പ്രഥമ വനിതാ പ്രയാണം
വി.ആർ.സത്യദേവ്
സ്വപ്നങ്ങൾ കാണാനാവുന്ന പെൺകുട്ടികളുടെയെല്ലാം വിജയമാണിത്. ഹിലരി ക്ലിന്റന്റെ വാക്കുകളാണിത്. അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു ഹിലരിയുടെ അതി മനോഹരമായ ഈ പ്രയോഗം. ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തിനും സ്വപ്നങ്ങൾക്കും അഗ്നിച്ചിറകുകൾ നൽകിയ ഡോക്ടർ എ.പി.ജെ അബ്ദുൾ കലാമിനെ അനുസ്മരിപ്പിക്കുന്ന വാക്കുകൾ. അത്തരം പ്രചോദനങ്ങളാണ്, പ്രത്യാശകളാണ് പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന് ഇന്നാവശ്യം. അത്തരം പ്രതീക്ഷകളാണ് ഹിലരി അമേരിക്കയ്ക്കു നൽകുന്നത്. അതുകൊണ്ടാണ് തങ്ങളുടെ രാജ്യത്തെ നയിക്കാൻ ഒരു സ്ത്രീ വന്നാൽ നന്നെന്ന് അഞ്ചിൽ നാല് അമേരിക്കക്കാരും ആശിക്കുന്നത്.
ഹിലരി റോഥാം ക്ലിന്റൺ. ലോക രാഷ്ട്രീയത്തിൽ വിശേഷണങ്ങളാവശ്യമില്ലാത്ത നാമം. അമേരിക്കയുടെ പ്രഥമ വനിത എന്ന നിലയിലും ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലും ആഗോള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുകയാണ് ഈ വനിതാ രത്നം. കുറ്റങ്ങളും കുറവുകളും ഒരുപാട് കണ്ടെത്താനാവും ഓരോ വ്യക്തിത്വങ്ങളിലും. അക്കാര്യത്തിൽ ഹിലരിയും വ്യത്യസ്ഥയാവില്ല. പ്രത്യേകിച്ച് ലോകത്തെ ഏറ്റവും അധികാരമുള്ള ഒരു പദവിയിലേയ്ക്കുള്ള കടുത്ത പോരാട്ടം നടക്കുന്പോൾ എതിരാളികൾ ഇല്ലാത്ത കുറ്റങ്ങൾ കൂടി എഴുന്നള്ളിക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണ് പ്രമാണം. എന്നാൽ ദശാബ്ദങ്ങൾ നീണ്ട പൊതു ജീവിതത്തിനിടെയുള്ള സംഭവങ്ങൾ ആകെ പരിശോധിച്ചാൽ അപൂർവ്വവും കരുത്തുറ്റതുമാണ് ഹിലരിയുടെ ജീവിതമെന്ന് സമ്മതിക്കേണ്ടി വരും.
സ്വതന്ത്ര ഭാരതത്തിന്റെ പ്രായമാണ് ഹിലരിക്കും. കൃത്യമായി പറഞ്ഞാൽ രണ്ടു മാസത്തെ ഇളപ്പം. 1947 ഒക്ടോബർ 26 ആണ് ജന്മദിനം. ഇല്ലിനോയ്സിലായിരുന്ന ബാല്യം. സാധാരണ സാഹചര്യങ്ങളിൽ പിറന്ന് അസാധാരണ കർമ്മ കുശലത കാട്ടിയ ഹിലരി ചെറുപ്പം മുതലേ നേതൃപരമായ കാര്യങ്ങളിൽ മികവു പ്രകടിപ്പിച്ചിരുന്നു. സ്കൂളിലും കോളജു കാലത്തുമൊക്കെ പാഠ്യേതര കാര്യങ്ങളിലും മുന്നിട്ടു നിന്നു. രാഷ്ട്രീയ പരമായി ഇന്നുള്ള തിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു ചെറുപ്പത്തിൽ അവരുടെ കാഴ്ചപ്പാടുകൾ. മറ്റു പലരെയും പോലെ അച്ഛന്റെയും ചരിത്രാധ്യാപകന്റെയും സ്വാധീനമായിരുന്നു അക്കാലത്ത് ആ പെൺകുട്ടിയുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചത്. അവരിരുവരും റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രതീക്ഷ അർപ്പിച്ചവരായിരുന്നു. സ്വാഭാവികമായും കൊച്ചു ഹിലരിയും റിപ്പബ്ലിക്കൻ പക്ഷത്ത് അണി ചേർന്നു. അവരുടെ പല പരിപാടികളിലും പതിവുകാരിയായ അവൾ വെല്ലസ്ലി കോളജിലെത്തിയതോടെ റിപ്പബ്ലിക്കൻ കക്ഷിയുടെ പ്രമുഖ നേതാക്കളിലൊരാളായി. വെല്ലസ്ലി യംഗ് റിപ്പബ്ലിക്കൻസ് സംഘടനയുടെ പ്രസിഡണ്ട് ഹിലരിയായിരുന്നു. അക്കാലത്ത് വെല്ലസ്ലി കോളജ് ഗവൺമെൻ്റ് അസോസിയേഷൻ പ്രസിഡണ്ടും മറ്റാരുമായിരുന്നില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഓട്ടേറെ പരിപാടികളിൽ ആ മിടുമിടുക്കി അക്കാലത്ത് പങ്കെടുത്തു. ആ കൊച്ചു രാഷ്ട്രീയക്കാരി ഒരിക്കൽ അമേരിക്കയുടെ പ്രസിഡണ്ടാവുമെന്ന് അന്ന് ഉറച്ചു വിശ്വസിച്ചവർ ഏറെയാണ്.
