മാണി മുഴങ്ങി തുടങ്ങി...
ബിബിൻ പോൾ അബ്രഹാം
മുപ്പത്തിനാല് വർഷത്തെ ജീവിതത്തിനു ശേഷം കേരള കോൺഗ്രസ് എം എന്ന മാണി സാറിന്റെ സുന്ദരിപെണ്ണ് ഐക്യ ജനധിപത്യ മുന്നണിയിൽ നിന്നും മോചനം നേടി പുതു ജീവിതത്തിലേയ്ക്ക്. ഇനിയുള്ള ജീവിതം ആരുടെ കൂടെ വേണമെങ്കിലും ആകാം എന്ന സമദൂര സിദ്ധാന്തം ചരൽക്കുന്നിൽ പ്രഖ്യാപിച്ചു കൊണ്ടാണ് മണി സാർ മുന്നണി വിടുന്നത്. ‘യു. ഡി.എഫിലെ പ്രധാന ഘടകകക്ഷി എന്ന നിലയിൽ കേരള കോൺഗ്രസ്സിനെ ദുർബ്ബലപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാർട്ടിയെയും പാർട്ടി ലീഡറെയും കടന്നാക്രമിക്കാനും അപകീർത്തിപ്പെടുത്താനും കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തിയിട്ടുള്ള ശ്രമങ്ങളെ പാർട്ടി ഗൗരവത്തിൽ കാണുന്നു. പാർട്ടിയുടെ ആത്മാഭിമാനവും അദ്ധ്വാനവർഗ്ഗ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിനും സഹായകമായ നിലയിൽ നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. മുന്നണി ബന്ധങ്ങളിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകൾക്കും നീതി ബോധത്തിനും വിരുദ്ധമായ സമീപനം മൂലം മുന്നണി ദുർബ്ബലപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയ്ക്കും മറ്റ് ഘടകകക്ഷികൾക്കും ആത്മപരിശോധനയ്ക്കുള്ള ഒരു അവസരമാണിത്’. ചരൽക്കുന്നിൽ ഈ തീരുമാനങ്ങൾ എടുത്ത് കേരള കോൺഗ്രസ് എം മുന്നണി വിടുന്പോൾ ഒരുപാട് ആശങ്കകളും ചോദ്യങ്ങളും ബാക്കിയാണ്.
മാണി മുന്നണി വിടുന്പോൾ കോൺഗ്രസിനു ഉണ്ടാകുന്ന നഷ്ടങ്ങൾ ചെറുതല്ല. അനുനയ ശ്രമങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് ആക്രമണ പ്രത്യാക്രമണ ശൈലിയിലേയ്ക്ക് കോൺഗ്രസ്സ് മാറിക്കഴിഞ്ഞു. ചെന്നിത്തലയും വിഎം സുധീരനും, കുമ്മനവും, കോടിയേരിയും മറ്റു നേതാക്കളും മാണിയുടെ തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്പോഴും ഉമ്മൻചാണ്ടിയുടെ സമീപനത്തിലെ മൃദുത്വം വിട്ടൊഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരളകോൺഗ്രസും മാണിയും എന്ന സമവാക്യത്തെ നേരിടാനുള്ള കരുക്കളാകും ഇനി കോൺഗ്രസ് പാർട്ടി ഒരുക്കുക. അനുനയ ശ്രമത്തിന് പ്രതികരിക്കാതെ മാണി ഒഴിഞ്ഞു മാറിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
“പ്രമുഖ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമം നടത്തി” മാണിയുടെ ഈ പ്രസ്താവനയിലൂടെ വ്യക്തമാണ് മുന്നണി വിടലിന്‍റെ പദ്ധതികൾ ചരൽക്കുന്നിൽ തുടങ്ങിയതല്ലെന്ന്. മുന്നണി വിട്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിച്ചിട്ടില്ല. കോൺഗ്രസിനും യുഡിഎഫിനും ആത്മപരിശോധയ്ക്കുള്ള അവസരം നൽകുന്നു എന്നത് മാണിയുടെ നിലപാട് അണികളിൽ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്. ഭാവിയിൽ കേരള കോൺഗ്രസ് എം ഇടത്തോട്ടോ വലത്തോട്ടോ ചായുമോ വരാനുള്ള തിരഞ്ഞെടുപ്പുകളിൽ സ്വന്തം നിലയിൽ മത്സരിക്കുമോ എന്നതെല്ലാം മാണി സാറിനു മാത്രം അറിയാവുന്ന കാര്യമായി അവശേഷിക്കുന്നു.
