ഭാരതാഞ്ജലി...
ഡി.പി
മലയാളസിനിമയ്ക്ക് മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ഭരതൻ ഓർമ്മയായിട്ട് ഇന്നേക്ക് 18വർഷം തികയുന്നു. വരകളുടെയും വർണ്ണങ്ങളുടെയും ലോകത്തുനിന്ന് സിനിമയോടടുത്ത ഭരതൻ കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സന്പന്നമാക്കി. സംവിധായകൻ--തിരക്കഥാകൃത്ത്, ചിത്രകാരൻ,− തുടങ്ങി, പ്രവർത്തിച്ച മേഖലകളിലെല്ലാം ഭരതൻ സ്പർശം പ്രകടമായിരുന്നു. കലാസംവിധായകനിൽനിന്ന്, സംവിധായകനായി വളർന്നപ്പോൾ, ദൃശൃഭാഷയ്ക്ക്, അദ്ദേഹം പുതിയ മാനം നൽകിയത് മലയാളസിനിമകളുടെ പരന്പരാഗതമായ കാഴ്ചപ്പാടുകളുടെ, പൊളിച്ചെളുത്തായി മാറി.
മനുഷൃജീവിതത്തിന്റെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ അവസ്ഥകളെയും, മാനസിക ഭാവങ്ങളെയും, സവിശേഷ ചാരുതയോടെ, അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് പകർത്തി. പ്രമേയത്തിൽ മാത്രമല്ല, ആവിഷ്ക്കാരത്തിലും, അവ വേറിട്ടു നിന്നു. പ്രയാണം മുതൽ ദേവരാഗം വരെ നമ്മൾ ഹൃദയത്തോടുചേർത്തുവെച്ച, എത്രയോ സിനിമകൾ.
വിടപറഞ്ഞിട്ട് 18 വർഷം പിന്നീടുന്പോഴും ഭരതൻ ചിത്രങ്ങൾക്കു പ്രസക്തി നഷ്‍ടപ്പെട്ടിട്ടില്ല. വർത്തമാനകാലത്തിൽ റീമേക്കുകളായി, പല ചിത്രങ്ങളും പുനർജനിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്താളുകളിൽ എന്നും പൊൻതൂവലുകൾ തുന്നിച്ചേർത്ത സംവിധായകനായിരുന്നു ഭരതൻ. നടന്നു പോയ വഴിത്താരകളിലൊക്കെ മലയാള സിനിമ ഏറ്റവും അധികം തിരഞ്ഞതും ഈ ഭരതൻ ടച്ച് തന്നെ. ഭരതൻ, പത്മരാജൻ, കെ.ജി ജോർജ്ജ്, മോഹൻ രണ്ടു പതിറ്റാണ്ടു മുന്‍പ് മലയാള സിനിമയുടെ ഹൃദയതാളം കൈയ്യടുക്കിവെച്ചത് ഈ കൂട്ടുകെട്ടായിരുന്നു. അതിന്റെ ഫലമായി മനസ്സിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങൾ ലഭിക്കാൻ മലയാള സിനിമയ്ക്ക് ഭാഗ്യമുണ്ടായി.
ഒരു കലാസംവിധായകന്റെ കുപ്പായമണിയാനാണ് ഭരതൻ ആദ്യം തീരുമാനിച്ചത്. പ്രശസ്ത സംവിധായകൻ വിൻസെന്റിനൊപ്പം സിനിമ രംഗത്തേയ്ക്ക് വലതുകാൽവെച്ച് അദ്ദേഹം നടന്നുകയറി. അമ്മാവനും സംവിധായകനുമായ പി.എൻ മേനോനാണ് കലാസംവിധാനത്തിലേയ്ക്ക് ഭരതനെ വഴിതിരിച്ചുവിടുന്നത്. മനസ്സിലെ വർണ്ണങ്ങളും വരകളും സിനിമയിലേയ്ക്ക് ആവാഹിക്കാൻ ഭരതനിലെ കലാകാരനു പെട്ടന്നു കഴിഞ്ഞു. 1975ലാണ് സംവിധായകന്റെ മേലങ്കി തനിക്കു യോജിക്കുമെന്ന് ഭരതൻ തെളിയിച്ചത്. പ്രയാണമായിരുന്നു ഭരതന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് നേടി ഭരതൻ മലയാള സിനിമയിൽ മാറ്റിവെയ്ക്കപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറി. രതിനിർവേദം, തകര, ചാമരം, നിദ്ര, കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം, അമരം, ചമയം, വൈശാലി എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിന്റെ അഹങ്കാരമായി മാറിയത് ഭരതനിലൂടെ പിറക്കാൻ ആ സിനിമൾക്ക് ഭാഗ്യമുണ്ടായത് കൊണ്ടാണ്. പക്ഷെ 1998ൽ പുറത്തിറങ്ങിയ ചുരമെന്ന മനോജ് കെ ജയൻ ചിത്രത്തിലൂടെ ‘ഭരതസിനിമ’ അവസാനിച്ചു.
