ഒളിംപിക്‌സും രാ­ഷ്ട്രീ­യവും


റക്കാനയിൽ ദീപം തെളിഞ്ഞിട്ടും സമാധാനമായി കായിക കേളികൾ ആസ്വദിക്കാൻ കഴിയാത്ത പരിതോവസ്ഥയിലാണ്  ബ്രസീലിലെ പ്രമുഖ നേതാക്കന്മാർ. മറക്കാനാവാത്ത പിഴവുകൾ വരുത്തിയതു തന്നെയാണ് ഇവരെ കഷ്ടത്തിലാക്കിയിരിക്കുന്നത്. നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിനിടെ അടങ്ങിയിരുന്നും ആവേശം കൊണ്ടുമൊക്കെ കളികാണാൻ ആർക്കാണു കഴിയുക.

ആഗോള രാഷ്ട്രീയത്തിന്റെ കൂടി സ്ഥിതിഗതികൾ പ്രകടമാവുകയും പ്രയോഗിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഇടങ്ങളാണ് എല്ലാ ഒളിന്പിക്സ് വേദികളും. കായികത്തിന്റെ രാഷ്ട്രീയത്തിനപ്പുറം തന്നെയാണ് രാഷ്ട്രീയം ലോക കായിക മേളകൾക്കു മേൽ എന്നും ചെലുത്തിപ്പോന്നിട്ടുള്ളത്. വിലക്കുകളും പിന്മാറ്റങ്ങളും നിർബന്ധിച്ച് ഒഴിവാക്കലുമൊക്കെ പല ഒളിന്പിക്സുകളിലും പതിവായത് ഈ രാഷ്ട്രീയ സ്വാധീനം മൂലം തന്നെയായിരുന്നു. മ്യൂണിക്ക് പോലുള്ള ചില ഒളിന്പിക്സുകളിൽ ഇത് അതിക്രൂരമായ കൂട്ടക്കൊലകൾക്കു പോലും വഴിവെച്ചു. 

ആധുനിക ഒളിന്പിക്സിന്റെ ചരിത്രത്തിൽ കാര്യമായ ഭീഷണികളും വിട്ടു നിൽക്കലുകളും മറ്റു പ്രശ്നങ്ങളുമില്ലാതെയാണ് ബ്രസീലിൽ ഇത്തവണ ലോകകായിക മാമാങ്കം അരങ്ങേറുന്നത്. എന്നാൽ ആഭ്യന്തര രാഷ്ട്രീയ പ്രതിബന്ധങ്ങളുടെ ചുഴിയിൽപ്പെട്ടുഴലുകയാണ് ഇപ്പോൾ ആ രാജ്യം. ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിസന്ധിഘട്ടമെന്നു പോലും അതിനെ വിശേഷിപ്പിക്കാം. അഴിമതി ഒരു രാജ്യത്തിന്റെ ഭാവി എത്ര പ്രതിസന്ധി നിറഞ്ഞതാക്കാമെന്നതിനുള്ള ഉത്തമ ദൃഷ്ടാന്തം കൂടിയാണ് വർത്തമാനകാല ബ്രസീൽ. അസൂയാവഹമായ പുരോഗതിയുടെ ദിശയിൽ പൊയ്ക്കൊണ്ടിരുന്ന ബ്രസീൽ കേവലം രണ്ടു വർഷങ്ങൾ കൊണ്ടാണ് പരിതോവസ്ഥകളുടെ പടുകുഴിയിലേയ്ക്കു പതിച്ചത്.

അത്തിക്കായ് പഴുത്തപ്പോൾ കാക്കയ്ക്കു വായിൽപ്പുണ്ണെന്ന പഴങ്കഥക്കു സമാനമാണ് ഒളിന്പിക്സ് കാലത്ത് ബ്രസീലിലെ അത്യുന്നത നേതാക്കളുടെയൊക്കെ കാര്യം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കന്മാരെത്തുന്പോൾ തലയിൽ മുണ്ടിട്ടു മുങ്ങി നടക്കേണ്ട അവസ്ഥയിലാണ് രാഷ്ട്ര നായകന്മാരൊക്കെ. കപ്പൊന്നും നേടുന്നില്ലെങ്കിലും ഫുട്ബോൾ താരങ്ങളുടെ കാര്യം ഇതിലും ഭേദമാണ്. ആറ്റു നോറ്റിരുന്ന കായിക മാമാങ്കത്തിനു തിരിതെളിഞ്ഞപ്പോൾ അതിനു നെടുനായകത്വം വഹിക്കാൻ ഏറ്റവും അർഹത രാജ്യത്തിന്റെ പ്രസിഡണ്ടിനു തന്നെയായിരുന്നു. രാജ്യത്തിന്റെ ആദ്യ വനിതാ നായികയെന്ന ബഹുമതിക്കും അർഹയായ ദിൽമ റൂസേഫ് പക്ഷേ തൽക്കാലത്തേക്ക് സ്ഥാനവും നഷ്ടപ്പെട്ട് വീട്ടിലിരുപ്പാണ്. വീട്ടിലിരുപ്പെന്ന പ്രയോഗം പക്ഷേ, വസ്തുതാപരമായി അത്ര കൃത്യമാവില്ല. സ്വന്തം തടി രക്ഷിക്കാൻ കക്ഷി നെട്ടോട്ടമോടുകയാണ്. 

