ശുചിത്വകേരളം അഥവാ ഒരു മാലിന്യക്കൂന്പാരം !!
ലക്ഷ്മി ബാലചന്ദ്രൻ
കേരളത്തിലെ ജനങ്ങൾ സാക്ഷരതയിലും, ശുചിത്വത്തിലും മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്പിലാണ്! പ്രൈമറി സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പഠിച്ചു മനസ്സിൽ പതിഞ്ഞു പോയ, മലയാളികളുടെ ഒരു ആത്മപ്രശംസയാണിത്. സ്വന്തം ദേഹവും ചുറ്റുപാടുകളും (മാത്രം) വൃത്തിയായി സൂക്ഷിക്കാൻ മലയാളികൾ വളരെ മിടുക്കരാണ് എന്നത് സത്യം തന്നെയാണ്. ഒപ്പം സ്വന്തം ചുറ്റുപാടുകളിലെ മാലിന്യങ്ങൾ അന്യന്റെ ഇടങ്ങളിൽ ഉപേക്ഷിക്കുന്ന ശീലത്തിലും നമ്മൾ തന്നെ മുന്നിൽ. സ്വയം ശുചിയായിരിക്കാൻ ശ്രദ്ധിക്കുന്ന മലയാളികൾക്ക് ശുചിത്വം എങ്ങിനെ സൃഷ്ടിക്കാം എന്നറിയില്ല. ആരോഗ്യകരമായ ശുചിത്വശീലങ്ങൾ പാലിക്കാൻ എന്തെല്ലാം സംവിധാനങ്ങൾ വേണം എന്നുമറിയില്ല.
കേരളം നേരിടുന്ന വളരെ ഭീകരമായൊരു പ്രശ്നമാണ് മാലിന്യ നിർമ്മാർജ്ജനം. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് ഇറച്ചി മാലിന്യങ്ങളിൽ നിന്നും മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ നഗരമാലിന്യങ്ങളിൽ നിന്നും വൈദ്യുതി നിർമ്മിച്ച് കൊണ്ട് മാലിന്യസംസ്കരണത്തിൽ മികച്ചു നിൽക്കുന്പോൾ, മുൻ കൊച്ചി മേയർ ടോണി ചമ്മിണി നടത്തിയ ഇരുപത്തിരണ്ടു അന്താരാഷ്‌ട്ര വിനോദസഞ്ചാര യാത്രകൾ മാത്രമാണ് മാലിന്യസംസ്കരണത്തിനായി കേരളത്തിൽ നിന്നുണ്ടായിട്ടുള്ള പ്രശസ്തമായൊരു ചുവടു വെപ്പ്. മാലിന്യ സംസ്കരണത്തിന്റെ പേരിൽ കളമശ്ശേരി വഴി കടന്നു പോകുന്ന ആളുകളെ കൊണ്ട് മൂക്കു പൊത്തിച്ചതടക്കമുള്ള സേവനങ്ങളെ മറക്കുന്നുമില്ല. സാക്ഷരതയിൽ മാത്രം മുന്നിൽ നിൽക്കുന്ന സംസ്ഥാനം പ്രായോഗികബുദ്ധിയിലും, നഗരാസൂത്രണത്തിലും എല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എത്ര പുറകിലാണ് എന്നും മനസ്സിലാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള മാലിന്യസംഭരണ വീപ്പകളിൽ മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമിക്കാത്ത ജനങ്ങളും, ഇവ അതതു സമയങ്ങളിൽ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ജോലിക്കാരും സംസ്ഥാനത്തെ വൃത്തിഹീനമായി നിലനിർത്തുന്നതിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്നവരുമാണ്.
