രാമകഥാമൃതം (ഭാഗം 19 )
പുത്രനായ അക്ഷകുമാരന്റെമരണം രാവണനെ ദുഃഖത്തിലാഴ്ത്തിയ കാര്യമാണ് ഇന്നലെ പ്രതിപാദിച്ചത്. ഹനുമാൻ ഒരു സാധാരണ വാനരനല്ലെന്ന് മനസിലായ രാവണൻ തന്റെമൂത്ത പുത്രനായ ഇന്ദ്രജിത്തിനെ വരുത്തിയിട്ട് പറഞ്ഞു. “പ്രിയപുത്രാ, നീ അറിഞ്ഞില്ലെ! നിന്റെസഹോദരൻ അക്ഷകുമാരൻ ഒരു വാനരനാൽ വധിക്കപ്പെട്ടിരിക്കുന്നു. നീ ധീരനും ബുദ്ധിമാനുമാണല്ലോ! നിനക്ക് സ്വർഗ്ഗാധിപതിയായ ഇന്ദ്രനെ യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തപസു കൊണ്ട് ബ്രഹ്മദേവനെ പ്രീതിപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നിനക്ക് അസാദ്ധ്യമായി ഒന്നും തന്നെയില്ല. ജംബു മാലിയടക്കം നിന്റെനിരവധി കൂട്ടുകാരും കൊല്ലപ്പെട്ടു. എന്റെപ്രിയപുത്രാ അസാധാരണമായി എന്തോ സംഭവിക്കുന്നുണ്ട്. നീ പോയി വേഗം തന്നെ ആ വാനരനെ പിടിച്ചുകെട്ടി എന്റെമുന്നിൽ കൊണ്ടുവരൂ!” ഇതുകേട്ട ഇന്ദ്രജിത്ത് തന്റെപിതാവായ രാവണനെയും മറ്റ് ഗുരുജനങ്ങളെയും വന്ദിച്ച് ഹനുമാനോട് യുദ്ധം ചെയ്യാനായി പുറപ്പെട്ടു.
ആയുധധാരിയായ ഇന്ദ്രജിത്ത് അശോകവനിയിലെത്തി. അവിടെ കണ്ട കാഴ്ച ഇന്ദ്രജിത്തിനെ അരിശം കൊള്ളിച്ചു. എങ്ങും തച്ചുതകർക്കപ്പെട്ട സസ്യങ്ങളും മറ്റ് ഫലവൃക്ഷങ്ങളും. രാക്ഷസ കിങ്കരന്മാർകൂട്ടംകൂട്ടമായി അങ്ങുമിങ്ങും ഓടി നടക്കുന്നു. അല്പം കഴിഞ്ഞ് ഹനുമാന്റെമുന്പിൽ ഇന്ദ്രജിത്ത് എത്തി. തുട ർന്നങ്ങോട്ട് ഘോരയുദ്ധമായിരുന്നു. ഇന്ദ്രജിത്ത് അയയ്ക്കുന്ന ഓരോ അസ്ത്രവും ഹനുമാൻ വൃക്ഷങ്ങളും പർവ്വതങ്ങളും ഉപയോഗിച്ച് തടയാൻ തുടങ്ങി. ഇങ്ങനെ ദീ ർഘനേരം യുദ്ധം ചെയ്തിട്ടും ഇന്ദ്രജിത്തിന് ഹനുമാനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രഹ്മാസ്ത്രമെടുത്തു. ബ്രഹ്മാവിനെ മനസിൽ ധ്യാനിച്ച് ഹനുമാനു നേരെ തൊടുത്തുവിട്ടു. ബ്രഹ്മാസ്ത്രം വരുന്നതു കണ്ട ഹനുമാൻ ശ്രീരാമദേവനെ മനസിൽ ധ്യാനിച്ച് ഇളകാതെ നിന്നു. ബ്രഹ്മാസ്ത്രമേറ്റ ഹനുമാൻ ഭൂമിയിൽ വീണു. ഉടൻ തന്നെ രാക്ഷസന്മാർഹനുമാനെ ബന്ധിച്ച് രാവണന്റെസഭയിലേയ്ക്ക് കൊണ്ടുപോയി. രാവണസഭയിലെത്തിയ ഹനുമാൻ രാവണന്റെമുന്നിലേക്ക് കൊണ്ടുവരപ്പെട്ടു. രാവണൻ ഹനുമാനെ രൂക്ഷമായി നോക്കി. എന്നിട്ട് മന്ത്രിയായ പ്രഹസ്തനോട് പറഞ്ഞു. “ഇവൻ എവിടെ നിന്നാണ് വന്നത്? ഇവിടെ വരുവാനുള്ള ഉദ്ദേശ്യം എന്താണ്? രാക്ഷസ സ്ത്രീകളെ ഭയപ്പെടുത്തിയതും ഉദ്യാനം നശിപ്പിച്ചതും എന്തിനാണെന്ന് ഇയാളോട് ചോദിക്കൂ.”