ഒളിന്പിക്സിനു തിരശീലവീണു ദിവസങ്ങൾക്കകം തന്റെ ഭാവി നിർണ്ണയിക്കുന്ന സെനറ്റ് വോട്ടെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്  അടുത്ത നാൾവരെ ഏറെ ജനപ്രിയയായിരുന്ന ദിൽമ റൂസെഫ്. ലോക കായിക മാമാങ്കത്തെ ബ്രസീലിലെത്തിക്കാൻ ഏറ്റവുമധികം ഉദ്യമിച്ചവരിലൊരാളാണ് ദിൽമ. ഒളിന്പിക്സിന് ആതിഥ്യമരുളി കൂടുതൽ ലോകശ്രദ്ധയും മാന്യതയും നേടേണ്ട നേരത്താണ് സ്വന്തം നിലനിൽപ്പിനായി അവർ കഷ്ടപ്പെടുന്നത്. ഗുരുതരമായ അഴിമതിക്കുറ്റങ്ങളാണ് അവർക്കുമേൽ ആരോപിക്കപ്പെടുന്നത്. പഴയ പട്ടാള ദുർഭരണക്കാലത്ത് അതിക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്ന ഇടതു ഗറില്ലാ നായികയായിരുന്നു ജനപ്രിയയായിരുന്ന ദിൽമ.

രാജ്യത്തിന്റെ സാന്പത്തികാവസ്ഥയെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തി എന്നതാണ് ദിൽമക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രധാനം. ബ്രസീലിന്റെ സാന്പത്തിക കമ്മിയെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ വ്യാജ കണക്കുകൾ ചമച്ച് രാജ്യത്തെ വഞ്ചിച്ചു എന്ന കുറ്റമാരോപിച്ചാണ് അവർക്കെതിരേ പുറത്താക്കൽ നടപടികളുമായി ബ്രസീലിയൻ സെനറ്റ് മുന്പോട്ടു പോകുന്നത്. അതിന്റെ ആദ്യ പടിയായി സെനറ്റ് കമ്മറ്റി ഇംപീച്മെന്റ് നടപടികൾക്ക് അനുമതി നൽകിക്കഴിഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രസിഡണ്ടു സ്ഥാനത്തു നിന്ന് ദിൽമയെ താൽക്കാലികമായി മാറ്റി നിർത്തിയിരിക്കുന്നത്. സെനറ്റ് അനുകൂലമായി വിധിയെഴുതിയാൽ അവർക്ക് സ്ഥാനത്ത് തിരിച്ചത്താം. അത് അസാദ്ധ്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് അവരും സമ്മതിക്കുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഒളിന്പിക്സിന്റെ വർണ്ണശബളമായ ഉദ്ഘാടന ചടങ്ങിൽ പോലും അവർക്കു പങ്കെടുക്കാനായില്ല. പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡണ്ട് മൈക്കേൽ ടെമെർ അവരെ ചടങ്ങിലേക്ക് ഔപചാരികമായി ക്ഷണിച്ചിരുന്നതാണ്. എന്നാൽ ദിൽമ ചടങ്ങിൽ നിന്നും വിട്ടു നിന്നു. ഇരു നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ ആർക്കു കൈകൊടുക്കണമെന്ന പ്രതിസന്ധിയിൽ നിന്നും വിദേശ പ്രതിനിധികൾ ഇതുമൂലം രക്ഷപ്പെട്ടെന്നാണ് ദിൽമയുടെ വിട്ടു നിൽപ്പിനെക്കുറിച്ച് ഒരു പത്രം വിശേഷിപ്പിച്ചത്.

