വീട്ടിൽ നിന്നും മാറി ജീവിക്കുന്ന നിങ്ങളുടെ കുട്ടികൾ എവിടെയാണ് താമസിക്കുന്നത് എന്നന്വേഷിച്ചിട്ടുണ്ടോ ??
വീട്ടിൽ നിന്നും മാറി ജീവിക്കുന്ന നിങ്ങളുടെ കുട്ടികൾ എവിടെയാണ് താമസിക്കുന്നത് എന്നന്വേഷിച്ചിട്ടുണ്ടോ ??
ലക്ഷ്മി ബാലചന്ദ്രൻ
ഇക്കാലത്ത് ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ, ഭൂരിഭാഗം രക്ഷിതാക്കളും നൽകുന്ന ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും. പണ്ടെല്ലാം ആണ് കുട്ടികൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ, വീട്ടുകാർ പോയി ഇടമെല്ലാം അന്വേഷിച്ചിരുന്നത്. ഇപ്പോൾ കാലം മാറിയില്ലേ , നമ്മളും പുരോഗമിച്ചു .. ഇക്കാലത്ത് ഇതിനെ കുറിച്ചെല്ലാം എന്താണ് പേടിക്കാൻ ? ഇതാകും മറുപടിയായി നൽകുന്ന വിശദീകരണവും. പക്ഷെ ഒന്നോർമിപ്പിച്ചു കൊള്ളട്ടെ, സാധിക്കുമെങ്കിൽ ഇടയ്ക്കെല്ലാം ഒന്നന്വേഷിക്കുക വീട്ടിൽ നിന്നും മാറി പഠിക്കാനോ , ജോലി ആവശ്യത്തിനോ താമസിക്കുന്നവർ എവിടെയാണ് താമസിക്കുന്നത് എന്ന്. തികച്ചും യാഥാസ്ഥിതികമായ ഒരു നിലപാടായി മാന്യവായനക്കാർക്ക് തോന്നിയേയ്ക്കാം എങ്കിലും, അന്വേഷണവിവരങ്ങൾ അങ്ങിനെയാണ് സൂചിപ്പിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സാക്ഷരതയിലും, സാങ്കേതികതയിലും കേരളം വളരെ വേഗത്തിലാണ് മുന്നോട്ടു കുതിച്ചത്. നഗരങ്ങളെ കേന്ദ്രീകരിച്ചു വിദ്യാഭ്യാസസ്ഥാപനങ്ങളും, തൊഴിൽ മേഖലകളും വളർന്നപ്പോൾ ഉപരിപഠനത്തിനും തൊഴിലിനായി വീട് വിട്ടു നിൽക്കുന്നവരുടെ എണ്ണവും വർധിച്ചു. ഒപ്പം പേയിങ് ഗസ്റ്റ്, ഹോസ്റ്റൽ മേഖലകളുടെ സാധ്യതകളും. സർക്കാർ, സാമുദായിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവയുടെ കീഴിലും, സ്വകാര്യ ഉടമസ്ഥതയിലുമായി നിയമപരമായ രേഖകളോടെ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ നിരവധി ഉണ്ടെങ്കിലും, ഇവയുടെ എണ്ണക്കുറവ് മുതലെടുത്ത് വളർന്നു വന്നവയാണ് അനധികൃത ഹോസ്റ്റലുകൾ. ആരോഗ്യ, സുരക്ഷാ വകുപ്പുകളുടെ അംഗീകാരം ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഭൂരിഭാഗം ഹോസ്റ്റലുകളും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പലതും അമിതമായ നിരക്കിലാണ് ഫീസ് ഈടാക്കുന്നതെന്നും പരാതികളുണ്ട്. