പ്രവാസി ദുരിതങ്ങൾ അവസാനിക്കണമെങ്കിൽ ...
ഒരിക്കൽ കൂടി പ്രവാസികളുടെ പ്രതിസന്ധി ഒരു വാർത്തയായിരിക്കുന്നു. സൗദി അറേബ്യൻ സർക്കാർ എടുത്തുവരുന്ന നിതാഖത്ത് നിലപാടുകൾ പ്രവാസിതൊഴിലാളികളുടെ അവസരങ്ങൾ വലിയ തോതിൽ തൊഴിൽ നഷ്ടപെടുത്തുന്നു. ഗൾഫ് മേഖലയിൽ കുവൈറ്റ് ഇറാഖ് യുദ്ധം ഉണ്ടാക്കിയ പ്രതിസന്ധിക്ക് ശേഷം തൊഴിൽ മേഖലയിൽ ഉണർവ്വ് ഉണ്ടായി എങ്കിലും വീണ്ടും രണ്ടായിരം ദശകത്തിന്‍റെ അവസാനം മുതൽ ലോക സാന്പത്തിക മാന്ദ്യം ഗൾഫ് മേഖലയിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അത് പഴയ കാലത്തിൽ നിന്നും കൂടുതൽ രൂക്ഷവും വൈവിധ്യപൂർണ്ണവുമാണ്. ഗൾഫ് രാജ്യങ്ങൾ പിന്തുടർന്ന അമേരിക്കൻ വികസന നിലപാടുകൾ അവരെ സ്വാശ്രയത്വത്തിൽ എത്തുന്നതിൽ നിന്നും തടയിടുന്നുണ്ട്. പെട്രോൾ വിപണിയിലെ OPEC സംഘടനയുടെ ഇടപെടലുകൾ പൂർണ്ണമായി വിജയിക്കുവാൻ കഴിയാതിരിക്കുന്ന തരത്തിൽ പെട്രോൾ വിപണിയിൽ ചൂതാട്ടത്തിന്‍റെ സാധ്യതകൾ നിലനിറുത്തുവാൻ ബഹുരാഷ്ട്ര പെട്രോളിയം കന്പനികൾക്ക് കഴിയുന്നു. വികസനം എന്നാൽ വൻകിട കെട്ടിട നിർമ്മാണവും വാഹന−കച്ചവട ലോകവുമാണെന്ന മുതലാളിത്ത നിലപാടുകൾ ഇത്തരം രാജ്യങ്ങളെ സുസ്ഥിര വികസനത്തിൽ എത്തിക്കുന്നില്ല. വാർഷിക വരുമാനം അധികമുള്ള രാജ്യങ്ങളായ ഇവിടങ്ങളിൽ പോലും പൊതുസ്ഥാപനങ്ങൾ, പൊതുസേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്പോൾ രാജ്യങ്ങളിലെ ജനങ്ങളുടെ തൊഴിൽ അവസരവും തൊഴിൽ സുരക്ഷയും വേതനവും പോലും കുറഞ്ഞു വരുന്നു. വിലക്കയറ്റം പോലെയുള്ള മൂന്നാം ലോക പ്രവണതകൾ സന്പന്ന ഗൾഫ് രാജ്യങ്ങളെ വേട്ടയാടുന്നു. സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ അതാതു രാജ്യങ്ങൾ പുറം രാജ്യങ്ങളിൽ നിന്നും ഉള്ള തൊഴിലാളികളെ ഒഴിവാക്കുവാൻ നിർബന്ധിതമാകും. ഈ അവസ്ഥ കൂടുതൽ കൂടുതൽ ദൃഡമാകുന്പോൾ 75 ലക്ഷം പ്രവാസി ഇന്ത്യക്കാരുടെ ഗൾഫ് തൊഴിൽ അവസരങ്ങൾ പ്രതിസന്ധിയിലാകും എന്ന് ഉറപ്പിക്കാം.
