ഒരു വിമാനാപകടവും, ഒരുപാട് വിവാദങ്ങളും
ലക്ഷ്മി ബാലചന്ദ്രൻ
lakshmi@newsmillds.com
സ
മൂഹത്തിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിലും രണ്ടു തരം അഭിപ്രായങ്ങൾ ഉയർന്നു വരിക എന്നതൊരു സ്വാഭാവികമായ സംഗതിയാണ്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണല്ലോ ?
ഇന്നത്തെ കാലത്ത് മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമായി സോഷ്യൽ മീഡിയ മാറിയതോടെ ദിനംപ്രതി ചർച്ച ചെയ്യുന്നവയും, പക്ഷം പിടിക്കുന്നവയുമായ വിഷയങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ദുബായ് എയർപോർട്ടിൽ കഴിഞ്ഞദിവസം കത്തിയെരിഞ്ഞു വീണ എമിറേറ്റ്സ് വിമാനവും, രക്ഷപ്പെടും മുന്പ് സ്വന്തം ഹാൻഡ് ബാഗ് എടുക്കാൻ ശ്രമിച്ച മലയാളികളുമാണ് ആഗോളമലയാളികളുടെ പുതിയ ചർച്ചാ വിഷയം. ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ, തീ പിടിച്ച വിമാനത്തിൽ, ദുരന്തത്തിന്റെ തീവ്രത പോലും ഓർക്കാതെ സ്വന്തം ബാഗുകൾ കൂടി എടുക്കാൻ സമയം തേടിയ യാത്രികരുടെ പ്രവൃത്തി തികച്ചും അബദ്ധപൂർണ്ണമായിരുന്നു. വൈകുന്ന ഓരോ സെക്കൻഡും അപകടത്തെ വിളിച്ചുവരുത്തുന്നതുമായിരുന്നു. അതിനെതിരെ മാന്യമായ രീതിയിലും, അല്ലാതെയും മലയാളി പ്രവാസികളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന രീതിയിലും ട്രോളുകളും, ചർച്ചകളും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ധാരാളം പ്രചരിക്കുകയാണ്.
അതേസമയം അപകടത്തിനിടയിൽ സ്വന്തം ജീവനെ കുറിച്ച് ഓർക്കാതെ പോയ യാത്രികർ, മുഴുവൻ മലയാളി സമൂഹത്തിനും നാണക്കേടാണെന്നും, ഗൾഫ് മലയാളികൾ എന്നാൽ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളോളം നിലവാരം ഇല്ലാത്തവരാണെന്നും, ഗൾഫിലേയ്ക്കുള്ള വിമാനങ്ങളിൽ കയറിയാൽ ദേഷ്യം വരുമെന്നുമൊക്കെ മറ്റ് രാജ്യങ്ങളിലെ പ്രവാസി സുഹൃത്തുക്കൾ പരാതിപ്പെടുന്നത് കണ്ടു. ഇത്തരം വാദങ്ങളോട് പൂർണ്ണമായും യോജിക്കാൻ സാധിക്കില്ല. ഇങ്ങിനെ കുറ്റപ്പെടുത്തുന്നവർ ആദ്യം അവസാനിപ്പിക്കേണ്ടത്, യൂറോപ്പിലും അമേരിക്കയിലും എല്ലാം കുടുംബസമേതം സ്ഥിര താമസമാക്കിയ ഹൈക്ലാസ് പ്രവാസികളെയും, മിഡിൽ ക്ലാസ്സോ അതിനു താഴെയോ ഉള്ള സാഹചര്യങ്ങളിൽ നിന്നും സ്വന്തം ജീവിതം ഒരു കരയ്ക്കെത്തിക്കാൻ വേണ്ടി വീട്ടുകാരിൽ നിന്നും വിട്ടകന്നു മരുഭൂമിയുടെ ചൂടിൽ ഉരുകി ജീവിക്കുന്ന ഗൾഫ് പ്രവാസികളെയും തമ്മിൽ താരതമ്യം ചെയ്യുന്ന ഏർപ്പാടാണ്. ഇംഗ്ലീഷ് നാടുകളിലേയ്ക്ക് ചേക്കേറുന്ന പ്രവാസികളിൽ 99 ശതമാനവും വിദ്യാഭ്യാസവും, സന്പത്തും ഉള്ള വിഭാഗങ്ങൾ എങ്കിൽ, ഗൾ
ഫ് നാടുകളിലെ പ്രവാസികളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികൾ ആ
ണ്. ഇവർ അദ്ധ്വാനിക്കുന്നത് സ്വന്തം കുടുംബത്തിനു വേണ്ടി തന്നെ ആണെങ്കിലും, ഇവരയയ്ക്കുന്ന പണമാണ് നമ്മുടെ നാടിന്‍റെ സന്പത്ത് വ്യവ
സ്ഥയെ താങ്ങി നിർത്തുന്നത് എന്ന് പറയാതെ വയ്യ.
