മനസ്സാകെ നനച്ച് വീണ്ടുമൊരു കർക്കടകം...
ലത സി.എൻ
ഇന്നലെ കർക്കടകവാവായിരുന്നു. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹൈന്ദവ വിശ്വാസികൾ ആചരിക്കുന്നത്. മണ്മറഞ്ഞു പോയ പിതൃക്കളെ പ്രീതിപ്പെടുത്തുന്നതിനായി ഈ ദിവസം നിരവധിപേർ പിതൃബലിയും തർപ്പണവും നടത്തുന്നു. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലിയ്ക്ക് ഇത്രയേറെ പ്രാധാന്യം നൽകി വരുന്നത്. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സ്മരിച്ച് ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. സാധാരണയായി ക്ഷേത്രക്കടവുകളിലും മറ്റും തർപ്പണത്തിനുള്ള സൗകര്യമൊരുക്കാറുണ്ട്. ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുന്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.
മലയാളികളെ സംബന്ധിച്ച് കർക്കടകവാവിന് പുറമെ ഏറെ പ്രത്യേകതകൾ നിറഞ്ഞ മാസമാണ് മലയാള മാസങ്ങളിൽ അവസാനമെത്തുന്ന കർക്കടകം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്നതിനാലാണ് മാസത്തിന് ഇങ്ങനെ ഒരു പേര് വന്നത്.
ഐതിഹ്യമനുസരിച്ച് ത്രേതായുഗത്തിലെ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജനനം ഈ മാസത്തിലാണ്. അതിനാൽ ‘രാമായണമാസം’ എന്നും പൊതുവെ അറിയപ്പെടാറുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് രാമായണമാസം ആചരിക്കുന്നത്. ഈ കാലയളവിൽശ്രീരാമന്റെ ചരിതമായ രാമായണം വായന മിക്ക വീടുകളിലും ക്ഷേത്രങ്ങളിലും നടന്നു വരാറുണ്ട്. ശ്രീരാമാവതാരത്തിന്റെ പൊരുളും, സന്ദേശവും വരും തലമുറയ്ക്ക് കൂടി പകർന്നു നൽകുക എന്ന ലകഷ്യവും ഇതിനു പുറകിലുണ്ട്.
രാമായണമാസത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ‘നാലന്പല ദർശനം’. ഹിന്ദു പുരാണവും, ശ്രീരാമാനുമായി ബന്ധപ്പെട്ട് തന്നെയാണ് ഇത്തരം ഒരു ആചാരവും ഉടലെടുത്തിരിക്കുന്നത്. അയോദ്ധ്യാ രാജാവായിരുന്ന ദശരഥന് തന്റെ മൂന്നു ഭാര്യമാര്യമാരിലുമായി നാല് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ മുതിർന്നയാൾ ശ്രീരാമനായിരുന്നു. ലക്ഷമണൻ, ഭരതൻ, ശത്രുഘ്‌നൻ തുടങ്ങിയവരായിരുന്നു മറ്റു മക്കൾ. ഈ നാല് സഹോദരങ്ങളുടെയും ആത്മബന്ധവും രാമായണത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളായ ഇവർ നാല് പേർക്കും കേരളത്തിൽ ക്ഷേത്രങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൃപ്രയാർ, കൂടൽ മാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ നാല് ക്ഷേത്രങ്ങളാണ് ഇതിൽ പ്രാമുഖ്യമുള്ളത്. ഇത് കൂടാതെ കേരളത്തിലെ മറ്റു പല ഭാഗങ്ങളിലും ഇത്തരത്തിൽ നാലന്പല ക്ഷേത്രങ്ങളുണ്ട്. രാമായണ മാസത്തിൽ ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തി മടങ്ങുന്നത് പുണ്യമാണെന്നാണ് ഹൈന്ദവ വിശ്വാസം.