ഇന്ത്യയിലെ രണ്ട് കോടി ജനങ്ങൾ ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി പണി ചെയ്യുന്നു. ചൈനയെയും പിന്നിലാക്കി ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതൽ വിദേശനാണയം പ്രവസികളിലൂടെ നേടുന്ന രാജ്യമായി മാറികഴിഞ്ഞു. അതിൽ മുഖ്യപങ്ക് വഹിക്കുന്നവർ ഗൾഫ് രാജ്യങ്ങളിൽ പണിചെയ്യുന്നവരാണ്. ഒരിക്കലും ഇവർ ഇവിടങ്ങളിൽ സ്ഥിര താമസക്കാരാകാൻ കഴിയാത്തതിനാൽ, കണ്ടെത്തുന്ന സാന്പത്തികം രാജ്യത്ത് എത്തിക്കുവാൻ വ്യഗ്രത കാട്ടും. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്ക ദക്ഷിണ ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലും എത്തപെട്ട ആളുകൾ താരതമ്യേന ഉയർന്ന ബിരുദധാരികൾ ആണെന്നിരിക്കെ അവരുടെ വരുമാനം കൂടുതൽ സുരക്ഷിതവും മെച്ചപെട്ടതാണെങ്കിലും രാജ്യത്തിന്‍റെ വിദേശ നാണയ ശേഖരത്തിൽ വേണ്ടത്ര സംഭാവന നൽകുവാൻ അവർ തയ്യാറാകുന്നില്ല. വടക്കേ ഇന്ത്യൻ രാഷ്ട്രീയ −ഉദ്യോഗസ്ഥരുടെ അടുത്ത മിത്രങ്ങളായ ഇവർക്ക് സർക്കാരിൽ നിന്നും എക്കാലവും പ്രത്യേക പരിഗണനകൾ കിട്ടിവരുന്നു. ചുരുക്കം ഇന്ത്യക്കാർ ജീവിക്കുന്ന ജോഹന്നാസ്ബർഗിലേയ്ക്കുള്ള വിമാനസർവ്വീസ് മാത്രം പരിഗണിച്ചാൽ വസ്തുതകൾ ബോധ്യപ്പെടും. എന്നാൽ 2014ൽ ഇറാഖിൽ നിന്നും കാണാതായ 39 (IS തട്ടിക്കൊണ്ടുപോയ) തൊഴിലാളികളെ കണ്ടെത്തുവാൻ പരാജയപ്പെട്ട സംഭവം ഒരു വാർത്ത പോലുമാക്കുവാൻ മടിക്കുന്ന സർക്കാരും മാധ്യമങ്ങളും അമേരിക്കൻ പോലീസ് (ഇന്ത്യക്കാരിയുടെ) പരാതിയിൽ അടിസ്ഥാനത്തിൽ ഒരു വിദേശ വകുപ്പിലെ വനിതയെ അറസ്റ്റുചെയ്തപ്പോൾ കാണിച്ച ആവേശം നമ്മൾ നേരിൽ കണ്ടുമനസ്സിലാക്കിയതാണ്. (ഈ സ്ത്രീക്കും അവരുടെ പിതാവിനും കുപ്രസിദ്ധ ആദർശ് ഫ്ളാറ്റ് സമുച്ചയത്തിൽ വീട് അനുവദിച്ചു കിട്ടിയിരുന്നു എന്നുകൂടി അറിയുന്പോൾ കഥയ്ക്ക് പൂർണ്ണത കൈവരിക്കുന്നു).
കേരളത്തിന്‍റെ പ്രത്യേക പരിമിതികൾ മനസ്സിലാക്കി 70 കൾ മുതൽ തൊഴിൽ ഇടമായി സ്വപ്നം കണ്ട ഗൾഫ് ലോകം പതുക്കെ തമിഴർക്കും മറ്റ് തെക്കേ ഇന്ത്യക്കാർക്കും പുതിയ തൊഴിൽ അവസരം ഒരുക്കി. എങ്കിലും ഗൾഫ് ലോകത്തേയ്ക്ക് ഇപ്പോൾ നിലവിലുള്ള 75 ലക്ഷം ഇന്ത്യക്കാരിൽ ഏകദേശം 30 ലക്ഷം മലയാളി പങ്കാളിത്തം നിലനിർത്തി വരുന്നു. പഴയകാല മലയാളികളിൽ പത്താം ക്ലാസ്സ് വിദ്യാഭ്യാസം യോഗ്യത ഇല്ലാത്തവർക്കും കൂടി തൊഴിൽ ചെയ്യുവാൻ അവസരം ലഭിച്ച ഗൾഫ് ലോകത്തെ മലയാളികളിൽ ആരോഗ്യ രംഗത്തെ ഒഴിച്ച് നിർത്തിയാൽ ബഹുഭൂരിപക്ഷവും ചെറുകിട കച്ചവടവും കൂലിപ്പണിക്കാരും കുശിനിക്കാരും മറ്റുമായിരുന്നു. നിർമ്മാണ മേഖലയിലും മറ്റും വിദഗ്ദ്ധന്മാരായി എത്തിയവരിൽ നല്ലൊരു പങ്കും സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവരും. എന്നാൽ മലയാളിയുടെ പണമുണ്ടാക്കുവാനുള്ള വ്യഗ്രത നമ്മുടെ നാടിനും ഗൾഫ് രംഗത്തും വലിയ മാറ്റങ്ങൾക്ക് അടിത്തറ ഉണ്ടാക്കി. ഇതിൽ ഒന്നും സർക്കാർ പങ്കാളിത്തം ഇല്ലായിരുന്നു എന്ന് പറയാം. സ്വന്തം റിസ്ക്കിൽ ഗൾഫിലേക്ക് ആരുടെയെങ്കിലും കരുണയിൽ എത്തുന്ന ആളുകൾ പരസ്പരം ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിൽ സ്വയം സഹായ സംഘങ്ങളായി പ്രവർത്തിച്ചു.