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഭക്ഷണമുൾപ്പെടെ താമസ സൗകര്യമൊരുക്കി വീടുകളെ ഹോസ്റ്റലുകളാക്കിയും, പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്നതിന് അവസരമൊരുക്കിയും പണം കൊയ്യുകയാണ് അനധികൃത ഹോസ്റ്റൽ ഉടമകൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഹോസ്റ്റൽ കെട്ടിടമെന്ന ലൈസൻസ് ഉടമകൾ വാങ്ങാറില്ല. നികുതി ഘടനയിലെ വർധനയും കെട്ടിട നിർമ്മാണത്തിലെ ചട്ടങ്ങൾ ഒഴിവാക്കുവാനുമാണ് ഇത്തരത്തിൽ കെട്ടിട ഉടമകൾ തട്ടിപ്പു നടത്തുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ കാര്യമായ പരിശോധനകൾ നടത്താറുമില്ല.രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നു എന്നത് കുറ്റമായി കാണേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട് ധാരാളം. കേവലം സർക്കാരിന് നൽകേണ്ട നികുതിയോ, വൈദ്യുതി ബില്ലിലെ വർദ്ധനവോ മാത്രമല്ല ഇക്കൂട്ടർ ഇത്തരം ഹോസ്റ്റലുകൾ രജിസ്റ്റർ ചെയ്യാത്തത്. സ്വന്തം വീടിനോട് ചേർന്നോ, വീടിനു മുകളിൽ തന്നെയോ കൂടുതൽ മുറികൾ നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നവർ ആണ് അനധികൃത ഹോസ്റ്റൽ ഉടമകൾ. ഈ മുറികൾക്ക് സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള വലിപ്പം കാണില്ലെന്ന് മാത്രമല്ല, ഓരോ റൂമിലും താമസിക്കുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആയിരിക്കും. മുറികളുടെ വൃത്തിയും, ശൗചാലയങ്ങളുടെ അവസ്ഥയും, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും എല്ലാം ഭൂരിഭാഗം ഇടങ്ങളിലെയും പ്രധാനപ്രശ്നവും ആണ്. ഇവയെക്കുറിച്ചു പരാതിപ്പെട്ടാൽ പല ഹോസ്റ്റൽ ഉടമകളിൽ നിന്നും താമസക്കാർക്ക് ലഭിക്കുന്ന പ്രതികരണവും വളരെ മോശവുമാണ്. കേരളത്തിന്റെ വാണിജ്യതലസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കൊച്ചിയിൽ മാത്രം ഇത്തരം നൂറു കണക്കിന് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലും അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ പലപ്പോഴും വാർത്തകൾ ആകാറുണ്ട് എങ്കിലും, അനധികൃത സ്ഥാപനങ്ങളെ ഗൗനിക്കാൻ മാധ്യമങ്ങളോ, സമൂഹമോ ശ്രമിക്കാറുമില്ല.
