രാ­മകഥാ­മൃ­തം ( ഭാഗം 23)


എ. ശിവപ്രസാദ്

ശ്രീരാമൻ സൈന്യസമേതം ലങ്കയിലെത്തി എന്നറിഞ്ഞ രാവണൻ തന്റെ മന്ത്രിസഭ വിളിച്ചു കൂട്ടിയിട്ട് മന്ത്രിമാരോടും മറ്റ് പ്രമാണിമാരോടുമായി പറഞ്ഞു. “നമ്മുടെ ലങ്കാമഹാരാജ്യം ഒരു വിപത്ത് നേരിടാൻ പോവുകയാണ്. നിങ്ങളുടെ എല്ലാവരുടെയും ബുദ്ധിയും ശക്തിയും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. എന്റെ ആജ്ഞകൾ എല്ലാവരും ഏകമനസോടെ അനുസരിക്കണം.” അതിന് ശേഷം പ്രഹസ്തനോട് യുദ്ധസന്നാഹങ്ങൾ ഒരുക്കാനായി ആജ്ഞാപിച്ച രാവണൻ പോയത് അശോകവനിയിൽ ശിംശപാ വൃക്ഷച്ചുവട്ടിൽ ശ്രീരാമ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന സീതാദേവിയുടെ അടുത്തേയ്ക്കാണ്.

സീതയുടെ അടുത്തെത്തിയ രാവണൻ തന്റെ മായാശക്തിയാൽ നിർമ്മിച്ച ശ്രീരാമന്റെ ശിരസിനോട് സാമ്യമുള്ള ഒരു രൂപം സീതയുടെ മുന്നിലിട്ടു. എന്നിട്ട് ശ്രീരാമനെ താൻ വധിച്ചുവെന്നും ഇനി തന്റെ ഭാര്യയാകുക മാത്രമേ സീതയ്ക്ക് രക്ഷയുള്ളൂവെന്നും പറഞ്ഞു. ഇതുകണ്ട സീതാദേവി വാവിട്ടു കരഞ്ഞു. അപ്പോൾ സീതയോട് അനുകന്പയുള്ള സരമ എന്ന രാക്ഷസി സത്യാവസ്ഥ സീതയോട് പറഞ്ഞു. മാത്രമല്ല ഈ ഭൂമിയിൽ ശ്രീരാമദേവനെ ആർക്കും കൊല്ലാൻ കഴിയില്ലെന്നും സരമ പറഞ്ഞു.

ഇതിനിടെ ശ്രീരാമസൈന്യം ലങ്കാനഗരത്തോട് അടുത്തു കൊണ്ടിരുന്നു. ശ്രീരാമസൈന്യത്തിന്റെ പെരുന്പറ ഘോഷവും അട്ടഹാസങ്ങളും നഗരത്തിൽ നിറഞ്ഞു തുടങ്ങി. ഈ സമയം രാവണസഭയിലെ വൃദ്ധനും വിവേകശാലിയുമായ രാക്ഷസനായിരുന്ന മാല്യവാൻ രാവണനോട് യുദ്ധം ഉപേക്ഷിച്ച് സീതയെ തിരികെ കൊടുക്കുവാൻ അപേക്ഷിച്ചു. എന്നാൽ മാല്യവാന്റെ വാക്കുകൾ രാവണൻ അനുസരിച്ചില്ല. രാവണൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വിശ്വസ്തരായ ആളുകളെ ഓരോരോ ദിക്കുകളിൽ കാവൽ നിർത്തി. കിഴക്കുഭാഗത്തെ കോട്ടയുടെ ചുമതല പ്രഹസ്തനായിരുന്നു. തെക്കുഭാഗത്തെ കോട്ട പാർശ്വന്റെയും മഹോദരന്റെയും സംരക്ഷണയിലാക്കി. വടക്കും പടിഞ്ഞാറും കോട്ടകൾ യഥാക്രമം ശുകനും ഇന്ദ്രജിത്തും സംരക്ഷിച്ചു. നഗരത്തിന്റെ ഹൃദയാന്തർഭാഗവും അവിടത്തെ കോട്ടയും സംരക്ഷിച്ചത് വിരൂപാക്ഷനായിരുന്നു. തന്റെ ഭീകരവും ശക്തവുമായ രാക്ഷസ സൈന്യത്തെ ഒന്നും ചെയ്യാൻ വാനര സൈന്യത്തിന് കഴിയില്ലെന്ന് രാവണൻ വിശ്വസിച്ചു.

ശ്രീരാമനും സുഗ്രീവനും വാനര സൈന്യത്തിന് നി‍‍ർദേശങ്ങൾ നൽകി. നീലൻ കിഴക്കോട്ട് ചെന്ന് പ്രഹസ്തന്റെ സൈന്യത്തെ ആക്രമിക്കാൻ നിയോഗിക്കപ്പെട്ടു. തെക്ക് ഭാഗത്തേക്ക് അംഗദന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചു. വടക്കുഭാഗത്ത് ശുകനെ നേരിടാൻ ലക്ഷ്മണനും പോയി. യുദ്ധം ആരംഭിക്കുന്നതിന് മുന്പ് യുദ്ധ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർബന്ധം ശ്രീരാമനുണ്ടായിരുന്നു. അതനുസരിച്ച് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടു മുന്പായി യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ യുദ്ധ ദൂതനെ അയക്കുന്ന പതിവുണ്ടായിരുന്നു. അതിനാൽ ബാലി പുത്രനായ അംഗദൻ യുദ്ധ ദൂതിനായി രാവണന്റെ മുന്പിലേയ്ക്ക് അയക്കപ്പെട്ടു. രാവണന്റെ മുന്പിലെത്തിയ അംഗദൻ താൻ ശ്രീരാമന്റെ ദൂതനാണെന്നും സീതാദേവിയെ തിരികെ കൊടുത്ത് യുദ്ധം ഒഴിവാക്കണമെന്നും രാവണനോട് പറഞ്ഞു. എന്നാൽ ഇതുകേട്ട് കുപിതനായ രാവണൻ തന്റെ അംഗരക്ഷകരോട് അംഗദനെ പിടിച്ചുകെട്ടാനാണ് ആജ്ഞാപിച്ചത്. തന്നെ പിടിച്ച് കെട്ടാൻ വന്ന രാക്ഷസന്മാരെ തന്റെ മുഷ്ടി പ്രഹരത്താൽ യമപുരിക്കയച്ച അംഗദൻ അവിടെ നിന്നും രക്ഷപ്പെട്ട് ശ്രീരാമദേവന്റെ മുന്നിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. അതോടെ അനിവാര്യമായ ഒരു യുദ്ധത്തിന് ഇരുപക്ഷവും തയ്യാറെടുത്തു.

You might also like

Most Viewed