രാമകഥാമൃതം ( ഭാഗം 16)
എ. ശിവപ്രസാദ്
ഹനുമാൻ സമുദ്രലംഘനത്തിന് തയ്യാറെടുത്തു. കൈകൾ മുന്നോട്ടാഞ്ഞ് കഴുത്തുയർത്തിപ്പിടിച്ച് ശ്രീരാമദേവനെ മനസിൽ ധ്യാനിച്ച് ഹനുമാൻ സമുദ്രത്തിന് മുകളിലൂടെ ചാടി. സമുദ്രത്തിന് മുകളിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ സമുദ്രത്തിന് മുകളിലേയ്ക്ക് ഒരു പർവ്വതം ഉയർന്നു വന്നു. ഹിരണ്യാഭം എന്ന് കൂടി പേരുള്ള മൈനാക പർവ്വതമായിരുന്നു അത്. അൽപനേരം വിശ്രമിച്ചിട്ട് പോകാൻ മൈനാകം ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാൽ രാമകാര്യാർത്ഥമായിട്ടുള്ള യാത്രയാണെന്നും യാത്രാമദ്ധ്യേ വിശ്രമിക്കുക അസാധ്യമാണെന്നും ഹനുമാൻ അറിയിച്ചു.
സമുദ്രത്തിന് മുകളിലൂടെ യാത്ര ചെയ്ത ഹനുമാന്റെ മുന്നിൽ ഉഗ്രരൂപിണിയായ ഒരു സർപ്പം പ്രത്യക്ഷപ്പെട്ടു. ഭുജംഗ മാതാവായ സുരസയായിരുന്നു അത്. ഇതുവഴി പോകുന്നവരെ ഭക്ഷണമാക്കിയാണ് താൻ ജീവിക്കുന്നതെന്ന് സുരസ ഹനുമാനോടു പറഞ്ഞു. എന്നാൽ താൻ ശ്രീരാമദൂതനായി പോകുകയാണെന്നും ഇപ്പോൾ ഭക്ഷിക്കുക അസാധ്യമെന്നും ഹനുമാൻ സുരസയോട് പറഞ്ഞു. എന്നാൽ സുരസ ഹനുമാനെ ഭക്ഷിപ്പാനായി വായ പിളർന്നു. ഹനുമാൻ അതിനേക്കാൾ തന്റെ ശരീരം വലുതാക്കി. സുരസയുടെ വായ വലുതാകുന്തോറും ഹനുമാന്റെ വലിപ്പവും വർദ്ധിച്ചു. സുരസ തന്റെ വായ നൂറ് യോജനയാക്കി വളർത്തി. ഈ സമയം ഹനുമാൻ തന്റെ ശരീരം കടുകുമണിയുടെ വലുപ്പത്തിലാക്കി സുരസയുടെ വായിലൂടെ കടന്ന് നിമിഷനേരം കൊണ്ട് പുറത്തിറങ്ങി. ഇതോടെ സുരസക്ക് സന്തോഷമായി. സുരസയുടെ അനുഗ്രഹം വാങ്ങിയ ഹനുമാൻ വീണ്ടും യാത്ര തുടർന്നു.
ഹനുമാൻ ആകാശമാർഗ്ഗേ യാത്ര തുടർന്നു. ആ മാർഗ്ഗത്തിൽ സിംഹിക എന്ന് േപരായ ഒരു രാക്ഷസി വസിച്ചിരുന്നു. ആകാശമാർഗ്ഗേ പോകുന്ന ജീവികളുടെ നിഴൽ പിടിച്ചു നിർത്തി ജീവികളേയും പിടിച്ച് കൊന്ന് തിന്നുന്ന രാക്ഷസിയായിരുന്നു സിംഹിക. അവൾ ഹനുമാന്റെ നിഴലും പിടിച്ചു വലിച്ചു. ആ വലി ഹനുമാനും അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഹനുമാൻ ചുറ്റും നോക്കി. അപ്പോൾ സമുദ്രത്തിൽ നിന്നും പൊന്തിവന്ന സിംഹികയെ അദ്ദേഹം കണ്ടു. തന്റെ നേരെ വായ പിളർന്നെത്തിയ സിംഹികയുടെ വായിലൂടെ അകത്ത്് കടന്ന ഹനുമാൻ വളർന്നു വലുതായി. അതോടെ വയർ പിളർന്ന സിംഹിക അന്ത്യശ്വാസം വലിച്ചു.
ഹനുമാൻ ലങ്കാനഗരിയോടടുത്തു തുടങ്ങി. അങ്ങകലെ വൃക്ഷങ്ങളും കൊടുംകാടുകളും അദ്ദേഹത്തിന് ദൃഷ്ടിഗോചരമായി. ഭൂമി അടുത്തു എന്നതിന്റെ സൂചനയായിരുന്നു അത്. യാത്ര ഏതാണ്ട് അവസാനിക്കാറായി എന്ന് ഹനുമാന് തോന്നി. അതോടെ തന്റെ യഥാർത്ഥ രൂപം മാറ്റാൻ ഹനുമാൻ നിശ്ചയിച്ചു. ലങ്കയിൽ പ്രവേശിച്ച ഹനുമാൻ തന്റെ രൂപം കടുകുമണിക്ക് തുല്യമാക്കി. അദ്ദേഹം ലംബ എന്ന ഒരു കൊടുമുടിയിൽ കയറി ലങ്കാനഗരത്തെ ഒന്നു വീക്ഷിച്ചു. ‘ത്രികുടം’ എന്ന പേരിലറിയപ്പെടുന്ന ഒരു പർവ്വതത്തിന് മുകളിലായിരുന്നു ലങ്ക സ്ഥിതി ചെയ്തിരുന്നത്. നിറയെ മണിമാളികകളും സൗധങ്ങളും നിറഞ്ഞതായിരുന്നു ലങ്ക. എല്ലായിടത്തും കാവൽക്കാരുള്ള നഗരങ്ങൾ. നഗരങ്ങളെ സംരക്ഷിച്ചുകൊണ്ട് കിടങ്ങുകളോടു കൂടി കോട്ടകൾ. വെടിപ്പും വിസ്താരവുമുള്ള നഗരവീഥികൾ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഗോപുരങ്ങൾ നിറയെ കാണാമായിരുന്നു.
ഒരു വലിയ മതിലിനാൽ ചുറ്റപ്പെട്ടതായിരുന്നു ലങ്കാനഗരം. സൂക്ഷ്മശരീരം സ്വീകരിച്ചിരുന്ന ഹനുമാൻ ആരും കാണാതെ ലങ്കാനഗര കവാടത്തിലൂടെ ഉള്ളിൽ പ്രവേശിച്ചു. അപ്പോൾ പ്രവേശന കവാടത്തിൽ കാവൽ നിൽക്കുകയായിരുന്ന ലങ്കാ ലക്ഷ്മി ഹനുമാനെ കണ്ടു. തന്റെ അറിവോ സമ്മതമോ കൂടാതെ ഒരാൾക്കും ലങ്കാനഗരിയിൽ പ്രവേശിക്കുക സാധ്യമല്ലെന്ന് ലങ്കാലക്ഷ്മി പറഞ്ഞു. ഹനുമാൻ തന്റെ യഥാർത്ഥ രൂപം സ്വീകരിച്ച് ആഗമനോദ്ദേശ്യം അവളോട് പറഞ്ഞു. എന്നാൽ ഹനുമാനെ ലങ്കയിൽ പ്രവേശിക്കാൻ ലങ്കാലക്ഷ്മി അനുവദിച്ചില്ല.