വിലക്കിന്റെ ഗുജറാത്ത് അനാട്ടമി


അനഘ പി. ജിതിൻ 

രാജ്യം 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ജനാധിപത്യ ഇന്ത്യയിൽ ഭരണകൂടത്തെ ഭയന്ന് മാധ്യമങ്ങൾ ഇന്നും മൗനം പാലിക്കുകയാണ്. റാണ അയൂബിന്റെ ‘ഗുജറാത്ത് ഫയൽസ്’ അനാട്ടമി ഓഫ് എ കവർ അപ്’ എന്ന പുസ്തകം ഇതിനുദാഹരണമാണ്.

ഭരണകൂടത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് നിലപാടെടുക്കേണ്ടി വരുന്പോൾ മാധ്യമങ്ങളുടെ നിഷ്പക്ഷത ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നു. സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ റാണാ അയൂബിനെ പോലെ  ചുരുക്കം ചില പത്രപ്രവർത്തകരെ ധൈര്യം കാണിക്കാറുള്ളൂ. അങ്ങനെ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് ഒളിക്യാമറ എന്ന ആയുധമെടുക്കേണ്ടി വരുന്നു. അത്തരമൊരു വേറിട്ട അന്വേഷണാത്മകതയുള്ളതു കൊണ്ടാവാം Anatomy of Gujarath A cover up എന്ന പുസ്തകം ഓരോ വായനക്കാരനെയും ആഴത്തിൽ സ്പർശിക്കുന്നത്.

‘ആരാണ് റാണാ അയൂബ്’? തെഹൽക്ക മാഗസിനിൽ നിരന്തരം അച്ചടിച്ചു വന്ന പേരാണത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിലൂടെ ഗുജറാത്ത് മുൻആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ മുട്ടുകുത്തിച്ച ധീരയായ പത്രപ്രവർത്തകയെ നാം ആരും മറന്നു കാണില്ല.

വായനക്കാരെ കീഴടക്കുന്ന ഉള്ളടക്കമുള്ള ഗുജറാത്ത് ഫയൽസ് 2002ലെ മുസ്ലിം വിരുദ്ധ കലാപങ്ങളെയും പിന്നീട് പലപ്പോഴായി നടന്ന വ്യാജ ഏറ്റുമുട്ടലുകളെയും അതിന്റെ പിന്നിലെ രാഷ്ട്രീയ താൽപ്പ
ര്യങ്ങളും അനാവരണം ചെയ്യുന്ന ഒന്നാണ്. 2002 മുതൽ 2010 വരെ ഗുജറാത്തിലെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം.

തന്റെ രഹസ്യ ക്യാമറ ഓപ്പറേഷൻ വഴി ഗുജറാത്തിലെ ഞെട്ടിക്കുന്ന നേർക്കാഴ്ചകളെ സമൂഹത്തിനു മുന്നിലെത്തിക്കുകയാണ് റാണ അയൂബ് എന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്. സമീപകാല മാധ്യമ രംഗത്തെ ഏറ്റവും വലിയ ഒളിക്യാമറ ഓപ്പറേഷൻ കൂടിയാണ് ഗുജറാത്ത് ഫയൽസ്.

വൈബ്രന്റ് ഗുജറാത്ത് എന്ന പേരിൽ സിനിമയെടുക്കാൻ അമേരിക്കയിൽ നിന്നും വന്ന മൈഥിലി ത്യാഗി എന്ന പേരിലാണ് റാണ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകൾ അന്വേഷിച്ച് യാത്ര തിരിച്ചത്. മോഡിയെക്കുറിച്ചും ഗുജറാത്തിനെ കുറിച്ചും ഒരു സിനിമ നിർമ്മിക്കാൻ എന്ന ധാരണയിൽ റാണ സമീപിച്ചത് അന്നത്തെ ഗുജറാത്ത് ഭരണകൂടത്തെ തന്നെയാണ്. സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രമുഖർ, പോലീസ് മേധാവികൾ തുടങ്ങി പലപ്പോഴായി ഒളിക്യാമറയിൽ കുടുങ്ങി. ഒരു സ്ത്രീ എന്ന രീതിയിലുള്ള അവരുടെ ചങ്കൂറ്റവും ഭരണകൂട ഭീകരതകളെ തുറന്നു കാണിച്ചതുകൊണ്ടുമാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്.