യുഡിഎഫിലെ ഗ്രൂപ്പ് പോരുകൾക്കും കോൺഗ്രസിലെ ഒരു വിഭാഗത്തിനു നേരെ മാത്രമായിട്ടാണ് മാണിയുടെ വിമർശനങ്ങൾ. യുഡിഎഫ് വിട്ടതായി മാണി സമദൂര പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നില്ലെങ്കിലും നിയമ സഭയിൽ ഒറ്റ ബ്ലോക്ക് ആയി ഇരിക്കാനുള്ള തീരുമാനത്തോടെ മാണി വിട്ടുപോയെന്ന് തന്നെ നേതാക്കൾ ഉറപ്പിച്ചിരുന്നു. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥപങ്ങളിലെയും പിന്തുണ പിൻവലിക്കാത്ത അവസരത്തിൽ തിരിച്ചു കേറാനുള്ള വാതിൽ പൂർണ്ണമായി അടച്ചിടാതിരിക്കാൻ മാണി തന്‍റെ കൗശല ബുദ്ധി സമർത്ഥമായി പ്രയോഗിച്ചിട്ടുണ്ട്. കോൺഗ്രസിനെ മുൻനിർത്തി ഇനി ഒരു അനുനയ ചർച്ചയുണ്ടാവില്ല. കാരണം ഇപ്പോൾ രണ്ടിടത്തും പ്രതിഛായ തന്നെയാണ് പ്രശ്നം. രണ്ടു കൂട്ടർക്കും തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ തങ്ങളുടെ ഭരണ പ്രതിഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിനും മാണിക്കും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള കാലാവധി 2019 വരെയാണ്. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ന്‍റെ വിധി നിർണ്ണയിക്കപ്പെടുകയും ചെയ്യും.
34 വർഷമായി യുഡിഎഫിന്‍റെ ഭാഗമായി തന്നെയായിരുന്നു കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം. 1980ൽ ഇടതുമുന്നണിയിൽ ചേർന്ന് മന്ത്രി ആയപ്പോഴും എകെ ആന്‍റണി പക്ഷം ഇടതു വിട്ടപ്പോഴും കേരള കോൺഗ്രസും ഒപ്പം നിന്നു. പക്ഷെ, 1982ൽ നായനാരെയും ഇടതുപക്ഷത്തെയും ഞെട്ടിച്ച് മാണി ഇറങ്ങിപ്പോരുകയും ചെയ്തു. അന്ന് നായനാർ പറഞ്ഞത് “കുഞ്ഞുമാണി എന്നെ പിന്നിൽ നിന്ന് കുത്തി” എന്നാണ്. പിന്നീട് പിജെ ജോസഫ് ഇടതുപക്ഷത്തേയ്ക്ക് മടങ്ങിയപ്പോഴും മാണി കോൺഗ്രസിൽ അടിയുറച്ചു നിന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ തെരഞ്ഞെടുപ്പിൽ കരുണാകരൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിൽ നിന്നും കെഎം ജോർജിനെ തഴഞ്ഞു മാണി ആഭ്യന്തരമന്ത്രിയായി. തുടർന്ന് ആന്‍റണി മന്ത്രിസഭയിലും. പിന്നീട് 2010ൽ പരസ്പരം ലയിക്കുന്നതുവരെ മാണിയും ജോസഫും രണ്ടു തട്ടിൽ തന്നെയായിരുന്നു. പാർട്ടിയുടെ അധികാരം നഷ്ടപ്പെട്ടിടത്താണ് മാണിയുടെ ഇറങ്ങിവരവ്. ഇവിടെയൊക്കെ മുസ്ലിം ലീഗ് എന്ത് നിലപാടെടുക്കുമെന്നുള്ളതാണ് ശ്രദ്ധേയം. എക്കാലത്തും മാണിയോടുള്ള ലീഗിന്‍റെ മൃദുസമീപനം ഇത്തവണ എങ്ങനെ മാറുമെന്ന് കാണണം. ഇടതുപക്ഷത്ത് നിന്ന് വിട്ടപ്പോഴും വിശാല ഐക്യമുന്നണിയുമായി മാണി സഹകരിച്ചപ്പോഴും ലീഗും പാർട്ടിയെ തള്ളിക്കളഞ്ഞിട്ടില്ല.
മലബാറിൽ ലീഗിന്റെ പച്ചപ്പ് എങ്ങനെയാണോ അത് പോലെ തന്നെയാണ് മധ്യകേരളത്തിലെ രണ്ടിലയുടെ പച്ചപ്പ്. അത് കൊണ്ട് തന്നെ രണ്ടില കൊഴിയുന്നത് കോൺഗ്രസിന് കണ്ടില്ലെന്ന് നടിക്കാനാവാത്തതും. കോട്ടയത്തെയും പത്തനംതിട്ടയിലെയും കോൺഗ്രസിന്‍റെ അടിത്തറയിളക്കുന്നതും. ഇടുക്കിയിലേത് വൻതകർച്ചയിലേയ്ക്കും നയിക്കുന്ന തീരുമാനമാണ് മാണി ഇപ്പോൾ എടുത്തിരിക്കുന്നത് അത് കൊണ്ട് തന്നെ മൂന്നാമത്തെ കക്ഷിയുടെ പിരിഞ്ഞ് പോക്ക് കോൺഗ്രസിന് അത്രവേഗം നികത്താനുമാവില്ല. കേരളകോൺഗ്രസ് വെറുമൊരു ഘടകകക്ഷിയല്ലെന്ന് കോൺഗ്രസിന് വ്യക്തമായറിയാം. ക്രിസ്ത്യൻ സഭകളുടെ വോട്ട് ബാങ്കാണ് മാണിസാറും പാർട്ടിയുടെയും പിൻബലം. അതിലൊരു അനക്കം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിക്കില്ല എന്നതും വ്യക്തം. അവസാന മണിക്കൂറുകളിലും ചർച്ച നടത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തിയതും അതുകൊണ്ടു തന്നെ. മുന്നണി വിട്ടെന്ന് ഔദ്യോഗികമായി മാണി സ്ഥിരീകരിച്ച സ്ഥിതിക്ക് ലോകസഭ തെരഞ്ഞെടുപ്പിലെ കാറ്റ് വീശുന്ന ദിശയിൽ ചരടുവലിക്കാൻ തന്നെയാകാം മാണിയുടെ തീരുമാനം. ബാർ കോഴക്കേസ് വന്നതോടെ എൽഡിഎഫിലേക്കുള്ള വഴി പ്രത്യക്ഷത്തിൽ അടഞ്ഞെങ്കിലും അന്നും ഇന്നും വിഎസ് മാത്രമേ ഇടതു ചേരിയിൽ നിന്ന് മാണിയോട് എതിർപ്പ് കാണിച്ചിട്ടുള്ളൂ. എന്നാൽ മാണിയുടെ ഈ തിരുമാനത്തെ കുറിച്ച് സഖാവ് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.