ഔപചാരിക ചടങ്ങിൽ പങ്കടുത്തെങ്കിലും കളികാണാനൊന്നും കാത്തു നിന്നില്ല,  താൽക്കാലിക പ്രസിഡണ്ട് മൈക്കേൽ ടെമെറും. സെനറ്റ് വോട്ടെടുപ്പിൽ ദിൽമ റൂസെഫിന്റെ പരാജയം ഉറപ്പാക്കാനുള്ള വോട്ടുകൾ സമാഹരിക്കാനുള്ള യത്നത്തിലാണ് ടെമെർ. സെനറ്റിന്റെ വിധി ദിൽമയ്ക്ക് എതിരായാൽ 2018 വരെ ടെമെറിന് പ്രസിഡണ്ടു സ്ഥാനത്ത് തുടരാം. എന്നാൽ പ്രസിഡണ്ടു സ്ഥാനത്തു തുടരാൻ ടെമെറിന് ഇനിയും പല കടന്പകളും കടക്കാനുണ്ട് എന്നതാണ് വാസ്തവം. അതീവ ജനപ്രിയയായിരുന്ന ദിൽമക്കെതിരേ ജനങ്ങൾ തിരിഞ്ഞതിനു പിന്നാലെ ടെമെറിനെതിരെയും ജനവികാരമുയർന്നു തുടങ്ങിയിട്ടുണ്ട്. ദിൽമക്കെതിരെയുള്ള അഴിമതികളിൽ പലതിലും അവരുടെ പങ്കാളിയായിരുന്നു ടെമെറുമെന്ന് ആരോപണമുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ സ്ഥാപനമായിരുന്ന പെട്രോബ്രാസുമായി ബന്ധപ്പെട്ട ഒരു ആരോപണത്തിൽ അദ്ദേഹവും അന്വേഷണം നേരിടുകയാണ്. പെട്രോബ്രാസിൽ നിന്നും വലിയ തുകകൾ ഉദ്യോഗസ്ഥ നേതൃത്വവും ഭരണ നായകരും ചേർന്നു സ്വന്തമാക്കിയെന്നതാണ് ആരോപണം. ഇങ്ങനെ ലഭിച്ച തുകകൾ രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയക്കാരുടെ ഈ പട്ടികയിൽ ടെമെറുമുണ്ട്. പെട്രോബ്രാസിൽ നിന്നുള്ള കള്ളപ്പണം ടെമെർ ഉപയോഗിച്ചു എന്നു തെളിഞ്ഞാൽ അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനം നിലനിർത്താനാവില്ല എന്നതിനൊപ്പം ജയിലിൽ അദ്ദേഹത്തിന് സ്ഥാനമുറപ്പാവുകയും ചെയ്യും. അതിനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്തേ പറ്റൂ. അതിനുള്ള നെട്ടോട്ടത്തിലാണ് കക്ഷി. സ്വന്തം പക്ഷക്കാരിയായ പ്രസിഡണ്ടിനെ കുടുക്കാൻ വിശ്വാസ വഞ്ചമന കാട്ടി എന്നു കൂടി ആരോപണത്തിന്റെ ഭാരം പേറുന്നുണ്ട് പാവം മൈക്കേൽ ടെമെർ. മറക്കാനയിൽ നിന്നും ടെമെറോടിയത് തലസ്ഥാനമായ ബ്രസീലിയയിലേക്കാണ്. ദിൽമയ്ക്കെതിരായ സെനറ്റ് വോട്ടെടുപ്പിൽ 54 വോട്ടുകൾ ഉറപ്പാക്കാൻ. 

റിയോ 2016 സാദ്ധ്യമാക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒളിന്പിക്സ് മേളക്കൊഴുപ്പിൽ നിന്നും അകന്നു നിൽക്കേണ്ടി വന്ന ഒരു പ്രമുഖൻ കൂടിയുണ്ട്. ദിൽമയുടെ മുൻഗാമിയായ പ്രമുഖ നേതാവ് മുൻ പ്രസിഡണ്ട് ലൂയിസ് ഇനാച്യോ ലുല ഡി സിൽവ. രാജ്യത്തെ വികസനത്തിന്റെ പുത്തനാകാശങ്ങളിലേയ്ക്കു കൈപിടിച്ചാനയിച്ച നേതാവാണ് ലൂല. ആഗോള സാന്പത്തിക വ്യവസ്ഥിതിയിലെ പുത്തനത്ഭുതമായ ചൈനയ്ക്കൊപ്പം വളർച്ചാ സൂചികയെത്തിയത് ലൂലക്കാലത്തായിരുന്നു. അന്ന് ബ്രസീലിയൻ പൊതുമേഖലയുടെ അമരത്തായിരുന്നു പെട്രോളിയോ ബ്രസീലീറോ എ.എ അഥവാ പെട്രോബ്രാസ് എന്ന വന്പൻ എണ്ണക്കന്പനിയുടെ സ്ഥാനം.