ആ സ്വപ്നം സാദ്ധ്യമാക്കാനുള്ള അവസാന പടിയിലാണ് ഹിലരി റോഥാം ക്ലിൻ്റൺ ഇപ്പോഴുള്ളത്. എന്നാലത് സാദ്ധ്യമാക്കുക എളുപ്പമല്ല. അഭിപ്രായ വോട്ടടുപ്പുകൾ നൽകുന്ന സൂചന അതാണ്. അഞ്ചിൽ ഒന്ന് അമേരിക്കക്കാരും ഒരു വനിത തങ്ങളുടെ പ്രസിഡണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ മത്സരം ഡൊണാൾഡ് ട്രംപും ഹിലരിയും തമ്മിലാവുന്പോൾ ഈ പിന്തുണയിൽ കാര്യമായ വ്യത്യാസമാണ് ഉണ്ടാവുന്നത്. ഇത് ഹിലരി പക്ഷത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. വികസനത്തിന്റെയും സന്പത്തിന്റെയും സൈനിക ശേഷിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാഷ്ട്രമായ അമേരിക്ക പക്ഷേ അധികാര സ്ഥാനങ്ങളിൽ ഒരു വനിതയെ കാണാൻ കാര്യമായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല.
സ്ത്രീ സമത്വത്തിന്റെ പേരിൽ സ്ലീലാസ്ലീലതകളുടെ അതിർ വരന്പുകൾ പൊളിച്ചെഴുതിയ അമേരിക്ക അധികാര സ്ഥാനത്തെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണ്. ഈ പട്ടികയിൽ ആഗോള തലത്തിൽ 96ാം സ്ഥാനത്താണ് അവർ ഇപ്പോഴുള്ളത്. 1776 ൽ സ്വാതന്ത്ര്യം നേടിയ അമേരിക്ക ആരു ഭരിക്കണമെന്ന് നൂറ്റാണ്ടിലേറെക്കാലം തീരുമാനിച്ചിരുന്നത് പുരുഷ കേസരികൾ മാത്രമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് അവിടെ സ്ത്രീകൾക്ക് വോട്ടവകാശം തന്നെ ലഭ്യമായത്. 1920 ൽ. അവിടുത്തെ വനിതകളെല്ലാം മൂടുപടത്തിനു പിന്നിൽ ഒതുങ്ങി നിന്നവരായിരുന്നു എന്ന് ഇതിനർത്ഥമില്ല. വോട്ടവകാശം കിട്ടുന്നതിന് പതിറ്റാണ്ടുകൾക്കു മുന്പേ പ്രസിഡണ്ടു തെരഞ്ഞെടുപ്പിന് ഒരു വനിത അങ്കം കുറിച്ച ചരിത്രമുണ്ട്. 1872ൽ വിക്ടോറിയ വുഡ്ഹള്ളായിരുന്നു ഈ സാഹസത്തിനു മുതിർന്നത്. തുടർന്നിങ്ങോട്ട് വനിതാ വിമോചന പ്രസ്ഥാനങ്ങളും സ്ത്രീ സമത്വവാദവുമൊക്കെ ഏറെ ശക്തമായിട്ടും ഈ ദിശയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
അമേരിക്കക്കു പുറത്താവട്ടെ കരുത്തരായ ഒട്ടേറെ വനിതകൾ പുതിയ ചരിത്രമെഴുതി. ലോകത്താദ്യമായി ഒരു രാഷ്ട്ര നായികയെ തെരഞ്ഞെടുത്ത് സിലോണാണ് ഇക്കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയായത്. 1960ലായിരുന്നു അത്. തുടർന്ന് മൂന്നു തവണകൂടി അവർ ഇന്നത്തെ ശ്രീലങ്കയെ നയിച്ചു. ഇന്ത്യയുടെ കരുത്തയായ പ്രധാന മന്ത്രി ആദ്യമായ രാഷ്ട്ര നായികയാകുന്നത് 1966 ലായിരുന്നു. ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായ ഭാരതം ആദ്യ വനിതാ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത് പതിമൂന്നു വർഷങ്ങൾക്കുശേഷമാണ് ബ്രിട്ടൺ മാർഗറ്റ് താച്ചറിലൂടെ ആദ്യ വനിതാ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഉരുക്കു വനിതയെന്നറിയപ്പെട്ട മാർഗററ്റ് താച്ചർ 1979ലാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. ഇതിനിടെ ഇസ്രായേലിന് ഗോൾഡാ മേയറിലൂടെ 1969ൽ ആദ്യ വനിതാ രാഷ്ട്ര നായികയെ ലഭിച്ചു. പ്രതിഭാ പാട്ടീലിലൂടെ ഇന്ത്യക്ക് 2007ൽ ആദ്യ വനിതാ പ്രസിഡണ്ടുമുണ്ടായി. തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനമായ സോണിയയും ഇന്ത്യയുടെ പ്രധാന മന്ത്രിസ്ഥാനത്ത് എത്താൻ സാധ്യത ശക്തമായിരുന്നു. സാങ്കേതിക കാര്യങ്ങളാൽ അതു സാധിച്ചില്ലെങ്കിലും ഇന്നും ആഗോളതലത്തിലെ പെൺകരുത്തിന്റെ പ്രതീകവും ഇക്കാര്യത്തിലെ ഇന്ത്യൻ സമീപനത്തിന്റെ തെളിവുമാണ് സോണിയ.
ശ്രീലങ്കയിൽ അമ്മയെ പിന്തുണർന്ന മകൾ ചന്ദ്രിക കുമാരതുംഗെ പ്രധാനമന്ത്രിയും പ്രസിഡണ്ടുമൊക്കെയായി. കനഡയിൽ കിം കാംപ്ബെലും പാകിസ്ഥാനിൽ ബെനാസിർ ഭൂട്ടോയും ബംഗ്ലദേശിൽ ഖാലിദ സിയയും ഷേഖ് ഹസീനയുമൊക്കെ രാജ്യ നായികമാരായി. ജർമ്മനി ആഞ്ചല മെർക്കലിന്റെ നായകത്വത്തിൽ അഭിമാനിക്കുന്നു. ബ്രെക്സിറ്റിന്റെ താളപ്പിഴകളിൽ നിന്നും നാടിനെ കരകയറ്റാൻ ബ്രിട്ടൺ വീണ്ടുമൊരു നായികയെ അവരോധിച്ചിരിക്കുന്നു. ഇതൊക്കെയായിട്ടും പലകാര്യത്തിലും ലോകത്തെ മുന്നിൽ നിന്നു നയിക്കുന്നവരെന്ന് അവകാശപ്പെടുന്ന അമേരിക്ക വനിതാ നേതൃത്വത്തിന്റെ കാര്യത്തിൽ വിമുഖത തുടരുകയാണ്.
വനിതാ പ്രസിഡണ്ടു പോയിട്ട് ഒരു വനിതാ വൈസ് പ്രസിഡണ്ടു പോലും ഇതുവരെ അമേരിക്കക്ക് ഉണ്ടായിട്ടില്ല. ആകെ ഉണ്ടായത് രണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളാണ്. ജെറാൾഡിനോ ഫെറാരോയും സാറാ പെയ്ലിനും. 1984 ലായിരുന്നു ജെറാൾഡിനോയുടെ സ്ഥാനാർത്ഥിത്വം. പെയ്ലിൻ 2008 ൽ സ്ഥാനാർത്ഥിയായി. രണ്ടു പേരും എട്ടു നിലയിൽ പൊട്ടി എന്നു ചരിത്രം. ഒരുപക്ഷേ രണ്ടാളുടെയും പ്രസിഡണ്ടു സ്ഥാനാർത്ഥികളുടെ പരാജയത്തെപ്പോലും ഇരുവരുടെയും സ്ഥാനാർത്ഥിത്വങ്ങൾ സഹായിച്ചു എന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാലിവരെക്കാളെല്ലാം മിടുക്കിയാണ് ഹിലരി റോഥാം ക്ലിന്റണെന്ന കാര്യത്തിൽ തർക്കമില്ല. പലകാര്യങ്ങളിലും പുരുഷന്മാരെക്കാൾ മിടുക്കിയാണ് അവരെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. വെല്ലസ്ലി കോളജിലെ മികവ് യേൽ സവ്വകലാശാലയിലും തുടർന്ന ഹിലരി പക്ഷ അപ്പോഴേയ്ക്കും സ്വന്തം രാഷ്ട്രീയ സ്വത്വവും കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്കൻ നിലപാടുകളോടുള്ള അഭിപ്രായ വ്യത്യാസം അവരെ സ്വാഭാവികമായും ഡെമോക്രാറ്റിക് പാളയത്തിലെത്തിച്ചു.