രാമനാമം ഏറ്റവും കൂടുതൽ ശ്രവിക്കുന്ന മാസമായതിനാൽ മനഃസുഖവും ശാന്തിയും ലഭിക്കുമെങ്കിലും ദേഹസുഖം പൊതുവെ കുറഞ്ഞ മാസമായിരിക്കും ഇത്. അതിനു കാരണവുമുണ്ട്. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. മഴക്കാല രോഗങ്ങൾ പെരുകുകയും, മഴയും തണുപ്പും മൂലം മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്യും എന്നതിനാൽ ആരോഗ്യപരമായി കർക്കടകം അത്ര നല്ല മാസമല്ല. എന്നാൽ എന്തിനും നമ്മുടെ പൂർവ്വികർക്ക് പ്രതിവിധികളുണ്ടെന്നത് പോലെ കർക്കടകത്തിലെ അസുഖങ്ങളെ തരണം പലവഴികളും അവർ തന്നെ കണ്ടെത്തിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിന്റെ പ്രാധാന്യം പൊതു ജനാരോഗ്യവുമായി ഇത്രയും ബന്ധമുണ്ടെന്ന് പണ്ടുള്ളവർ മനസ്സിലാക്കിയിരുന്നു. അതിനാൽ മാലിന്യ നിർമ്മാർജനത്തിന് പ്രാമുഖ്യം നൽകിയാണ് കർക്കടകത്തെ സ്വാഗതം ചെയ്തിരുന്നത്.
അതുപോലെ തന്നെ കർക്കടക ചികിത്സയും ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. ഈ കാലത്ത് ശരിയായ ചികിത്സയിലൂടെയും, വിശ്രമങ്ങത്തിലൂടെയും മാനസികവും ശാരീരികവുമായ പുത്തൻ ഉണർവ്വ് പ്രധാനം ചെയ്യാൻ കർക്കടക ചികിത്സയ്ക്ക് കഴിയുന്നു. കഠിനമായ വേനലിൽ പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചവർക്ക് ആശ്വാസമേകുന്ന കർക്കടക ചികിത്സ ഭാരതത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവ്വേദത്തിൽ അധിഷ്ടിതമാണ്. ശരീരത്തിന് താങ്ങായിരിക്കുന്ന അർത്‍ഥ, കാമ, മോക്ഷങ്ങളായ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുനക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കർക്കടക ചികിത്സയിലുള്ളത്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുകയുളളുവെന്നു വ്യക്തമാക്കുന്ന ‘അഷ്ടാംഗഹൃദയം’ അനുസരിച്ചാണ് കർക്കടകചികിത്സ നടത്തുന്നത്. പഞ്ചകർമ്മ ചികിത്സയാണ് കർക്കടകത്തിൽ നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട ആയുർവേദ ചികിത്സാ രീതി. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകളാണ് പഞ്ചകർമ്മങ്ങൾ. കൃത്യമായ പഥ്യത്തിനോടുകൂടി ഒരാഴ്ചത്തെ സമയം പഞ്ചകർമ്മ ചികിത്സയ്ക്ക് ആവശ്യമായി വരും. ഇത് കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയവയും കർക്കടക ചികിത്സയിലുണ്ട്. വിദേശികൾ പോലും ഈ സമയത്ത് മനസ്സിനും ശരീരത്തിനും ഉണർവേകുന്ന കർക്കടക ചികിത്സയ്ക്കായി കേരളത്തിലെത്താറുണ്ട്. ഇന്ന് പല ആയുർവ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ പ്രത്യേക സുഖചികത്സ ഒരുക്കുന്നുണ്ട്. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഒരു പ്രധാന വരുമാന മാർഗ്ഗം കൂടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ കർക്കടക ചികിത്സ. അറബ് നാടുകളിൽ നിന്നുൾപ്പെടെ നിരവധി വിദേശികളാണ് ഈ നേരത്ത് കർക്കടക ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്.