ബ്രസീലിന്റെ കിഴക്കൻ തീരത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാംപോസ് ബേസിനിൽ വൻ എണ്ണശേഖരം കണ്ടെത്തിയത് ലൂലയുടെ ഭരണകാലത്തായിരുന്നു. ജുബർത്ത, റോൺകാഡോർ, അൽബാകോറ, മാർലിം, ബാരക്കൂഡ എന്നിവിടങ്ങളിൽ എണ്ണയുടെ വൻ ശേഖരം കണ്ടത്തിയതോടെ ബ്രസീലും ലോക എണ്ണ ഭൂപടത്തിൽ ഇടം നേടി. ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യക്കുമൊപ്പം പുതിയ ലോകക്രമത്തിലെ പ്രമുഖ ശക്തികളിലൊന്നായി ബ്രസീലിനെയും വിദഗ്ദ്ധർ വിശേഷിപ്പിച്ചു. ഈ ചതുർശക്തികളൊത്തു ചേർന്ന ബ്രിക്സ് സഖ്യത്തിന്റെ അപാര സാദ്ധ്യതകളെക്കുറിച്ച് വിദഗ്ദ്ധർ വാതോരാതെ വിവരിച്ചു.

പക്ഷേ രാഷ്രീയ നേതൃത്വവും പെട്രോബ്രാസും അഴിമതിയുടെ ചെളിക്കുണ്ടിൽ പതിച്ചതോടേ ഈ സ്വപ്നങ്ങളും പ്രവചനങ്ങളും പ്രതീക്ഷിച്ച വളർച്ചയും വികാസവുമൊക്കെ തകർന്നടിഞ്ഞു. ഇത് രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഇതൊക്കെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. വളർച്ചാ നിരക്കിൽ 3.8 ശതമാനത്തിന്റെ ഇടിവുണ്ടായിക്കഴിഞ്ഞു. ഇത് ഇനിയും കുത്തനെ ഇടിയാനാണ് സാദ്ധ്യത. തൊഴിലില്ലായ്മ 11 ശതമാനമാണ്. കുതിച്ചു തുടങ്ങുന്നതിനിടെ കുതിപ്പു കിതപ്പു മാത്രമായ അവസ്ഥ.

ഇതിനിടെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ് ലൂലയും. പെട്രോബ്രാസ് ഇടപാടുകൾ തന്നെയാണ് ലൂലക്കും നൂലാമാലയൊരുക്കുന്നത്. പെട്രോബ്രാസിൽ നിന്നും അനധികൃത ധനസന്പാദനം നടത്തിയെന്ന കേസിൽ ഒരു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് ലൂലക്കെതിരെയുള്ള കേസ്. ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെങ്കിൽ രാഷ്ട്രീയമായി ശക്തി നേടുക എന്നതു മാത്രമാണ് ഏക പോംവഴി. വരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വർക്കേഴ്സ് പാർട്ടിക്കായി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ലൂല. കളിയും കണ്ടിരുന്നാൽ വോട്ടു ചോരുന്ന വഴിയറിയില്ല. 

ഫലത്തിൽ ലോകത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കായിക മാമാങ്കത്തിനായി ലോകം മുഴുവനും സാന്പയുടെയും കാർണിവലിന്റെയും കാനറിപ്പക്ഷികളുടെയും നാട്ടിലെത്തിയെപ്പോൾ വാലിൽ തീപിടിച്ചോടുകയാണ് രാജ്യത്തെ പ്രമുഖ നേതാക്കളൊക്കെ. രാജ്യത്തേയ്ക്ക് ഒളിന്പിക്സിനെ കൈപിടിച്ചാനയിക്കാൻ അഹോരാത്രം യത്നിച്ചവരെല്ലാം പ്രതിസന്ധികളുടെ ഹർഡിലുകൾ താണ്ടാൻ രാഷ്ട്രീയത്തിന്റെ ട്രാക്കിലും ഫീൽഡിലും നെട്ടോട്ടമോടുന്നു. ഒരുപക്ഷേ ആധുനിക ഒളിന്പിക്സിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഇത്തരമൊരവസ്ഥ. ഏതായാലും പൊതു സമൂഹത്തിന്റെ ശ്രദ്ധ ഒളിന്പിക്സിലേക്കു തിരിഞ്ഞതിൽ ആശ്വാസം കണ്ടെത്തുകയാണ് നേതാക്കൾ. വീണുകിട്ടിയ ഇടവേള ഗുണപരമായി ഉപയോഗിക്കുന്ന തിരക്കിലാണ് അവ‍‍ർ.  ഒളിന്പിക്സിന് ഈ മാസം ഇരുപത്തൊന്നോടേ തിരശീല വീഴും. എന്നാൽ ബ്രസീലിന്റെ മണ്ണിലെ രാഷ്ട്രീയ പോരാട്ടങ്ങൾഅവസാനിക്കുന്നില്ല. നേതാക്കൾ തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടിയേ പറ്റൂ.

You might also like

Most Viewed