രാവണന്റെകല്പനയനുസരിച്ച് പ്രഹസ്തൻ ഹനുമാനോട് ചോദിച്ചു. “എടോ വാനരാ, സത്യം പറഞ്ഞോളൂ ആരും നിന്നെ ദ്രോഹം ചെയ്യില്ല. ഇന്ദ്രനാണോ നിന്നെ ഇങ്ങോട്ട് അയച്ചത്? താൻ ആരുടെ ചാരവൃത്തിക്കായാണ് ഇവിടേയ്ക്ക് വന്നത്...? അതോ സാക്ഷാൽ ശ്രീനാരയണൻ തന്നെയാണോ നിന്നെ ഇങ്ങോട്ടയച്ചത്? ഒരു കുരങ്ങന്റെവേഷത്തിലാണ് നീ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെങ്കിലും അത് സത്യമാകാൻ തരമില്ല. നീ വേഷം മാറി വന്നിരിക്കുകയാണെന്ന് തീർച്ചയാണ്. കളവ് പറയുന്നത് നിന്റെമരണത്തിന് ഹേതുവായിത്തീരും. ഉടൻ തന്നെ സത്യം പറയൂ.”
ഹനുമാൻ മറുപടിയായി രാവണനോട് പറഞ്ഞു. “ഹേ, രാക്ഷസ രാജാവേ ഞാൻ ഇന്ദ്രദേവൻ അയച്ചിട്ടോ ആരുടെയെങ്കിലും ചാരനായിട്ടോ അല്ല ഇവിടെ വന്നത്. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ദശരഥന്റെമൂത്ത പുത്രൻ ശ്രീരാമന്റെദൂതനായാണ് ഇവിടെ വന്നത്. വാനരരാജാവായ സുഗ്രീവന്റെമന്ത്രിയായ ഹനുമാനാണ് ഞാൻ. ശ്രീരാമദേവന്റെപത്നിയായ സീതാദേവിയെ അപഹരിച്ചു കൊണ്ടുവന്ന് ലങ്കാനഗരിയിൽ പാർപ്പിച്ചുവെച്ചിരിക്കുന്ന നിന്റെഅന്ത്യം ഉടനുണ്ടാകും. അതുകൊണ്ട് സീതാദേവിയെ ഉടൻ തന്നെ ശ്രീരാമദേവന്റെഅരികിൽ എത്തിക്കുക. അല്ലായ്കിൽ നീ അടക്കം ഈ ലങ്കാരാജ്യം തന്നെ ശ്രീരാമചന്ദ്ര പ്രഭുവിന്റെകോപത്താൽ ഇല്ലാതാകും. ഭഗവാൻ ശ്രീരാമചന്ദ്രൻ ആരാണെന്നറിയില്ലെങ്കിൽ നിന്റെഗുരുജനങ്ങളോട് പോയി അന്വേഷിക്കൂ.