വസ്ത്രങ്ങളും മറ്റ് രേഖകളും സൂക്ഷിക്കുന്നതിന് ഒരു മുറിയിൽ ഒരു ഷെൽഫുമാത്രമായിരിക്കും ഉണ്ടാവുക. പകൽ സമയങ്ങളിൽ ഫാൻ ഇടാൻ അനുവദിക്കാറില്ല , പൈപ്പിൽ വെള്ളമില്ലെങ്കിൽ മോട്ടോർ അടിക്കുന്നതിനും വിലക്ക്, ലാപ്ടോപ്പ് ചാർജ്ജ് ചെയ്യുന്നതിനും ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നതിനും ഉള്ള വിലക്ക് തുടങ്ങിയവ എല്ലാം ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങൾ ആണ്. സെപ്റ്റിക് ടാങ്കും, കിണറും തമ്മിലുള്ള നിശ്ചിത അകലം പാലിക്കാത്തത് കൊണ്ടും, വാട്ടർ ടാങ്ക് കാലാകാലങ്ങളിൽ വൃത്തി ആകാത്തത് കൊണ്ടും എല്ലാം വിരകൾ ഉള്ള വെള്ളത്തിൽ കുളിക്കേണ്ട ഗതികേടുണ്ടായവരും ഉണ്ട്. ഹോസ്റ്റലിലേക്ക് ആദ്യം ചെല്ലുമ്പോൾ നല്ല സ്വീകരണമാണ് ലഭിക്കുക എങ്കിലും, പോകെ പോകെ ദുരനുഭവങ്ങൾ ഏറുകയാണ് പതിവ്. ശകാരവും അസഭ്യമായ വാക്കുകളുമാണ് ഹോസ്റ്റൽ ഉടമകളിൽ നിന്നും ലഭിക്കാറുണ്ടെന്നു എന്ന പരാതിയുമുണ്ട്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ആൺ-പെൺ വ്യത്യാസം ഇല്ലെങ്കിലും ഇത്തരം അസൗകര്യങ്ങൾ കൂടുതലായി ബാധിക്കുന്നതും പെൺകുട്ടികളെയും, സ്ത്രീകളെയും തന്നെയാണ്. റൂം അന്വേഷിച്ചു നടക്കുന്നതിനും, താമസം മാറുന്നതിനുമെല്ലാം ഉള്ള അസൗകര്യങ്ങൾ ആലോചിച്ചാണ് ഭൂരിഭാഗം പേരും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നതിന് പിന്നിലെ കാരണവും.
ഇതുവരെ പറഞ്ഞത് ഇത്തരം ഇടങ്ങളിലെ സൗകര്യക്കുറവിനെയും, ഉടമകളുടെ അനാസ്ഥയെയും കുറിച്ചായിരുന്നു എങ്കിൽ ഇനി പറയാൻ ആഗ്രഹിക്കുന്നത് ഇത്തരം പല ഹോസ്റ്റലുകളും അന്തേവാസികളായ സ്ത്രീകൾക്ക് വ്യക്തിപരമായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ്. ചില ഹോസ്റ്റലുകളിൽ താമസക്കാരായ പെണ്കുട്ടികളോടുള്ള ഹോസ്റ്റൽ അധികൃതരുടെ പെരുമാറ്റത്തിൽ തരംതിരിവ് പ്രകടമാണ്. ഹോസ്റ്റൽ അധികാരികളായ സ്ത്രീകളുടെ ചില ഇഷ്ടങ്ങൾ കണ്ടറിഞ്ഞു നിൽക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന ഒരു കാഴ്ച. സൗകര്യമുള്ള മുറികൾക്ക് പുറമെ , മറ്റു മുറികളിൽ രാത്രി പത്തുമണിക്ക് ലൈറ്റ് അണയ്ക്കണം എന്ന കർക്കശമായ നിയമം ഉള്ളപ്പോൾ തന്നെ, ഇത്തരക്കാർക്ക് അർദ്ധരാത്രി കഴിഞ്ഞും സുഹൃത്തുക്കളുമായി പുറത്തു പോകാനും വരാനും ഇവർ സൗകര്യവുമൊരുക്കി നൽകാറുണ്ടെന്നും നിരവധി ഹോസ്റ്റലുകളിൽ നിന്നുള്ള കുട്ടികൾ പറയുന്നു.
