രാമകഥാമൃതം ( ഭാഗം 24)
എ. ശിവപ്രസാദ്
ലങ്കാനഗരത്തിൽ പ്രവേശിച്ച ശ്രീരാമസൈന്യം രാവണസൈന്യവുമായി ഏറ്റുമുട്ടി. അതിഘോരമായ യുദ്ധമായിരുന്നു പിന്നീട് നടന്നത്. രാവണ പുത്രനായ ഇന്ദ്രജിത്ത് അംഗദനോട് ഏറ്റുമുട്ടി. ഇന്ദ്രജിത്ത് അംഗദനെതിരെ ശക്തിയായി ശരങ്ങൾ എയ്തു. അതെല്ലാം തന്നെ തടഞ്ഞ അംഗദൻ ഇന്ദ്രജിത്തിന്റെ തേര് അടിച്ചു തകർത്തു. ഹനുമാൻ ജംബുമാലിയുടെയും നീലൻ നികുംഭനുമായും ഏറ്റുമുട്ടി. ലക്ഷ്മണൻ വിരൂപാക്ഷനെയാണ് നേരിട്ടത്. അതിനിടയിൽ ലക്ഷ്മണന്റെ ഒരസ്ത്രം വിരൂപാക്ഷന്റെ കഥ കഴിച്ചു. രാവണ സൈന്യത്തിന് വൻ നാശനഷ്ടം സംഭവിച്ചു. പ്രളയ സമയത്തുള്ള സമുദ്രത്തിന്റെ അലർച്ച പോലെ യുദ്ധഭൂമി ശബ്ദമുഖരിതമായി.
ഇതിനിടയിൽ യുദ്ധഭൂമിയിൽ നിന്ന് അപ്രത്യക്ഷനായ ഇന്ദ്രജിത്ത് തന്റെ മായായുദ്ധം ആരംഭിച്ചു. അദൃശ്യനായി നിന്നുകൊണ്ട് ഇന്ദ്രജിത്ത് അയച്ച അസ്ത്രങ്ങൾ ശ്രീരാമസൈന്യത്തെ ഒട്ടൊന്നുമല്ല കുഴക്കിയത്. ഇന്ദ്രജിത്തിനോട് യുദ്ധം ചെയ്യാൻ സാധ്യമല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നുചേർന്നു. മാത്രമല്ല ഇന്ദ്രജിത്ത് വായുവിൽ മറഞ്ഞ് നിന്ന് രാമലക്ഷ്മണന്മാർക്കെതിരെ അതിശക്തമായ നാഗാസ്ത്രം പ്രയോഗിച്ചു. നാഗാസ്ത്രമേറ്റ രാമലക്ഷ്മണന്മാർ ബോധരഹിതരായി നിലത്തുവീണു. ഇതുകണ്ട ഇന്ദ്രജിത്ത് അതീവ സന്തുഷ്ടനായി അട്ടഹസിച്ചു കൊണ്ട് തന്റെ പിതാവായ രാവണന്റെ അടുത്തേക്ക് പോയി.
സന്ധ്യാസമയമായതോടെ ആ ദിവസത്തെ യുദ്ധം അവസാനിച്ചു. ശ്രീരാമസൈന്യത്തിൽ നിരാശ പടർന്നു. ശ്രീരാമദേവനും ലക്ഷ്മണനും ബോധരഹിതരായി കിടക്കുകയാണ്. ഹനുമാൻ, സുഗ്രീവൻ, ജാംബവാൻ എന്നിവർ രാമന് ചുറ്റും കൂടിയിരുന്ന് ഇനിയെന്താണൊരു പോംവഴി എന്നന്വേഷിച്ചു കൊണ്ടിരിക്കെ അന്തരീക്ഷത്തിൽ മുഴുവൻ പൊടിപടലങ്ങളുയർത്തിക്കൊണ്ട് ഒരു വൻ ചിറകടി ശബ്ദം കേട്ടു. വിഷ്ണുവിന്റെ വാഹനമായ പക്ഷിശ്രേഷ്ഠൻ ഗരുഢനായിരുന്നു അത്. ശ്രീരാമദേവൻ നാഗബന്ധിതനായി യുദ്ധഭൂമിയിൽ പതിച്ചതറിഞ്ഞ് വന്നതായിരുന്നു ഗരുഢൻ. ഗരുഢന്റെ സ്പർശനത്തോടെ നാഗബന്ധനത്തിൽ നിന്നും മുക്തരായ രാമലക്ഷ്മണന്മാർ ബോധം വീണ്ടെടുത്ത് പൂവ്വസ്ഥിതിയിലായി. ശ്രീരാമസൈന്യം ദുഃഖമകന്ന് വർദ്ധിത വീര്യവാന്മാരായി.
പിറ്റേന്ന് പ്രഭാതസമയമായി ശ്രീരാമസൈന്യം പൂർവ്വാധികം ശക്തിയായി യുദ്ധമാരംഭിച്ചു. ശ്രീരാമനും ലക്ഷ്മണനും നാഗബന്ധനത്തിൽ നിന്ന് മുക്തരായതറിഞ്ഞ രാവണൻ തന്റെ സർവ്വ സൈന്യാധിപനായ പ്രഹസ്തനെ യുദ്ധത്തിനയച്ചു. പ്രഹസ്തന്റെ കൂടെ ധുമ്രാക്ഷനും പോയി. തുടർന്നങ്ങോട്ട് അതി ഭീഷണമായ യുദ്ധമായിരുന്നു. ഹനുമാനോട് ഏറ്റുമുട്ടിയ ധൂമ്രാത്ഷനെ ഒരു വലിയ പാറ എടുത്ത് എറിഞ്ഞ് ഹനുമാൻ കാലപുരിക്കയച്ചു. ധൂമ്രാക്ഷൻ വധിക്കപ്പെട്ടതറിഞ്ഞ രാവണൻ വജ്രദംക്ഷനെ അയച്ചു. എന്നാൽ അല്പനേരം കൊണ്ടു തന്നെ അംഗദൻ വജ്രദംഷ്ടന്റെ കഥ കഴിച്ചു. അതിനുശേഷം വന്ന രാക്ഷസ വീരനായ അകന്പനനാകട്ടെ ഹനുമാന്റെ മുഷ്ടിപ്രഹരത്താൽ യമപുരിയിലെത്തി. പ്രധാനികളായ മൂന്ന് രാക്ഷസ വീരരുടേയും മൃത്യു രാവണനെ ദുഃഖിതനാക്കി. ഇനി കുംഭകർണ്ണനോ ഇന്ദ്രജിത്തോ അല്ലെങ്കിൽ പ്രഹസ്തനോ യുദ്ധം നയിക്കണമെന്ന് രാവണൻ പറഞ്ഞു. അതിൻ പ്രകാരം രാവണ സൈന്യാധിപനും അത്യധികം യുദ്ധസാമർത്ഥ്യവുമുള്ള പ്രഹസ്തൻ യുദ്ധം നയിക്കാനായി നിശ്ചയിക്കപ്പെട്ടു.
ശ്രീരാമസൈന്യത്തെ എതിരിട്ട പ്രഹസ്തൻ ശ്രീരാമസൈന്യത്തിന് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി വാനര വീരന്മാർ പ്രഹസ്തനാൽ കൊല്ലപ്പെട്ടു. ഒടുവിൽ അതിശക്തനായ വാനരവീരൻ നീലനുമുണ്ടായ യുദ്ധത്തിൽ പ്രഹസ്തൻ കൊല്ലപ്പെട്ടു.