രാമകഥാമൃതം (ഭാഗം 21)
എ. ശിവപ്രസാദ്
ലങ്കയിൽ നിന്നും തിരിച്ചെത്തിയ ഹനുമാനേയും കൊണ്ട് വാനര വീരന്മാർ സുഗ്രീവന്റെയും ശ്രീരാമന്റെയും അടുത്തെത്തി. സീതാദേവി രാവണനാൽ ഉപദ്രവിക്കപ്പെട്ടിട്ടില്ല എന്ന വാർത്ത ശ്രീരാമദേവന് ആശ്വാസമേകി. ലങ്കയിലെ അവസ്ഥകൾ ഹനുമാൻ ഒന്നൊന്നായി രാമലക്ഷ്മണന്മാർക്കും സുഗ്രീവനും വിവരിച്ചു കൊടുത്തു. സീത നൽകിയ ചൂഡാരത്നം വാങ്ങിയ ശ്രീരാമദേവന്റെ കണ്ണുകൾ ഈറനണിഞ്ഞു. അപ്പോൾ ഹനുമാൻ പറഞ്ഞു. “പ്രഭോ, സീതാദേവിക്ക് ഒരാപത്തും സംഭവിച്ചിട്ടില്ല. അങ്ങും ലക്ഷ്മണകുമാരനും സുഗ്രീവനും സൈന്യസമേതം താമസിയാതെ ലങ്കയിലെത്തുമെന്ന് ഞാൻ സീതാദേവിക്ക് വാക്കു കൊടുത്തിട്ടുണ്ട്. എന്റെ വാക്കുകൾ ദേവിക്ക് ആശ്വാസം നൽകിയിട്ടുണ്ട്. അങ്ങയോട് ഒത്തുചേരാനുള്ള ദിവസങ്ങൾ കാത്ത് കഴിയുകയാണ് സീതാദേവി. രാവണൻ അങ്ങയുടെ കൈകളാൽ വധിക്കപ്പെടുന്ന ദിവസത്തെ ദേവി വളരെ ഔത്സുക്യത്തോടെയാണ് കാത്തിരിക്കുന്നത്.”
ഹനുമാന്റെ ആശ്വാസവചനങ്ങൾ കേട്ട ശ്രീരാമദേവന്റെ മനസിന് അല്പം ആശ്വാസം ലഭിച്ചു. ശ്രീരാമൻ ഹനുമാനെ ഗാഢമായി ആശ്ലേഷിച്ചു. ആ രംഗം കണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പിന്നീട് ശ്രീരാമദേവൻ സുഗ്രീവനോടും ഹനുമാനോടുമായി ഇങ്ങനെ പറഞ്ഞു. “സീതയെ കണ്ടെത്തി എന്നത് ശരി തന്നെ. എന്നാലും എന്റെ മനസ് തീരെ സ്വസ്ഥമല്ല. ബൃഹത്തായ ഈ സമുദ്രം തരണം ചെയ്ത് ലങ്കയിലെത്തുന്നത് ക്ഷിപ്ര സാധ്യമല്ല. ഈ സമുദ്രം തരണം ചെയ്യുന്നതിനെപ്പറ്റിയുള്ള ഉപായം പറയൂ.” ഇതുകേട്ട എല്ലാവരും ചിന്താമഗ്നരായി. ആ സമയത്ത് വാനരരാജാവായ സുഗ്രീവൻ പറഞ്ഞു. “അങ്ങ് വെറും ഒരു സാധാരണ മനുഷ്യനെപ്പോലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്താകുലനാകരുത്. സീതാദേവിയെ കണ്ടെത്തിയ സ്ഥിതിക്ക് നമ്മുടെ വലിയ ഒരു പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു. മാത്രമല്ല, ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ പ്രാപ്തിയുള്ള ശക്തമായ ഒരു വാനരസൈന്യം നമുക്കുണ്ട്. ഇനി സമുദ്രം തര
ണം െചയ്യേണ്ട ഉപായത്തെപ്പറ്റി മാത്രം അങ്ങ് ചിന്തിച്ചാൽ മതി.”
സുഗ്രീവന്റെ വാക്കുകൾ കേട്ട ശ്രീരാമൻ തന്റെ ദൈന്യഭാവം വെടിഞ്ഞു. മറ്റുള്ളവരുമായി ചേർന്ന് ലങ്കാനഗരിയിലെത്താനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒടുവിൽ സമുദ്രത്തിന് കുറുകെ പാലം പണിയാമെന്ന ജാംബവാന്റെ അഭിപ്രായത്തെ എല്ലാവരും അംഗീകരിച്ചു. സർവ്വസന്നാഹങ്ങളുമായി സമുദ്രതീരത്തേക്ക് (ഇന്നത്തെ തമിഴ്നാട്ടിലെ രാമേശ്വരം കടൽത്തീരം) പോകാൻ സുഗ്രീവൻ സൈന്യത്തിന് ആജ്ഞ നൽകി. അംഗദൻ, ഗഡൻ, ഗവ്യൻ, ഗവാക്ഷൻ, നീലൻ, ഹനുമാൻ, ജാംബവാൻ തുടങ്ങിയ വാനര വീരന്മാരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് സൈന്യം യാത്ര തിരിച്ചു. പർവ്വതങ്ങളും നദികളും വനങ്ങളും കടന്ന് അവർ മഹേന്ദ്രപർവ്വതത്തിന്റെ താഴ്്വാരത്തിലുള്ള സമുദ്രതീരത്തെത്തി. അവിടെ താവളമടിച്ച സൈന്യം സേതുബന്ധനത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ലക്ഷക്കണക്കിന് വരുന്ന വാനരസൈന്യം വൻപാറകളും മറ്റും ശേഖരിച്ചു തുടങ്ങി.
ഇങ്ങ് ലങ്കാനഗരിയിലാകട്ടെ ഹനുമാൻ വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ച് രാവണനും മറ്റ് മന്ത്രിമാരും ചിന്തിക്കുകയായിരുന്നു. കേവലം ഒരു വാനരൻ ചെയ്തു കൂട്ടിയ കാര്യങ്ങളെക്കുറിച്ചോർത്ത് ദുഃഖിക്കേണ്ടതില്ലെന്നായിരുന്നു രാവണന്റെ പ്രിയമന്ത്രിയായ പ്രഹസ്തന്റെ അഭിപ്രായം. ഏതാണ്ട് മറ്റെല്ലാ മന്ത്രിമാരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. എന്നാൽ രാവണ സഹോദരനായ വിഭീഷണന്റെ അഭിപ്രായം മറിച്ചായിരുന്നു. ഹനുമാൻ അതിവിസ്തൃതമായ സമുദ്രം ചാടിക്കടന്നതും ലങ്കാലക്ഷ്മിയെ വധിച്ചതും ഒരിക്കലും നിസ്സാരമായി കാണരുതെന്ന് വിഭീഷണൻ പറഞ്ഞു. കേവലം ഒരു വാനരന് ഇത്രയും ചെയ്യാമെങ്കിൽ ശ്രീരാമന് ലങ്കയിലെത്താനും മുഴുവൻ രാക്ഷസ വംശത്തെ നിധനം ചെയ്യാനും ഒരു പ്രയാസവും ഉണ്ടാവില്ലെന്നും വിഭീഷണൻ പറഞ്ഞു.