നരേന്ദ്രമോഡിയുടെ കാലത്ത് മുസ്ലീം വിരുദ്ധത മൂലം എങ്ങനെയാണ് ആളുകളെ കൊന്നു തള്ളുന്നത് എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ഗുജറാത്ത് ഫയൽസ്. തന്റെ അന്വേഷണത്തിലൂടെ വെളിപ്പെട്ട തെളിവുകൾ നിരവധി പേരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പര്യാപ്തമാണെന്ന് തെഹൽക്കയിലെ സീനിയർ എ‍ഡിറ്ററുമായി റാണ പങ്കു വെച്ചെങ്കിലും അത് പ്രസിദ്ധീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. മോഡിയുമായുള്ള ആദ്യ കൂടിക്കാഴ്ച സാധ്യമായതിന്റെ സന്തോഷത്തിൽ തെഹൽക്കയിലേയ്ക്ക് വിളിച്ച റാണയോട് ഉടൻ ഡൽഹിയിലെത്താൻ പത്രാധിപരായ ഷോമ ചൗധരി ആവശ്യപ്പെട്ടെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നു. അന്വേഷണം മുന്നോട്ട് പോയാൽ അത് സ്ഥാപനത്തെ ദുരിതത്തിലേയ്ക്ക് നയിക്കുമെന്നും അതുകൊണ്ട് അന്വേഷണം നിർത്തലാക്കാൻ തരുൺ തേജ്പാലും ഷോമ ചൗധരിയും തന്നോട് ആവശ്യപ്പെട്ടെന്ന് റാണ ഈ പുസ്തകത്തിൽ അടിവരയിട്ട് പറയുന്നുണ്ട്.

ഏഴുമാസം നീണ്ട അതിസാഹസികമായ ഒളിക്യാമറ യുദ്ധം കൊണ്ട് റാണ നടത്തിയ അന്വേഷണം കേന്ദ്രസർക്കാറിലെ പ്രമുഖർക്കെതിരെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുകളാണെന്നറിഞ്ഞിട്ടും പ്രകാശനത്തെ കുറിച്ച് ഒന്നും അറിഞ്ഞില്ല എന്ന മട്ടിലായിരുന്നു ഇന്ത്യൻ മുഖ്യധാര മാധ്യമങ്ങൾ.

പുസ്തകവുമായി ബന്ധപ്പെട്ട് കാരവൻ മാഗസിനിലെ ഹർതോഷ് സിംഗ് ബാൽ നയിച്ച ചർച്ചയിൽ പങ്കെടുത്തത് രാജ്ദീപ് സ‍ർദേശായി, സാബാ നാഖ്്വി, ശേഖർ ഗുപ്ത, ബർക്കാദത്ത് തുടങ്ങി പത്രപ്രവർത്തന രംഗത്തെ നിരവധി പ്രമുഖരായിരുന്നു. തന്റെ പുസ്തകം ഏറ്റെടുക്കാൻ പ്രസാധകർ തയ്യാറാവാതിരുന്ന കഥയാണ് ഇടറിയ വാക്കുകളോടെ റാണ ആദ്യം അവരോട് പറഞ്ഞത്. എന്നാൽ കാരവൻ മാഗസിനും ഇന്ത്യൻ എക്സ്പ്രസും ഒഴികെയുള്ള മുഴുവൻ മുൻനിര മാധ്യമങ്ങളും പുസ്തകത്തെ പാടെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുകയാണ് ചെയ്തത്.

