ഓടി ഓടി ഒളിമ്പിക്സിലേക്ക് - ധനേഷ് പദ്മ
വിവാദങ്ങളെല്ലാം അവസാനിച്ച് കഴിവുകളിൽ വിശ്വാസം അർപ്പിച്ച് കായിക താരങ്ങളെല്ലാം ഒളിന്പിക്സിനായി റിയോയിലെത്തി തുടങ്ങി. ഇനി പതിനേഴ് ദിവസം ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെളിച്ചമണയില്ല. സമാധനത്തിന്റെയും സാഹോദര്യത്തിന്റെയും ദീപനാളവുമായി നാളെ പുലർച്ചെ ഒളിന്പിക് ദീപശിഖ തെളിയുന്നതോടെ കായിക മാമാങ്കങ്ങൾ വിശ്രമമില്ലാതെ അരങ്ങേറും.
ഒരു ഒളിന്പിക്സ് എന്ന് പറയുന്പോൾ അതിലെ നേട്ടങ്ങൾക്ക് അത്രയൊരു ‘ഒളി’ ശരിയായി ചിന്തിച്ചാൽ കായിക രംഗം നൽകുന്നുണ്ടോ എന്നത് സംശയകരമാണ്. കാരണം നാല് വർഷം കൂടുന്പോൾ എത്തുന്ന ഈ കായിക മാമാങ്കം മറ്റ് ഏതിനെ അപേക്ഷിച്ചും ദൃശ്യമയമാണെങ്കിലും ഇതിലെ നേട്ടങ്ങൾ ആ ദിനങ്ങളിൽ മാത്രം ഒതുങ്ങിപോകുന്നില്ലേ എന്നൊരു സംശയം. നാളെ ദേശ ഭേദമില്ലാതെ മിക്ക രാജ്യങ്ങളും ഒളിന്പിക്സിൽ പങ്കെടുക്കുന്പോൾ മികച്ച കായിക താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയാത്ത ചില രാജ്യങ്ങൾ ഒളിന്പിക്സിനെത്തില്ല.
പൊന്ന് മോഹിച്ച് നാളെ എല്ലാ രാജ്യങ്ങളും പടപ്പുറപ്പാട് തുടങ്ങും. ഇന്ത്യ ഇത്തവണ പലതിലും മെഡലുറപ്പിച്ചാണ് റിയോയിലേയ്ക്ക് പോയിരിക്കുന്നത്. ഉത്തേജകവും സ്പോർട്സ് അതോറിറ്റിയിലെ ചില പടലപിണക്കങ്ങളുമൊക്കെ മറന്ന് ഒത്തൊരുമിച്ചൊരു ഒളിന്പിക്സിൽ. രാജ്യം പൊന്നണിയട്ടെ എന്നാശംസിക്കാം...
ചരിത്രത്തിലേയ്ക്ക് താളുകൾ മറിക്കുന്പോൾ അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായിക മത്സരമേളയായാണ് ഒളിന്പിക്സിനെ വിശേഷിപ്പിക്കുന്നത്. ശരിയായി പറഞ്ഞാൽ ഒളിന്പിക്സ് ഗെയിംസ്. 1896−ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിന്പിക്സ് നടന്നത്. സമ്മർ ഒളിന്പിക്സ് (വേനൽക്കാലമേള), വിന്റർ ഒളിന്പിക്സ് (ശൈത്യകാലമേള) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഈ കായികമാമാങ്കം പിന്നീട് അരങ്ങേറി തുടങ്ങി. രണ്ടും നാല് വർഷം കൂടുന്പോഴാണ് ഇവ ഇടവിട്ട് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.
രണ്ട് തലമുറയിലുള്ള ഒളിന്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിന്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിന്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്. രണ്ടാം തലമുറയിലെ ഒളിന്പിക്സ് ആധുനിക ഒളിന്പിക്സ് എന്നാണ് അറിയപ്പെടുന്നത്.
ബി.സി. 776−ന് ആദ്യ ഒളിന്പിക്സ് അരങ്ങേറിയത് ഗ്രീസിലെ ഒളിന്പിയയെന്ന പ്രദേശത്താണെന്നാണ് ചരിത്രം. പുരാതന ഗ്രീസിൽ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിന്പിക്സ് വളർന്നു. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിന്പിക്സ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
പുരാതന ഒളിന്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. പുരാതന ഒളിന്പിക്സിൽ ഹെറാക്കിൾസിനേയും പിതാവ് സിയൂസിനേയുമാണ് ഒളിന്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നു. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും നിശ്ചയിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശില്പങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമ്മിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിന്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുന്പോൾ ഇത് നടത്തുന്ന സന്പ്രദായം നടപ്പിലാക്കിയതും. എന്നാൽ ഇവിടെനിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു.