ആദ്യകാലങ്ങളിൽ എല്ലാം വനിതാ ഹോസ്റ്റലുകളുടെ നടത്തിപ്പ് സ്ത്രീകളുടെ മേൽനോട്ടത്തിൽ ആയിരുന്നു എങ്കിൽ, പോകെ പോകെ ഇത്തരം ഹോസ്റ്റലുകളുടെ ഭരണത്തിലെ പുരുഷസാന്നിധ്യവും കൂടി വന്നു. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉള്ളവരും, ഒറ്റപ്പെട്ടു ജീവിക്കുന്നവരുമായ സ്ത്രീകളെ മുതലെടുക്കുന്നതിൽ പല ഹോസ്റ്റൽ ഉടമകളും മികവുള്ളവരും ആണ്. കൊച്ചിയിലെ ഇത്തരം ഒരു ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടു വിദ്യാർത്ഥിനികൾ ഇതിനു തെളിവായി ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഉടമ കൂടിയായ ആൾ, ഈ കുട്ടികളോട് സംസാരിച്ചതിന്റെ ഒരു ഓഡിയോ റെക്കോർഡും കേൾപ്പിച്ചു. തനിക്ക് ഭാര്യയെ ബൈക്കിനു പുറകിൽ വെച്ച് നഗരത്തിൽ എല്ലാം കറങ്ങാൻ ഇഷ്ടമാണ് എന്നും, പക്ഷെ മധ്യവയസ്സ് പിന്നിട്ട ഭാര്യയ്ക്ക് അതിലൊന്നും താല്പര്യമില്ലാത്തതു കൊണ്ട് പോകാറില്ല എന്നും അയാൾ പറഞ്ഞു. തന്റെ കൂടെ കറങ്ങാൻ വന്നാൽ ഡ്രസ്സ് എടുത്ത് തരാം എന്നാദ്യം പറഞ്ഞ വ്യക്തി, കൂട്ടത്തിൽ വിവാഹം ഉറപ്പിച്ചിട്ടുണ്ടായിരുന്ന കുട്ടിയോട് സ്വർണ്ണമാല വാങ്ങി തരാം എന്നും പറയുന്നത് കേൾക്കാം. പുരോഗമനവാദം എന്ന ചിന്ത കൊണ്ടോ, ലഭിക്കുന്ന സൗകര്യങ്ങൾ മൂലമോ എന്തുകൊണ്ടെന്നറിയില്ല, ഇത്തരക്കാരുടെ ഇഷ്ടങ്ങൾ അനുസരിച്ചു നടക്കുന്ന കുട്ടികളും ഉണ്ടെന്നതാണ് കയ്പേറിയ സത്യം.
കൊച്ചിയിലെ പ്രായമായ ഒരു പുരുഷനും, സ്ത്രീയും നടത്തുന്ന ഒരു ഹോസ്റ്റലിൽ മുൻപ് താമസിച്ചിരുന്ന ഒരു പെൺകുട്ടി പറഞ്ഞത് മറ്റൊരു അനുഭവമാണ്. വൈകുന്നേരങ്ങളിൽ ഹോസ്റ്റലിലെ എല്ലാ പെണ്കുട്ടികളോടും ഒപ്പം ആണ് ഈ ഭാര്യയും ഭർത്താവും ഭക്ഷണം കഴിച്ചിരുന്നത്. എല്ലാ കുട്ടികളോടും സ്നേഹപൂർണ്ണമായ പെരുമാറ്റവും ആയിരുന്നു. ഇടയ്ക്കൊരു ദിവസം ഈ കുട്ടിയെ തങ്ങളുടെ സ്ഥാപനത്തിന്റെ കണക്കെഴുതാൻ വേണ്ടി അവർ വിളിച്ചിരുത്തി. സംസാരമധ്യേ നിന്നെ കണ്ടാൽ, ഞങ്ങളുടെ മതത്തിലെ കുട്ടിയാണ് എന്ന തോന്നൂ എന്ന് പറഞ്ഞ സ്ത്രീ; നല്ല പയ്യന്മാരുണ്ട് ആലോചിക്കട്ടെ എന്നും ചോദിച്ചു. തങ്ങളുടെ കൂടെ ഒരു ദിവസം പ്രാർത്ഥിക്കാൻ വരുവാനും ക്ഷണിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ദേവാലയത്തിൽ പോകാനുള്ള ക്ഷണത്തിന്റെ എണ്ണവും, നിർബന്ധവും കൂടിയതോടെ പെൺകുട്ടി ഹോസ്റ്റൽ മാറുകയും ചെയ്തു.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ നഗരങ്ങളിലെ ബഹുനില കെട്ടിടങ്ങളിൽ വാർഡൻ പോലുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഹോസ്റ്റലുകളും ഉണ്ട്. ഇത്തരം ലേഡീസ് ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികളിൽ ലഹരി ഉപയോഗം കൂടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം നിരവധി പരാതികൾ ആണ് അതാതു പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളതും. തിരക്കൊഴിഞ്ഞ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോസ്റ്റലുകളുടെ ചുറ്റുപാടുകളിൽ നിന്നും കിട്ടുന്ന കാലിയായ മദ്യക്കുപ്പികൾ തന്നെ പറയും, ഇവിടങ്ങളിൽ എന്താണ് നടക്കുന്നത് എന്ന്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു ഇത്തരം ഹോസ്റ്റലുകളിൽ താമസിക്കുന്ന എഴുപതു ശതമാനത്തോളം കുട്ടികളും ലഹരി ഉപയോഗം ഉള്ളവരാണ്. ഇക്കൂട്ടർക്ക് ലഹരിമരുന്ന് എത്തിക്കുന്നവർ പിന്നീടിവരെ മറ്റാവശ്യങ്ങൾക്കായും ഉപയോഗിക്കുന്നു.