രണ്ടു വർഷങ്ങൾക്ക് മുന്പ്, കോഴിയുടെ അവശിഷ്ടപദാർത്ഥങ്ങളിൽ നിന്നും ബയോ ഡീസൽ നിർമ്മിക്കാവുന്ന സാങ്കേതികവിദ്യ മണ്ണുത്തി കാർഷികസർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്തു എന്നും, കൊച്ചിൻ റിഫൈനറി ഈ ഡീസൽവാങ്ങിക്കാൻ തയ്യാറായി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഒരു ലക്ഷത്തി അറുപത്തി ആറായിരം ടൺ ചിക്കനും, രണ്ടര ലക്ഷം ടൺ ബീഫും, പതിനേഴായിരം ടൺ മട്ടനും വിൽക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് പുറമെ പച്ചക്കറി വിഭവങ്ങൾ അടക്കമുള്ള മറ്റു ജൈവമാലിന്യങ്ങളും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഇറച്ചിക്കടക്കാരും, ഹോട്ടലുകാരും തങ്ങളുടെ മാലിന്യങ്ങൾ കളയാൻ ഇടമില്ലാതെ അലയുന്നവർ ആണ്. ഇത്തരം മാലിന്യങ്ങൾ പാതയോരങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് മൂലം ബുദ്ധിമുട്ടുന്നത് പൊതുജനങ്ങളും ആണ്. മേൽപ്പറഞ്ഞ ഇന്ധ
നനിർമ്മാണ സംവിധാനങ്ങളും, അന്യസംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുന്ന ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളും ആരംഭിക്കുന്നതിനു ഒരുപക്ഷെ മാലിന്യസംസ്കരണത്തെ കുറിച്ച് പഠിക്കാൻ നടന്നവർ ചെലവാക്കിയ യാത്രാച്ചിലവ് പോലും വേണ്ടി വരികയുമില്ല. മാലിന്യസംസ്കരണത്തോടൊപ്പം ഊർജ്ജ ഉൽപ്പാദനം കൂടി സാധ്യമായാൽ സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധിക്ക് കൂടി അല്പ്പം ശമനമാവുകയും ചെയ്യും.
മാലിന്യസംസ്കരണത്തിൽ പ്രാധാന്യമർഹിക്കുന്ന എന്നാൽ അധികമാരും ചർച്ച ചെയ്യാൻ ശ്രമിക്കാതെ പോയിട്ടുള്ളൊരു കാര്യമാണ്, സാനിറ്ററി നാപ്കിൻ സംസ്കരണം. കേരളത്തിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വലിയൊരു പ്ര
ശ്നമാണിത്. സൃഷ്ടിവാദ കാലഘട്ടം തൊട്ടു തന്നെ ആർത്തവം എന്ന് കേട്ടാൽ അറച്ചിരുന്ന മനോഭാവത്തിൽ നിന്നുംനമ്മുടെ സമൂഹം അധികമൊന്നും മുന്നോട്ടു വന്നിട്ടില്ല എന്നതുകൊണ്ടാകാം നമ്മുടെ ചർച്ചകളിൽ നിന്നും നാപ്കിൻ സംസ്കരണം എന്ന വിഷയം അകന്നു നിൽക്കുന്നതും. ഒരു കാലഘട്ടത്തിൽ ഈ ദിവസങ്ങളിൽ പുറത്ത് പോകുന്നതിനു പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്ന സ്ത്രീകൾക്ക് ആശ്വാസമായാണ് സാനിറ്ററി നാപ്കി
നുകൾ അവതരിച്ചത് എങ്കിലും, പിന്നീട് ഇവയുടെ സംസ്കരണം സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായി മാറി. അതുകൊണ്ടു തന്നെ ഇപ്പോഴും ആർത്തവദിനങ്ങൾ സ്ത്രീകൾക്ക് ആകുലദിനങ്ങൾ തന്നെയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മുപ്പത്തിയാറു കോടി സ്ത്രീകൾ ആർത്തവപ്രായമുള്ളവരായി ഉണ്ടെങ്കിലും, ഇവരിൽ സാന്പത്തികപരാധീനതകൾ മൂലവും, അജ്ഞത മൂലവും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കാതെ ഹൈജീനിക് അല്ലാത്ത തുണികളും, ചാരവും, മണലും വരെ ഉപയോഗിക്കേണ്ട