രാമകഥാമൃതം (ഭാഗം 22)


എ. ശിവപ്രസാദ്

 

വിഭീഷണന്റെ ഉപദേശങ്ങളൊന്നും രാവണൻ ചെവിക്കൊണ്ടില്ല. മാത്രമല്ല സീതയെ സ്വന്തമാക്കാനുള്ള അത്യാഗ്രഹം നിമിത്തം മുൻകോപിയായ രാവണൻ വിഭീഷണനോട് പരുഷമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഇളയച്ഛനായ വിഭീഷണന്റെ ഉപദേശവാക്യങ്ങൾ കേട്ട ഇന്ദ്രജിത്ത് കോപാന്ധനായി പറഞ്ഞു. “അച്ഛാ! അങ്ങയുടെ അനുജന്റെ വാക്കുകൾ കേട്ട് ഞാൻ ആശ്ചര്യപ്പെടുകയാണ്. അവ ശ്രദ്ധിക്കേണ്ടതില്ല. ഇതു പറയുന്ന ആൾ ഒരു ഭീരുവാണ് അദ്ദേഹം പറയുന്നത് അങ്ങ് അനുസരിക്കുകയാണെങ്കിൽ അത് നമ്മുടെ കുലത്തിന്റെ പേരിനും പെരുമയ്ക്കും ഒരു തീരാകളങ്കമായിരിക്കും. ഈ വംശത്തിൽ ഇന്നേവരെ ആരും ഇത്തരം വാക്കുകൾ ഉച്ചരിച്ചിട്ടില്ല.” ഇന്ദ്രജിത്തിന്റെ ഇത്തരം വാക്കുകൾ കേട്ട വിഭീഷണൻ ഇനി ലങ്കയിൽ നിൽക്കുന്നത് ഉചിതമല്ലെന്ന് മനസിലാക്കി ലങ്കാനഗരം വിട്ടിറങ്ങി. ഇനി ശ്രീരാമസന്നിധിയിൽ ശരണം പ്രാപിക്കുക മാത്രമാണ് പോംവഴിയെന്ന് കരുതി നേരെ സമുദ്രത്തിന്റെ മറുകരയിൽ ശ്രീരാമന്റെ അടുത്തേക്ക് യാത്രയായി.

സമുദ്രലംഘനത്തിനായി തയ്യാറെടുത്തുകൊണ്ടിരുന്ന വാനരസൈന്യത്തിന് സമീപത്തായി വിഭീഷണനും തന്റെ നാല് അനുചരന്മാരും എത്തി. വിഭീഷണനെ കണ്ട വാനരന്മാർ രാക്ഷസന്മാർ ആക്രമിക്കാൻ വന്നതാണെന്ന് കരുതി ഭയപ്പെട്ട് ഓടി സുഗ്രീവനോട് കാര്യം പറഞ്ഞു. ഉടൻ തന്നെ സുഗ്രീവൻ വിഭീഷണന്റെ അടുത്തെത്തി. താൻ ജ്യേഷ്ഠനായ രാവണനുമായി തെറ്റിപ്പിരിഞ്ഞ് വന്നതാണെന്നും ഇനി മുതൽ ശ്രീരാമപക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള വിഭീഷന്റെ വാക്കുകൾ സുഗ്രീവന്  വിശ്വാസമായില്ല. മിത്രത്തെപ്പോലെ സ്നേഹം നടിച്ച് വന്ന ശത്രുവായിരിക്കും വിഭീഷണനെന്ന് സുഗ്രീവൻ സംശയിച്ചു. എന്നാൽ ഹനുമാന്റെ അഭിപ്രായം മറിച്ചായിരുന്നു. ലങ്കയിൽ വെച്ച് രാവണൻ തന്നെ വധിക്കാൻ ആജ്ഞ കൊടുത്തപ്പോൾ അത് തടഞ്ഞത് വിഭീഷണനാണെന്നും അദ്ദേഹം ധ‍ർമ്മിഷ്ഠനാണെന്നും അതുകൊണ്ട് നമുക്ക് നിസ്സംശയം പക്ഷം ചേർക്കാമെന്നും ഹനുമാൻ പറഞ്ഞു. ഹനുമാന്റെ വാക്കുകൾ കേട്ട ശ്രീരാമൻ വിഭീഷണനെ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. സന്തോഷവാനായ വിഭീഷണൻ ശ്രീരാമദേവന്റെ പാദം തൊട്ട് നമസ്കരിച്ച് ശ്രീരാമപക്ഷം ചേർന്നു.