അവയിൽ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിന്പിക് േസ്റ്റഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമ്മിച്ചു. േസ്റ്റഡിയം നിർമ്മിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വെയ്ക്കുകയും ആ ദൂരത്തെ േസ്റ്റഡിയോൺ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി.
ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിന്പിക്സിൽ വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ സിയൂസ് ദേവന്‍റെ ഭാര്യ ഹെരയുടെ സ്മരണാർത്ഥം നടത്തപ്പെട്ട “ഹെരാ ഗെയിംസിൽ’ സ്ത്രീകൾ പങ്കെടുത്തു തുടങ്ങി.
പുരാതനവും പ്രശസ്തവുമായ സീയൂസ്, ഹെര ദേവന്മാരുടെ അന്പലത്തിനടുത്താണിത് നടന്നത്. മതപരമായ സ്വഭാവം പുലർത്തിയ കായികമേളയിൽ ഉൾക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതീഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു.
റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിന്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വരികയും എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തതോടെ ഒളിന്പിക്സ് നിർത്തലാക്കപ്പെട്ടിരുന്നു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമാണ് ഒളിന്പിക്സ് പുനർജനിച്ചത്. 1896ൽ ഗ്രീസിലെ ഏഥൻസിൽ അങ്ങനെ ആദ്യത്തെ ആധുനിക ഒളിന്പിക്സ് കായികമേള നടന്നു. അതിൽ ആദ്യമായി ഒളിന്പിക് ഗീതം ആലപിക്കപ്പെട്ടു.
അഞ്ച് വളയങ്ങളാൽ സുന്ദരമായ അടയാളമാണ് ഒളിന്പിക്സിന്. ആ വളയങ്ങളോടെയാണ് കായിക പ്രേമികൾക്ക് ഒളിന്പിക്സ് തിരിച്ചറിയുന്നതും. പരസ്പരം കൊരുത്ത ആ അഞ്ചുവളയങ്ങൾ ഐക്യത്തെ ഉപമിക്കുന്നു. അഞ്ചു ഭൂഖണ്ടങ്ങളെയാണ് ഈ വളയങ്ങൾ സൂചിപ്പിക്കുന്നത്. മഞ്ഞ നിറത്തിലുള്ളത് −ഏഷ്യയേയും കറുപ്പ് ആഫ്രിക്കയേയും, നീല− യൂറോപ്പിനേയും, പച്ച − ഓസ്ട്രേലിയയേയും, ചുവപ്പ് −അമേരിക്കയേയും അടയാളപ്പെടുത്തുന്നു. വെളുപ്പു നിറമുള്ള പതാകയിലാണ് ഈ അഞ്ച് വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രഞ്ച് സ്വദേശിയായ പിയറി കുബേർട്ടിനാണ് ഒളിന്പിക്സ് വളയങ്ങൾ രൂപകൽപ്പന ചെയ്തത്. 1920 ബെൽജിയത്തിലെ ആന്‍റ് വെർപ്പിൽ ആണ് ഒളിന്പിക് പതാക ഉപയോഗിച്ചുതുടങ്ങിയത്. 1936 ജർമ്മനിയിലെ ബർലിനിലെ ഒളിന്പിക്സിലാണ് ആദ്യമായി ഒളിന്പിക് ദീപം ഒളിന്പിയയിൽ വെച്ച് സൂര്യരശ്മി ഉപയോഗിച്ചു കത്തിച്ചു തുടങ്ങിയത്.
ഒളിന്പിക്സ് ചരിത്രത്തിലേയ്ക്ക് താളുകൾ മറിക്കുന്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അത്ലറ്റാണ് ജെസ്സി ഓവൻസ്. ജെയിംസ് ക്ലീവ്ലാൻഡ് ഓവൻസിനെ ‘ജെസ്സി’ ഓവെൻസ് എന്ന് കായിക ലോകം ഓമനയോടെ വിളിച്ചു. 1913 സെപ്റ്റംബർ 13−ന് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ഹെൻറി ഓവൻസിന്റെയും എമ്മയുടെയും മകനായി ജനിച്ച ജെസ്സി ഓവൻസ് ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരമായിട്ടായിരുന്നു തന്റെ കായിക ജീവിതം ആരംഭിച്ചത്. 1936−ൽ ജർമ്മനിയിലെ ബർലിൻ ഒളിന്പിക്സിൽ നാല് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോകപ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജന്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ് ആ നാല് സ്വർണ്ണമെഡലുകൾ.