മരുഭൂമിയിലെ തൊഴിലിടങ്ങളിൽ ഉരുകിയൊലിച്ചു ജീവിക്കുന്നവർക്ക് വർഷത്തിൽ ഒരിക്കലോ, രണ്ടു വർഷം കൂടുന്പോഴോ ആണ് സ്വന്തം വീട്ടുകാരെ കാണാൻ അവസരം ലഭിക്കുന്നത്. തൊഴിലിടങ്ങളിലെ സാഹചര്യങ്ങളും, സ്വന്തം വീട്ടുകാരെ കാണാനുള്ള വ്യഗ്രതയും എല്ലാം മൂലം ഒരുപക്ഷെ നാട്ടിൽ ചെന്നിറങ്ങുന്ന വിമാനത്തിൽ നിന്നും ഇറങ്ങാൻ അവർ ഇത്തിരി തിരക്ക് കാണിച്ചു എന്നിരിക്കും. വിമാനജീവനക്കാരോട് വ്യാകരണത്തികവും, സ്ഫുടതയും ചേർന്ന ഇംഗ്ലീഷിൽ സംസാരിക്കാൻ പോയിട്ട്, സ്വന്തം നാട്ടുഭാഷയ്ക്കപ്പുറമുള്ള മലയാളത്തിൽ പോലും അവർക്ക് സംസാരിക്കാൻ സാധിക്കണം എന്നുമില്ല. സ്വന്തം സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന ഇക്കൂട്ടർ നിങ്ങൾക്ക് കോമാളി കഥാപാത്രങ്ങൾ ആയി തോന്നുന്നുവെങ്കിൽ, ആദ്യം എല്ലാം തികഞ്ഞവരെന്ന സ്വന്തം ബോധത്തെ ഇല്ലാതാക്കി സാധാരണ മനുഷ്യരായി ചിന്തിക്കുക.
ജീവൻ പോലും തിരികെ കിട്ടും എന്നുറപ്പില്ലാത്ത സാഹചര്യത്തിലും അവർ എടുക്കാൻ ശ്രമിച്ചത് സ്വന്തം ഹാൻഡ് ബാഗ് ആണ്. ഭൂരിഭാഗം പേരും നാട്ടിലേയ്ക്കുള്ള യാത്രകളിൽ സ്വന്തം സർട്ടിഫിക്കറ്റുകളും, മറ്റു ഔദ്യോഗിക രേഖകളും കൂടി കയ്യിൽ കരുതുന്നവരാണ്. സ്വന്തം ജീവനേക്കാൾ വലുതാണോ ഇവയെല്ലാം എന്നും ചോദിച്ചു അവരെ അധിക്ഷേപിക്കാൻ വരട്ടെ. ഇന്ത്യൻ എംബസികളിൽ നിന്നും പുതിയ പാസ്‌പോർട്ട് കിട്ടാനും ഇനി കിട്ടിയാൽ തന്നെ അതിലുളള വിസ രണ്ടാമത് ശരിയാക്കാനും ഒക്കെ ഉള്ള വിഷമം മലയാളികൾക്ക് നന്നായി അറിയാം. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടാൽ, അവയ്ക്ക് വേണ്ടി അപേക്ഷ നൽകാൻ അവന്‍ അടുത്ത അവധിക്കാലം വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ നിലവിലുള്ള ബ്യൂറോക്രാറ്റിക് ജന്മിത്തവ്യവസ്ഥ അനുസരിച്ച്, ഇവയെല്ലാം രണ്ടാമത് നിർമ്മിച്ചു നൽകുന്പോഴേയ്ക്കും ഒരുപക്ഷെ അപേക്ഷകൻ പെൻഷൻ പറ്റി വീട്ടിലിരിക്കുന്നുമുണ്ടാകും.