ലൈംഗീക ചൂഷണം ഒഴികെയുള്ള വിഷയങ്ങളിൽ സമാനാമായ അവസ്ഥ തന്നെയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ജെന്റ്സ് ഹോസ്റ്റലുകൾക്കും ഉള്ളത്. വൃത്തിയും, മുറികളുടെ വലിപ്പവും എല്ലാം ഇവിടെയും പ്രശ്നങ്ങൾ തന്നെ. സ്ത്രീകൾ പലപ്പോഴും സാഹചര്യവശാൽ താമസസ്ഥലങ്ങളുടെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യുമ്പോൾ യുവാക്കൾ സ്വന്തം ആവശ്യങ്ങൾക്കുതകുന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കാനും താല്പര്യം കാണിക്കുന്നുണ്ട്.
ഉപരിപഠനത്തിനായി നഗരങ്ങളിൽ താമസിക്കുന്ന യുവാക്കളിൽ പലരും, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ തന്നെയും പുറമെ റൂം എടുത്ത് താമസിക്കാൻ താല്പര്യം ഉള്ളവരാണ്. ഭൂരിഭാഗം പേർക്കും സ്വാതന്ത്ര്യം തന്നെയാണ് ഇതിനുള്ള പ്രധാനകാരണം.
എന്തിനുള്ള സ്വാതന്ത്ര്യം എന്ന് ചോദിച്ചാൽ എന്തിനുമുള്ള സ്വാതന്ത്ര്യം എന്നാണുത്തരം. ഇവരെ മാത്രം വിശ്വസിച്ചു കേരളത്തിൽ രൂപപ്പെട്ട ലഹരി മാഫിയാകൾ ആണ് സ്ത്രീകളെ കൂടി ഇരകളാക്കി പടർന്നു പന്തലിച്ചു നിൽക്കുന്നത്. നൂറുകളുടെ വിലയിൽ കിട്ടുന്ന ഒരു ഡോസ് ഇഞ്ചക്ഷൻ മുതൽ, കൊച്ചിക്കായലിൽ നിന്നും ചൂണ്ടയിട്ടെടുത്ത് തരുന്ന നീലച്ചടയനും, ലക്ഷങ്ങളുടെ വിലയുള്ള പൊടികളും എല്ലാം കൊച്ചുകേരളത്തിൽ സുലഭം. യുവാക്കളെ കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളെ കൂടി ലക്‌ഷ്യം വെച്ചുകൊണ്ട് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ഇത്തരം കച്ചവടക്കാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താമസസ്ഥലങ്ങൾ പോലുമുണ്ടെന്നാണ് ശ്രുതി !!.