ജെസിയുടെ സ്വർണ്ണതിളക്കത്തിന് പിന്നിൽ ചില രാഷ്ട്രീയ പശ്ചാത്തലവുമുണ്ടായിരുന്നു. ജയിക്കാനും കീഴടക്കാനും വേണ്ടി ജനിച്ചവരാണ് ആര്യന്‍മാരെന്ന് വിശ്വസിച്ചുവന്നിരുന്ന സ്വേച്ഛാധിപതി ഹിറ്റ്ലറുടെ മുന്നിൽ ആര്യന്‍മാരെ ഓടിത്തോൽപ്പിച്ചാണ് ജെസ്സി ഇതിഹാസമായത്. മത്സരം വീക്ഷിക്കാനെത്തിയ ഹിറ്റ്ലർക്ക് മുന്നിൽ ഒറ്റ ഒളിന്പിക്‌സിൽ നാലു സ്വർണ്ണ മെഡലുകൾ നേടി കറുത്തവന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനും ജെസ്സി ഓവൻസെന്ന ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്.
1936ലെ ആ ഒളിന്പിക്സിലേക്കൊന്ന് പോയി നോക്കാം... ബെർലിനിൽ ഒളിന്പിക്‌സ് മത്സരങ്ങൾ, ആര്യൻമാരുടെ അമരക്കാരനായി ഹിറ്റ്‌ലർ ആസ്വാദകരുടെ ഇടയിലുണ്ട്. ഒരു ഒഗസ്റ്റ് മൂന്നിനായിരുന്നു 100 മീറ്ററിലെ ഫൈനൽ. ട്രാക്കിൽ കാറ്റിനെ ഓടി തോൽപ്പിക്കാനിറങ്ങിയ പോലെയാരുന്നു ജെസ്സിയുടെ ഓട്ടം. 10.3 സെക്കൻഡ് കൊണ്ട് ജെസ്സി ഓടി സ്വർണ്ണത്തിലെത്തി. ഹിറ്റ്ലർ നോക്കിയിരിക്കുന്നുണ്ടായിരുന്നു. കറുത്തവന് ഇത്ര കരുത്തോ! ഹിറ്റ്ലറുടെ മുഖത്ത് അത്തരത്തിലൊരു ആശ്ചര്യം. പിന്നീട് ലോംങ് ജന്പിലേയ്ക്ക് കടന്നു മത്സരം. അവസ്മരണീയ പോരാട്ടത്തിലൂടെയായിരുന്നു ജെസ്സി ഓവൻസ് സ്വർണ്ണം ചാടിയെടുത്തത്. ഓഗസ്റ്റ് നാല്. ലോംങ് ജന്പിന്റെ യോഗ്യത റൗണ്ട് മത്സരം. ആദ്യ ചാട്ടത്തിൽ പക്ഷെ ജെസ്സിക്ക് ചുവടുകൾ ചെറുതായി പിഴച്ചു. അതോടെ ഫൈനൽ മോഹങ്ങൾ ആശങ്കയിൽ. മൂന്നാമത്തെ ചാട്ടത്തിന് വെപ്രാളത്തോടെ തയ്യാറെടുക്കുന്ന ജെസ്സിയുടെ ചുമലിൽ ഒരു കൈ ഉപദേശവുമായി എത്തി. തന്റെ എതിരാളിയായ ജർമ്മനിയുടെ ലസ് ലോങ് ആയിരുന്നു അത്. ലസ് ഇങ്ങനെ പറഞ്ഞു, ‘ജെസ്സി താങ്കൾ മാർക്ക് ചെയ്തിട്ടുള്ള പോയിന്റ് ഒരടി കൂടി പിന്നിലേയ്ക്ക് മാറ്റു. നിലത്തു നിന്നുയരേണ്ട മാർക്ക് സ്പർശിക്കണമെന്ന നിർബന്ധവും ഉപേക്ഷിക്കു. മൂന്നാം ചാട്ടത്തിൽ താങ്കൾക്ക് യോഗ്യത നേടാനാവും.’ ആ വാക്കുകൾ ജെസ്സിക്ക് കരുത്തും ലക്ഷ്യവും നൽകി. സമ്മർദ്ദത്തിന്റെ മുൾമുനയിൽ നിന്ന് ഉയർന്നു ചാടിയ ജെസ്സി 7.64 മീറ്റർ ദൂരം താണ്ടി ഫൈനലിലേയ്ക്ക് ചാടിക്കയറി. ഫൈനലിൽ ആദ്യ ചാട്ടത്തിൽ 7.74 മീറ്റർ. മൂന്നാം ചാട്ടത്തിൽ 7.75 മീറ്റർ. നാലാമത്തേത് പിഴച്ചു. അഞ്ചിൽ 7.94 മീറ്റർ. ഒടുവിൽ അവസാന ചാട്ടത്തിലേയ്ക്ക്. ഒരു പറവയെ പോലെ ജെസ്സി ഓവൻസ് അന്ന് പറന്നിറങ്ങിയത് 8.06 മീറ്റർ ദൂരത്തേയ്ക്കായിരുന്നു. ആ സ്വർണ്ണനേട്ടം ഇന്നും ചരിത്രതാളുകളിൽ ചിതലരിക്കാതെ കിടക്കുന്നുണ്ട്... ഇളിഭ്യനായി ഇരുന്ന ഹിറ്റ്ലറുടെ മുഖവും മങ്ങിയ വെളിച്ചത്തിൽ കാണാമായിരുന്നു... പിന്നീട് ആ ഒളിന്പിക്സിൽ തന്നെ ഹീറ്റ്‌സിൽ 21.1 സെക്കൻഡിൽ ലോക റെക്കോർഡിനൊപ്പം ഓടിയെത്തി. 200 മീറ്ററിന്റെ ഫൈനലിലും ഹിറ്റ്‌ലറുടെ മുന്നിൽ ജെസ്സിയെന്ന കറുത്ത വർഗ്ഗക്കാരൻ പുതിയ ചരിത്രം രചിച്ചു. അവിടം കൊണ്ടും നിർത്താൻ തീരുമാനിച്ചിട്ടില്ലാതിരുന്ന ജെസ്സി 4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി വിസ്മയമായി.
കറുത്തവനായത്തിന്റെ പേരിൽ ജേതാവായ ജെസ്സിക്ക് കൈ കൊടുക്കാതെ ഹിറ്റ്‌ലർ അന്ന് അവഗണിച്ചു. നേട്ടങ്ങൾ ഒട്ടനവധി ജെസ്സിയുടെ പേരിലുണ്ടായിരുന്നിട്ടും വർണ്ണവെറിയുടെ രാജ്യമായ അമേരിക്ക അദ്ദേഹത്തോട് അവഗണനയാണ് കാണിച്ചത്. ഇത്രയേറെ ജന്‍മനാട് അവഗണിച്ച ഒരു കായിക താരം ലോകത്തു വേറെ ഉണ്ടായിരുന്നിരിക്കില്ല. കറുത്തവനായി പിറന്നു പോയതിന്റെ പേരിൽ പിന്നീടും ദുരന്തങ്ങൾ ഏറ്റുവാങ്ങാനായിരുന്നു ജെസ്സിയുടെ വിധി. ജീവിക്കാനായി പന്തയ കുതിരകൾക്ക് എതിരേ വരെ ജെസ്സി ഓവൻസിന് ഓടേണ്ടി വന്നു. ഒളിന്പിക്‌സിലെ ഹീറോ ആയിട്ടും 2000 ഡോളറിനു വേണ്ടി കുതിരയ്‌ക്കൊപ്പം ജെസ്സി മത്സരിച്ചോടാൻ തയ്യാറായപ്പോൾ ഒളിന്പിക് ചാന്പ്യൻ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത് നാണക്കേടെന്ന് പറഞ്ഞ സുഹൃത്തുകളോട് ‘ഒളിന്പിക് മെഡൽ കൊണ്ടു വിശപ്പടക്കാനാവില്ലല്ലോ’ എന്നായിരുന്നു ജെസിയുടെ മറുപടി. ഹിറ്റ്‌ലറുടെ ഏകാധിപത്യത്തെ വെല്ലുവിളിച്ച് തലയുയർത്തി നിന്ന ആ കറുത്തവന്റെ ജീവിതം കായിക ലോകത്തിനു ഇന്നും ആവേശമാണ്.
ട്രാക്കിലെ വേഗത്തേക്കാൾ സമയക്കുറവിൽ പക്ഷെ കാലം ഇന്ന് കടന്നുപോകുകയാണ്. ഇന്ന് കോടിയേയേറിയ ഒളിന്പിക്സിൽ വർണ്ണവെറികളോ, വലിപ്പചെറുപ്പമോ ഇല്ല. ‘എല്ലാ വളയങ്ങൾക്കും ഒരേ വലിപ്പം’. മത്സരയിനങ്ങളിൽ മാത്രം പരസ്പരം പോരാട്ടങ്ങൾക്ക് പ്രാധാന്യം നൽകി കായിക ലോകം റിയോയിലേയ്ക്ക് ചേക്കേറുകയാണ്. പതിനേഴ് ദിനരാത്രങ്ങൾ ഇനി ഒളി മങ്ങാതെ ഒളിന്പിക്സിലേയ്ക്ക്...