മറ്റു ചില ഗവേഷകർ കണ്ടു പിടിച്ചത് അച്ചാറും, ചിപ്സും എടുക്കാൻ വേണ്ടിയാണ് ആ യാത്രക്കാർ ഓടിയത് എന്നാണ്. ഒന്നാമതായി പറഞ്ഞോട്ടെ, ആരും ഹാൻഡ് ബാഗിൽ അച്ചാറും, എണ്ണയും കൊണ്ട് പോകാറില്ല. പിന്നെ നാട്ടിലെ അച്ചാറിനോടും, പലഹാരങ്ങളോടും പ്രവാസികൾ പുലർത്തിവരുന്ന ഇഷ്ടമാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ അറിയുക; നാടും വീടും വിട്ടു നിൽക്കുന്ന പ്രവാസിക്ക് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളോടുള്ള സെന്റിമെന്റ്സ് വളരെ വലുത് തന്നെയാണ്. മാസങ്ങളോളം ജോലി ചെയ്ത്, സെക്കണ്ട് ഹാൻഡ് ഷോപ്പിൽ നിന്നാണെങ്കിൽ കൂടി സ്വന്തമാക്കിയ ലാപ്ടോപ്, സ്വന്തം അമ്മയോ ഭാര്യയോ എടുത്തു തന്ന വസ്ത്രം, ഇവയെല്ലാം സാന്പത്തികമായും വൈകാരികമായും ആളുകൾക്ക് എത്ര വിലപ്പെട്ടതാണെന്നും അറിയേണ്ടതുണ്ട്. ഇതിനെല്ലാം പുറമെ അപകടത്തിന്റെ വ്യാപ്തി ഭൂരിഭാഗം പേർക്ക് ആ സമയത്ത് മനസ്സിലായിക്കാണണം എന്നുമില്ല. ഒട്ടുമിക്ക ദുരന്തങ്ങളുടെയും ആഘാതം വലുതാകുന്നത്, ആ സമയത്ത് പാനിക് േസ്റ്റജിൽ ആയി മാറുന്ന ആളുകൾ വിവേകരഹിതമായി പെരുമാറുന്നത് കൊണ്ട് കൂടിയാണ്. അതിനവരെ കുറ്റപ്പെടുത്താൻ മത്സരിച്ചിട്ടു കാര്യവുമില്ല.