ആഗോളവൽക്കരണം ഗൾഫ് രംഗത്തുണ്ടാക്കിയ ചലനങ്ങൾ അഭ്യസ്ത വിദ്യരുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചു. കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ കച്ചവടരംഗത്തും മറ്റും എത്തി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള രംഗത്തുനിന്നും മലയാളി പതുക്കെ മാറി തുടങ്ങി. ആ രംഗത്തേയ്ക്ക് മറ്റു സംസ്ഥനക്കാർ എത്തിതുടങ്ങി. പ്രവാസികൾക്ക് സർക്കാർ എന്തെങ്കിലും സഹായം ചെയ്തില്ല എന്നു മാത്രമല്ല ഗൾഫ് ജോലിക്ക് പോകുന്നവരിൽ നിന്നും പരമാവധി പണം പലതിനും വസൂലാക്കുന്നതിൽ മടികാട്ടിയില്ല. വിമാനത്താവളങ്ങളും വിമാന കന്പനികൾ വരെയും പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽ പ്രത്യേകം മികവു കാട്ടി.
വിദേശത്ത് നിന്നും വരുന്ന പണം എങ്ങനെ ദീർഘവീക്ഷണത്തോടെ ഉപയോഗിക്കാം എന്ന വിഷയത്തിൽ വ്യക്തികൾ അവരവരുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തു. അങ്ങനെ ഗൾഫിൽ പണിയെടുത്തുണ്ടാക്കുന്ന പണം സുസ്ഥിര വികസനത്തിന് ലഭ്യമാകാതെ ഊഹവിപണിക്കും വീട് നിർമ്മാണത്തിനും സ്വർണ്ണ വിപണിക്കും മറ്റും ചിലവഴിച്ചു. ഒപ്പം വികസനത്തെ തെറ്റായി മനസ്സിലാക്കി മധ്യവർഗ്ഗ പൊങ്ങച്ച മുല്യങ്ങൾക്കൊപ്പം രാഷ്ട്രീയ വിരുദ്ധ നിലപാടുകൾ ശക്തിപ്പെടുവാനും കാരണമായി. ദേവാലയ നിർമ്മാണവും മത നിഷ്ടകളും സജ്ജീവമായി. പുരോഗമന ആശയങ്ങൾ തിരിച്ചടികൾ നേരിട്ടു. ഇവിടെ എല്ലാം നമ്മുടെ സർക്കാർ കാഴ്ച്ചക്കാരുടെ രൂപത്തിൽ നില ഉറപ്പിച്ചു.
