രാമകഥാമൃതം (ഭാഗം 14)
എ. ശിവപ്രസാദ്
ശ്രീരാമൻ നൽകിയ വനമാലയും ധരിച്ച് സുഗ്രീവൻ ബാലിയെ പോരിന് വിളിച്ചു. ക്രൂദ്ധനായ ബാലി സുഗ്രീവനുമായി യുദ്ധത്തിനായി പുറപ്പെട്ടു. ബാലിയെ യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാനുള്ള പത്നിയായ താരയുടെ ശ്രമം പരാജയപ്പെട്ടു. ബാലി സുഗ്രീവന്മാർ പരസ്പരം ഘോരമായ ദ്വന്ദ്വയുദ്ധമാരംഭിച്ചു. സുഗ്രീവൻ വീണ്ടും പരാജയത്തോടടുത്ത സമയത്ത് ദൂരെ മറഞ്ഞു നിന്ന് ശ്രിരാമൻ തൊടുത്ത ബാണമേറ്റ് ബാലി നിലംപതിച്ചു. ബാലിയുടെ അടുത്തെത്തിയ ശ്രീരാമനെ ബാലി നിന്ദാവാക്കുകൾ കൊണ്ടു പൊതിഞ്ഞു. ബാലി പറഞ്ഞു. “എന്റെ സഹോദരനുമായി ഞാൻ യുദ്ധം ചെയ്യുകയായിരുന്നു. ഞാൻ യുദ്ധത്തിൽ മുഴുകിയിരിക്കെ ഒളിച്ചു നിന്നു കൊണ്ട് താങ്കൾ എന്നെ അന്പെയ്തു വീഴ്്ത്തി. അങ്ങയോട് യുദ്ധത്തിന് വരാത്ത ഒരാളെ അന്പെയ്തു വീഴ്ത്തിയിട്ട് അങ്ങയ്ക്ക് എന്തു ലഭിയ്ക്കും? അങ്ങയോട് എനിക്ക് ഒരു കലഹവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തിനീ ചതി ചെയ്തു..? സനാതന നിയമങ്ങൾ ഹൃദിസ്ഥമായ താങ്കൾ എന്തിനുവേണ്ടി നിരപരാധിയായ എന്നെ എയ്തു വീഴ്ത്തി? ധർമ്മത്തിന്റെ മൂർത്തീമദ്ഭാവമെന്ന് ലോകം വിശേഷിപ്പിക്കുന്ന അങ്ങ് അധർമ്മിയാണ്.”
ബാലിയുടെ കുറ്റാരോപണങ്ങൾ ക്ഷമയോടെ കേട്ടുനിന്നു. വാനരരാജാവായ ബാലി ധർമ്മയുക്തമായ വാക്കുകളാണ് പറഞ്ഞത്. രാമൻ ബാലിയെ ഏറെനേരം നോക്കി നിന്നു. ബാലി ക്രമേണ ഉജ്വല ദീപ്തമായ സൂര്യനെപ്പോലെയായി. സാവധാനത്തിൽ ശ്വാസം നിലച്ച് ബാലി സ്വർഗത്തിലെത്തി. അല്പം കഴിഞ്ഞപ്പോൾ ബാലി പത്നിയായ താര അവിടെയെത്തി. ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ട താര അലമുറയിട്ടു കരഞ്ഞു. തന്റെ പ്രാണനാഥന്റെ ദേഹവിയോഗത്തിന് കാരണം ശ്രീരാമനാണെന്നറിഞ്ഞ താര ശ്രീരാമനെ ശാപവാക്കുകളാൽ പൊതിഞ്ഞു. എന്നാൽ ശ്രീരാമദേവനാകട്ടെ താരയ്ക്ക് തന്റെ അവതാരോദ്ദേശ്യത്തെക്കുറിച്ചും അനിവാര്യമായ നിയതിയെക്കുറിച്ചും ഉപദേശം നൽകി. രാമായണത്തിലെ താരോപദേശം തത്വം ചിന്താപരവും ആത്മീയവുമായ വളരെ ഔന്നിത്യത്തിൽ നിൽക്കുന്ന ഒരു ഭാഗമാണ്. ശ്രീരാമോപദേശം ശ്രവിച്ച താരയുടെ കോപമെല്ലാം അടങ്ങി.