ഇനി പറയേണ്ടത് പ്രിയ പ്രവാസി മലയാളി സുഹൃത്തുക്കളോട് തന്നെയാണ്. നമുക്കാർക്കും ഒരു വിമാന അപകടം ഉണ്ടായാൽ എന്ത് ചെയ്യണം എന്നതിനുള്ള പ്രത്യേക പരിശീലനം ഒന്നും ലഭിച്ചിട്ടില്ല. അതിനെല്ലാം ഉപരി ഓരോ മലയാളിയിലും ഉറങ്ങിക്കിടങ്ങുന്ന ഒരു റിബലിസം ഉണ്ട്. നമ്മളോട് ആരെന്തു പറഞ്ഞാലും, അതിനു നേർവിപരീതം ചെയ്യാനുള്ള ഒരു പ്രവണത. ചെറുപ്പം മുതലേ നല്ലതായാലും, ചീത്ത ആയാലും നമ്മളോട് ഒരാൾ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ നമ്മളത് ചെയ്യും, ചെയ്യാൻ പറഞ്ഞാൽ ചെയ്യാതിരിക്കും. പോകരുതെന്ന് പറഞ്ഞാൽ പോകും; അങ്ങിനെ അനുസരണക്കേടുകളും അവയുടെ പരിണിത ഫലങ്ങളാണ് വരുന്ന അബദ്ധങ്ങളും എല്ലാം ഒരുപാട് പറയാൻ ഉള്ളവരാകും നമ്മൾ ഓരോരുത്തരും. ആദ്യം കളയേണ്ടത് ഈ അനുസരണയില്ലായ്മയുടെ ശീലമാണ്. കുറച്ചെല്ലാം അനുസരിച്ചെന്നു കരുതി, നാം എവിടെയും ചെറുതാകുന്നില്ല. പ്രത്യേകിച്ച് ഇത്തരം സന്ദർഭങ്ങളിൽ −വിമാനത്തിലെ ക്രൂ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക, ഏറ്റവും വേഗത്തിൽ പുറത്തു കടക്കുക എന്നതൊക്കെ ആണ് യാത്രികർ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതിരിക്കുന്പോൾ നമ്മുടെ ജീവന്‍ മാത്രമല്ല നമ്മുടെ സഹയാത്രികരുടെയും, നമ്മെ രക്ഷിക്കാൻ വേണ്ടി കാത്തു നിൽക്കുന്നവരുടെയും എല്ലാം ജീവൻ കൂടി ആണ് നമ്മൾ അപകടപ്പെടുത്തുന്നത്. നഷ്ടപ്പെട്ടവ നമുക്ക് വീണ്ടും നേടിയെടുക്കാം, പക്ഷെ ജീവൻ ഒരിക്കലും അങ്ങിനെയല്ല എന്ന് ഓർക്കുക. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മറ്റു പല മാധ്യമങ്ങളും കൊട്ടിഘോഷിച്ച പോലെ ഗൾഫ് മലയാളി നാണക്കേടുണ്ടാക്കി എന്ന തരത്തിലുള്ള ആക്ഷേപങ്ങളും നമുക്ക് ഒഴിവാക്കാം. അന്യദേശക്കാരുടെ മുന്നിലും നമുക്ക് അത് സൽപ്പേര് നൽകുകയും ചെയ്യും.
ഒരപകടം ഉണ്ടാകുന്പോഴേയ്ക്കും, അതിൽ നിന്നും രക്ഷപ്പെട്ടവരെ അവർക്ക് സമാധാനത്തോടെ ഒന്ന് ശ്വാസം എടുക്കാൻ പോലും സമയം കൊടുക്കാതെ കൂട്ടം കൂടി ആക്രമിക്കുക എന്നതും ഒരുപക്ഷെ മലയാളികളുടെ മാത്രം കഴിവാകാം. അത്തരം ഒരു സാഹചര്യത്തെ സ്വയം അഭിമുഖീകരിക്കുന്ന അവസ്ഥ കൂടി ആലോചിച്ച് നോക്കിയ ശേഷം പോരെ, കുറ്റങ്ങൾ ആരോപിക്കുന്നതും, വിചാരണയും എല്ലാം?? കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി ആളുകൾക്ക് ശരിയായ ബോധവൽക്കരണം നൽകാൻ ശ്രമിക്കുക. ഇനിയുള്ള കാലങ്ങളിൽ എങ്കിലും, ലോകത്ത് ഒരു മനുഷ്യനും ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഇനി അത്തരം അപകടങ്ങൾ ഉണ്ടായാൽ തന്നെ ഓരോരുത്തർക്കും വിവേകപൂർവ്വം സാഹചര്യങ്ങളെ നേരിടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.