ദുരവസ്ഥയിലാണ് എഴുപതു ശതമാനം പേർക്കുമുള്ളത്. രാജ്യത്തെ ഇരുപത്തിമൂന്നു ശതമാനം പെൺകുട്ടികളും വയസ്സറിയിക്കുന്ന കാലം മുതൽക്കേ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുമാണ്. ഇവരെയെല്ലാം അപേക്ഷിച്ചു കേരളത്തിലെ പെൺകുട്ടികൾ ഭാഗ്യവതികളാണ് എങ്കിലും ഉപയോഗശേഷം ഇവയെങ്ങിനെ സംസ്കരിക്കും എന്നത് തീരാതലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. പ്ലാസ്റ്റിക് മൂലമുള്ള അതെ പ്രശ്നങ്ങൾ സാനിറ്ററി നാപ്കിനുകൾ മൂലവും ഉണ്ടാകുന്നു എന്നതുകൊണ്ട് തന്നെ ശരിയായ രീതിയിൽ സംസ്കരിക്കാത്ത പക്ഷം ഇവ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും, രോഗാണുക്കളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പല സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ കത്തിച്ചു കളയുകയാണ് പതിവ്. പക്ഷെ ഇതുമൂലം വായുമലിനീകരണം സംഭവിക്കുന്നു എന്ന് മാത്രമല്ല, കത്തിയ അവശിഷ്ടം മണ്ണിൽ ലയിക്കാതെ കിടക്കുകയും ചെയ്യുന്നു. ചിലരിതു ഫ്ളഷ് ചെയ്തു കളയാൻ ശ്രമിക്കുന്നത് മൂലം വാഷ്‌റൂം പൈപ് കണക്ഷനുകളിൽ ബ്ലോക്കും ഉണ്ടാകാറുണ്ട്. മറ്റു ചിലർ എല്ലാം ഒരുമിച്ചു കളയാം എന്ന ചിന്തയിൽ എവിടെയെങ്കിലും ഇവ കൂട്ടിയിടുന്നു. ഇങ്ങനെ സ്വന്തം ആരോഗ്യത്തെയും, പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന തരത്തിൽ നാപ്കിനുകളെ കൈകാര്യം ചെയ്യേണ്ട ഗതികേടിലാണ് സ്ത്രീകൾ. കുറച്ചു മാസങ്ങൾക്ക് മുന്പ് സംസ്ഥാനത്തെ ഒരു ഓഫീസിലെ വാഷ്റൂമിൽ ആരോ ഉപേക്ഷിച്ച സാനിറ്ററി നാപ്കിൻ കണ്ടെന്ന കുറ്റത്തിന്, മുഴുവൻ സ്ത്രീ ജോലിക്കാരുടെയും വസ്ത്രം അഴിച്ചു പരിശോധിച്ചതും വിവാദമായിരുന്നു.
സാനിറ്ററി നാപ്കിനുകളുടെ സംസ്കരണം ഭൂരിപക്ഷം സ്ത്രീകൾക്കും ബാധ്യതയായി നിൽക്കുന്നു എന്നതിനർത്ഥം ഇതൊരു പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നമാണ് എന്നല്ല. കേരളത്തിലെ തന്നെ കുറച്ചു സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് വേണ്ടി സ്ത്രീ സൗഹൃദ ഇ−ടോയ്ലെറ്റുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ശുചിത്വമുള്ള ശൗചാലയങ്ങൾ എന്നതിന് പുറമെ ഇവിടങ്ങളിൽ നാണയമിട്ടാൽ ആവശ്യാനുസരണം വെന്റിങ്ങ് മഷീനിൽ നിന്നും നാപ്കിൻ ലഭിക്കുന്നതിനും, ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനെറ്ററുകളും സ്ഥാപിക്കപ്പെട്ടു. ബയോ മെഡിക്കൽ മാലിന്യ മാനേജ്‌മെന്റ് ആൻഡ് ഹാൻഡിലിങ് ചട്ടപ്രകാരം സാനിറ്ററി നാപ്കിനുകൾ പോലുള്ള ബയോ മെഡിക്കൽ മാലിന്യം പ്രത്യേകതരം ചൂളയിൽ ഉയർന്ന താപനിലയിൽ കത്തിക്കുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള ഉപകരണമാണ് നാപ്കിൻ ഡിസ്ട്രോയർ അഥവാ നാപ്കിൻ ഇൻസിനേറ്റർ. പക്ഷെ ഈയൊരു സംവിധാനം ചുരുക്കം ചില സ്‌കൂളുകളിലും, സംസ്ഥാനത്തെ ഒന്നോ രണ്ടോ സർക്കാർ സ്ഥാപനങ്ങളിലും മാത്രമായി ഒതുങ്ങി നിൽക്കുകയുമാണ്.