അതിന്ശേഷം വിഭീഷണൻ രാവണന്റെ സൈനിക ശക്തിയെക്കുറിച്ചും ഓരോരോ വീരന്മാരായ രാക്ഷസന്മാരുടെ വീരബലത്തെക്കുറിച്ചും ശ്രീരാമന് വിവരിച്ചു കൊടുത്തു. മാത്രമല്ല ലങ്കയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യുദ്ധത്തിന് വരുന്പോൾ സഞ്ചരിക്കേണ്ട വഴികളെപ്പറ്റിയുമെല്ലാം വിഭീഷണൻ സവിസ്തരം പറഞ്ഞു. അങ്ങിനെ ലങ്കയിലേയ്ക്ക് പാലം നിർമ്മിക്കാൻ നിശ്ചയിക്കപ്പെട്ടു. വിശ്വകർമ്മാവിന്റെ പുത്രനും നിർമ്മാണകലയിൽ അതി നിപുണനുമായ നളൻ എന്ന വാനരശ്രേഷ്ഠനാണ് പാലത്തിന്റെ നി‍‍ർമ്മാണത്തിന് നേതൃത്വം നൽകിയത്. വാനരന്മാർ വൻപാറകളും വൻവൃക്ഷങ്ങളും പറിച്ചുകൊണ്ടുവന്ന് സമുദ്രത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. ആനയുടെ വലിപ്പമുള്ള പാറകൾ സമുദ്രത്തിൽ വീഴുന്ന ശബ്ദം നാലുപാടും മാറ്റൊലി കൊണ്ടു. നളന്റെ കൽപനയനുസരിച്ച് വാനരന്മാർ അത്യുത്സാഹത്തോടെ സേതുബന്ധനം ആരംഭിച്ചു.

ആദ്യദിവസം പതിനാല് യോജന പണിതീർന്നു. രണ്ടാം ദിവസം ഇരുപത് യോജനയും കഴിഞ്ഞു. അങ്ങിനെ അഞ്ചുദിവസം കൊണ്ട് പാലം പണി പൂർത്തിയായി. പാലം പൂർത്തിയായതോടെ വാനരസൈന്യത്തിന്റെ ഉത്സാഹം പതിന്മടങ്ങ് വർദ്ധിച്ചു. ഹനുമാന്റെ ചുമലിലേറി ശ്രീരാമൻ മുന്നിലും അംഗദന്റെ ചുമലിലേറി ലക്ഷ്മണനും അതിന് പിന്നിലായി സുഗ്രീവൻ, ജാംബവാൻ തുടങ്ങിയവർ നേതൃത്വം നൽകിയ വാനരസൈന്യവും പാലത്തിലൂടെ മറുകരയിലേയ്ക്ക് നടന്നുനീങ്ങി. സൂര്യൻ അസ്തമിച്ചപ്പോഴേയ്ക്കും ശ്രീരാമൻ സൈന്യസമേതം മറുകരയിലെത്തി. അവിടെ സൗകര്യമായ ഒരു സ്ഥലം കണ്ടെത്തി സ്ഥാനമുറപ്പിച്ച അവർ അടുത്ത സൂര്യോദയത്തിനായി കാത്തിരുന്നു.

You might also like

Most Viewed