മേരി ബിശ്വാസ്’ എന്ന നാടകമായിരുന്നു അത്. പല നടികളെയും വിളിച്ചുവരുത്തി പരിശോധിച്ചതിൽ‍ ഏറ്റവും അനുയോജ്യയായി കണ്ടെത്തിയത് വത്സലയെ ആയിരുന്നു. എനിക്കു കിട്ടിയ ആദ്യ അംഗീകാരമായിരുന്നു ഇത്. പിന്നീടങ്ങോട്ടുള്ള എന്റെ നാടക അഭിനയത്തിൽ‍ ഈ അംഗീകാരം പ്രചോദനമേകി. അക്കാലത്ത് വത്സല ഡിവൈഎഫ്ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

പ്രമുഖ നാടക പ്രവർ‍ത്തകരായ ഗോപിനാഥ് കോഴിക്കോട്, സുവീരൻ‍, എസ്.സുനിൽ‍ എന്നിവരായിരുന്നു വത്സല അഭിനയിച്ച മിക്ക നാടകങ്ങളുടെയും സംവിധായകർ‍. ഇവരെയൊക്കെ പരിചയപ്പെടാൻ‍ കഴിഞ്ഞതും മറക്കാൻ‍ കഴിയാത്ത അനുഭവങ്ങളാണ്. കാസർ‍കോട് ജില്ലയിൽ‍ നാടക രംഗത്തെ വനിതാ അഭിനേതാക്കളായ ലക്ഷ്മി, ഭാനുമതി, അമ്മിണി എന്നിവരെല്ലാം വത്സലയുടെ നാടക പ്രവേശനത്തിന് പ്രേരണ ചെലുത്തിയിട്ടുണ്ട്. 

വത്സല ഇടതുപക്ഷ പ്രസ്ഥാനവുമായി ചെറുപ്പം മുതലേ ബന്ധപ്പെട്ടു പ്രവർ‍ത്തിച്ചു വരുന്നുണ്ട്. ബാലസംഘം, ഡിവൈഎഫ്ഐ എന്നിവയിൽ‍ ദീർ‍ഘകാലം പ്രവർ‍ത്തിച്ചിട്ടുണ്ട്. ഇന്നും പാർ‍ട്ടി മെന്പറായി തുടരുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ കമ്മറ്റി അംഗവുമാണ്. മനസിന് സമാധാനവും സൗഹൃദവും ലഭിക്കാൻ‍ ഒരത്താണിവേണമെന്ന ആഗ്രഹം കൊണ്ട് പറക്കളായിയിൽ‍ പ്രവർ‍ത്തിച്ചു വരുന്ന പിഎൻ‍ പണിക്കർ‍ സ്മാരക ആയുർ‍വ്വേദ മെഡിക്കൽ‍ കോളജിലെ ഹോസ്റ്റൽ‍ വാർ‍ഡനായി സേവനം ചെയ്തു വരുന്നുണ്ട്. കുട്ടികളെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുന്പോൾ‍ ശാരീരിക മാനസിക വേദനകളെ മറക്കാൻ‍ കഴിയുന്നു. വത്സലയുടെ പ്രയാസങ്ങൾ‍ കണക്കിലെടുത്ത് കോളജ് മാനേജ്‌മെന്റ് അവരോട് സ്‌നേഹ പൂർ‍ണമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്.

നീലേശ്വരം മടിക്കൈ അടുക്കത്തു പറന്പിലാണ് വത്സലയും കുടുംബവും ജീവിച്ചുവരുന്നത്. ‘നവനീതം’ എന്നാണ് വീട്ടുപേരും. നവനീതത്തിലെ ചർ‍ച്ചകളും, പഠനങ്ങളും എല്ലാം നാടക സിനിമാലോകത്തെ കുറിച്ചാണ്. വേദനയെ അതിജീവിക്കാൻ‍, പ്രയാസങ്ങളെ മാറ്റി മറിക്കാൻ‍ ഈ കലാകുടുംബത്തിന് സാധ്യമാകുന്നു. വത്സല നമുക്ക് തരുന്ന സന്ദേശമിതാണ്. ‘നമ്മൾ‍ രോഗത്തെ കീഴടക്കണം, നമ്മെ കീഴടക്കാൻ‍ രോഗത്തെ അനുവദിക്കരുത്.’

You might also like

Most Viewed