വർഷങ്ങളായി കോട്ടയത്തെ പ്രതിനിധീകരിച്ചു ലോക്സഭയിൽ ഉള്ള കോൺഗ്രസ് എം നേതാവായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനം എന്ന വാതിൽ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. തനിക്കു പിന്നാലെ വന്ന കോൺഗ്രസ് എംപി സഹമന്ത്രിമാർ ആയപ്പോഴും കേരള കോൺഗ്രസിനെ തഴയുകയായിരുന്നു. ആ വാതിൽ തുറക്കാൻ ഉള്ള ലക്ഷ്യം കണ്ട് മാണി നടന്നാലും എൻഡിഎയിലേക്ക് ഒരു കാലുമാറ്റത്തിന് കേരളകോൺഗ്രസ് അണികൾ തയ്യാറായേക്കില്ല. എന്നാൽ സമദൂരം യുഡിഎഫിനോടും എൽഡിഎഫിനോടുമെന്ന് മാണി പറഞ്ഞെങ്കിലും എൻഡിഎയെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെയായിരുന്നു സമദൂരപ്രഖ്യാപനം. സാധ്യതകളെ ഒന്നും തള്ളിക്കളയാതെയുള്ള സമ്മർദ്ദതന്ത്രം.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോളാണ് ബാർ കോഴക്കേസിൽ ത്വരിതാന്വേഷണത്തിന് വിജിലൻസ് ഉത്തരവ് വരുന്നത്. എഫ്ഐആർ എടുത്തതും എസ്.പി സുകേശൻ അന്വേഷിച്ചതും മാണിയെ സമ്മർദ്ദത്തിലാക്കിയത് ചില്ലറയല്ല. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ തീരുമാനിച്ചതും കേരളകോൺഗ്രസിന്‍റെ അഭിപ്രായം ചോദിക്കാതെയാണെന്നുള്ളതും പാർട്ടിക്ക് അമർഷമുള്ള കാര്യമാണ്.
മാണി സാർ അത്രവലിയ കേമൻ പോരാളിയോന്നുമല്ല. സുധീരൻ പറഞ്ഞതുപോലെ അവസരവാദ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും പ്രതീകം തന്നെയാണ്. എന്നിട്ടും സ്വയം ഭീഷ്മാചാര്യർ ചമയുന്ന ഈ മനുഷ്യനെ കാത്ത് ബിജെപി അണിയറയിൽ ചരടു വലികൾ നടത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യം. വാതിൽ ഏതു സമയത്തും തുറന്നു കിടക്കുകയാണ് എന്ന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞ് അദ്ദേഹം മനസ്സിൽ കാണുന്നതും വലിയ സ്വപ്‌നങ്ങൾ തന്നെയാണ്.
എന്നാൽ ഈ അവസരത്തിൽ മാണിയുമായി ഹൈക്കമാൻഡ് ഒരു ചർച്ച നടത്തിയിട്ടു പോലുമില്ല. കാരണം കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് ദുർബ്ബലമായിരിക്കുന്നു. അതുകൊണ്ട് തന്നെ മുന്നണി രാഷ്ട്രീയവും കണക്കു കുട്ടലുകളും മാണിയെ എത്രത്തോളം സഹായിക്കുകയും കോൺഗ്രസിനെ എത്രത്തോളം ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്ന് വരുന്ന തിരഞ്ഞെടുപ്പുകളിൽ നാം കണ്ടറിയേണ്ടിയിരിക്കുന്നു.
എന്തായാലും ടിഎൻ പ്രതാപൻ പറഞ്ഞപോലെ കോൺഗ്രസിനും യുഡിഎഫിനും ശുക്രൻ ഉദിച്ചു എന്ന് പറയുന്നതിന് പകരം ശനിയുടെ അപഹാരം തുടങ്ങി എന്ന് പറയുന്നതായിരിക്കും ഭേദം...