കർക്കടക ചികിത്സയോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്ന കർക്കടക ഔഷധസേവകൾ. ശുദ്ധീകരണത്തിന്റെ കാലഘട്ടമായ കർക്കടക മാസത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുതകുന്ന’ കർക്കടക കഞ്ഞി’ അഥവാ ‘മരുന്നുകഞ്ഞി’ സേവിക്കുന്നത് ഒരു വർഷം ഫലം ചെയ്യുമെന്നാണ് ആയുർവ്വേദം പറയുന്നത്. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ ഒരു പരിധി വരെ നീക്കം ചെയ്യാനും കർക്കടക കഞ്ഞി ഫലപ്രദമാണ്. കർക്കടക കഞ്ഞിയും, കർക്കിടകപ്പുഴുക്കുമെല്ലാം നിഷ്ഠയോടെ പൂർണ്ണമായ വിശ്രമത്തിന്റെ പരിവേഷത്തോടെ ഉപയോഗിക്കണമെന്ന് ആയുർവ്വേദം അനുശാസിക്കുന്നുണ്ട്. കർക്കടക കഞ്ഞി കഴിക്കുന്പോൾ കഴിവതും മാംസഭക്ഷണം ഒഴിവാക്കണം. ഏഴ് ദിവസം അല്ലെങ്കിൽ 14 ദിവസം, 21 ദിവസം, 28 ദിവസം എന്നിങ്ങനെ കർക്കടക കഞ്ഞി സേവിക്കണമെന്നതാണ് നിഷ്ഠ. ചില പച്ച മരുന്നുകൾ വേവിച്ച ഉണക്കലരിയിൽ ചേർത്ത് തയ്യാറാക്കുന്ന കർക്കടക കഞ്ഞി പഥ്യമൊന്നുമില്ലാതെയും ഉപയോഗിക്കാവുന്നതാണ്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുർവ്വേദ ചെടികളാണ് കർക്കിടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കാറുള്ളത്. കാലം മാറിയതോടെ ‘റെഡി ടു മിക്സ്’ ആയും കർക്കടക കഞ്ഞി കിറ്റുകളും, മരുന്ന് കഞ്ഞി കൂട്ടും മാർക്കറ്റുകളിൽ ലഭ്യമാണ്. ഇത് പക്ഷെ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്തും വിറ്റ് പണമാക്കാനുള്ള വ്യഗ്രതയിൽ നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും, ആയുർവ്വേദവും കച്ചവട ചരക്കാക്കുന്നവരുമുണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് കാര്യമായ ദോഷങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിലും, കർക്കടക കഞ്ഞിയിൽ നിന്ന് ലഭിക്കേണ്ടതൊന്നും ലഭിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏറ്റവും നല്ലത് മരുന്ന് കഞ്ഞി വീട്ടിൽ തന്നെ പാകം ചെയ്യുന്നതാണെന്നും ഇവർ നിർദ്ദേശിക്കുന്നു.
ഇവയെല്ലാം കഴിക്കേണ്ടവയാണെങ്കിൽ, കർക്കടകത്തിൽ ഒഴിവാക്കേണ്ട ഭക്ഷണപദാർത്ഥങ്ങളുമുണ്ട്. അതിൽ മുൻപന്തിയിലാണ് വൈറ്റമിൻ എ, സി, ഇരുന്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമായ മുരിങ്ങയില. കേരളത്തിൽ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഇലയ്ക്കുള്ള ഗുണഗണങ്ങൾ നിരവധിയാണെന്ന് പലരും കേട്ടു കാണും. മുരിങ്ങയില സ്ഥിരമായി ഉപയോഗിച്ചാൽ ബുദ്ധിശക്തി വർദ്‍ധിക്കുകയും, ഇതിന്റെ നീര് രക്തസമ്മർദ്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുകായും ചെയ്യും. ഒരു കപ്പ് മുരിങ്ങയില സൂപ്പിൽ എൺപതുകപ്പ് പാലിനും 16 കിലോ ആട്ടിറച്ചിക്കും തുല്യമായ വൈറ്റമിൻ എയും, 20 മാന്പഴത്തിനും രണ്ടര കിലോ മുന്തിരിങ്ങയ്ക്കും ആറ് ഓറഞ്ചിനും തുല്യമായ വൈറ്റമിൻ സിയും അടങ്ങിയിരിക്കുന്നു. ഇതു കൂടാതെ ഇരുപതു കോഴിമുട്ടയ്ക്കു തുല്യമായ കാൽസ്യവും 100ഗ്രാം മാട്ടിറച്ചിക്കും 100 ഗ്രാം കോഴിയിറച്ചിക്കും 120ഗ്രാം മത്്‍സ്യത്തിനും രണ്ടര കപ്പ് പാലിനും രണ്ടു മുട്ടയ്ക്കും തുല്യമായ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത്രയുമൊക്കെ മേന്മയുള്ള മുരിങ്ങയിലയ്ക്ക് കർക്കിടകത്തിൽ മാത്രം നിരോധനമേർപ്പെടുത്താനും കാരണമുണ്ട്. പണ്ടുകാലം മുതൽക്ക് മുരിങ്ങ സാധാരണയായി കിണറിനടുത്തായാണ് നട്ടുപിടിപ്പിക്കാറുള്ളത്. കിണറിൽ നിന്നും വിഷവസ്തുക്കളെ വലിച്ചെടുക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്. ഇങ്ങനെ വലിച്ചെടുക്കുന്ന വിഷവസ്തുക്കൾ കലർന്ന ജലം അതിന്റെ തണ്ടിലാണ് മുരിങ്ങ സംഭരിക്കുന്നത്. കർക്കടകത്തിലാണ് ഈ വിഷമയമായ ജലത്തെ മുരിങ്ങ അതിന്റെ ഇലകളിലൂടെ പുറന്തള്ളുന്നത്. അതിനാൽ തന്നെ ഈ സമയത്ത് മുരിങ്ങയില വിഷമയമായിരിക്കും. ഈ കാരണം കൊണ്ടാണ് മുരിങ്ങയില കർക്കടകത്തിൽ ഒഴിവാക്കണമെന്ന് പൂർവ്വികർ നിർദ്ദേശിക്കുന്നത്.
