രാ­മകഥാ­മൃ­തം (ഭാ­ഗം 18)


എ. ശിവപ്രസാദ്


ഏറെനേരം കഴിഞ്ഞപ്പോൾ ശിംശപാ വൃക്ഷച്ചുവട്ടിൽ സീതയ്ക്ക് ചുറ്റുമിരിയ്ക്കുന്ന രാക്ഷസികൾ എല്ലാവരും തിരിച്ചുപോയി. ഈ തക്കം നോക്കി ഹനുമാൻ ശ്രീരാമചരിതം പാടാൻ തുടങ്ങി. ഇതു കേട്ട സീതാദേവിയ്ക്ക് അത്ഭുതമായി. രാവണന്റെ ലങ്കയിലിരുന്ന് ശ്രീരാമചരിത്രം മനോഹരമായി പാടുന്നത് ആരാണ്? അതോ രാക്ഷസന്മാരുടെ മായയോ! ശ്രീരാമചരിതങ്ങൾ പാടുന്നത് ആരായിരുന്നാലും എനിക്ക് കാണുമാറാകണേ എന്ന് സീത പറഞ്ഞു. ഇതുകേട്ട ഹനുമാൻ വൃക്ഷത്തിൽ നിന്ന് താഴെയിറങ്ങി കൈകൂപ്പി നിന്നു. രാക്ഷസന്മാർ വേഷപ്രച്ഛന്നരായി വന്നതായിരിക്കുമെന്ന് സീത ഭയന്നു. ഇതുകണ്ട ഹനുമാൻ ശ്രീരാമൻ കൊടുത്തയച്ച അംഗുലീയം സീതയെ കാണിച്ചു. അതോടെ സീതയ്ക്ക് വിശ്വാസമായി. ഹനുമാൻ എല്ലാ കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞു. വേണമെങ്കിൽ സീതാദേവിയെ തന്റെ ചുമലിലേറ്റി ലങ്കയിൽ നിന്ന് രക്ഷിക്കാം എന്ന് ഹനുമാൻ പറഞ്ഞു. എന്നാൽ ശ്രീരാമദേവൻ ഇവിടെയെത്തി രാവണ നിഗ്രഹം നടത്തിയതിന് ശേഷമേ തിരിച്ചു പോകൂ എന്ന് സീത ഹനുമാനോട് പറഞ്ഞു.

ശ്രീരാമദേവന് നൽകാനായി സീത നൽകിയ ചൂഢാരത്നവുമായി ഹനുമാൻ നേരെ പോയത് രാവണന്റെ അതി മനോഹരമായ പൂങ്കാവനമായ അശോകവനിയിലേയ്ക്കാണ്. അശോകവനിയിലെത്തിയ ഹനുമാൻ അവിടെ കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. ഫലവൃക്ഷങ്ങളും പൂക്കൾ നിറഞ്ഞ ചെടികളും ചവിട്ടി മെതിച്ചു. കുളങ്ങൾ കലക്കി മറിച്ചു. ഉദ്യാനത്തിന് അഴകേകിയിരുന്നു ചെറുകുന്നുകൾ ചവിട്ടിയിടിച്ചു. പക്ഷികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അങ്ങിങ്ങായി പറന്നു നടന്നു. അശോകവനി ആകമാനം താറുമാറായി. രാക്ഷസഭടന്മാർ ഈ വിവരം രാവണന്റെ ചെവിയിലെത്തിച്ചു.