മഴ, ഭരതൻ ചിത്രങ്ങളിൽ ഒരു നിറക്കാഴ്ചയായി എപ്പോഴും ഉണ്ടാകുമായിരുന്നു. വൈശാലി എന്ന ചിത്രം മഴകാത്തിരുന്ന നാടിന് മഴ സമ്മാനിക്കുന്നതിലൂടെ അവസാനിക്കുന്പോൾ തന്നെ ഭരതൻ സിനിമകളിൽ മഴയെ എത്രത്തോളം ആസ്വാദനപരമായി ഉൾകൊള്ളിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. കർക്കടകത്തിലെ മഴ പോലെ ഭരതന്റെ സിനിമകൾ പലതും വികാരങ്ങളുടെ മലവെള്ളപ്പാച്ചിലുകളായിരുന്നു. അവയിലൂടെ പ്രണയവും കാമവും പ്രതികാരവും വഞ്ചനയും സ്നേഹവും വൈരാഗ്യവും കുത്തിയൊലിച്ചു വന്നു. ചിത്രകാരനായിരുന്നു ഭരതൻ. അദ്ദേഹത്തിന്റെ സിനിമകളും നിറക്കൂട്ടുകളായിരുന്നു. അമരത്തിലെ കടലും പാളങ്ങളിലെ റെയിൽവേ പാളവും വൈശാലിയിലെ മഴയും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ പുഴയും ഈ ചിത്രങ്ങളിൽ വർണ്ണം പകർന്നു.
ഓരോ ദൃശ്യവും ഓരോ പെയിന്റിങ് പോലെ. തന്റെ സിനിമകളുടെ പോസ്റ്ററുകളും അദ്ദേഹം തന്നെ വരച്ചൊരുക്കി. സംവിധായകന്റെ മനസ്സിൽ തെളിഞ്ഞ വരകളായിരുന്നു ഭരതന്റെ ഓരോ സിനിമയും.
ഗ്രാമീണതയോട് അടങ്ങാത്ത ആസക്തിയായിരുന്നു ഭരതന്. പുഴയും പാടവും മലകളും പച്ചപ്പും ഓരോ ഫ്രെയിമിലും അദ്ദേഹം ഒരുക്കിവച്ചു. ശരീരങ്ങളുടെ ആസക്തിയും വെറുക്കപ്പെടേണ്ട വിഷയമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
വടക്കാഞ്ചേരി എങ്കക്കാട് ജനിച്ച ഭരതൻ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഡിപ്ലോമ നേടിയാണ് സിനിമയുടെ മാന്ത്രികലോകത്തേയ്ക്ക് കാലെടുത്തുവച്ചത്. കലാസംവിധാനവും പരസ്യ ചിത്രീകരണവുമായിരുന്നു തുടക്കം. പിന്നീട് സംവിധായകനായി. അന്പതു സിനിമകളുടെ സൃഷ്ടാവായി. സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ച അദ്ദേഹം പ്രശസ്ത നടി കെ.പി.എ.സി. ലളിതയെ ജീവിതസഖിയാക്കി. 1998 ജൂലൈ 30−നാണ് ഭരതൻ മലയാള സിനിമയെ ഉപേക്ഷിച്ച് ദേഹം വെടിഞ്ഞത്.