കേരളത്തിന്‍റെ സാമൂഹിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്ന തരത്തിൽ എണ്ണത്തിലും സാന്പത്തിക രംഗത്തും നിർണ്ണായക ശക്തിയായ പ്രവാസി സമൂഹത്തിനു പക്ഷെ തങ്ങളുടെ പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉന്നയിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ ഈ വാദത്തിനൊരു മറുമുഖം ഉണ്ട്. 80കൾക്ക് ശേഷം ഇന്ത്യൻ പ്രവാസി സന്പന്നരുടെ ഇടയിൽ മലയാളികളും മോശമല്ലാത്ത പങ്കാളിത്തം നേടിയെടുത്തു. അവർ നമ്മുടെ രാഷ്ട്രീയക്കാരുടെ സാന്പത്തിക ശ്രോതസായി രംഗത്ത് വന്നു. രാഷ്ട്രീയ സംഘടനകൾക്കും മത സംഘടനകൾക്കും അവരുടെ സംഘടനകളുടെ സമിതികൾ ഇവിടെ കൂടതൽ സജ്ജീവമായി മാറി. ഗൾഫ് രംഗത്ത് നിരവധി സാംസ്‌കാരിക പ്രാദേശിക സംഘടനകൾ ഉദിച്ചു. എന്നാൽ ഒട്ടു മിക്ക സംഘടനകളും നിയന്ത്രിക്കുന്നവർ സന്പന്നരായിരുന്നു. കേരളത്തിലെ സമുദായ സംഘടനകളെ ഒഴിച്ച് നിർത്തിയാൽ പൊതുവെ സംഘടനകളുടെ നേതൃത്വം നീണ്ടകാലത്തെ പരിചയ സന്പന്നരാൽ നിയന്ത്രിക്കപെടുന്പോൾ ഗൾഫ് സംഘടനകളുടെ നേതൃത്വം വഹിക്കുവാനുള്ള യോഗ്യത സന്പന്നരോ സന്പന്നരുമായി ചങ്ങാത്തം വഹിക്കുന്നവരോ ആയി എന്നതാണ് യാഥാർത്ഥ്യം. ഇതിനാൽ സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുവാൻ ആരും ഉണ്ടായില്ല. പ്രവാസി സർക്കാർ സംവിധാനം തന്നെ രാഷ്ട്രീയക്കാരെ അതിരുവിട്ടു സഹയിക്കുന്നവർക്ക് ഇരിപ്പിടം ഒരുക്കുവനായി പരുവപ്പെടുത്തി. അതി സന്പന്നർ പ്രവാസി ഇന്ത്യക്കാരുടെ ബ്രാൻഡ് അംബാസിഡർമ്മാരായി. പ്രവാസികൾക്ക് സഹായം എന്നത് സന്പന്നർക്ക് നാട്ടിൽ വൻ ലാഭം ഉണ്ടാക്കുവാനുള്ള അവസരമാക്കി സർക്കാർ ചുരുക്കി. ഇതിനു നല്ല തെളിവാണ് കേരള−കേന്ദ്രസർക്കാർ വകുപ്പുകൾ.
പ്രധാന വകുപ്പായ വിദേശകാര്യത്തിനൊപ്പം ഉണ്ടായിരുന്ന പ്രവാസികളുടെ പ്രത്യേക പരിഗണക്കായി നിലനിന്ന പ്രവാസികാര്യ വകുപ്പ് തന്നെ കേന്ദ്രം ഇല്ലാതാക്കി. നമ്മുടെ എംബസ്സികളുടെ പ്രധാന ചുമതല വിദേശ രാജ്യങ്ങളുമായുള്ള കച്ചവടവും നേതാക്കന്മാരുടെ പരസ്പര ആശയ−കരാർ കൈമാറ്റങ്ങളും ആണ്. പ്രവാസി തൊഴിലാളികളുടെ സംരക്ഷകർ എന്ന പണി ഇവർക്ക് പിൽക്കാലത്ത് വന്നുപെട്ട അധിക ചുമതലയാണ്. എംബസ്സികളിലെ മിക്ക ഉയർന്ന ഉദ്യോഗസ്ഥനും IFS യോഗ്യതയുള്ളവരാണ് അവർ രാജ്യത്തിന്‍റെ diplomat കൾ ആയി പ്രവർത്തിക്കുന്നു. അവരിൽ പലരും പ്രവാസി സമൂഹത്തിന്‍റെ പ്രശ്നത്തിൽ നിശ്ചയദാർഢ്യം കാണിക്കാത്തത്തിനു കാരണം കേന്ദ്ര സർക്കാർ ഇത്തരം വിഷങ്ങളെ ഗൗരവതരമായി കാണുന്നില്ല എന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ പ്രവാസി ഇന്ത്യക്കാരെ ഏതു വിഷമഘട്ടത്തിലും സഹായിക്കുവാൻ ബാധ്യസ്ഥരായവർ, അവരെ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്ത്യയിൽ എത്തിക്കുവാൻ ചുമതലപ്പെട്ടവർ, ഇത്തരം വിഷങ്ങളിൽ മുഖം തിരിച്ചു നിൽക്കുന്നു. വടക്കേ ഇന്ത്യക്കാർ കൂടുതലായി (നിർമ്മാണം തുടങ്ങിയ) അടിസ്ഥാന രംഗത്ത് എത്തി തുടങ്ങിയതിനാൽ കേരള മാതൃകയിൽ പ്രവാസികൾക്കായി ആരംഭിച്ച പെൻഷൻ പദ്ധതിയുടെ പൊള്ളയായ ഉള്ളടക്കത്തിൽ നിന്നും കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങൾ എത്രമാത്രം സാധാരണ പ്രവാസി ജീവിതങ്ങളെ അവഗണിക്കുന്നു എന്ന് മനസ്സിലാക്കാം.