ബാലി വധത്തിനുശേഷം കിഷ്കിന്ധിയിലെത്തിയ സുഗ്രീവൻ രാജാവായി അഭിഷേകം ചെയ്തു. ബാലിപുത്രനായ അംഗദനെ യുവരാജാവായും അഭിഷേകം നടത്തി. സുഗ്രീവൻ രാജ്യഭരണമാരംഭിച്ചു. രാമലക്ഷ്മണന്മാർ പ്രശ്രവണം എന്ന പർവ്വതപ്രദേശത്തേക്ക് താമസം മാറ്റി. നാലുമാസങ്ങൾ പിന്നിട്ടു. സീതാന്വേഷണത്തിന് സഹായിക്കാമെന്ന സുഗ്രീവന്റെ പ്രതിജ്ഞ സുഗ്രീവൻ മറന്നു. രാജ്യകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും മുഴുകിയ സുഗ്രീവൻ ശ്രീരാമനെപ്പറ്റി മറന്നുപോയി. ശ്രീരാമന്റെ ആകുലതകൾ വർദ്ധിച്ചു. ദിവസങ്ങൾ കൂടുന്തോറം ശ്രീരാമൻ കൂടുതൽ ദുഃഖിതനായി കാണപ്പെട്ടു. ഒടുവിൽ ലക്ഷ്മണനെ വിവരങ്ങൾ അന്വേഷിക്കാനായി കിഷ്കിന്ധാ രാജ്യത്തേയ്ക്കയച്ചു.
സുഗ്രീവന്റെ പ്രവർത്തി ലക്ഷ്മണനെ പ്രകോപിതനാക്കി. കിഷ്കിന്ധിയുടെ ഗോപുരദ്വാരത്തിെലത്തിയ ലക്ഷ്മണൻ ബാലിയെ ശകാരിക്കാനും വെല്ലുവിളിക്കാനും ആരംഭിച്ചു. ലക്ഷ്മണന്റെ രൂപവും ഭാവവും കണ്ട കപിസൈനികർ പേടിച്ച് ഓടിയൊളിച്ചു. ഉടൻതന്നെ സുഗ്രീവൻ എത്തുകയും ലക്ഷ്മണനെ സ്വീകരിച്ച് ആനയിച്ചു കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. കൊട്ടാരത്തിലെത്തിയ ലക്ഷ്മണനോട് ഉടൻതന്നെ സീതാന്വേഷണത്തെക്കുറിച്ച് ചോദിച്ചു. തന്റെ സൈന്യം ഇന്നുതന്നെ സീതാന്വേഷണം ആരംഭിക്കുമെന്ന് സുഗ്രീവൻ ഉറപ്പുനൽകി. അതോടെ ശാന്തനായ ലക്ഷ്മണൻ സീതാന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്തു. സുഗ്രീവൻ തന്റെ സൈന്യങ്ങളെ മുഴുവനും വിളിച്ചു ചേർത്തു.
നാല് ദിക്കുകളിലേയ്ക്കും പോകാൻ തയ്യാറായ വാനരവീരന്മാരെ നയിക്കാൻ പ്രഗത്ഭരും പ്രധാനികളുമായ വാനര ശ്രേഷ്ഠരുണ്ടായിരുന്നു. 30 ദിവസത്തിനുള്ളിൽ സീതയെ കണ്ടെത്താതെ തിരിച്ചു വരുന്നവരെ സുഗ്രീവൻ വധിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് പിന്നീട് ‘സുഗ്രീവാജ്ഞ’ എന്ന പേരിൽ പ്രസിദ്ധമായത്.