ഉദ്യാനത്തിലെ അവസ്ഥയറിഞ്ഞ രാവണൻ രോഷാകുലനായി ഉടൻ തന്നെ ശക്തരായ കുറച്ച് രാക്ഷസസൈന്യത്തെ ഹനുമാനെ കീഴടക്കാനായി അയച്ചു. തന്നോടേറ്റു മുട്ടിയ രാക്ഷസവീരരെ നിമിഷാർദ്ധം കൊണ്ട് ഹനുമാൻ കാലപുരിക്കയച്ചു. അതിനുശേഷം വന്ന നിരവധി രാക്ഷസന്മാ‍ർ ഹനുമാന്റെ അക്രമത്തിൽ വധിക്കപ്പെട്ടു. ഇതറിഞ്ഞ് രാവണന്റെ മന്ത്രിയായിരുന്ന പ്രഹസ്തന്റെ പുത്രൻ ജംബുമാലി ഹനുമാനോട് യുദ്ധത്തിനെത്തി. എന്നാൽ ഹനുമാൻ എറിഞ്ഞ ഒരു വലിയ തൂൺ ജംബുമാലിയുടെ ജീവനെടുത്തു. ഇതറിഞ്ഞ രാവണൻ തന്റെ ഇളയ പുത്രനായ അക്ഷകുമാരനെ ഒരു വൻസൈന്യത്തോടൊപ്പം യുദ്ധത്തിനയച്ചു. ഹനുമാന്റെ മുന്നിലെത്തിയ അക്ഷകുമാരൻ അതികഠിനമായ ആയുധങ്ങളോടെ ഹനുമാനെ നേരിട്ടു. ഹനുമാനും അക്ഷകുമാരനും തമ്മിൽ ഘോരമായ യുദ്ധം നടന്നു. ഒടുവിൽ ഹനുമാന്റെ അതിശക്തമായ ഒരു ഹസ്ത താഡനമേറ്റ് അക്ഷകുമാരൻ മരിച്ചു വീണു.

അക്ഷകുമാരന്റെ മരണം രാവണനെ ദുഃഖത്തിലാഴ്ത്തി. ഇനി ഹനുമാനോട് താൻ നേരിട്ട് യുദ്ധത്തിനു പോകുകയാണെന്ന് രാവണൻ പ്രഖ്യാപിച്ചു. ഇത് കണ്ട രാവണന്റെ മൂത്ത പുത്രനായ ഇന്ദ്രജിത്ത് രാവണനെ തടഞ്ഞു. ഹനുമാനെ താൻ യുദ്ധത്തിൽ തോൽപിച്ച് പിടിച്ചു കെട്ടിക്കൊണ്ടുവരുമെന്ന് ഇന്ദ്രജിത്ത് പ്രതിജ്ഞ ചെയ്തു. അച്ഛനായ രാവണന്റെ അനുഗ്രഹം വാങ്ങിയ ഇന്ദ്രജിത്ത് ഹനുമാനെ നേരിടാനായി ഇറങ്ങിത്തിരിച്ചു. പിന്നീടങ്ങോട്ട്  ഘോരമായ യുദ്ധമായിരുന്നു. ഇന്ദ്രജിത്ത് പ്രയോഗിക്കുന്ന അസ്ത്രങ്ങൾ ഹനുമാൻ മരങ്ങളും മറ്റ് പാറക്കൂട്ടങ്ങളും കൊണ്ട് പ്രതിരോധിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ ഇന്ദ്രജിത്ത് ഹനുമാന് നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രത്തിന്റെ ശക്തിയാൽ മോഹാലസ്യപ്പെട്ട് വീണ ഹനുമാനെ രാക്ഷസർ ബന്ധിച്ച് രാവണ സഭയിലെത്തിച്ചു.

രാവണസഭയിലെത്തിയ ഹനുമാൻ താൻ ശ്രീരാമന്റെ ദൂതനാണെന്നും സീതാന്വേഷണാദ്യോഗത്തിന്റെ ഭാഗമായി എത്തിയതാണെന്നും അറിയിച്ചു. ക്രൂദ്ധനായ രാവണൻ ഹനുമാനെ കൊല്ലാൻ ആജ്ഞാപിച്ചു. എന്നാൽ ദൂതന്മാരെ കൊല്ലുന്നത് രാജധർമ്മമല്ലെന്ന് വിഭിഷണൻ പറഞ്ഞു. അതോടോ വധത്തിൽ നിന്ന് രാവണൻ പിന്മാറി.

 

You might also like

Most Viewed