ഓരോ രാജ്യവും മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കുന്ന തൊഴിൽ കരാറുകളുടെ ലക്ഷ്യം അതാത് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുവാനാണ്. സ്വാഭാവികമായും ഇന്ത്യൻ സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യം ഗൾഫ് രാജ്യങ്ങളുമായി തൊഴിൽ കരാർ ഒപ്പിടുകയാണ്. ജനധിപത്യം അനുവദനീയമല്ലാത്ത രാജ്യത്ത്, UN തൊഴിൽ അവകാശങ്ങൾ പോലും അംഗീകരിക്കാത്ത രാജ്യങ്ങളിൽ തൊഴിൽ എടുക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കുവാൻ അതാത് രാജ്യക്കാരെ നിർബന്ധിപ്പിക്കണമെങ്കിൽ രാജ്യാന്തരതൊഴിൽ കരാറുകൾ ഉണ്ടാക്കുകയാണ് പോംവഴി. നമ്മുടെ സർക്കാർ ഉണ്ടാക്കിയ ഏക തൊഴിൽ കരാർ സൗദി അറേബ്യയിലെ വീട്ടു തോഴിലുമായി മാത്രം ബന്ധപ്പെട്ടാണ്. അങ്ങനെ ഒരു നിയമം പാസ്സാക്കിയാൽ എല്ലാ തൊഴിലാളികളും തൊഴിൽ ദാതാവുമായി ഉണ്ടാക്കുന്ന കരാറുകളിൽ ഇടപെടുവനും അവ നിയമ വിധേയമാണെന്ന് ഉറപ്പുവരുത്തുവാൻ എംബസ്സിക്ക് അവസരം കിട്ടും. തൊഴിലാളികളുടെ തൊഴിൽ തർക്കങ്ങളിൽ കക്ഷിചേരുവാൻ സർക്കാർ സംവിധാനത്തിന് ഉത്തരവാദിത്തം ഉണ്ടാകും. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും നടത്തുന്ന വിദേശ സന്ധർശനങ്ങളിൽ വ്യാപാര കരാറുകൾ ഉണ്ടാക്കുവാൻ മാത്രമാണ് താൽപര്യം കാട്ടിവരുന്നത്. വിദേശത്തെ തൊഴിലാളികൾക്കും തൊഴിൽ തേടുന്നവർക്കും തൊഴിൽ രംഗത്തെ സാധ്യതകൾ അറിയിക്കുവാൻ സർക്കാർ സംവിധാനം ഒന്നും തന്നെയില്ല. എംബസ്സികളിൽ ഉദ്യോഗസ്ഥ തൻപ്രമാണിത്തവും അതുവഴി അഴിമതിയും പ്രധാന സംഭവങ്ങളാണ്. തൊഴിൽ തർക്കങ്ങളിൽ അവരുടെ ഇടപെടലുകളെ പറ്റി പരക്കെ ആക്ഷേപങ്ങൾ നിലനിൽക്കുന്നു.
