രാമകഥാമൃതം (ഭാഗം 17)


എ. ശിവപ്രസാദ്

ലങ്കാനഗരത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് ലങ്കാനഗരത്തിന്റെ കാവൽക്കാരിയായ ലങ്കാലക്ഷ്മി ഹനുമാനെ തടഞ്ഞു. തുടർന്ന് നടന്ന യുദ്ധത്തിൽ ഹനുമാന്റെ പ്രഹരമേറ്റ് ലങ്കാലക്ഷ്മി മൃത്യു വരിച്ചു. ലങ്കാ നഗരത്തിൽ പ്രവേശിച്ച ഹനുമാൻ സീതാദേവിയെ എല്ലായിടത്തും അന്വേഷിച്ചു. പക്ഷെ കണ്ടെത്താനായില്ല. ഒടുവിൽ തന്റെ പിതാവായ വായുഭഗവാനെ മനസിൽ ധ്യാനിച്ചു. ഉട‍ൻ തന്നെ പ്രത്യക്ഷപ്പെട്ട വായുദേവൻ അശോക വനിയിൽ ശിംശപാ വൃക്ഷച്ചുവട്ടിൽ രാക്ഷസിമാരാൽ ചുറ്റപ്പെട്ട് കരഞ്ഞ് ഭയചകിതയായി ഇരിക്കുന്ന സീതാദേവിയെ ഹനുമാന് കാണിച്ചു കൊടുത്തു. 

ഈ സമയത്ത് അകലെ നിന്നും ആർപ്പുവിളികളും വാദ്യഘോഷങ്ങളും കേട്ടു. സീതാദേവിയുടെ അടുത്തേക്കുള്ള ലങ്കാധിപതി രാവണന്റെ വരവായിരുന്നു അത്. സീത ഇരിയ്ക്കുന്ന ശിംശപ വൃക്ഷച്ചുവട്ടിലേക്ക് രാവണൻ വളരെ ഔത്സുക്യത്തോടെയാണ് നടന്നുവന്നത്. ഭയം കൊണ്ടും സംഭ്രമം കൊണ്ടും സീതാദേവി വിറപൂണ്ടു. രാവണന്റെ തൃഷ്ണയാർന്ന നോട്ടം സീതാദേവിയെ കൂടുതൽ ഭയപ്പെടുത്തി. അപ്പോൾ രാവണൻ സീതാദേവിയോടു പറഞ്ഞു. “ഭവതിയുടെ സൗന്ദര്യം എന്നെ ഏറെ ആകർഷിച്ചു. എനിക്ക് ഭവതിയോട് നിസ്സീമമായ പ്രേമം തോന്നുന്നു. എന്റെ ഈ സ്നേഹത്തെ ആദരിക്കൂ! എന്നെ സ്വീകരിക്കൂ! എന്നെ ഭയപ്പെടുകയേ വേണ്ട. എൻ്റെ ഈ പ്രവർത്തി അധാർമ്മികമല്ല. കാരണം അന്യന്റെ ഭാര്യയെ അപഹരിച്ച് സ്വന്തമാക്കുക എന്നത് രാക്ഷസ ധർമ്മമാണ്. കേവലം മനുഷ്യനായ ശ്രീരാമനേക്കാൾ എത്രയോ ശക്തനും സന്പന്നനുമാണ് ഞാൻ. മരവുരിയിലും മാൻതോലുമുടുത്ത് കാട്ടിൽ അലഞ്ഞു തിരിയുന്ന രാമനേക്കാൾ എത്രയോ ഭേദമാണ് രാക്ഷസരാജാവായ ഞാൻ. എന്റെ സ്നേഹം സ്വീകരിക്കുകയാണെങ്കിൽ ലങ്കയിലെ രാജ്ഞിയായി സസുഖം ഇവിടെ വാഴാം.”

രാവണന്റെ വാക്കുകൾ കേട്ട സീതാദേവി ഉള്ളിലെ ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. എന്നിട്ട് രാവണനോട് പറഞ്ഞു. “അല്ലയോ രാക്ഷസ രാജാവേ, ഞാൻ അയോദ്ധ്യാപതി ദശരഥ മഹാരാജാവിന്റെ പുത്രൻ ശ്രീരാമന്റെ പത്നിയാണ്. പതിവ്രതയുമാണ്. ശ്രീരാമദേവനല്ലാതെ മറ്റൊരാളെയും ഭർത്താവായി എനിക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. അങ്ങയുടെ ശക്തിയോ സന്പത്തോ എന്നിൽ യാതൊരു മാറ്റവും ഉണ്ടാക്കുകയില്ല. അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് പാപമാണെന്ന് അങ്ങേയ്ക്കറിയില്ലേ? യാതൊരു ഭാവിചിന്തയും കൂടാതെ അങ്ങ് ആപത്ത് ക്ഷണിച്ചു വരുത്തരുത്. അങ്ങയുടെ ഈ ദുഷ്പ്രവർത്തിയുടെ ഫലം അങ്ങ് മാത്രമല്ല, ലങ്കാ രാജ്യവും അവിടുത്തെ മുഴുവൻ ്രപജകളും അനുഭവിക്കേണ്ടി വരും.”

സീതയുടെ ഈ വാക്കുകളൊന്നും രാവണനെ സ്പർശിച്ചതുപോലുമില്ല. രാവണൻ വീണ്ടും പറഞ്ഞു. “എന്റെ മനസിനെ കടിഞ്ഞാണിട്ടു പിടിക്കുന്നതും എന്റെ കോപം പൊട്ടിപ്പുറപ്പെടാതെ തടഞ്ഞു നിർത്തുന്നതും ഭവതിയോടുള്ള എന്റെ സ്നേഹം ഒന്നു കൊണ്ടുമാത്രമാണ്. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത ആ ശ്രീരാമനെ മറക്കാൻ വിസമ്മതിക്കുന്ന ഭവതിയെ ഞാൻ എപ്പോഴേ വധിച്ചേനെ. പക്ഷേ ഞാൻ അങ്ങിനെ പ്രവർത്തിക്കുകയില്ല കാരണം എനിക്ക് ഭവതിയെ സ്വന്തമാക്കണം.” സീതയോട് ഒരു വട്ടം കൂടി ആലോചിക്കാനാവശ്യപ്പെട്ട് രാവണൻ തന്റെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.

രാവണന്റെ പ്രത്യാഗമനത്തിനു ശേഷവും സീത അതീവദുഃഖിതനായി കരയാൻ തുടങ്ങി. സീതയുടെ ചുറ്റും കൂടിയിരുന്ന രാക്ഷസിമാർ പലവിധ പ്രയോഗങ്ങളിലൂടെയും സീതാദേവിയുടെ മനസ് മാറ്റാൻ ശ്രമം തുടങ്ങി. ഭീഷണിയുടെയും പരിഹാസത്തിന്റെയും സ്വരങ്ങൾ ആ രാക്ഷസിമാർ പ്രയോഗിക്കുന്നുണ്ടായിരുന്നു. ശിംശപാ വൃക്ഷത്തിനു മുകളിൽ കയറിക്കൂടിയ ഹനുമാൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഏതു വിധേനയെങ്കിലും സീതാദേവിയുടെ അടുത്തെത്തണമെന്നായിരുന്നു ഹനുമാന്റെ ചിന്ത.

 

You might also like

Most Viewed