യേൽ കാലഘട്ടത്തിലാണ് വില്യം ജെഫേഴ്സൺ ക്ലിൻ്റണെന്ന ബിൽ ക്ലിന്റണിൽ അവർ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. പിന്നീടങ്ങോട്ട് ക്ലിന്റണെന്ന വ്യക്തിയുടെയും രാഷ്ട്രീയക്കാരന്റെയും ഭരണകർത്താവിന്റെയും കരുത്തും ചാലക ശക്തിയുമായത് ഹിലരിയാണ്. എന്നാൽ ആ വ്യക്തിത്വത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോകാതിരിക്കാനും അവർക്കു സാധിച്ചു. മഹത്തുക്കൾക്കു ചേരാത്ത രീതിയിൽ ബിൽ ക്ലിൻ്റന്റെ വ്യക്തി ജീവിതത്തിൽ ഗതിഭ്രംശങ്ങളുണ്ടായപ്പോൾ ഹിലരി കൈക്കൊണ്ട നിലപാടുകളും ശ്രദ്ധേയമായി. അതീവ ദുർബ്ബലമാണ് പൊതുവേ പാശ്ചാത്യ ലോകത്തെ ദാന്പത്യ ബന്ധങ്ങൾ. പരസ്ത്രീ ഗമനമടക്കമുള്ള കേട്ടാൽ ചൂളുന്ന ആരോപണങ്ങളുണ്ടായിട്ടും സ്വന്തം പുരുഷനോടൊപ്പം അന്നു പക്ഷെ ഹിലരി പാറ പോലെ ഉറച്ചു നിന്നു. അവരുടെ ജനപ്രീതി വർദ്ധിക്കാൻ ഇതും ഒരു കാരണമായി.
2008ൽ പ്രസിഡണ്ട് സ്ഥാനാർത്ഥിത്വത്തിനുള്ള പോരാട്ടത്തിൽ ഹിലരി അപൂർവ്വമായത് സാധിച്ചു എന്നു പ്രതീക്ഷയുയർന്നതാണ്. എന്നാൽ ഒരു സ്ത്രീയെക്കാൾ അന്നത്തെ അമേരിക്കക്കാവശ്യം കറുത്ത സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ ഒരു കറുത്ത നേതാവായിരുന്നു. ഇന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമ പ്രസിഡണ്ട് സ്ഥാനാർത്ഥിയും തുടർന്ന് പ്രസിഡണ്ടുമൊക്കെയായത് ആ തെരഞ്ഞെടുപ്പിലായിരുന്നു. ഒബാമ സർക്കാരിലെ േസ്റ്ററ്റ് സെക്രട്ടറി പദം ഹിലരിയുടെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു. അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയായിരുന്നു അവർ. ആ പദവിയിലും കാട്ടിയ മികവിനുകൂടിയുള്ള അംഗീകാരമാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം.
എന്നാൽ 2008 ലെപ്പോലെ എളുപ്പമല്ല ഇപ്പോഴത്തെ സാഹചര്യങ്ങളെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. അന്നത്തേതിൽ നിന്നും തുലോം വ്യത്യസ്ഥമാണ് ഇപ്പോഴത്തെ ലോകക്രമം. ഭീകരതയും സാന്പത്തിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമൊക്കെ പുതിയ തലങ്ങളിലെത്തിയിരിക്കുന്നു. ശരാശരി അമേരിക്കക്കാരന്റെ മനസ്സും താൽപ്പര്യങ്ങളും നിലപാടുകളും അതിവേഗം മാറുകയാണ്. അഭിപ്രായ വോട്ടടുപ്പുഫലങ്ങളിൽ വലിയ ദോളനമാണ് പ്രകടമാകുന്നത്. പ്രവചനങ്ങൾ അസാദ്ധ്യമാവുകയാണ്. തെരഞ്ഞെടുപ്പിലെ കറുത്തകുതിരയായ ഡൊണാൾഡ് ട്രംപിൽ പ്രതീക്ഷയർപ്പിക്കുന്നവരുടെ എണ്ണം പ്രതി ദിനം വർദ്ധിക്കുകയുമാണ്. അന്തിമ വിധി എന്തായാലും ഹിലരി റോഥാം ക്ലിന്റെണെന്ന കരുത്തുറ്റ വനിത അമേരിക്കൻ മണ്ണിൽ കുറിക്കുന്നത് പുതിയ ചരിത്രമാണ് എന്ന കാര്യത്തിൽ മാത്രം തർക്കമില്ല.