കേരളത്തിന്‍റെ നട്ടെല്ലായ പ്രവാസികൾക്കിടയിൽ രാഷ്ട്രീയ പാർട്ടികളുടെ സാന്നിദ്ധ്യം വളരെ വലുതാണ്. അവരുടെ സംഘടനകളിൽ വലിയ തോതിൽ ആളുകൾ അണിനിരക്കുന്നു. പക്ഷേ കേരള സർക്കാർ നടപടികൾ ആശാവഹമല്ല. പ്രവാസികളുടെ കാര്യങ്ങൾ പരിഗണിക്കുവാൻ ഒരു മന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. NORKA (Non-residential Kerala) എന്ന സംവിധാനം 2002ൽ നിലവിൽ വന്നു. അതിന്‍റെ പ്രവർത്തങ്ങൾ ROOTS വഴി നടത്തുന്നു. പ്രവാസികളെ സഹായിക്കുവാൻ Welfare Board (2008) നിലവിലുണ്ട്. 30 ലക്ഷത്തിൽ അധികമുള്ള പ്രവസികൾക്കായി നിലവിലുള്ള NORKA ക്ക് ഒരു പൂർണ്ണ സമയ സെക്രട്ടറി ഇല്ല എന്നറിയുന്പോഴേ നമുക്ക് സർക്കാരിന്‍റെ വിഷയത്തിലുള്ള താൽപര്യം മനസ്സിലാകുകയുള്ളൂ. അവർ ആരംഭിച്ച പെൻഷൻ പദ്ധതികളിൽ 10% പ്രവാസികൾ പോലും അംഗങ്ങളല്ല. NORKA യുടെ പ്രാദേശിക ആഫീസുകൾ പ്രവർത്തിക്കുന്ന ബഹ്റിനിലെ പ്രസ്തുത സംവിധാനവുമായി ബന്ധപ്പെട്ടാൽ അതിന്‍റെ പരിതാപ അവസ്ഥ ബോധ്യപ്പെടും. നമ്മുടെ MLA മാരുടെ നേതൃത്വത്തിൽ നിരവധി സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു. എന്നാൽ പ്രവാസികളുടെ ദൈനം ദിനമുള്ള പ്രശ്നങ്ങളിൽ ഇടപെടുവാൻ നിയമസഭയുടെ ഉത്തരവാദിത്തത്തോടെ ഒരു സംവിധാനവും ഇന്നു പ്രവർത്തിക്കുന്നില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. ഭൂരിപക്ഷം ജനങ്ങളും തുച്ഛവരുമാനക്കാരോ അതുപോലും കൃത്യമായി ലഭിക്കാത്തവരോ ആണെന്നിരിക്കെ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവർക്കൊപ്പം നിൽക്കുവാൻ ഒരു സംസ്ഥാന സർക്കാർ സംവിധാനവും പ്രവർത്തിക്കുന്നില്ല. ലൈംഗിക പീഡനത്തിനു വിധേയമാകുന്നവർ വരെ പീഡനം സഹിച്ചു കഴിയുവാൻ നിർബന്ധിതരാണ്. തൊഴിൽ അവകാശങ്ങൾ നിക്ഷേധിക്കൽ, ലൈംഗിക പീഡനം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എംബസ്സിയിൽ എത്തുന്നവർക്ക് മുൻകാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ലജ്ജാകരമാണ്. ഇതൊക്കെ കൊണ്ട് കേരളത്തിലെ പട്ടിണിക്കാരുടെ പട്ടികയിൽ കർഷതൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നേടിയ വിഭാഗം ഗൾഫ് പ്രവാസി കുടുംബംഗങ്ങൾ ആണ് എന്ന് ശ്രദ്ധിക്കുവാൻ നമ്മുടെ ഭരണ നേതൃത്വം തയ്യാറായിട്ടില്ല.
