രാ­മകഥാ­മൃ­തം ( ഭാഗം 25)


എ. ശിവപ്രസാദ്


തന്റെ സർവ്വസൈന്യാധിപനായ പ്രഹസ്തന്റെ മരണം രാവണന് വലിയൊരാഘാതമായിരുന്നു. ദുഃഖവും കോപവും ഒരുമിച്ച് വന്ന രാവണൻ തന്റെ ശക്തരായ രാക്ഷസവീരന്മാരായ അകന്പൻ, അതികായകൻ, കുംഭൻ, നികുംഭൻ, ഇന്ദ്രജിത്ത് തുടങ്ങിയവരോട് കൂടി ആയുധധാരിയായി യുദ്ധഭൂമിയിലെത്തി. രാവണനുമായി ആദ്യം ഏറ്റുമുട്ടിയത് സുഗ്രീവനായിരുന്നു. സുഗ്രീവൻ കല്ലും വലിയ പാറയുമെടുത്ത് രാവണനെ എറിഞ്ഞു. എന്നാൽ രാവണൻ തന്റെ അസ്ത്രപ്രയോഗത്താൽ അവയെ തുണ്ടം തുണ്ടമാക്കി. രാവണൻ പ്രയോഗിച്ച തീക്ഷ്ണങ്ങളായ അസ്ത്രങ്ങളേറ്റ് സുഗ്രീവൻ ബോധരഹിതനായി നിലംപതിച്ചു.

സുഗ്രീവൻ നിലംപതിച്ചത് കണ്ടതോടെ വാനരസൈന്യം ചിന്നിച്ചിതറിയോടി. അവർ ശ്രീരാമന്റെ അടുക്കലെത്തി വിവരങ്ങളെല്ലാമറിയിച്ചു. ഉടൻ തന്നെ സുഗ്രീവന് ശുശ്രൂഷ നൽകാൻ ആവശ്യപ്പെട്ട രാമൻ രാവണനെ എതിരിടാനായി എഴുന്നേറ്റു. ഇതുകണ്ട ലക്ഷ്മണൻ ശ്രീരാമനോട് പറഞ്ഞു. “അല്ലയോ ജ്യേഷ്ഠാ... ഇപ്പോൾ അങ്ങ് യുദ്ധഭൂമിയിലേക്ക് പോകേണ്ടതില്ല. രാവണനെ എതിരിടാൻ ഞാൻ പോയ്ക്കൊള്ളാം.” ലക്ഷ്മണന്റെ നിർബന്ധത്തിന് മുന്നിൽ ശ്രീരാമദേവന് അനുസരിക്കേണ്ടി വന്നു. രാക്ഷസരുടെ മായാലീലകൾ വളരെ സൂക്ഷിക്കണമെന്ന ഉപദേശത്തോടെ ശ്രീരാമൻ ലക്ഷ്മണനെ യുദ്ധഭൂമിയിലേയ്ക്ക് അയച്ചു. യുദ്ധഭൂമിയിലെത്തിയ ലക്ഷ്മണൻ രാവണനെ പോരിന് വിളിച്ചു.

