രാമകഥാമൃതം (ഭാഗം 26)
എ. ശിവപ്രസാദ്
രാക്ഷസവൃന്ദം കുംഭകർണ്ണനെ ഉണർത്താനുള്ള ശ്രമങ്ങൾ തുടർന്നു. ആർപ്പു വിളിയും പെരുന്പറ ഘോഷങ്ങളൊന്നും തന്നെ കുംഭകർണ്ണന്റെ നിദ്രാഭംഗത്തിന് ഹേതുവായില്ല. ഒടുവിൽ അടുത്തു കൊണ്ടു വെച്ചിരുന്ന സമൃദ്ധമായ ഭക്ഷണത്തിന്റെ സുഗന്ധം നാസാരന്ധ്രങ്ങളിലെത്തിയതോടെ കുംഭകർണ്ണൻ ഉണർന്നു. തന്നെ ഉണർത്തിയതിന്റെ കാരണമന്വേഷിച്ച കുംഭകർണ്ണനോട് രാക്ഷസന്മാർ വിവരങ്ങളെല്ലാം വിശദമായി പറഞ്ഞു. ഉടൻ തന്നെ കുംഭകർണ്ണൻ രാവണന്റെ അടുത്തേക്കോടി. അനുജനെ മാറോട് ചേർത്ത രാവണൻ ലങ്കാരാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു. ശക്തരായ പല രാക്ഷസവീരരും ശ്രീരാമസൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച കാര്യം രാവണൻ പറഞ്ഞു.
രാവണന്റെ വാക്കുകൾ ക്ഷമാപൂർവ്വം കേട്ട കുംഭകർണ്ണൻ പറഞ്ഞു. “അല്ലയോ ജ്യേഷ്ഠാ! അങ്ങ് ചെയ്തത് ഒരു മഹാപരാധമാണ്. അന്യന്റെ പത്നിയെ അപഹരിക്കുക എന്നത് ന്യായമാണോ? മാത്രമല്ല ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. ശ്രീരാമനെ തോൽപ്പിക്കുക സാധ്യമല്ല. അതുകൊണ്ട് സീതയെ മടക്കിക്കൊടുത്ത് യുദ്ധത്തിൽ നിന്ന് അങ്ങ് പിന്മാറണമെന്നാണ് എന്റെ അഭിപ്രായം.” കുംഭകർണ്ണന്റെ വാക്കുകൾ കേട്ട രാവണൻ കുപിതനും നിരാശനുമായി. എന്നിട്ട് കുംഭകർണ്ണനോടായി പറഞ്ഞു. “നിന്റെ സാരോപദേശം കേൾക്കാനല്ല നിന്നെ ഞാൻ വിളിച്ചുണർത്തിയത്. രാജ്യം ആപത്ത് നേരിടുന്പോൾ അതിനെ രക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. മാത്രമല്ല നീ എന്റെ സഹോദരനാണ്. ശ്രീരാമസൈന്യത്തോട് യുദ്ധത്തിന് തയ്യാറല്ലെങ്കിൽ നിനക്കുപോയി നിദ്ര തുടരാം.”
രാവണന്റെ വാക്കുകൾ കേട്ട കുംഭകർണ്ണൻ ആയുധങ്ങളുമേന്തി യുദ്ധഭൂമിയിലേയ്ക്ക് പുറപ്പെട്ടു. ഭീമാകാരമായ ഒരു പർവ്വതം വരുന്നതുപോലെ കുംഭകർണ്ണൻ യുദ്ധഭൂമിയിൽ എത്തി. തുടർന്നങ്ങോട്ട് യുദ്ധം അതി ഭീഷണമായിരുന്നു. ശ്രീരാമസൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് കുംഭകർണ്ണൻ പൊരുതി. കുംഭകർണ്ണന്റെ പരാക്രമം കണ്ട വാനരസൈന്യം ശക്തിയേറിയ കാറ്റിൽപെട്ട കാർമേഘങ്ങൾ പോലെ ഛിന്നഭിന്നമായി. കൈയിൽ ഉയർത്തിപ്പിടിച്ച ശൂലവുമായി യുദ്ധം ചെയ്യുന്ന കുംഭകർണ്ണൻ ലോകനാശത്തിനൊരുങ്ങിയ യമരാജനെപ്പോലെ അനുഭവപ്പെട്ടു. തന്റെ സൈന്യത്തിന് സംഭവിച്ച പരിഭ്രാന്തി ശ്രീരാമനെ ചിന്താകുലനാക്കി. ഇതുകണ്ട വിഭീഷണൻ ശ്രീരാമനോട് പറഞ്ഞു. “പ്രഭോ, രാവണന്റെ സഹോദരനായ കുംഭകർണ്ണനാണ് നമ്മുടെ സൈന്യത്തിന് നാശം വിതച്ചു കൊണ്ടിരിക്കുന്നത്. യമനേയും ഇന്ദ്രനേയും വരെ യുദ്ധത്തിൽ തോൽപ്പിച്ച കുംഭകർണ്ണൻ അമിതബലവാനും പരാക്രമിയുമാണ്.
ഇതിനിടയിൽ കുംഭകർണ്ണനോട് എതിർത്ത വാനരവീരന്മാരെല്ലാം പിൻതിരിഞ്ഞോടി. അതുകണ്ട സുഗ്രീവൻ കുംഭകർണ്ണനെ എതിരിടാനെത്തി. എന്നാൽ കുംഭകർണ്ണൻ സുഗ്രീവനെ പിടിച്ച് തന്റെ ബലിഷ്ഠങ്ങളായ കരങ്ങളാൽ ഞെക്കി. അതോടെ ബോധം നഷ്ടപ്പെട്ട സുഗ്രീവനേയും കൊണ്ട് കുംഭകർണ്ണൻ നടന്നു നീങ്ങി. ആ സമയത്ത് ബോധം വീണ്ടുകിട്ടിയ സുഗ്രീവൻ കുംഭകർണ്ണന്റെ മൂക്കും ചെവിയും കടിച്ചു പറിച്ചു. വേദനയുടെ ശക്തിയാൽ കുംഭകർണ്ണൻ സുഗ്രീവനെ താഴെയിട്ടു. ഈ സമയത്ത് സുഗ്രീവൻ ശ്രീരാമേദേവനരികിലേക്ക് ഓടിയെത്തി. കുംഭകർണ്ണനെ വകവരുത്തിയില്ലെങ്കിൽ വാനരസൈന്യം നിഷ്പ്രയാസം പരാജയപ്പെടുമെന്ന് മനസിലാക്കിയ ശ്രീരാമേദവൻ തൊടുത്ത ഒരസ്ത്രം കുംഭകർണ്ണന്റെ വലതു കൈ മുറിച്ചു. ആർത്തട്ടഹസിച്ച് ശ്രീരാമദേവനെതിരെ വന്ന കുംഭകർണ്ണൻ്റെ ഇടത് കൈയും ശ്രീരാമൻ അന്പെയ്ത് മുറിച്ചു. അതോടെ കുംഭകർണ്ണൻ നിസ്സഹായനായി. ശ്രീരാമൻ എയ്ത മൂന്നാമത്തെ അന്പ് കുംഭകർണ്ണന്റെ ശിരസ്സ് മുറിച്ചു. അതോടെ കുംഭകർണ്ണൻ മരിച്ചു വീണു.