പ്രാസികളുടെ തൊഴിൽ മറ്റു തർക്കങ്ങൾ പരിഹരിക്കുന്നതിനെയും മറ്റും (പ്രതിമാസവേതനം 850BD) നൽകി കോടതിയിൽ ഹാജരാകുവാൻ വക്കീലിനെ എംബസ്സി നിയമിച്ചിട്ടുണ്ട്. എങ്കിലും സാധാരണക്കാർക്ക് കോടതിയിൽ ഒരു കേസ്സ് വാദിച്ചുകൊണ്ട് തൊഴിൽ ദാതവുമായി ഏറ്റുമുട്ടുക അസാധ്യമായി തുടരുന്നു. ഉന്നത സ്ഥാനങ്ങളിൽ പണിചെയ്യുന്നവർ കൂടി ചൂഷണത്തിന് വിധേയമായികൊണ്ടിരിക്കുന്നു. പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ (തെറ്റായ ആഹാരക്രമം, മദ്യാസക്തി), സാന്പത്തികരംഗത്തെ അച്ചടക്ക രാഹിത്യം, സാംസ്‌കാരികമായ തെറ്റായ പ്രവണതകൾ, വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ അറിയുവാനുള്ള പരിമിതി, പ്രസ്തുത മേഖലയിലെ നിലവാര തകർച്ച തുടങ്ങിയ വിഷയങ്ങളെ ഗൗരവതരമായി കാണുവാൻ സർക്കാരോ പ്രവാസി സംഘടനകളോ തയ്യാറാകുന്നില്ല. ഇതുവഴി ഏറ്റവും കൂടുതൽ കടം പേറുന്നവർ, ആത്മഹത്യപ്രവണതകൾ കൂടുതലായി കാണിക്കുന്നവർ പ്രവാസികളായി മാറി. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളിൽ സർക്കാർ എടുക്കുന്ന നിലപാടുകൾ പരിശോധിച്ചാൽ നമ്മുടെ ദേശീയ−സംസ്ഥാന സർക്കാരുകളുടെ ഇരട്ട താപ്പുകൾ മനസ്സിലാകും. നിലവിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയെ കൂടുതൽ ഉപയോഗപെടുത്തുവാൻ ആവശ്യമായ സമ്മർദ്ദം പോലും ചെലുത്തുവാൻ താൽപ്പര്യം കാണിക്കാത്തവർ പുതിയ ഒരു വിമാനകന്പനിയെ പറ്റിയുള്ള ചർച്ചയിൽ ആണെന്നത് ഒരു തമാശയായി മാത്രമെ നമുക്ക് കേട്ടിരിക്കുവാൻ കഴിയൂ.
കേരളത്തെപോലും പിന്നിലാക്കുന്ന തരത്തിൽ സംഘടനകളുടെ ബാഹുല്യം കൂടുതലാണെങ്കിലും അവയുടെ സാമൂഹിക പ്രശ്നങ്ങളോടുള്ള മുഖം തിരിക്കലിന് കാരണം വളരെ വ്യക്തമാണ്. സാധാരണ സംഘടനകൾ മുതൽ സർക്കാർ സംവിധാനങ്ങളിൽ വരെ നേതൃത്വത്തിൽ ഇരിക്കുന്നവർ വൻകിട കച്ചവടക്കാരും മറ്റു പണച്ചാക്കുകളുമാണ്.ഇത്തരം ഒരു പ്രവണത നാട്ടിൽ അത്ര പരിചിതമല്ല എന്നിരിക്കെ പ്രവാസികളുടെ സമ്മേളനങ്ങൾ, അവരുടെ പേരിലുള്ള അംഗീകാരങ്ങൾ, പ്രവാസിക്ക് സർക്കാർ നൽകുന്ന കിഴിവുകൾ ഒക്കെ തട്ടി എടുക്കുവാൻ വരേണ്യ വർഗ്ഗം മുന്നിൽ നിൽക്കുന്നു. ഇന്ത്യൻ പൊതുമുതൽ തട്ടിയെടുക്കുവാനും പ്രകൃതി നിയമങ്ങളെ കാറ്റിൽ പരത്തുവാനും ചിലർ മടികാണിച്ചിട്ടില്ല. ഏറെ വേദനാജനകമായ അവസ്ഥ നമ്മുടെ രഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരക്കാരുമായി പുലർത്തിവരുന്ന ചങ്ങാത്തങ്ങളാണ്.
പ്രവാസികളുടെ തൊഴിൽ രംഗത്തെ ഇന്നത്തെ പ്രതിസന്ധി വരും നാളുകളിലും മൂർച്ചിക്കുവാനുള്ള സാധ്യതയാണുള്ളത്. അതിനുള്ള പരിഹാരം കണ്ടെത്തുവാൻ സർക്കാരുകൾക്ക് ഉത്തമ ബാധ്യതയുണ്ട്. അതിനു പകരം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മാത്രം വാർത്തകൾ സൃഷ്ടിക്കുവാൻ നടത്തുന്ന പൊടികൈകൾക്ക് പകരം കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ഭാവനസന്പന്നമായ പദ്ധതികൾ നടപ്പിൽ വരുത്തുവാൻ തയ്യാറാകുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.