മനുഷ്യർക്ക് മാത്രമല്ല, ഗജവീരന്മാരെ ഉന്മേഷവാന്മാരാക്കുവാനും കർക്കടക ചികിത്സ നടത്താറുണ്ട്. ഈ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ നടത്തി വരുന്ന ആനയൂട്ട് ഇതിന്റെ ഭാഗമായിട്ടാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും, പട്ടാന്പി ഞങ്ങട്ടിരി ഭഗവതി ക്ഷേത്രത്തിലും വർഷം തോറും നടത്തി വരുന്ന ആനയൂട്ട് പ്രശസ്തമാണ്. ചോറ്, ശർക്കര, മഞ്ഞൾപ്പൊടി, നെയ്യ് എന്നിവ ചേർത്ത് ഉരുട്ടി നിരന്നു നിൽക്കുന്ന ഗജവീരന്മാരെ ഊട്ടുന്നതും ഒരു പുണ്യമായാണ് പലരും കണക്കാക്കുന്നത്. ഇതിനു പുറമെ ഔഷധക്കൂട്ടുകളും ആനകൾക്ക് നൽകാറുണ്ട്.
കർക്കടകത്തിലെ മറ്റൊരു കാഴ്ചയാണ് ‘ആടിവേടൻ’. ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ കണ്ടു വരുന്ന തെയ്യങ്ങൾ ആണ് ആടിയും വേടനും. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആയിരിക്കും. അതു പോലെഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുകയാണ് ചെയ്യുക. കർക്കടക സംക്രമം മുതൽ ആടി വേടന്മാർ ആരംഭിക്കും. ആടി എന്ന പാർവ്വതി വേഷം കെട്ടുന്നത് വണ്ണാൻ സമുദായത്തിലെ കുട്ടികളും വേടൻ എന്ന ശിവവേഷം കെട്ടുന്നത് മലയൻ സമുദായത്തിലെ കുട്ടികളുമാണ്. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായംപൂശി തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകന്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.
തമിഴ് നാട്ടിൽ ‘ആടി മാസം’ എന്ന പേരിൽ ആഘോഷമാക്കുന്ന കർക്കടകത്തെ കേരളത്തിൽ ‘പഞ്ഞമാസം’ എന്നാണ് വിശേഷിപ്പിക്കുന്നത്. മഴയുടെ വരവു കാരണം കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാലാണ് ഇത്തരമൊരു വിശേഷണം കർക്കടകത്തിന് ലഭിച്ചത്. സമയത്ത് അധിക ചെലവുകളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കി ആരോഗ്യ പരിപാലനത്തിലും, ഭക്തിയിലും മാത്രം ശ്രദ്ധ ചെലുത്തുന്ന ദിനങ്ങളാണ് മലയാളക്കരയ്ക്ക് കർക്കടകം. എന്നിരുന്നാലും ഈ ദിനങ്ങളും മലയാളിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതാണ്. ഇതിന്റെ തുടർച്ചയായി വന്നെത്തുന്ന പുതുവർഷത്തിന്റെയും, നല്ലകാലത്തിന്റെയും പ്രതീക്ഷയിൽ ഓരോ മലയാളിയും പ്രതീക്ഷയർപ്പിക്കുകയാണ്. വരാനിരിക്കുന്ന ചിങ്ങ മാസത്തിലെ ഓണപ്പൂവിളികൾക്കും, ആർപ്പു വിളികൾക്കും കാതോർത്ത് നമുക്ക് കാത്തിരിക്കാം..