ഈ വിഷയത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ് ഇപ്പോൾ. #WeWantHealthyDisposalofUsedNapkins എന്ന ഹാഷ് ടാഗിൽ ഒരു ഫേസ്ബുക്ക് ക്യാന്പയ്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാണാനുണ്ട്. ഇത്തരം പോസ്റ്റുകളിൽ പല പ്രവാസി വീട്ടമ്മമാരും പറയുന്നത്, തങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ നാപ്കിൻസ്, കുട്ടികളുടെ ഡയപ്പർ എന്നിവയെല്ലാം ശരിയായ വിധം സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. നാട്ടിൽ വരുന്പോൾ ഇവ ശരിയായ വിധത്തിൽ ഉപേക്ഷിക്കാൻ സാധിക്കാതെ തുറസ്സായ ഇടങ്ങളിൽ ഉപേക്ഷിക്കേണ്ടി വരുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നുമാണ്. നാട്ടിലേയ്ക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കുന്പോൾ, മനസ്സിൽ വരുന്ന പ്രധാന പ്രശ്നവും ഇത് തന്നെ. കേൾക്കുന്പോൾ പ്രവാസി സ്ത്രീകളുടെ അഹങ്കാരം എന്ന് തോന്നാമെങ്കിലും, അവരുടെ വാക്കുകളിലെ യാഥാർഥ്യത്തെ മനസ്സിലാക്കാതിരുന്നു കൂടാ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ കൂടുതലിടങ്ങളിൽ ഇൻസിനേറ്ററുകളോ, സാനിറ്ററി ഡിസ്പെൻസറുകളോ സ്ഥാപിക്കേണ്ടതുണ്ട്. ഇവിടെയും ഒരു നിശ്ചിത തുക ഈടാക്കിക്കൊണ്ടു ഇത്തരം സേവനങ്ങൾ നൽകിയാൽ സർക്കാരിന് സാന്പത്തിക ബാധ്യതയും ഉണ്ടാകില്ല. പ്രതിവർഷം കോടാനുകോടികളുടെ വരുമാനമാണ് മുൻനിര നാപ്കിൻ, ഡയപ്പർ കന്പനികൾക്ക് കേരളത്തിൽ നിന്ന് മാത്രം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുടെ സംസ്കരണത്തിനായി ഈ കന്പനികളിൽ നിന്നും നിശ്ചിത തുക വാങ്ങാവുന്നതുമാണ്. ഇത്തരം കന്പനികൾക്കു തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ ഇൻസിനറേറ്റർ വെയ്ക്കാം. കേവലം 20000 രൂപയോളം മാത്രമേ ഇതിനു വില വരൂ. നാപ്കിൻ കച്ചവടത്തിൽ കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന കന്പനികൾക്ക് ഇത് വലിയ തുക ആകില്ലെന്നുറപ്പ്.
കേവലം മാലിന്യസംസ്കരണത്തിൽ മാത്രമല്ല പൊതുശൗചാലയങ്ങളുടെ കാര്യത്തിലും വളരെ പുറകിലാണ് കേരളം. സംസ്ഥാനത്തുടനീളം നിലവിലുള്ള പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും വളരെ വൃത്തിഹീനമായി തുടരുന്നവയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ േസ്റ്റഷനുകൾ തുടങ്ങിയ ഇടങ്ങളിലെ എല്ലാം പൊതുശൗചാലയങ്ങൾ ആളുകൾക്ക് മനംപുരട്ടൽ ഉണ്ടാക്കുന്ന അവസ്ഥയിലാണ് പ്രവർത്തിക്കുന്നതും.