തുടർന്നങ്ങോട്ട് അതിഭീകരമായ ഒരു യുദ്ധമാണ് നടന്നത്. ലക്ഷ്മണ വീര്യത്തെ തകർക്കുക എന്നത് രാവണന് ക്ഷിപ്ര സാധ്യമായിരുന്നില്ല. രാവണൻ അയക്കുന്ന അസ്ത്രങ്ങൾ തടുക്കുക മാത്രമല്ല തിരിച്ചങ്ങോട്ടും തീക്ഷ്ണമായ ശരപ്രയോഗം ലക്ഷ്മണൻ നടത്തി. ലക്ഷ്മണൻ അയച്ച ഒരു അന്പ് രാവണന്റെ വില്ലിനെ മുറിച്ചു കളഞ്ഞു. കുപിതനായ രാവണൻ തനിക്ക് ബ്രഹ്മാവ് നൽകിയ ഒരു വേൽ ലക്ഷ്മണന് നേരെ പ്രയോഗിച്ചു. അത് തടുക്കാനുള്ള ലക്ഷ്മണന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ ആ വേൽ ലക്ഷ്മണന്റെ ശരീരത്തിൽ തുളച്ചു കയറി. ലക്ഷ്മണൻ ബോധരഹിതനായി വീണു. തുടർന്ന് ലക്ഷ്മണന്റെ അരികിൽ ഓടിയെത്തിയ രാവണൻ ലക്ഷ്മണനെ എടുത്തു കൊണ്ടു പോകാനായി ശ്രമിച്ചു. സ്വന്തം കൈകൾ കൊണ്ട് കൈലാസ പർവ്വതമെടുത്ത് അമ്മാനമാടിയ രാവണന്, പക്ഷെ രാമസോദരന്റെ ശരീരം ഒന്ന് ഇളക്കാൻ പോലും കഴിഞ്ഞില്ല. ഇതുകണ്ട ഹനുമാൻ അവിടെയെത്തി രാവണനോട് യുദ്ധം ചെയ്തു. ഹനുമാന്റെ പ്രഹരത്താൽ അടിതെറ്റിയ രാവണൻ തേർത്തട്ടിൽ തെറിച്ചു വീണു. ഈ അവസരം നോക്കി ഹനുമാൻ ലക്ഷ്മണനെയും എടുത്തോടി.

ലക്ഷ്മണനെയും എടുത്ത് ഹനുമാൻ പോയത് ശ്രീരാമന്റെ അടുത്തേയ്ക്കാണ്. ശ്രീരാമന്റെ സവിധത്തിലെത്തിയ ലക്ഷ്മണൻ രാമകരസ്പർശത്താൽ പൂ‍‍ർവ്വസ്ഥിതിയിലായി. എങ്കിലും യുദ്ധത്തിൽ വാനരന്മാർ കഷ്ടപ്പെടുന്നത് കണ്ട രാമൻ യുദ്ധത്തിനൊരുങ്ങി. രാവണൻ രഥത്തിലേറി യുദ്ധം ചെയ്യാൻ തുടങ്ങി. അധികം വൈകാതെ ശ്രീരാമദേവൻ രാവണന്റെ തേരും കുതിരകളും നശിപ്പിച്ചു. ശ്രീരാമന്റെ മറ്റൊരസ്ത്രം രാവണന്റെ വില്ലിനെ നശിപ്പിച്ചു. അടുത്ത അന്പ് പോയത് രാവണന്റെ സുവ‍ർണ കിരീടം തകർത്തു കൊണ്ടാണ്. ഇതോടെ രാവണന് യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോവേണ്ടി വന്നു. രാവണൻ ഏറെ ദുഃഖിതനായി. രാമനോട് ഏറ്റുമുട്ടണമെങ്കിൽ ഇനി പുതിയ എന്തെങ്കിലും യുദ്ധമാർഗ്ഗം സ്വീകരിക്കേണ്ടി വരുമെന്ന് രാവണൻ നിശ്ചയിച്ചു. പിറ്റേദിവസം തന്നെ തന്റെ സഹോദരനായ കുംഭകർണ്ണനെ ഉണർത്താൻ നിശ്ചയിച്ചു.

കുംഭകർണ്ണനെ ഉണർത്തണം എന്ന ആജ്ഞ കേട്ട രാക്ഷസപ്പടയാളികൾ നിറയെ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളുമായി പുറപ്പെട്ടു. കുംഭകർണ്ണനെ ഉണർത്താനുള്ള ശ്രമമായിരുന്നു പിന്നീട്. വാദ്യഘോഷങ്ങൾ കൊണ്ടും ആർപ്പുവിളികൾ കൊണ്ടും രാക്ഷസർ കുംഭകർണ്ണനെ ഉണർത്താൻ ശ്രമിച്ചു.

You might also like

Most Viewed