എന്നാൽ സോഷ്യൽ മീഡിയ സൈറ്റുകളും ചില ഓൺലൈൻ മാധ്യമങ്ങളും ഭയം എന്ന വാക്കിന്റെ ചട്ടക്കൂടുകൾ ലംഘിച്ച് പുസ്തകത്തെ കുറിച്ചും റാണ അയൂബിന്റെ ഒളിക്യാമറ ഓപ്പറേഷനെ കുറിച്ചും ചർച്ച നടത്തി. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾക്ക് പ്രതികരണം തേടുന്ന പലരും ഇതു സംബന്ധിച്ച് ഒരു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാ‍‍ർട്ടികളോടും ഒന്നും ചോദിച്ചില്ല.

കലാപങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും വംശഹത്യയിലൂടെയും അധികാരം പിടിച്ചെടുക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾക്കിടയിൽ ജീവൻ ഹോമിക്കപ്പെട്ടു പോയ ഒരു വിഭാഗം ആളുകളിലേയ്ക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന ഒേരടാണ് ഈ പുസ്തകം. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹിരൺ പാണ്ധെയും മോഡിയുമായുള്ള ശത്രുതയും അദ്ദേഹത്തിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകളും പുസ്തകത്തിന്റെ അവസാനഭാഗത്ത് തെളിവുകളുടെ അവസാന പിൻബലത്തോടെ റാണ വിശദീകരിക്കുന്നു. ഗുജറാത്തിലെ തീവ്രവാദ സ്ക്വാഡിന്റെ തലവനായ ജി.എം സിഗാളിന്റെ സംഭഷണവും പുസ്തകത്തിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. സവർണ്ണ വിഭാഗത്തിൽ പെട്ട മേലുദ്യോഗസ്ഥർക്ക് ദളിത് കീഴ് ജീവനക്കാരോടുള്ള മനോഭാവം എന്തായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ മുസ്ലിം വിരുദ്ധതയെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

മുഖ്യധാര മാധ്യമങ്ങളെയെല്ലാം ഒരു സോക്കോൾഡ് അജണ്ടാ സെറ്റിങ്ങിനുള്ളിലൊതുക്കി ആശ്വാസം കൊള്ളുന്ന അക്രമോത്സുകതയുള്ള പല മേലാളന്മാരുടെയും ഉറക്കം കെടുത്താൻ ഗുജറാത്ത് ഫയൽസ് എന്ന പുസ്തകത്തിനു കഴിഞ്ഞു എന്നു തന്നെ പറയാം.

മുൻനിര മാധ്യമങ്ങൾ അവഗണിച്ചപ്പോഴും ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ പുസ്തകത്തെ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്. ഓൺലൈൻ സൈറ്റായ ആമസോൺ ഡോട്ട് കോമിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റാണാ അയൂബിന്റെ ഗുജറാത്ത് ഫയൽ. ഒരു പ്രസാധകരുടെയും പിൻബലമില്ലാതെ ഒരു പത്രപ്രവർത്തക സ്വയം പ്രസിദ്ധീകരിച്ച പുസ്തകം വിൽപ്പനയിൽ റെക്കാർഡ് സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്.

മാധ്യമ സ്വാതന്ത്ര്യവും മാധ്യമ നിഷ്പക്ഷതയും നിരന്തരം ചർച്ചയാവുന്ന ഇക്കാലത്ത് റാണ അയൂബിനും അവർ പ്രസിദ്ധീകരിച്ച പുസ്തകത്തിനും പ്രസക്തി ഏറെയാണ്. ഭരണകൂടങ്ങൾ മർദ്ദനോപാധികളായി മാറുന്പോൾ അവയുടെ കപടമുഖം അനാവരണം ചെയ്യാൻ ഒളിക്യാമറ ഓപ്പറേഷനുകൾ വേണ്ടിവരുന്നുവെന്നത് ഒരു വസ്തുതയാണ്. 

മാധ്യമ പ്രവർത്തന കുതുകികൾക്ക് ഒരു പാഠപുസ്തകവും പ്രചോദനവുമാണ് റാണാ അയൂബ്. ഒരു പക്ഷേ ബി.ജെ.പി സർക്കാറിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാവുന്ന സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തലുകൾ എന്ത് രാഷ്ട്രീയ ഭൂചലനങ്ങളാണ് ഉണ്ടാക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

You might also like

Most Viewed