കരാറുകാരോട് ഇക്കാര്യത്തിൽ മൽപ്പിടുത്തം നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ശ്രമിക്കാറുമില്ല. ഈയൊരു പ്രശ്നം കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെ മാത്രമാണ് താനും. കേരളത്തിലെ പുരുഷന്മാരിൽ പകുതിയിലേറെ പേരും മൂത്രശങ്ക തോന്നുന്ന സമയത്ത് ശൗചാലയങ്ങൾ ലഭ്യമല്ല എങ്കിൽ, പ്രകൃതിയുടെ വിശാലതയെ ആസ്വദിച്ചു കൊണ്ട് കാര്യസാധ്യം നടത്തുന്നു. പക്ഷെ സ്ത്രീകളുടെ അവസ്ഥ അങ്ങിനെയല്ല. കേവലം ശൗചാലയങ്ങളുടെ ലഭ്യത മാത്രമല്ല, വൃത്തിയുള്ള ശൗചാലയങ്ങൾ ലഭിക്കാത്ത പക്ഷം അവയെ ഉപയോഗിക്കാൻ മടിയുള്ളവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. സ്ത്രീകൾക്ക് മാത്രമായുള്ള ശൗചാലയങ്ങളുടെ അഭാവവും മിക്ക തൊഴിലിടങ്ങളിലെയും ഒരു പ്രശ്നവുമാണ്. വിദ്യാലയങ്ങളിലെയും, തൊഴിലിടങ്ങളിലെയും വൃത്തിഹീനമായ അന്തരീക്ഷങ്ങൾ മൂലം വൈകുന്നേരം വീട്ടിൽ എത്തുന്നത് വരെ പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാതെയും, മൂത്രശങ്ക ഉണ്ടാകാതിരിക്കാനായി വെള്ളം കുടിക്കുന്നത് കുറിച്ചുമെല്ലാം ജീവിക്കുന്ന സ്ത്രീകൾ കേരളത്തിൽ ധാരാളമുണ്ട്. ഇവയെല്ലാം മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
കുറ്റപ്പെടുത്തുന്നു എന്ന് തോന്നാമെങ്കിലും പറഞ്ഞുകൊള്ളട്ടെ, നമ്മുടെ ഭരണകൂടങ്ങളുടെ ആസൂത്രണമില്ലായ്മ തന്നെയാണ് നാറുന്ന കേരളത്തിന് പ്രധാന കാരണം. മാലിന്യസംസ്കരണത്തിനായി കാര്യക്ഷമമായൊരു പദ്ധതി നടപ്പിലാക്കാനോ, ജനങ്ങളെ ബോധവൽക്കരിക്കാനോ ഇത്ര കാലമായിട്ടും നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. അതിനവർ ശ്രമിച്ചിട്ടുമില്ല. തന്റെ പറന്പിലെ മാലിന്യങ്ങൾ അന്യന്റെ പറന്പിലേയ്ക്ക് എടുത്തിട്ടു രക്ഷ നേടുക എന്നതിൽ കവിഞ്ഞൊരു മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിച്ചിട്ടുമില്ല. ഓരോ വർഷം കഴിയുന്തോറും പുതിയ പുതിയ രോഗങ്ങൾ ജന്മം കൊള്ളുന്നതിനും, ദിനംപ്രതി വർദ്ധിച്ചു വരുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ലാഭത്തിൽ പ്രവർത്തിക്കുന്നതിനും എല്ലാം കാരണവും ശുചിത്വബോധമുള്ള മലയാളിയുടെ വൃത്തിയില്ലാത്ത ഇത്തരം ശീലങ്ങൾ തന്നെ. ഒരു മഴ പെയ്താൽ എവിടെ നിന്നെന്നറിയാതെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കുറച്ചു വർഷങ്ങളായി ഒരു പതിവ് കാഴ്ചയും, ഇവ മൂലം മലിനീകരിക്കപ്പെടുന്ന ജലാശയങ്ങൾ വലിയൊരപകടവും ആണ്. അതുകൊണ്ടു തന്നെ സംസ്ഥാന ആരോഗ്യവകുപ്പും, തദ്ദേശ സ്വയംഭരണവകുപ്പും സമന്വയിച്ച് കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. ഇതിനേക്കാൾ വലിയ എത്രയോ പ്രശ്നങ്ങളുണ്ട് എന്ന ഒഴിവുകഴിവ് ഈയൊരു വിഷയത്തിലെങ്കിലും വകുപ്പ് മന്ത്രിമാരിൽ നിന്നോ, ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്നോ ഉണ്ടാകാനും പാടില്ല എന്നും അഭ്യർത്ഥിക്കുന്നു. മാലിന്യമുക്തകേരളം ഓരോ അഞ്ചുവർഷം കൂടുന്പോഴും മലയാളികൾക്ക് മുന്നിലെത്തുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമോ, ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമോ ആയി അവശേഷിക്കരുത്. ഇനി വരുന്ന തലമുറകൾക്ക് നൽകാൻ ദുഷിച്ച പരിസ്ഥിതിയും, രോഗങ്ങളും മാത്രം ബാക്കി വെച്ചാൽ പോരല്ലോ...