സംസ്ഥാനത്തെ ഇത്തരം പല താമസസ്ഥലങ്ങളുടെയും ഉടമകൾ നാട്ടിലെ പ്രമാണിമാർ ആയതു തന്നെയാണ് അന്വേഷണം നടത്താനോ, നടപടികൾ കൈക്കൊള്ളാനോ ഉദ്യോഗസ്ഥരെ തടയുന്ന പ്രധാനവിഷയം. ഇത്തരം ഉടമകളിൽ സർക്കാർ ശമ്പളം വാങ്ങുന്നവർ പോലുമുണ്ട് എന്നത് മറ്റൊരു കാരണവും. പക്ഷെ ഇത്തരം പക്ഷപാതങ്ങളുടെ തിക്തഫലം അനുഭവിക്കുന്നത് പൊതുജനങ്ങളാണ്. അവരിൽ തന്നെ ഭൂരിഭാഗവും സാധാരണകുടുംബങ്ങളും. നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന, രജിസ്‌ട്രേഷൻ ഉള്ള ഹോസ്റ്റലുകൾക്ക് മാത്രം പ്രവർത്തനാനുമതി തീരുമാനിക്കുന്നതിനോടൊപ്പം, വാടക നിരക്ക് ഏകീകരിക്കാനുള്ള നടപടികളും ഭരണകൂടങ്ങളിൽ നിന്നും ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്. അല്ലാത്തപക്ഷം തങ്ങൾക്ക് തോന്നിയ നിരക്കിൽ വാടക ഈടാക്കി, ഇക്കൂട്ടർ തീവെട്ടിക്കൊള്ള തുടരുകയും ചെയ്യും. വനിതാ ഹോസ്റ്റലുകളുടെ ചുമതലയ്ക്കായി സ്ത്രീകൾ ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. സംസ്ഥാന ആഭ്യന്തരവകുപ്പ് ഒന്ന് കിണഞ്ഞു പരിശ്രമിച്ചാൽ തന്നെയേ, ഇത്തരക്കാർക്ക് പൂട്ടിടാൻ സാധിക്കൂ.
കാലഘട്ടം അനുസരിച്ചു സമൂഹത്തിന്റെ ജീവിതശൈലിയും മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് തന്നെ പഠിക്കണം, വീടിനടുത്ത് തന്നെ ജോലി വേണം എന്നെല്ലാം നിബന്ധന വെച്ചുകൊണ്ട് ജീവിക്കാൻ സാധ്യവുമല്ല. പക്ഷെ വീട്ടിൽ നിന്നും വിട്ടു നിൽക്കുന്ന മക്കളിലും, സഹോദങ്ങളിലും എല്ലാം ശ്രദ്ധയുണ്ടാകാൻ ശ്രദ്ധിക്കേണ്ട ചുമതല ഏവർക്കുമുണ്ട്. ഇങ്ങനെ ദൂരെ മാറി താമസിക്കുന്നവരെ കുറിച്ച് അന്വേഷിക്കുന്നതിൽ നാണക്കേടോ, തങ്ങളെ പഴഞ്ചൻ എന്ന് മറ്റുള്ളവർ കരുതുമോ എന്നെല്ലാം സന്ദേഹം തോന്നേണ്ട കാര്യവുമില്ല. സ്വന്തം നാടും, വീടും വിട്ടു ജോലി ചെയ്യുന്ന പ്രവാസി രക്ഷിതാക്കളുടെ ഉള്ളിലെ ഒരു ആധിയും സ്വന്തം മക്കൾ എങ്ങിനെ വളരുന്നു എന്നതാണ് എന്നും ഓർക്കുന്നു. കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിനെ കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക. സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. പക്ഷെ വീട് വിട്ടു നിൽക്കുന്ന സ്വന്തം കുട്ടികൾ എങ്ങിനെ ജീവിക്കുന്നു എന്നുറപ്പിക്കേണ്ടത് വീട്ടുകാരുടെ മാത്രം ഉത്തരവാദിത്വമാണ്.